Thursday 06 January 2022 02:35 PM IST : By മനോരമ ആരോഗ്യം ആർകൈവ്

പൊറോട്ട ഹാങ് ഒാവർ കൂട്ടുമോ? മദ്യപിച്ചശേഷം ഭക്ഷണം കഴിച്ചാൽ: മദ്യവും ഭക്ഷണവും തമ്മിലുള്ള ബന്ധമറിയാം

erefretger

∙ മദ്യപിച്ചശേഷം ഭക്ഷണം കഴിക്കുന്നതാണോ, ഭക്ഷണം കഴിച്ചശേഷം മദ്യപിക്കുന്നതാണോ ആരോഗ്യപരമായി മെച്ചം?

മദ്യപിച്ചശേഷം ഭക്ഷണം കഴിക്കാനാണ് പലർക്കും താൽപര്യമെങ്കിലും ഭക്ഷണത്തിനുശേഷം മദ്യം കഴിക്കുന്നതാണ് ഉത്തമം. വെറും വയറ്റിൽ മദ്യം ഒരിക്കലും കഴിക്കരുത്. മദ്യം ഉള്ളിലെത്തിയാൽ അതിന്റെ 20% ആഗിരണം മാത്രമേ ആമാശയത്തിൽ ഉടൻ നടക്കുന്നുള്ളൂ. ബാക്കി ചെറുകുടലിൽ വച്ചുമാണ്. വെറുംവയറ്റിൽ മദ്യം കഴിച്ചാൽ വളരെ പെട്ടെന്നുതന്നെ അമിത അളവിൽ മദ്യം ആമാശയത്തിൽ നിന്നും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ഇത് കരളിന്റെയും തുടർന്ന് മറ്റു അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കും. മദ്യം രക്തത്തിൽ വേഗം ആഗിരണം ചെയ്യുന്നതിനാൽ പെട്ടെന്ന് അബോധാവസ്ഥയിലെത്തിക്കുന്നു.

മറിച്ച് ഭക്ഷണശേഷമാണ് മദ്യം കഴിക്കുന്നതെങ്കിൽ അതു രക്തത്തിലേക്കുള്ള ആഗിരണവേഗതയും അളവും കുറയ്ക്കുന്നു. ഇത് ഒരുപാട് നേരത്തേക്ക് മദ്യത്തിന്റെ ഉന്മാദാവസ്ഥയെ ആസ്വദിക്കാനും സഹായിക്കും. മാത്രമല്ല, ഭക്ഷണ ശേഷം മദ്യപിക്കുന്നതിന്റെ അളവു സ്വയം നിയന്ത്രിക്കാനും എളുപ്പമാണ്. ചുരുക്കിപ്പറഞ്ഞാൽ ആരോഗ്യപരമായും ആസ്വാദനപരമായും ഭക്ഷണം കഴിഞ്ഞു മദ്യപിക്കുന്നതാണ് മെച്ചം.

എന്നാല്‍ മദ്യം അപ്പറ്റൈസർ കൂടിയാണ്. ആഹാരത്തിനു മുൻപ് മദ്യം കഴിക്കുന്നതിനുള്ള പ്രധാന ഒഴികഴിവായി പലരും പറയുന്നത് ഇതാണ്. മദ്യം തലച്ചോറിലെ ഹൈപ്പോതലാമസിനെ ഉത്തേജിപ്പിക്കുന്നതിനാൽ വിശപ്പ് നന്നായി അനുഭവപ്പെടും. അതിനാല്‍ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നതിനു കാരണമാകുന്നു.

മദ്യം ദഹനത്തെ സഹായിക്കുന്നുണ്ട്. ഭക്ഷണത്തിന് അര മണിക്കൂർ മുൻപ് കുറച്ച് മദ്യം കഴിക്കുകയാണെങ്കിൽ, മദ്യത്തിലെ ചില ഘടകങ്ങൾ ആമാശയ ഭിത്തിയെ ഉത്തേജിപ്പിച്ച് കൂടുതലായി ഗ്യാസ്ട്രിക് ജ്യൂസ് ഉത്പാദനം (Acid Production) കൂട്ടി ദഹനം എളുപ്പവും വേഗത്തിലും ആക്കുന്നു. എന്നാൽ അമിതമായി മൂത്രം ഒഴിക്കാൻ മദ്യം കാരണമാക്കുന്നതിനാൽ ശരീരത്തിലെ ഇലക്ട്രോലൈറ്റ്സ് കുറയും. ഇതും ഭക്ഷണം കഴിക്കാനുള്ള താൽപര്യം കൂട്ടും. ഇതെല്ലാം അനാരോഗ്യകരമായ അമിത ഭക്ഷണത്തിലേക്കായിരിക്കും നയിക്കുക.

