Saturday 29 January 2022 02:34 PM IST

ചിരിക്കാത്തവർ ചിരിക്കും, ചിലർ കരയും, മറ്റുചിലർ വയലന്റ് ആകും; മദ്യം മനുഷ്യരിൽ പ്രവർത്തിക്കുന്നതിങ്ങനെ...

Santhosh Sisupal

Senior Sub Editor

alcohol-effects-physical-mental-cover ഫോട്ടോ മോഡലിനെ ഉപയോഗിച്ചെടുത്തത് (മോഡൽ: ജിബിൻ), ഡോ. പി. എൻ. സുരേഷ്കുമാർ (ഇൻസെറ്റ്) മദ്യപാനം ആരോഗ്യത്തിനു ഹാനികരം

സന്തോഷാവസ്ഥയിലും സങ്കടാവസ്ഥയിലും മദ്യപിക്കുന്നവരുണ്ട്. മദ്യം ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങുമ്പോൾ ചിലർ തമാശക്കാരാവും. ഒരു വിഭാഗമാളുകൾ സെന്റിയാകും. വേറെ ചിലർ ഇംഗ്ലീഷിലേ പിന്നെ മൊഴിയൂ. വഴക്കും ശണ്ഠയും ഉണ്ടാക്കുന്നവരുമുണ്ട്... എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

മദ്യം ശരീരത്തേയും പ്രത്യേകിച്ചു തലച്ചോറിനേയും മനസ്സിന്റെയും പ്രവർത്തനങ്ങളേ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നുണ്ട്. കഴിക്കുന്ന മദ്യത്തിന്റെ 10 ശതമാനം ആമാശയത്തിൽ നിന്നും 90 ശതമാനം ചെറുകുടലിൽ നിന്നുമാണ് ശരീരത്തിൽ കലരുന്നത്. മദ്യപിച്ചു കഴിഞ്ഞാല്‍ 45 മുതൽ 50 മിനിറ്റുകൾക്കുള്ളിൽ തന്നെ മദ്യം രക്തത്തിൽ പരമാവധി അളവിൽ (Blood Alcohol concentration–BAC) എത്തും. വെറും വയറ്റിൽ മദ്യപിക്കുമ്പോഴും സോഡ പോലുള്ള കാർബണേറ്റ് പാനീയങ്ങൾ ചേർത്തു മദ്യപിക്കുമ്പോഴും മദ്യം വേഗത്തിൽ ആഗിരണം ചെയ്യപ്പെടും. ആഹാരം കഴിച്ചതിനു ശേഷം മദ്യപിക്കുമ്പോൾ മദ്യത്തിന്റെ ആഗിരണം മന്ദഗതിയിലാകും.

സ്ത്രീകളും പുരുഷന്മാരും ഒരേ അളവിൽ മദ്യപിച്ചാലും രക്തത്തിലെ മദ്യത്തിന്റെ തോത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുതലായിരിക്കും. സ്ത്രീകളുടെ ശരീരത്തിലെ സ്വാഭാവിക ജലാംശം കുറവായതു കൊണ്ടാണിത്. ശരീരത്തിൽ നിന്നും മദ്യത്തിന്റെ അംശം പുറന്തള്ളുന്നത് മണിക്കൂറിൽ 7–10 ഗ്രാം വരെ എന്ന തോതിൽ മാത്രമാണ്. അതിനാൽ സ്ഥിരമായി മദ്യപിക്കുന്നവരുടെ ശരീരത്തിലെ മദ്യത്തിന്റെ അളവ് എപ്പോഴും ഉയർന്നു തന്നെ നിൽക്കും. കരളിൽ വച്ചു നടക്കുന്ന ഓക്സീകരണത്തിലൂടെയാണ് മദ്യത്തിന്റെ 90 ശതമാനവും ദഹിക്കുന്നത്. 10 ശതമാനം മദ്യം മാത്രമാണ് ശരീരം പുറന്തള്ളുന്നത്.

