Monday 21 November 2022 02:56 PM IST

അമ്മയേയും സഹോദരിയേയും താഴ്ത്തിക്കെട്ടുന്ന സംസാരങ്ങൾ വേണ്ട... ആൺകുട്ടികളെ വീട്ടിൽ നിന്ന് പഠിപ്പിച്ചു തുടങ്ങണം

Shyama

Sub Editor

boys

ഡൽഹിയിലെ ഒരുപറ്റം ആൺകുട്ടികൾ,  (പ്ലസ് വണ്ണിലും പ്ലസ്ടുവിലും പഠിക്കുന്നവർ) ചേർന്ന് ഇൻസ്റ്റാഗ്രാമിൽ തുടങ്ങിയ #boislockerroom എന്ന ഗ്രൂപ്പിൽ നടന്ന ചില ചർച്ചകളുടെ ചിത്രങ്ങളും ചാറ്റുകളും പുറത്തുവന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങളും അശ്ലീല സംഭാഷണങ്ങളും കൊണ്ട് നിറഞ്ഞ ആ ഗ്രൂപ്പിലെ ഏറ്റവും ഞെട്ടിക്കുന്ന ഭാഗം അതിൽ അവർ നടത്തിയ കൂട്ട ബലാത്സംഗത്തെ കുറിച്ചുള്ള പരാമർശങ്ങളായിരുന്നു! ഓർക്കണം അവരുടെ പ്രായം 15നും 17നും ഇടയിൽ ആണ്! അതിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു ബാക്കിയുള്ളവരെയും ശിക്ഷിക്കും എന്ന വാർത്തകളും വരുന്നു. 

പക്ഷേ,  ഇവിടെ ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ് 'ആരാണ് ഈ കുട്ടികളെ ഇത്തരം കാര്യങ്ങൾ ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിച്ചത്?? അതിന് ഒരേയൊരു ഉത്തരമേയുള്ളൂ -നമ്മൾ ഉൾപ്പെടുന്ന ഈ സമൂഹം. സ്ത്രീ വിരുദ്ധമായ തമാശകൾ ചിരിച്ചു തള്ളുമ്പോൾ,  അവരെപ്പറ്റി മോശമായി എഴുതുമ്പോൾ,  അത്തരം കാര്യങ്ങൾ നേരിട്ടും ദൃശ്യമാധ്യങ്ങളിലൂടെ കാണുമ്പോൾ നമ്മൾ മിണ്ടാതിരുന്നതിന്റെ വിലയാണ് നമുക്ക് മുന്നിൽ ഇന്നുള്ള ഈ അമ്പരപ്പ്! 

നമ്മുടെ പെൺകുട്ടികളെ വളരെ ചെറുപ്പം മുതൽ പല കാര്യങ്ങളും പഠിപ്പിക്കുമ്പോഴും ആൺകുട്ടികളെ നമ്മൾ വേണ്ടത്ര ശ്രദ്ധിക്കാറുണ്ടോ?  അവർക്ക് വേണ്ട കാര്യങ്ങൾ വേണ്ടസമയത്ത് വീട്ടിൽ നിന്നും ചുറ്റുപാട് നിന്നും കിട്ടുന്നുണ്ടോ?  ടോക്സിക് മസ്കുലിനിറ്റിയും തെറ്റായ ശീലങ്ങളും അല്ലേ അവർ ഏറ്റവും കൂടുതൽ കാണുന്നത്?   

എവിടെയൊക്കെ  വേണം തിരുത്തലുകൾ

തെറ്റായ അറിവുകൾ. ആൺകുട്ടികളിലേക്ക് ഏറ്റവും കൂടുതൽ എത്തുന്നൊരു കാര്യമാണിത്. ചുറ്റുമുള്ള ആളുകളിൽ നിന്ന് നേരിട്ടും ഗ്രൂപ്പുകൾ വഴിയും,  പല സൈറ്റുകൾ വഴിയും ഒക്കെ തെറ്റായ ധാരാളം അറിവുകളും ധാരണകളും ഇവർക്ക് കിട്ടുന്നുണ്ട്. അതിനായി ആദ്യം വേണ്ടത് പാഠ്യപദ്ധതിയിൽ ശരിയായ രീതിയിലുള്ള സെക്സ് എഡ്യൂക്കേഷൻ ഉൾപെടുത്തുക എന്നതാണ്. അധ്യാപകർ ആധികാരികമായി തന്നെ ഓരോ പ്രായത്തിനനുസരിച്ചുള്ള കാര്യങ്ങളും പക്വതയോടെ പറഞ്ഞു കൊടുക്കണം.

