Friday 19 May 2023 04:24 PM IST

‘എന്നെ ഒത്തിരി മനസിലാക്കുന്ന ഭാര്യ ആയതു കൊണ്ടു തന്നെ അവൾക്കത് മാനേജ് ചെയ്യാനായി’: സിജു വിൽസൺ

Santhosh Sisupal

Senior Sub Editor

siju-wilson ചിത്രം കടപ്പാട്: സിജു വിൽസൺ ഇൻസ്റ്റഗ്രാം

പത്തൊമ്പതാം നൂറ്റാണ്ട് ഒരു ചരിത്ര സിനിമ മാത്രമല്ല; മലയാള സിനിമയിൽ ചരിത്രം സൃഷ്ടിച്ച സിനിമ കൂടിയാണ്.നായകനായ സിജു വിൽസൺ എന്ന നടനെ സിനിമയിൽ കണ്ടിട്ടില്ല. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രം മാത്രമായിരുന്നു പ്രേക്ഷകന്റെ മുന്നിൽ.

മലർവാടി സിനിമയിലെ വെറും രണ്ടു സീനുകളിൽ തുടങ്ങി നേരവും പ്രേമവും വരയനും ഒക്കെയായി 20 ഓളം സിനിമകളിൽ പ്രേക്ഷകൻ കണ്ട സിജു വിൽസൺ ആയിരുന്നില്ല ആറാട്ടുപുഴ വേലായുധപ്പണിക്കരിൽ ക ണ്ടത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ആക്‌ഷൻ ഹീറോകൾക്കൊപ്പം നിൽക്കുന്ന കരുത്തുറ്റ രൂപഭാവങ്ങളിലേക്കു പടികയറിയ പരിവർത്തനത്തിന്റെ കഥ ഫിറ്റ്നസ് ആഗ്രഹിക്കുന്ന ആർക്കും മികച്ച ഒരു മാതൃകയാണ്. സജീവ് പാഴൂരിന്റെ രചനയിൽ പി.ജി. പ്രേംലാൽ സംവിധാനം ചെയ്യുന്ന ‘പഞ്ചവത്സര പദ്ധതി’ എന്ന സിനിമയുടെ ഷൂട്ടിങ് വയനാട് പുരോഗമിക്കുന്നതിനിടയിൽ തന്റെ ആരോഗ്യജീവിതത്തിലെ പരിണാമത്തിന്റെ കഥ സിജു വിൽസൺ പറയുന്നു.

കുടിയേറുന്ന ശരീരം

സിനിമ എന്നാൽ ‘മേക്ക് ബിലീഫ്’ ആണ്. പ്രേക്ഷകനു കഥാപാത്രങ്ങളെ അവരായിത്തന്നെ തോന്നണം.ആ വിശ്വാസ്യത സാധ്യമാകാൻ രൂപം കൊണ്ടും ഭാവം കൊണ്ടും പ്രകൃതം കൊണ്ടും മാറേണ്ട ത് അനിവാര്യമാണ്. ഷൂട്ടിങ് സമയത്തു നമുക്കു തന്നെ ആ വിശ്വാസം വരണം. 500ല്‍ പരം ആർട്ടിസ്റ്റുകൾക്കു മുന്നിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന യോദ്ധാവായാണു ഞാൻ നിൽക്കുന്നത്. അവിടെ ആ നിമിഷങ്ങളിൽ അവർക്കും എനിക്കും തോന്നണം ഞാൻ ഒരു യോദ്ധാവാണെന്ന്.

ആ കഥാപാത്രം ആകാനുള്ള പ്രക്രിയകളിലൂെട കടന്നു പോയപ്പോഴാണ് ആരോഗ്യവും ഫിറ്റ്നസും അ തിനുവേണ്ടിയുള്ള വർക് ഔട്ടുകളും എത്രമാത്രം പ്രധാനമാണെന്നു മനസിലാക്കുന്നത്. ഇപ്പോൾ എനിക്കറിയാം ഓരോ കഥാപാത്രത്തിനും വേണ്ടത് ഓരോ ശരീരമാണ്. ആ ക്യാരക്റ്ററിലേക്കു മാറിക്കഴിയുമ്പോൾ ന മുക്കു തന്നെ തോന്നും നമ്മൾ അയാളാണെന്ന്. നമ്മുടെ നോട്ടവും സ്വഭാവവും നടപ്പും പെരുമാറ്റവും വരെ ചിലപ്പോൾ മാറിയെന്നു വരും. ഇതിനൊക്കെ എനിക്ക് ഏറ്റവും മാതൃകയാക്കാൻ തോന്നുന്നത് മമ്മൂക്കയെ ആണ്. പൊന്തൻമാടയിലും മൃഗയയിലും ഒക്കെ എത്ര വ്യത്യസ്തമായ രൂപഭാവത്തോടെയാണ് മമ്മൂക്ക
കഥാപാത്രമായി മാറിയത്.