പെരുമാറ്റത്തിലെ മാറ്റം

പൊതുവേ സംസാരിക്കാൻ മടിയുള്ളവർ മദ്യം കഴിച്ചാൽ വാചാലരാകും. അപൂർവമായി ചിരിക്കുന്നവർ മതിമറന്നു ചിരിക്കും. ചിലർ കരയും. ഇതുപോലുള്ള പെരുമാറ്റമാറ്റങ്ങൾ മദ്യപിക്കുന്നവരിൽ ലഹരിസമയത്ത് ഉണ്ടാകാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? മദ്യപിച്ചാലുണ്ടാകുന്ന അവ്യക്തമായ സംസാരം, ശരീരനിയന്ത്രണം നഷ്ടപ്പെടൽ, മയക്കം എന്നിവയ്ക്കുള്ള കാരണം മദ്യം വിഘടിച്ചുണ്ടാകുന്ന, വിഷകരമായ വസ്തുക്കളുെട പ്രവർത്തനമാണ്. അത്തരം വസ്തുക്കളായ അസറ്റാൽഡിഹൈഡ്, അസറ്റേറ്റ് എന്നിവ തലച്ചോറിലെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. മദ്യത്തിൽ നിന്നും ഈ ഉപോൽപന്നങ്ങൾ ഉണ്ടാകാൻ കാരണം ‘അസറ്റാൽഡിഹൈഡ് ഡീഹൈഡ്രോജനേസ്’ എന്ന രാസാഗ്നിയാണ്. നാഡീവ്യവസ്ഥയുടെ പ്രവർത്തനനിരക്ക് കുറയ്ക്കാൻ ആവശ്യമായ ഗാമാ–അമിനോബ്യൂട്ടെറിക്ക് ആസിഡ് (GABA) എന്ന മസ്തിഷ്ക സന്ദേശവാഹന രാസവസ്തുവുമായി അസറ്റേറ്റ് നേരിട്ടു പ്രവർത്തിക്കുന്നതിന്റെ ഫലമായി മയക്കം, ഏകോപനമില്ലായ്മ, ചെയ്യാനും, പറയാനും പാടില്ലാത്ത കാര്യങ്ങളെ മനസ്സുകൊണ്ട് അടക്കി നിർത്താൻ പറ്റാത്ത അവസ്ഥ എന്നിവയുണ്ടാകുന്നു.

alcohol-effects-physical-mental2 മദ്യപാനം ആരോഗ്യത്തിനു ഹാനികരം

ശരീരനിയന്ത്രണത്തിലും സംസാരഗതിയിലും പ്രധാന പങ്കു വഹിക്കുന്ന സെറിബെല്ലത്തിലെ (Cerebellum) ആസ്ട്രോസൈറ്റ്സ് (Astrocytes) എന്ന പേരുള്ള ഒരു തരം നാഡീകോശത്തിൽ അസറ്റാൽഡിഹൈഡ് ഡീഹൈഡ്രോജനേസ് (ALDH2) കാണുന്നതായി മേരിലാന്റ് സ്കൂൾ ഓഫ് മെഡിസിൻ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൽക്കഹോൾ അബ്യൂസ് ആൻഡ് ആൽക്കഹോളിസം എന്നീ സ്ഥാപനങ്ങളിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ രാസാഗ്നി കാണപ്പെട്ട മസ്തിഷ്കഭാഗങ്ങളിലെ കോശങ്ങളിൽ ആൽക്കഹോൾ മാറ്റങ്ങൾ വരുത്തുന്നതായും അതുമൂലം പെരുമാറ്റത്തിൽ വ്യത്യാസങ്ങൾ സംഭവിക്കുന്നതായും പ്രസ്തുത പഠനങ്ങൾ പറയുന്നു. ഈ കോശങ്ങളിൽ നിന്നും ALDH2 നീക്കം ചെയ്തപ്പോൾ മദ്യപാനം മൂലം ഉണ്ടായ പെരുമാറ്റവൈകല്യം കുറയുന്നതായും ഗവേഷകർ കണ്ടെത്തി. ഹിപ്പോകാമ്പസ് (hippocampus), അമിഗ്ഡല (Amygdala), പ്രീഫ്രോണ്ടൽ കോർട്ടക്സ് (Prefrontal Cortex) എന്നിവയുൾപ്പെടെയുള്ള വൈകാരിക നിയന്ത്രണത്തിനും, തീരുമാനങ്ങൾ എടുക്കുന്നതിനും ആവശ്യമായ തലച്ചോറിന്റെ ഭാഗങ്ങൾ തകരാറിലാകുന്നതും ALDH2 മൂലമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ മേഖലയിലുള്ള ഗവേഷണം ശരിയാണെന്നു തെളിഞ്ഞാൽ അത് മദ്യപാനരോഗ ചികിത്സാരംഗത്ത് പുതിയ സാധ്യതകൾ രൂപംകൊള്ളാൻ സഹായിക്കും.

