Q കാമസംവർധക വസ്തുക്കളുടെ (ആഫ്രിഡിസിയാക്) പരസ്യങ്ങൾ കാണാറുണ്ട്. എന്താണിത്?
കെട്ടുകഥകളുടെ അല്ലെങ്കിൽ നാടോടിക്കഥകളുടെ നിഘണ്ടുവിലെ ഒരു വാക്കാണ് ആഫ്രഡിസിയാക്. ആധുനിക വൈദ്യത്തിൽ ഇങ്ങനെയൊരു വാക്കില്ല. ഗ്രീക്ക് പഴങ്കഥകളിലെ പ്രേമത്തിന്റെ ദേവതയാണ് ആഫ്രഡൈറ്റ്. ചില ആഹാരങ്ങൾ, ചെടികൾ, പാനീയങ്ങൾ, ലഹരിമരുന്നുകൾ ഇവയെല്ലാം കാമ വർധകങ്ങളും സുഖവർധകങ്ങളും ആണെന്നു പറയാറുണ്ട്. ഇതിനും ശാസ്ത്രീയ അടിത്തറയില്ല.
Qവയാഗ്ര ഒരു ആഫ്രഡിസിയാക്കാണോ? ഉദ്ധാരണം ഉണ്ടാക്കുമോ?
ആണെന്നും അല്ലെന്നും പറയാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അത് ഉദ്ധാരണം ഉണ്ടാക്കില്ല; പക്ഷേ ഉണ്ടായ ഉദ്ധാരണം ഒന്നുകൂടി നന്നാക്കും.
Q വയാഗ്ര എന്നാലെന്ത്?ആർക്കാണ് ഇതാവശ്യം?
സിൽഡെനാഫിൽ സിട്രേറ്റ് (Sildenafil Citrate) എന്ന രാസവസ്തുവിന്റെ ബ്രാ ൻഡ് നാമമാണു വയാഗ്ര. പല കമ്പനികളും പല ബ്രാൻഡ് നെയിമുകളിൽ സിൽഡെനാഫിൽ സിട്രേറ്റ് ഉണ്ടാക്കുന്നുണ്ട്.
പൂർണമായ, വേണ്ടപോലെയുള്ള ഉദ്ധാരണം കിട്ടാത്ത പുരുഷന്മാർ ചികിത്സയുടെ ഭാഗമായി കഴിക്കേണ്ട മരുന്നാണു വയാഗ്ര.
Qസ്ത്രീകൾക്കു വയാഗ്ര ഉപയോഗിക്കാമോ?
സ്ത്രീകളുടെ ലൈംഗികപ്രശ്നങ്ങൾക്കു വയാഗ്ര ഫലപ്രദമാകുമോ എന്നതിനെപ്പറ്റി ഗവേഷണങ്ങൾ നടക്കുകയാണ്. ഫലം കാത്തിരിക്കുന്നു. സ്ത്രീകൾക്കു വയാഗ്ര ഫലപ്രദമായേക്കില്ലെന്നാണ് ഇപ്പോഴത്തെ വിവരം.
Q വൈബ്രേറ്റേഴ്സ് എന്നാലെന്താണ്?
സാധാരണയായി പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ മെക്കാനിക്കൽ ഉപകരണങ്ങളാണു വൈബ്രേറ്ററുകൾ. അതിനകത്ത് ഒരു മോട്ടോർ ഉണ്ട്. സ്വിച്ചിടുമ്പോൾ അതു ത്രസിക്കും. അത് ഒരു തടവലിന്റെ സുഖം തരും. പേഴ്സനൽ മസാജേഴ്സ് എന്നും ‘സെക്ഷ്വൽ എയ്ഡ്സ്
എന്നുമൊക്കെ ഇവയെ വിളിക്കാറുണ്ട്. രതിമൂർച്ഛ പ്രശ്നമുള്ള സ്ത്രീകളിൽ ഇത് ഉപയോഗിച്ചു പ്രശ്നം പരിഹരിക്കാം. താമസിച്ചുള്ള സ്ഖലന പ്രശ്നം പരിഹരിക്കാനായി ഹെവി ഡ്യൂട്ടി വൈബ്രേറ്ററുകൾ ഉപയോഗിക്കാം.
Qപ്രശ്നമുള്ളവർക്കു മാത്രമേ വൈബ്രേറ്ററുകൾ ഉപയോഗിക്കാകൂ എന്നുണ്ടോ?