നല്ല ഉദാഹരണങ്ങൾ. വീട്ടിലുള്ളവർ തന്നെയാണ് കുട്ടികളുടെ മാതൃകയാവുന്നത് എന്നോർക്കാം. അറിഞ്ഞും അറിയാതെയും അവർ മാതാപിതാക്കളെ അനുകരിക്കുന്നുണ്ട്. സ്വന്തം അമ്മയോടോ പെങ്ങളോടോ മുത്തശ്ശിയോടോ ഒക്കെ അച്ഛൻമാർ പെരുമാറുന്നത് കുട്ടികൾ നോക്കി പഠിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവരെ ഉപദ്രവിക്കുന്നത് തെറ്റാണ്,  വീട്ടുജോലി പങ്കുവെക്കുന്നതിൽ തെറ്റില്ല,  ആർത്തവത്തെക്കുറിച്ച് അറിയുന്നതിൽ തെറ്റില്ല എന്നതൊക്കെ വീട്ടിൽ നിന്ന് തന്നെ കുട്ടി മനസിലാക്കണം. ഒരു വീട്ടിൽ സ്ത്രീകൾ എങ്ങനെ ബഹുമാനിക്കപ്പെടുന്നു എന്ന് ആ വീട്ടിലെ കുട്ടികളിലൂടെ ഒരു പരിധി വരെ അറിയാം.

എന്ത് കാണണം,  എപ്പോൾ കാണണം. വളരെ ചെറുപ്പം മുതലേ സ്ത്രീകളെ തല്ലുന്ന,  അവരെ താഴ്ത്തികെട്ടുന്ന തരത്തിലുള്ള സംസാരങ്ങളുള്ള സീരിയലുകൾ സിനിമകൾ എന്നിവകൾ കണ്ട് വളരുന്ന കുട്ടിയെ പിന്നീട് തിരുത്തുന്നത് പ്രയാസമാകും. ഇത്തരം കാര്യങ്ങൾ ചെറുപ്പം മുതലേ പ്രോത്സാഹിപ്പിക്കരുത്. ഇനി അഥവാ കുട്ടികൾ കാണുന്ന കാർട്ടൂണുകളിലോ സിനിമകളിലോ ഇത്തരം എന്തെങ്കിലും ദൃശ്യങ്ങൾ വന്നാൽ അത്‌ തെറ്റാണ് എന്ന് പറഞ്ഞുകൊടുക്കുക. 

ഒരു നിശ്ചിത പ്രായം കഴിഞ്ഞിട്ടേ ചിലതൊക്കെ കാണാൻ പാടുള്ളു എന്ന് പറയുന്നതിന് മുൻപേ അത്‌ എന്തുകൊണ്ടാണ് എന്ന് പറയുക. ഒന്നും വിലക്കുകയല്ല,  അല്പം ക്ഷമിക്കാനാണ് പറയുന്നതെന്ന് അവർക്ക് മനസിലാക്കണം. കുട്ടികൾ മുതിരുന്നതിനൊപ്പം അവർക്ക് രക്ഷിതാക്കൾ സുഹൃത്തുക്കൾ കൂടിയായി മാറണം. കാര്യങ്ങൾ പരസ്പരം തുറന്ന് സംസാരിക്കാനും ചോദിക്കാനും പറ്റണം.

കൺസെന്റ് അല്ലെങ്കിൽ സമ്മതം. ഇതിന്റെ പ്രാധാന്യം ചെറുപ്പം തൊട്ടേ പറഞ്ഞ് മനസിലാക്കണം. ആരെയും പ്രത്യേകിച്ചു പെൺകുട്ടികളെ അവരുടെ സമ്മതമില്ലാതെ തൊടരുതെന്നും,  അവർക്ക് ഇഷ്ടമല്ലാത്ത രീതിയിൽ പെരുമാറരുതെന്നും അത്‌ തെറ്റാണെന്നും വ്യക്തമായി പറയുക. അവരുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങൾ എടുക്കുക,  അവരുടെ ചാറ്റ് മറ്റുള്ളവർക്ക് അയക്കുക എന്നതൊക്കെ ഗുരുതരമായ തെറ്റാണെന്ന് പറയാം.