ലഹരിയുെട ജനിതകം

alcohol-effects-physical-mental മദ്യപാനം ആരോഗ്യത്തിനു ഹാനികരം

മദ്യം തലച്ചോറിനെ ബാധിക്കുന്നതിന്റെ തോതു നിർണയിക്കുന്നതിൽ ജീനുകൾക്കു വലിയ പങ്കുണ്ട്. ചിലർക്ക് ചെറുപ്പം മുതൽ തന്നെ വളരെ കൂടിയ അളവിൽ മദ്യപിച്ചാൽ മാത്രമേ ലഹരി ലഭിക്കുകയുള്ളൂ. മദ്യപാന ശീലമുള്ളവരുടെ മക്കൾ മദ്യപിച്ചാൽ ലഭിക്കുന്ന ലഹരി കുറവായിരിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ലഹരി ലഭിക്കാൻ വളരെയധികം അളവിൽ മദ്യം കഴിക്കേണ്ടിവരുന്ന ഇത്തരക്കാരിൽ അമിതമായി മദ്യപിക്കുന്നവരുമായുള്ള കൂട്ടുകെട്ടിനും, അമിത മദ്യപാനം മൂലമുള്ള ശാരീരിക മാനസിക പ്രശ്നങ്ങൾക്കുമുള്ള സാധ്യത വളരെ കൂടുതലാണ്. മറ്റു ചിലർക്ക് മദ്യപാനം പ്രതീക്ഷിക്കുന്നതിലും കൂടുതൽ ആനന്ദം നൽകുന്നതായി കാണുന്നുണ്ട്. തലച്ചോറിന്റെ നാഡീപഥങ്ങളിലെ ഡോപമിൻ എന്ന രാസപരിവാഹക വസ്തുവിന്റെ അളവിലുള്ള വ്യതിയാനങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്.കഴിക്കുന്ന മദ്യത്തിന്റെ ഭൂരിഭാഗവും ആൽക്കഹോൾ ഡീഹൈഡ്രൊജനേസ് എന്ന രാസാഗ്നി, അസറ്റാൽഡിഹൈഡ് ആക്കി മാറ്റുന്നു. അസറ്റാൽഡിഹൈഡ് വളരെ കുറഞ്ഞ അളവിൽപ്പോലും ശരീരത്തിൽ ഉണ്ടായാൽ അസ്വസ്ഥതകളുണ്ടാകും. എന്നാൽ ആൽഡിഹൈഡ് ഡീഹൈഡ്രോജനേസ് എന്ന മറ്റൊരു രാസാഗ്നി പെട്ടെന്ന് തന്നെ അസറ്റാൽഡിഹൈഡിനെ വിഘടിപ്പിക്കുന്നതിനാൽ മദ്യപന്മാരിൽ സാധാരണയായി ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നില്ല. പക്ഷേ, ജനിതക കാരണങ്ങളാൽ ശരീരത്തിൽ ആൽഡിഹൈഡ് ഡീഹൈഡ്രോജനേസ് കുറവുള്ള ആളുകൾ മദ്യം ഉപയോഗിക്കുമ്പോള്‍ അവരുടെ രക്തത്തിൽ അസറ്റാൽഡിഹൈഡ് കുമിഞ്ഞു കൂടുകയും ശാരീരിക അസ്വസ്ഥതകൾ ഉടലെടുക്കുകയും ചെയ്തേക്കാം. അതിനാൽ ഇത്തരമാളുകൾ മദ്യാസ്വാസ്ഥ്യം മൂലം സ്ഥിരം മദ്യപർ ആകാനുള്ള സാധ്യത വളരെ കുറയുന്നു. ജപ്പാൻ, കൊറിയ, ചൈന എന്നീ രാജ്യങ്ങളിലെ പകുതിയോളം പേർ ആൽഡിഹൈഡ് ഡീഹൈഡ്രോജനേസ് രാസാഗ്നി ജന്മനാ കുറവുള്ളരാണ്. അതായത് അവർക്ക് മദ്യാസക്തി രോഗം ഉണ്ടാകാനുള്ള സാധ്യത കുറയും എന്നർഥം.