ഇല്ല. ഒരുവിധ പ്രശ്നവുമില്ലാത്തവർക്കും ലൈംഗിക സുഖം കൂട്ടാൻ ഇതുപയോഗിക്കാം. സംഭോഗപൂർവ ലീലകളുടെ ഭാഗമായിട്ടും ഉപയോഗിക്കാം.
Qലൈംഗികത മെച്ചപ്പെടുത്താൻ മദ്യം നല്ലതോ?
ഇല്ല. കേന്ദ്ര നാഡീവ്യൂഹത്തെ തണുപ്പിക്കുന്നതാണു മദ്യം. അതുകൊണ്ടു മദ്യം ലൈംഗികസുഖം കളയുകയേയുള്ളൂ. മദ്യം പ്രവർത്തിച്ചാൽ തന്നെ അതു സങ്കോചം മാറ്റുമെന്നേയുള്ളൂ. അല്ലാതെ പ്രത്യക്ഷമായി ലൈംഗികാവയവങ്ങളിൽ ഒന്നും ചെയ്യില്ല. ഷേക്സ്പിയറുടെ കമന്റ് ശ്രദ്ധിക്കൂ: ‘‘മദ്യം ആഗ്രഹം കൂട്ടും; പക്ഷേ പ്രവൃത്തി ഇ ല്ലാതെയാക്കും.’’
Q ‘സുന്നത്ത്’ ലൈംഗിക ബന്ധം മെച്ചപ്പെടുത്തുമോ?
ഇല്ല. ഇതൊരു തെറ്റിധാരണയാണ്. ഇതിന് ഉപോൽബലകമായി ഒരു ശാസ്ത്രീയ തെളിവുമില്ല.
Qലൈംഗിക പ്രശ്നങ്ങൾക്കു ഫലപ്രദമായ അലോപ്പതി ചികിത്സ ഇല്ലെന്നതു ശരിയാണോ?
ശരിയല്ല. ആധുനിക വൈദ്യശാസ്ത്രത്തെയാണു അലോപ്പതി എന്നു വിളിക്കുന്നത്. അതു ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഒരു വിജ്ഞാനശാഖയാണ്. ഏതു ലൈംഗിക പ്രശ്നവും അലോപ്പതി ഫലപ്രദമായി പരിഹരിക്കും. വയാഗ്ര പോലുള്ള മരുന്നുകളും പെനൈൽ ഇംപ്ലാന്റേഷൻ പോലുള്ള ശസ്ത്രക്രിയകളും ഇപ്പറഞ്ഞതിന് ഉത്തമ ദൃഷ്ടാന്തങ്ങളായി കരുതാം.
Qലൈംഗിക പ്രശ്നങ്ങൾക്കു പച്ചമരുന്നുകൾ ഫലപ്രദമാണോ?
കൃത്യമായ രോഗനിർണയത്തിനുശേഷമേ ഏതു മരുന്നായാലും നിർദേശിക്കാവൂ. മരുന്നിന്റെ പ്രവർത്തനത്തെപ്പ റ്റിയും, പാർശ്വഫലങ്ങളെപ്പറ്റിയും അറിയാവുന്ന ആളായിരിക്കണം മരുന്നു നൽകേണ്ടത്. അയാൾ ആയുർവേദക്കാരനാണോ സിദ്ധ/യുനാനി പ്രാക്റ്റീഷനറാണോ എന്നൊന്നുമുള്ളതല്ല പ്രധാന വിഷയം. കൊള്ളാവുന്ന ഒരു സർവകലാശാലയിൽ നിന്നു കൊള്ളാവുന്ന രീതിയിൽ പഠിച്ചിറങ്ങിയ, പരീക്ഷാ യോഗ്യതയുള്ള ഒരാളാണോ എന്നുള്ളതാണു പ്രസക്തം. ഏതു വൈദ്യശാഖയ്ക്കും അതിന്റേതായ രോഗനിർണയ രീതികളും ചികിത്സാരീതികളുമുണ്ട്. അതുകൊണ്ടു യോഗ്യതയുള്ള മെഡിക്കൽ പ്രാക്റ്റീഷനർമാരെ മാത്രം കൺസൽറ്റു ചെയ്യുക. വഴിയിൽ കാണുന്ന പരസ്യങ്ങളിലും മറ്റുമുള്ള പ്രലോഭനങ്ങളിൽ വീഴാതിരിക്കുക.