വേലായുധനിലേക്കുള്ള ദൂരം

‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ നായ കനെ കുറിച്ചു കേട്ടപ്പോൾ തന്നെ ആ കഥാപാത്രമാകാൻ ശരീരം കൊണ്ടും മനസ്സു കൊണ്ടു ഏറെ സഞ്ചരിക്കണമെന്നു മനസിലായി. ഏതാണ്ട് ആറുമാസത്തിലധികം പകൽ മുഴു വൻ നീണ്ടുനിൽക്കുന്ന പരിശീലനങ്ങളിലൂടെയാണ് ആ ശരീരവും കഥാപാത്രവുമായി ഞാൻ മാറിയത്. കളരിയും ജിം വർക് ഔട്ടുകളും കുതിര സവാരിയും ഒക്കെ അതിന്റെ ഭാഗമായി. എന്നാൽ ഒരു വിധത്തിലുള്ള കൃത്രിമമായ മാർഗങ്ങളും അവലംബിച്ചിരുന്നില്ല.സ്റ്റിറോയ്ഡ് മരുന്നുകളോ മറ്റു മാർഗങ്ങളോ ഒന്നും.

മുട്ടയുടെ വെള്ളയും ചിക്കനും ഒക്കെ തന്നെയായിരുന്നു പ്രോട്ടീൻ ആവശ്യത്തിനു വേണ്ടി കഴിച്ചിരുന്നത്. ആ കഥാപാത്രത്തിനു പേശികള്‍ പെരുപ്പിച്ച ഒരു രൂപമല്ല, നാച്ചുറൽ ലുക്കുള്ള ഒരു ബോഡിയാണ് വേണ്ടത് എന്ന് വിനയൻ സർ പറഞ്ഞിരുന്നു. കൂടുതൽ കഠിനമായ അധ്വാനം വേണ്ടിവരുമെങ്കിലും അതു കൊണ്ടു മാത്രമല്ല സ്വാഭാവികമായ വർക് ഔട്ട് രീതികൾ സ്വീകരിച്ചത്. ഈയൊരു സിനിമകൊണ്ടു മാത്രം അവസാനിപ്പിക്കേണ്ടതല്ലല്ലോ എന്റെ കരിയറും ജീവിതവും. മരുന്നുകളോ മറ്റു കൃത്രിമ മാർഗങ്ങളോ സ്വീകരിച്ചാൽ അതിന്റെ ആഘാതം ശരീരത്തിൽ പിന്നീട് അനുഭവിക്കേണ്ടി വരും എന്നും എനിക്കറിയാം. ഇതുപോലൊരു സിനിമയുടെ ഭാഗമാവുക എന്നത് ഒരു ‘ഡ്രീം കം ട്രൂ മൊമന്റ്’ ആയിരുന്നു. അതിനുവേണ്ടി എത്ര ബുദ്ധിമുട്ടാനും എത്ര വേദന സഹിക്കാനും ഞാ ൻ തയാറായിരുന്നു. മാത്രമല്ല ആ വ്യായാമശീലങ്ങളും ഭക്ഷണ ശീലങ്ങളും അത്രയും തീവ്രതയോടെയല്ലെങ്കിലും ഇന്നും ഞാൻ തുടരുകയാണ്’ – സിജു വിൽസൺ‌ പറയുന്നു.

പ്രായം കുറഞ്ഞല്ലോ?

സിജുവിനെ കാണുമ്പോൾ മുൻപു ള്ളതിനേക്കാൾ പ്രായം അഞ്ചു വയസ്സ് എങ്കിലും കുറഞ്ഞതായി തോന്നുന്നുണ്ട്. സംസാരത്തിലും ശരീരഭാഷയിലും നോട്ടത്തിലുമെല്ലാം ചടുലതയും ഊർജ്ജസ്വലതയും നിറഞ്ഞുനിൽക്കുന്നു. ‘മികച്ച ഫിറ്റ്നസും സിനിമകളിലൂടെ ലഭിച്ച ആത്മവിശ്വാസവും ആണ് അതിനു കാരണം’–സിജു പറയുന്നു. എന്റെ ഒരു കഥാപാത്രവും മറ്റൊന്നു പോലെ ആകാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഇ പ്പോൾ മാനസികമായി തന്നെ കൂടുതൽ യുവത്വം എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. ഞാൻ ഈ അവസ്ഥയി ൽ ആയിരിക്കുമ്പോൾ പ്രായം കുറ ഞ്ഞ കഥാപാത്രങ്ങളെയും പ്രായമേറിയ കഥാപാത്രങ്ങളെയും ഒരുപോലെ അവതരിപ്പിക്കാൻ സാധിക്കും എന്ന ഒരു വിശ്വാസമുണ്ട്.

ഞാനൊരു ഭക്ഷണ പ്രിയനാണ്. ബിരിയാണിയൊക്കെ വളരെ ഇഷ്ടം. ഇപ്പോ, രുചിക്കു വേണ്ടി മാത്രം കഴിക്കുന്നരീതിയായി. ജിം സൗകര്യം ലഭ്യമുള്ളപ്പോഴെല്ലാം ജിമ്മിൽ വർക് ഒൗട്ട് ചെയ്യും. പിന്നെ കഥാപാത്രം ആവശ്യപ്പെടുന്ന ശരീരഘടനയ്ക്കനുസരിച്ചു ശരീരം പാകപ്പെടുത്താൻ പേഴ്സനൽ ഫിറ്റ്നസ് ട്രെയ്നറുടെ സഹായവും തേടും.

