Saturday 09 September 2023 02:39 PM IST

പാലുൽപ്പന്നങ്ങള്‍ ഒഴിവാക്കി, അരിയാഹാരം കുറച്ചു; ശരീരഭാരം കുറച്ച് രക്താതിസമ്മർദത്തെ വരുതിയിലാക്കിയ പൊലീസ് ഓഫിസറുടെ ജീവിതകഥ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

harisena-varma

ഉറച്ച തീരുമാനവും ആഹാരനിയന്ത്രണവും കൊണ്ട് അധിക ശരീരഭാരത്തെ കുറയ്ക്കുക മാത്രമല്ല രക്താതിസമ്മർദത്തെ വരുതിയിലാക്കുകയും ചെയ്തു ഹരിസേന വർമ ഐപിഎസ്. ത്രില്ലിങ്ങാണ് ഈ പൊലീസ് ഓഫിസറുടെ ജീവിതകഥ...

അമിതഭാരത്തിലേക്കു ശരീരം കടന്നുപോയപ്പോൾ, അതിന് അകമ്പടിയായി ചില രോഗാതുരതകൾ ജീവിതത്തെ വലച്ചപ്പോൾ ഹരിസേന വർമ ഐപിഎസ് ചില തീരുമാനങ്ങൾ എടുത്തു. നിശ്ചയദാർഢ്യത്തിന്റെ ആ കാലം അദ്ദേഹത്തിനു നൽകിയത്  ഇന്നത്തെ ശാന്ത സുന്ദരമായ ജീവി തമാണ്. കാക്കിക്കുപ്പായം ശീലിപ്പിച്ച പഴയ  ചിട്ടകളിലേക്കു വർഷങ്ങൾക്കു ശേഷം മനസ്സു കൊണ്ടും ശരീരം കൊണ്ടും അദ്ദേഹം മടങ്ങിയെത്തി. അറുപത്തിമൂന്നാം വയസ്സിൽ പുതിയ ബോധ്യങ്ങൾ... പുതിയ നിലപാടുകൾ...

ഭാരം കൂടി വന്നപ്പോൾ 

പൊലീസിൽ ജോലി ചെയ്തിരുന്നതു കൊണ്ടു ഫിറ്റ് ആയിരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. വളരെ വർഷങ്ങളായി ശരീരഭാരം 70 കിലോയിൽ നിന്നു കൂടിയിരുന്നില്ല. എന്റെ ഉയരവുമായി നോക്കുമ്പോൾ അതായിരുന്നു  കൃത്യമായ ഭാരം. 2016 ൽ  ഒൗദ്യോഗികമായി ചെന്നൈയിലായിരിക്കുമ്പോൾ 74 കിലോ ആയിരുന്നു. അതു കുറയ്ക്കാൻ ശ്രമിച്ചതാണ്. അത്ര വിജയകരമായില്ല. 

2019 ഡിസംബറിൽ സർവീസിൽ നിന്നു വിരമിച്ചു. തൃപ്പൂണിത്തുറയിൽ താമസമായി. ദേവി ഹോസ്പിറ്റലിലെ ഡോ. അലക്സ് സിറിയക് ആണ് ഫാമിലി ഡോക്ടർ. ഡോക്ടറെ കണ്ടു ശരീരഭാരം പരിശോധിച്ചപ്പോൾ  76 കിലോയിലെത്തിയിരുന്നു. പിന്നീട് കോവിഡ് കാലമായിരുന്നതിനാൽ  ആശുപത്രിയിൽ പോയിരുന്നില്ല. ആഹാരത്തിൽ സ്വയം നിയന്ത്രണങ്ങൾ വരുത്തി. 77- 78 കിലോ.. ഭാരം കൂടുന്നതല്ലാതെ കുറയുന്നില്ല.