∙ മദ്യപിക്കുമ്പോഴുള്ള ടച്ചിങ്സിൽ ആരോഗ്യപരമായി നല്ലത് ഏതാണ്?

മദ്യത്തോടൊപ്പം എണ്ണയിൽ വറുത്ത സ്നാക്സുകൾ, ഉപ്പും എരിവും കൂടിയവ, അച്ചാറുകൾ എന്നിവ ഉത്തമമല്ല. ഉദാഹണമായി പൊട്ടറ്റോ ചിപ്സ്, പോപ്കോൺ, മിക്സ്ചറുകൾ, ഉപ്പുചേർത്ത നട്സ്. തുടങ്ങിയവ ഒഴിവാക്കുക. ഉപ്പിന്റെ സാന്നിധ്യം ശരീരത്തിൽ ദാഹം ഉളവാക്കുന്നു. ഇത് അമിതമായി മദ്യം കഴിക്കുന്നതിനും പിന്നീട് അത് ശരീരത്തിൽ നിർജലീകരണത്തിനും അതുമൂലമുള്ള ക്ഷീണം തലവേദന, ഹാങ്ഓവർ എന്നിവ കൂടാനും കാരണമാകുന്നു.

മദ്യം വൃക്കകളിൽ ഹോർമോൺ ഉത്പാദനത്തിൽ മാറ്റം വരുത്തുന്നതിനാലാണ് അമിതമായി മൂത്രം ഉൽപ്പാദിപ്പിക്കാൻ കാരണമാകുന്നത്. ഇതുമൂലമുള്ള നിർജലീകരണം ഒഴിവാക്കാൻ ജലത്തിന്റെ അളവു കൂടുതൽ ഉള്ള ഫലങ്ങളും പച്ചക്കറികളും കൊണ്ടുണ്ടാക്കുന്ന സാലഡുകൾ പരിധിവരെ സഹായിക്കുന്നു. അതിനാൽ ഫ്രൂട്ട്Ðവെജിറ്റബിൾ സാലഡുകളാണ് എന്തുകൊണ്ടും മെച്ചം.

∙ മദ്യപിക്കുമ്പോൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണ്?

∙ ഉപ്പു കൂടുതലുള്ള എണ്ണയിൽ വറുത്തെടുത്ത സ്നാക്കുകൾ പരമാവധി കുറയ്ക്കുക.

∙ ഉപ്പു ചേർത്ത ഡ്രൈ ഫ്രൂട്ട്സ് മദ്യത്തോടൊപ്പം നല്ലതല്ല.

∙ചോക്ലേറ്റ്സ് ഉൾപ്പെടെയുള്ള മ ധുര പലഹാരങ്ങൾ ഒഴിവാക്കുക. ഇ വ കഴിക്കുമ്പോൾ പരിധിയിൽ അധികം മദ്യം ഉപയോഗിക്കാൻ സാധ്യത കൂടും.

∙ പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കുക. കാരണം ഇവ ദഹിക്കാൻ കൂടുതൽ സമയമെടുക്കുകയും പലരിലും നെഞ്ചെരിച്ചിൽ ഉണ്ടാക്കുകയും ചെയ്യുന്നു.

∙ എണ്ണയിൽ വറുത്ത നട്സ് (pea nuts, walnuts, almonds, cashew) ഒഴിവാക്കുക. പ്രധാന ഭക്ഷണത്തിനു മുൻപ് ഇവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നു. ഉയർന്ന കാലറിയും ഉണ്ട്.