നഴ്സിങ് വിട്ട് സിനിമ

പ്ലസ്ടുവിനു പഠിക്കുമ്പോൾ ആയിരുന്നു അച്ഛൻ മരിച്ചത്. പിന്നെ അമ്മയ്ക്കു ടെൻഷനായിരുന്നു. എത്രയും വേഗം ജോലി സമ്പാദിച്ച് വീടിനു താങ്ങാവുക എന്നതായിരുന്നു ആലുവയിലെ ഒരു സാധാരണ മിഡിൽ ക്ലാസ് കുടുംബത്തിലെ അംഗമായ എന്റെ ലക്ഷ്യം. അങ്ങനെയാണ് പ്ലസ്ടു പഠനം കഴിഞ്ഞ് നഴ്സിങ് പഠിക്കാനായി ബെംഗളൂരുവിലേക്കു പോയത്. നഴ്സിങ് ആണ് പഠിച്ചതെങ്കിലും എന്റെ കഴിവു മുഴുവൻ പ്രയോഗിക്കുന്ന ഒരേയൊരു കാര്യം അവിടുത്തെ ആർട്സ് ഡേ ആ യിരുന്നു. നഴ്സിങ് കഴിഞ്ഞ് ഒരു ജോലിക്കായി നിൽക്കുമ്പോഴാണ് ഒരു കാര്യം മനസ്സിലായത്. എന്റെ പാഷൻ ഇതൊന്നുമല്ല, സിനിമയാണ് എന്ന്.

വിജയങ്ങളുടെ സന്തോഷമോ പരാജയങ്ങളുടെ വേദനയോ എന്നെ ഒരു ദിവസത്തിനപ്പുറം പിടികൂടാറില്ല. പ ത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയം അന്നു രാത്രി സുഹൃത്തുക്കൾക്കൊപ്പം ‘അറുമ്പാദിച്ചു’ തീർത്തു. അത്രേയുള്ളൂ . അതുപോലെതന്നെയാണ് സങ്കടങ്ങളും. ഒരു രാത്രിക്ക് അപ്പുറത്തേക്കു കൊണ്ടുപോകാതിരിക്കാനാണ് ഞാൻ പരമാവധി ശ്രമിക്കാറ്.

തിരിഞ്ഞു നോക്കുമ്പോൾ

ഭാര്യ ശ്രുതി ഉൾപ്പെടെയുള്ള കുടുംബവും പ്രിയപ്പെട്ട സുഹൃത്തുക്കളുമാണ് ഏറ്റവും വലിയ സമ്പാദ്യം. അവരാണ് എന്റെ എല്ലാം, അവരാണ് എന്റെ ബലം. പലപ്പോഴും എനിക്കു തോന്നാറുണ്ട്, ഒ രു സിനിമാക്കാരന്റെ ജീവിതം പട്ടാളക്കാരന്റെ ജീവിതം പോലെയാണെന്ന്. പത്തൊമ്പതാം നൂറ്റാണ്ട് സിനിമ നടക്കുന്ന സമയത്ത് ഭാര്യ ശ്രുതി ഗർഭിണിയാണ്. മിക്കപ്പോഴും അടുത്തുണ്ടാവില്ല. പക്ഷേ എന്നെ ഒത്തിരി മനസ്സിലാക്കുന്ന ഭാര്യ ആയതുകൊണ്ടു തന്നെ അവർക്കതു മാനേജ് ചെയ്യാനായി. ജീവിതത്തിലെ ചില മനോഹരമായ നിമിഷങ്ങൾ സിനിമാത്തിരക്കിൽ നഷ്ടപ്പെട്ടുപോയിട്ടുണ്ട്.

ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും കടന്നുവരുമ്പോൾ അതിനെ മറികടക്കാൻ എന്റെ കയ്യിൽ ഒരു സൂത്രം ഉണ്ട്. അതാണു തിരിഞ്ഞുനോട്ടം. ഒന്നു കണ്ണടച്ചിരുന്നു വന്ന വഴികളിലൂടെ ഞാൻ ഒന്നു തിരിഞ്ഞു നടക്കും. അനുഭവിച്ച കഷ്ടപ്പാടുകളിലൊക്കെയും ഒന്നുകൂടി സഞ്ചരിക്കും. അപ്പോൾ പിന്നെ എത്തിനിൽക്കുന്ന ഈ അവസ്ഥയെഎത്ര നന്ദിയോടെ ഓർത്താലാണു മതിയാവുക. അതുകൊണ്ടുതന്നെ ഈ നിമിഷങ്ങളിൽ ജീവിക്കാനാണ് എനിക്കിഷ്ടം. ‌‘ഐ ആം ഹാപ്പി ഫോർ ദിസ് മൊമന്റ്’... നിറഞ്ഞ സന്തോഷത്തോടെ സിജു പറയുന്നു.

Tags:
  • Manorama Arogyam