എടുത്തുചാട്ടക്കാർ സൂക്ഷിക്കുക !

മദ്യപരുടെ വ്യക്തിത്വ സവിശേഷതകളെ നിർണയിക്കുന്നതിലും ജീനകൾക്കു പങ്കുണ്ട്. എടുത്തുചാട്ടം, ആത്മനിയന്ത്രണമില്ലായ്മ തുടങ്ങിയ സ്വഭാവരീതികളുള്ളവർക്ക് മദ്യാസക്തി പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ഇത്തരം സ്വഭാവങ്ങൾ രൂപപ്പെടുന്നതിൽ ജീനുകൾക്കു പങ്കുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ മാനസിക സമ്മർദം, ആഹ്ലാദം, നേട്ടങ്ങൾ എന്നിവയോട് ഒരാളുടെ തലച്ചോർ എങ്ങനെയാണ് പ്രതികരിക്കുക എന്ന് നിർണയിക്കുന്ന ജീനുകൾക്കും മദ്യാസക്തിയിൽ പങ്കുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മദ്യ അളവും ലഹരിയും

രക്തത്തിൽ മദ്യം കലർന്നതിന്റെ തോത് (Blood Alcohol Concentration) അനുസരിച്ചാണ് ലഹരിയും അനുബന്ധലക്ഷണങ്ങളും പ്രകടമാവുക. രക്തത്തിൽ കലരുന്ന മദ്യത്തിന്റെ അളവിന് (100 മില്ലി ലീറ്റർ രക്തത്തിൽ) അനുസരിച്ചു സംഭവിക്കുന്നത് ഇവയാണ്.

∙ ചെറിയ അളവിൽ (0.03–0.12 മി.ലീ) : സന്തോഷം ഉണ്ടാകുന്നു, ലഹരി പ്രദാനം ചെയ്യുന്നു.

∙ 0.09–0.15 മി. ലീ: ഉറക്കം വരുന്നു, ബാലൻസ് തെറ്റുന്നു.

∙ 0.13 – 0.30 മി.ലീ: ആശയക്കുഴപ്പം, സ്ഥലകാല വിഭ്രാന്തി, സംസാരത്തിൽ കുഴച്ചിൽ.

∙0.2 – 0.4 മി.ലീ: ബോധം നഷ്ടമാകുന്നു.

∙ 0.3 – 0.8 മി.ലീ: കോമ എന്ന അബോധാവസ്ഥ.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. പി. എൻ. സുരേഷ്കുമാർ

ഡയറക്ടർ, ചേതന,

സെന്റർ ഫോർ ന്യൂറോസൈക്യാട്രി

കോഴിക്കോട്