Tuesday 25 April 2023 12:07 PM IST : By സ്വന്തം ലേഖകൻ

മുടികൊഴിച്ചിലിനെ ഭയക്കേണ്ട; കഷണ്ടിക്കും മരുന്നുണ്ട്

hair3214

നമ്മൾ അനുദിന ജിവിതത്തിൽ രൂപഭംഗിക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ഇക്കാലത്ത് മുടി കൊഴിച്ചിൽ പലരെയും അലട്ടുന്ന ഒരു പ്രധാന വിഷയം ആണ്. യുവതലമുറ മാത്രമല്ല, പ്രായമായവരും തലയിൽ മുടി ഉണ്ടാകുവാൻ ആഗ്രഹിക്കുന്ന ഒരു കാലമാണിത് ഇപ്പോൾ. നല്ല മുടിയിഴകൾ ഒരു വ്യക്തിയെ ചെറുപ്പമായി കാണാൻ സഹായിക്കുന്നു. എന്നാൽ നിർഭാഗ്യവശാൽ 90% പുരുഷന്മാരും 50% സ്ത്രീകളും അവരുടെ ജീവിതത്തിൽ മുടികൊഴിച്ചിൽ അനുഭവിക്കുന്നു. മുടി കൊഴിച്ചിൽ ഒരു വ്യക്തിക്ക് ആത്മവിശ്വാസക്കുറവും സാമൂഹിക ഉത്കണ്ഠയും ഉണ്ടാക്കാമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കഷണ്ടി ഒരു വ്യക്തിയുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ ധാരാളം പ്രശ്നങ്ങൾ അനുഭവിക്കേണ്ടിവരാറുണ്ട്.

കഷണ്ടിയുടെ ആരംഭത്തിൽ മരുന്നു ചികിത്സ കൊണ്ട് തന്നെ നല്ല ഫലം ലഭിക്കാറുണ്ട്. ഇതിനു പ്രധാനമായി ഉപയോഗിക്കുന്നത് മിനോക്സിഡിൽ എന്ന ലോഷനും ഫിനാസ്‌റ്ററൈഡ് അടങ്ങുന്ന ഗുളികകളുമാണ്. എന്നാൽ കഷണ്ടിയുടെ കൂടിയ അവസ്ഥയിൽ മെഡിക്കൽ ട്രീറ്റ്മെൻറ് കൊണ്ട് മാത്രം വേണ്ടത്ര റിസൾട് കിട്ടാറില്ല. ഇതിനു കാരണം മുടിയുടെ വേരുകൾ തലയിൽ നിന്ന് നഷ്ടപ്പെടുന്നത് കൊണ്ടാണ്. നെറ്റി കേറിയ അവസ്ഥയിൽ അഥവാ ഹെയർലൈൻ പിന്നിലേക്ക് നീങ്ങിയ അവസ്ഥയിൽ തലയുടെ മുൻഭാഗങ്ങളിൽ മുടിയുടെ വേര് നഷ്ട്ടപെട്ടു എന്നു വേണം മനസിലാക്കാൻ. മുടിയുടെ വേര് ഉണ്ടെങ്കിൽ മാത്രമേ മരുന്നു ചികിത്സ കൊണ്ട് അവിടെ മുടി വളരുകയുള്ളു. വേരുകൾ ഇല്ലാത്ത അവസ്ഥയിൽ പുതിയ വേരുകൾ അവിടെ വച്ച് പിടിപ്പിക്കുക മാത്രമേ ഫലപ്രദമാകുകയുള്ളു. ഇതിനെ ആണ് ഹെയർ ട്രാൻസ്പ്ലാന്റ് എന്ന് പറയുന്നത്.

നെറ്റി കേറിയ അവസ്ഥ അഥവാ ഹെയർലൈൻ പിന്നിലേക്കു നീങ്ങിയ അവസ്ഥയിൽ ആണ് ഹെയർ ട്രാൻസ്പ്ലാന്റ്ഏറ്റവും പ്രയോജനപ്പെടുന്നത്. ഒരു ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ നിങ്ങളുടെ സ്വാഭാവിക രൂപം തിരികെ നേടാൻ സഹായിക്കുന്നു. എന്നിരുന്നാലും മുടി മാറ്റിവെയ്ക്കൽ പരിഹാരമാകാത്ത മറ്റ് കാരണങ്ങളാൽ മുടി കൊഴിച്ചിൽ ഉണ്ടാകാം, ഇവ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഇതിനാൽ ഒരു ത്വക് രോഗവിദഗ്ധനെ സമീപിക്കുന്നതാണ് ഉത്തമം.