സൈബർ നിയമങ്ങൾ അറിയുക. അച്ഛനമ്മമാർ എല്ലാവരും തന്നെ സൈബർ നിയമങ്ങളെയും അത്‌ ലംഘിച്ചാലുള്ള ശിക്ഷകളെയും പറ്റി അറിവ് നേടണം. ഇത് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും വേണം.

വീട്ടിൽ നിന്ന് തന്നെ തിരുത്തുക. നിങ്ങളുടെ മകൻ വീട്ടിൽ സ്വന്തം സഹോദരിയോട്‌/ പെൺസുഹൃത്തുക്കളോട് ഒക്കെ   മോശമായി പെരുമാറുന്നതും ആണാണ് എന്നു കരുതി മേൽക്കോയിമ കാണിക്കുന്നതും കണ്ടില്ലെന്ന് നടിക്കരുത്,  അതിന് നിശബ്ദമായി വളം വെച്ച് കൊടുക്കുകയും അരുത്. ഇത് തന്നെ അവൻ നാളെ മറ്റുള്ളവരോടും കാണിച്ചെന്ന് വരാം. അത്തരം ശീലങ്ങൾ തുടക്കത്തിലേ നുള്ളിക്കളയാം.

നിങ്ങളുടെ കുട്ടികളുടെ സൗഹൃദങ്ങളെ കുറിച്ചും അറിഞ്ഞു വെയ്ക്കുക.

ഇതിനർത്ഥം അവർ ചെയ്യുന്ന ഓരോ കാര്യങ്ങളും പിന്നാലെ നടന്നു നോക്കിക്കൊണ്ടിരിക്കണം എന്നല്ല. കൂട്ടത്തിലുള്ളൊരാളെ കുറിച്ച് മോശമായി എന്തെങ്കിലും തോന്നിയാൽ ആ കുട്ടിയോട് സൗഹൃദപരമായി തന്നെ സംസാരിച്ചു നോക്കാം. ഒരുപക്ഷേ,  അത്തരം ഒരു സംഭാഷണം കൊണ്ട് അവന്റെ മാതാപിതാക്കൾ പറയാത്ത പല കാര്യങ്ങളും നിങ്ങൾക്ക് അവന് പറഞ്ഞ് കൊടുക്കാൻ സാധിച്ചേക്കാം. 

ദ്വയാർഥങ്ങൾ വേണ്ട.

ആൺകുട്ടികൾ ഉപയോഗിക്കുന്ന ശൈലികളും വാക്കുകളും ശ്രദ്ധിക്കുക. പ്രതേകിച്ചു സോഷ്യൽ മീഡിയയിൽ അവർ സ്ത്രീവിരുദ്ധമായ കാര്യങ്ങൾ പറയുന്നതോ ചെയ്യുന്നതോ കണ്ടാൽ അത്‌ അവന്റെ 'പ്രൈവസി' ആണ് എന്ന് ചിന്തിക്കാതെ തെറ്റു തിരുത്തി കൊടുക്കാം. വേറൊരാളെ പറ്റി മോശം വാക്കുകൾ ഉപയോഗിച്ച്  എന്തെങ്കിലും പറയുന്നത് പ്രൈവസി അല്ല സാമൂഹിക വിരുദ്ധതയാണ് എന്നും പറയുക. 

ഇന്നത്തെ കുട്ടികളാണ് നാളത്തെ ലോകത്തിന്റെ കാവലാളുകൾ,  അതുകൊണ്ട് അവരെ സമത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ആശയങ്ങൾ പറഞ്ഞ് മനസിലാക്കി തന്നെ വളർത്തുക.

കടപ്പാട്: ഡോ. ജോഹാൻ ഫിലിപ്പ്, 

കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, 

ഇന്ദിരഗാന്ധി കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ,  കടവന്ത്ര.