∙ മസാലകൾ ചേർത്ത എണ്ണയടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.ഇത് അസിഡിറ്റി പ്രശ്നങ്ങൾക്കു കാരണമാകുന്നു.

∙ മദ്യത്തിനുശേഷം കഴിയുന്നതും അമിതഭക്ഷണം കഴിക്കാതിരിക്കുക. മിതമായ അളവിലാണെങ്കിൽ ദഹനം കുറച്ചുകൂടി എളുപ്പമാകും.

∙ അമിത മദ്യപാനമാണോ ഭക്ഷണമാണോ മദ്യപിച്ചശേഷമുള്ളഛർദിയുെട പ്രധാന കാരണം?

രണ്ടു കാരണമാകാം. അമിതമായ മദ്യപാനം ആമാശയത്തിൽ അസ്വാസ്ഥ്യം ഉണ്ടാക്കുകയും, ആമാശയ ഭിത്തികളിൽ നീർവീക്കം ഉണ്ടാക്കി ഗ്യാസ്ട്രൈറ്റിസിനു കാരണമാകുന്നു. ഇത് വയറുവേദന, ഓക്കാനം എന്നിവയ്ക്ക് കാരണമാകും. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും അമിതമായ മദ്യപാനം ഛർദിയിലേക്കു നയിക്കുന്നു.

അതുപോലെ പാലും പാലുൽപന്നങ്ങൾ ഉൾപ്പെടെയുള്ള ചില ഭക്ഷണ പദാർത്ഥങ്ങൾ മദ്യപിക്കുന്ന സമയത്തോ അനുബന്ധമായോ കഴിച്ചാൽ ഛർദിക്കു കാരണമാകുന്നു. പലരിലും പലതരം ഭക്ഷണമാണ് ഛർദിക്കു ആക്കം കൂട്ടുന്നത് എന്ന കാര്യവും ഓർക്കുക.

∙ മദ്യത്തിനൊപ്പമോ ശേഷമോ പൊറോട്ട കഴിക്കുന്നവർക്കു അടുത്ത ദിവസം ഹാങ്ഓവർ കൂടുന്നതായി പറയാറുണ്ട്. ഇതിൽ കഴമ്പുണ്ടോ? എന്തുകൊണ്ട്?

പൊറാട്ട ഹാങ്ഓവർ കൂട്ടുന്നു എന്നത് ശരിയാണ്. പൊറോട്ട മാത്രമല്ല ദഹിക്കാൻ ബുദ്ധിമുട്ടായിട്ടുള്ള എല്ലാ ഭക്ഷണപദാർത്തങ്ങളും ഹാങ്ങോവർ സാധ്യത കൂട്ടുന്നു.

പൊറോട്ട സാധാരണ സമയങ്ങളിൽ പൂർണമായും ദഹിക്കുന്നതിനു 24 മണിക്കൂർ വരെ എടുക്കാറുണ്ട്, മദ്യപനത്തിന് ശേഷം ഇത് 72 മണിക്കൂർ വരെ ആകാൻ സാധ്യത ഉണ്ട്. തലേദിവസത്തെ മദ്യപാനം ദഹനം കുറയ്ക്കും. ദഹനം കുറയുന്നത് മസ്തിഷ്കത്തിന്റെ പ്രവർത്തനം കുറച്ചുകൂടി ആയാസകരമാക്കുന്നു. അതിനാലാണ് പൊറോട്ട ഹാങ്ഒാവർ കൂട്ടുമെന്ന് കരുതുന്നത്.

പൊറോട്ട മാത്രമല്ല മദ്യം കഴിക്കുന്ന സമയത്ത് കൊഴുപ്പ് അളവ് ഏറെയുള്ള, ദഹിക്കാൻ പ്രയാസമുള്ള, കാർബോഹൈഡ്രേറ്റ് ഏറെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഹാങ്ഓവർ കൂട്ടുന്നു. അതിനാൽ ചിക്കൻ ബിരിയാണി, പീത്‍സ പോലുള്ളവ ഒഴിവാക്കണം. മദ്യപാനത്തിനൊപ്പം വളരെ സുഗമമായി ദഹിക്കുന്ന ഭക്ഷണങ്ങളാണ് ഉചിതം.

Tags:
  • Manorama Arogyam