ശരീരഭാരം വളരെയധികം കൂടി എ ന്നതു തിരിച്ചറിയുന്നതു 2022 നവംബറിലാണ്. ഭാരം  83 കിലോയിൽ എത്തിയിരുന്നു. ഭാരം  കൂടിയതിന്റെ ഒരു കാരണം 2022 സെപ്റ്റംബറിലുണ്ടായ ലിഗമെന്റിന്റെ  പരുക്കായിരുന്നു. പ്രഭാത നടത്തവും  സായാഹ്നനടത്തവും കൃത്യമായി ചെയ്തിരുന്ന എനിക്ക് ആ   രണ്ടു മാസം നടക്കാൻ കഴിഞ്ഞില്ല. 

ഫാമിലി ഡോക്ടർ നിർദേശിച്ചതു പോലെ വ്യായാമം ആരംഭിച്ചിട്ടും ശരീരഭാരം 87 കിലോ ആയി ഉയർന്നു. ഡോക്ടർക്കും ഒരു  ഡെയ്ഞ്ചർ സിഗ്നൽ പോലെ തോന്നി. നവംബറിൽ  വാർഷിക മെഡിക്കൽ പരിശോധനയും നടത്തി. ആ മെഡിക്കൽ ചെക്കപ്പിൽ ഫാറ്റി ലിവർ ഗ്രേഡ് 2  ഉണ്ടെന്നു കണ്ടു. 2018- 19 കാലത്ത് ഫാറ്റി ലിവർ ഉണ്ടെന്നൊരു സംശയം ഡോക്ടർ പറഞ്ഞിരുന്നതാണ്.  ഫാറ്റി ലിവർ ഗ്രേഡ് 2 തിരിച്ചറിഞ്ഞതോടെ രാജഗിരി ഹോസ്പിറ്റലിൽ ഡോ. ഫിലിപ് അഗസ്‌റ്റിനെ കണ്ടു. അദ്ദേഹം വൈറ്റമിൻ ഇ ഗുളികകൾ നിർദേശിച്ചു. ഡയറ്റീഷൻ പ്രിൻസി തോമസിനു റഫർ ചെയ്തു. പ്രിൻസി തോമസിനോടു കാര്യങ്ങൾ  പറഞ്ഞു. അതു ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി.

ആഹാരം : ഫ്ളാഷ് ബാക്ക് കഥ

ശരീരഭാരം നിയന്ത്രിക്കാൻ മുൻപു തന്നെ എനിക്ക് ആഹാരചിട്ടകൾ ഉണ്ടായിരുന്നു. പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കുകയായിരുന്നു ഒരു മാർഗം. എന്റെ ശരീര പ്രകൃതം   അനുസരിച്ച് ഭാരം പെട്ടെന്നു കൂടും, കുറയും. ഭാരം കൂടുമ്പോൾ പാലും പാലുൽപ്പന്നങ്ങളും  കുറച്ചു. അരിയാഹാരം വളരെ കുറച്ചേ കഴിച്ചിരുന്നുള്ളൂ. രാവിലെ മാത്രം. അത് ദോശയോ ഇഡ്‌ലിയോ ഒക്കെയാണ്. ഉച്ചയൂണ് അളവു കുറച്ചു. രാത്രിയിൽ ഗോതമ്പു ചപ്പാത്തി. 

കുറച്ചു കഴിച്ചിട്ടും ഭാരം കൂടുന്നു 

എനിക്ക്  അസിഡിറ്റി ഉണ്ട്. അതു ചെന്നൈയിലായിരുന്നപ്പോൾ കണ്ടെത്തിയതാണ്. അസിഡിറ്റിയുടെ ഭാഗമായി വയറു വീർക്കും.  കഴിക്കാൻ താമസിച്ചാൽ പ്രശ്നങ്ങൾ രൂക്ഷമാകും. 