ഹെയർ ട്രാൻസ്പ്ലാന്റേഷൻ പ്രധാനമായും രണ്ടു വിധമാണ്. 1. ഫോളിക്കുലാർ യൂണിറ്റ് ട്രാൻസ്പ്ളാൻറ്റേഷൻ (FUT) 2. ഫോളിക്കുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ (FUE).

∙ ഫോളിക്കുലാർ യൂണിറ്റ് ട്രാൻസ്പ്ളാൻറ്റേഷൻ (FUT)

ഈ ട്രാൻസ്പ്ലാന്റേഷൻ രീതി ‘സ്ട്രിപ് മെതേഡ്’ എന്നും അറിയപ്പെടുന്നു. തലയോട്ടിയുടെ പിൻ ഭാഗത്തു നിന്ന് മുടിയോടുകൂടി നീളത്തിൽ തൊലിയുടെ ഒരു ഭാഗം മുറിച്ച് നീക്കി, അതിൽ നിന്ന് മുടിയുടെ വേരുകൾ വേർതിരിച്ചെടുത്ത് മുടി നഷ്ടപ്പെട്ട ഭാഗത്തു വച്ചു പിടിപ്പിക്കുന്നു. തലയുടെ പിന്നിൽ മുടിയെടുത്ത ഭാഗത്ത് നീളത്തിൽ ഒരുപാട് ഉണ്ടാകുന്നു. ഇതേ കാരണത്താൽ ഈ ചികിത്സാരീതിയോട് രോഗികൾക്ക് വിമുഖതയുണ്ട്.

∙ ഫോളിക്കുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ (FUE)

ഈ രീതിയാണ് ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ളത്. തലയോട്ടിയുടെ പിൻഭാഗത്തു നിന്ന് മുടികൾ വേരുകളോടൊപ്പം മോട്ടോറൈസ്ഡ് പഞ്ച് ഉപയോഗിച്ച് എടുക്കുന്നു. മുടി നഷ്ടപ്പെട്ട ഭാഗത്തേക്ക് ഇപ്രകാരം നീക്കം ചെയ്ത മുടി വേരുകളോടൊപ്പം വച്ചു പിടിപ്പിക്കുന്നു. FUT രീതിയെ അപേക്ഷിച്ച് നീളത്തിലുള്ള പാടുകൾ ഉണ്ടാകാത്തതാണ് ഈ ചികിത്സാരീതിയുടെ മേന്മ. FUE രീതിയുടെ പല പരിഷ്കാരങ്ങളും നിലവിൽ വന്നിട്ടുണ്ട്. നേരിട്ടുള്ള മുടി മാറ്റി വെയ്‌ക്കൽ, നീളമുള്ള മുടി മാറ്റിവയ്‌ക്കൽ, ബയോസ്‌റ്റിമുലേറ്റഡ് ഹെയർ ട്രാൻസ്‌പ്ലാന്റേഷൻ എന്നിവയാണ് ഇവയിൽ ചിലത്

വേദനയില്ലാതെ െചയ്യാം

ഹെയർ ട്രാൻസ്പ്ലാന്റേഷൻ നടപടിക്രമങ്ങൾ ലോക്കൽ അനസ്തീസിയയിലാണ് നടത്തുന്നത്. അതായത് നടപടിക്രമത്തിനിടെ വേദന ഉണ്ടാകില്ല. എങ്കിലും അനസ്തീസിയയുെട പ്രക്രിയയിൽ ഒരു ചെറിയ അസ്വസ്ഥത ഉണ്ടാകും. കുത്തിവയ്പ്പിന്റെ വേദന കുറയ്ക്കുന്നതിനായി നേർത്ത സൂചികൾ ഉള്ള സിറിഞ്ചാണ് ഉ പയോഗിക്കുന്നത്. നടപടിക്രമത്തിനിടെ ഒരാൾക്ക് സംഗീതമോ, ടെലിവിഷനോ ആസ്വദിക്കാവുന്നതാണ്. ഹോസ്പിറ്റിലിൽ അഡ്മിഷന്റെ ആവശ്യമില്ല. സാധാരണ സാഹചര്യങ്ങളിൽ ശസ്ത്രക്രിയയുടെ ദിവസം തന്നെ വ്യക്തിക്കു വീട്ടിലേക്കു പോകാം.

ഹെയർ ട്രാൻസ്പ്ലാന്റേഷൻ പ്രക്രിയയുടെ പ്രധാന ആകർഷണം മുടിതികച്ചും പ്രകൃതിദത്തമായി കാണപ്പെടുന്നു എന്നതാണ്. പറിച്ചുനടുന്നത് രോഗിയുടെ സ്വഭാവിക മുടിയാണ്, അവ സാധാരണ മുടിപോലെ കാണപ്പെടുകയും വളരുകയും ചെയ്യുന്നു. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു പ്രക്രിയയാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ. പുതിയ വേരുകൾ വയ്ക്കുന്ന ദിശയും സ്ഥാനവും സ്വഭാവികമായുള്ള മുടിയുടെ ദിശയും സ്ഥാനവുമായി ചേരുന്ന രീതിയിലായിരിക്കണം. എങ്കിൽ മാത്രമേ പുറമേ നിന്ന് നോക്കുന്ന ഒരാൾക്ക് ട്രാൻസ്പ്ലാന്റ് ചെയ്തതായി തിരിച്ചറിയാൻ സാധിക്കാതെ വരുകയുള്ളു .

തലയോട്ടിക്ക് പുറകിൽ നിന്നാണ് മുടി സാധാരണയായി എടുക്കുന്നത്. ഓക്സിപിറ്റൽ ഏരിയ എന്നു പറയുന്ന ഈ ഭാഗം "സേഫ് ഡോണർ ഏരിയ" ആയി അറിയപ്പെടുന്നു. ഈ പ്രദേശങ്ങളിലെ മുടികൾ ഹോർമോൺ ഇൻസെൻസിറ്റിവ് ആയതിനാൽ തലയിൽ മറ്റു സ്ഥലങ്ങളിൽ വരുന്ന ഹോർമോൺ മൂലം ഉള്ള മുടി കൊഴിച്ചിൽ ഇവിടെ സാധാരണയായി സംഭവിക്കാറില്ല. അധികം കഷണ്ടി ഉള്ള ആളുകളിലും പിൻഭാഗത്ത് മുടി ഉള്ളതായി നമുക്ക് കാണാം. എങ്കിലും കഷണ്ടി കൂടുതൽ ഉണ്ടാകുകയും പിൻഭാഗത്തു മുടി വിരളമാവുകയും ചെയ്താൽ, പല ശസ്ത്രക്രിയാ വിദഗ്ധരും താടി രോമങ്ങൾ എടുക്കാറുണ്ട്.

നീളത്തിലുള്ള ശസ്ത്രക്രിയാ മുറിവ് ഇല്ലാത്തതാണ് FUE ടെക്‌നിക്കിന്റെ ഗുണം. നിലവിലുള്ള മുടികൾ നിലനിർത്തി അവയുടെ ഇടയിൽ നിന്നും വളരെ ചുരുക്കം മുടികളാണ് എടുക്കുന്നത്. അഞ്ചോ, ആറോ മുടികൾക്കിടയിൽ നിന്ന് ഒന്നോ, രണ്ടോ മുടികളെ എടുക്കുന്നുള്ളു. ഇത് മൂലം മുടി എടുത്തതായി മനസ്സിലാവുകയില്ല. ഈ പ്രക്രിയയുടെ ഉത്തമ ഫലം നിരീക്ഷിക്കാൻ സാ ധാരണയായി 9 -12 മാസം മതിയാകും.

സാധാരണയായി തലയുടെ പിന്നിൽ നിന്ന് എടുക്കുന്ന മുടികൾ വീണ് പോകുവാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഹെയർ ട്രാൻസ്‌പ്ലാനറ്റേഷന്റെ ഫലം ദീർഘനാൾ നിലനിൽക്കുന്നു. എങ്കിലും വച്ചുപിടിപ്പിച്ച മുടികളുടെ ദീർഘായുസ്സിന് വേണ്ടി മ രുന്നുകൾ എടുക്കുന്നത് നല്ലതാണ്.

ഡോ. നവീൻ തോമസ്

കൺസൽറ്റ് ഡെർമറ്റോളജിസ്റ്റ്, കോസ്മറ്റോളജിസ്റ്റ് & ഹെയർ ട്രാൻസ്പ്ലാന്റ് സർജൻ

മെഡിക്കൽ‍ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം

Tags:
  • Mens Health
  • Manorama Arogyam