അന്ന് ജോലിത്തിരക്കിൽ   ഉച്ചയ്ക്ക് ഒന്നര രണ്ടു മണിയോടെ ഉൗണു കഴിക്കും. രാത്രി ആഹാരം കഴിക്കുമ്പോൾ ഒൻപതര- പത്തു മണിയാകും. ഇത്രയും ഇടവേള വരാതെ എന്തെങ്കിലും കഴിക്കണമെന്നു ഡോക്ടർ പറഞ്ഞു . ഒാട്സ് കഴിച്ചു തുടങ്ങി. മാർക്കറ്റിൽ നിന്നുള്ള ഇൻസ്റ്റന്റ് ഒാട്സ് ആണ്  കഴിച്ചിരുന്നത്. രാവിലെ വളരെ വേഗത്തിൽ നടക്കും. അന്ന് ചിട്ടയോടെ ജീവിച്ചതു കൊണ്ട് അസിഡിറ്റിയുടെ പ്രശ്നം പോയി. 

2022 ജൂൺ- ജൂലൈ കാലത്ത് രണ്ടാമതും കോവിഡ് വന്നപ്പോൾ  അസിഡിറ്റി പ്രശ്നം ശക്തമായി. ഇടനേരത്ത്  ഒാട്സ് കൂടുതൽ  കഴിച്ചു. അസിഡിറ്റി പ്രശ്നം മൂലം  തിയറ്ററിൽ പോലും പ്രത്യേക അനുവാദത്തോടെ ആഹാരം കൊണ്ടു പോയി. 

പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടു. ശരീരഭാരമാകട്ടെ 80 കടന്നു പോവുകയാണ്. ആഹാരനിയന്ത്രണം കൂടുതൽ കാർക്കശ്യത്തോടെ ചെയ്യുമ്പോൾ ഭാരം കൂടുന്ന അവസ്ഥ. വല്ലാത്തൊരു ധർമസങ്കടത്തിലായിരുന്നു. ഈ വിഷമഘട്ടത്തിലാണ് പ്രിൻസി തോമസിനോടു സംസാരിക്കുന്നത്. എന്റെ ആഹാര പാചകരീതികളെ മനസ്സിലാക്കിയ മാഡം ആഹാരവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഒരു പദ്ധതി പോലെ  തയാറാക്കി. അത് ഭഗവത്ഗീത പോലെയാണു ഞാനിന്നും സൂക്ഷിക്കുന്നത്. അത് അതേപടി പാലിച്ചു. ഇപ്പോഴും തുടരുന്നു.അതിന് എല്ലാ പിന്തുണയുമായി കൂടെ നിന്നത് ഭാര്യ സുനിതാ വർമയാണ്.  

IMG-9551

എന്റെ രോഗാതുരതകൾ 

പ്രധാനമായും ഉയർന്ന കൊളസ്ട്രോൾ, ഹൈപ്പോതൈറോയ്ഡിസം രക്താതിസമ്മർദം അങ്ങനെ ചില രോഗാതുരതകൾ ഉണ്ടായിരുന്നു. 2006- 2007 കാലം മുതൽ കൊളസ്ട്രോളിനും  ഹൈപ്പോതൈറോയ്ഡിസത്തിനും  2015 മുതൽ രക്താതിസമ്മർദത്തിനും  മരുന്നു കഴിച്ചു തുടങ്ങി. ഈ പ്രശ്നങ്ങളെല്ലാം പൂർണനിയന്ത്രണത്തിലാണ്.  രക്താതിസമ്മർദം മാത്രം 2021 പകുതിയോടെ  വളരെയധികം വർധിച്ചു. കുടുംബ ഡോക്ടർ മരുന്നുകൾ  പുനഃക്രമീകരിച്ചു. ഒരു ഗുളിക കഴിച്ചിരുന്ന സ്ഥാനത്ത്  മൂന്നു ഗുളികകൾ നിർദേശിച്ചു. 

മില്ലറ്റിന്റെ മാജിക് 

ആഹാര പദ്ധതിയിൽ ഡയറ്റീഷൻ മില്ലറ്റ് നിർദേശിച്ചു.  രാവിലെ മില്ലറ്റ് ദോശ അല്ലെങ്കിൽ കഞ്ഞി, രാത്രി മില്ലറ്റ് ചപ്പാത്തി. മില്ലറ്റിനൊപ്പം ചപ്പാത്തിയിൽ ഗോതമ്പും ചേർത്തിരുന്നു. ഉച്ചയ്ക്ക് മില്ലറ്റ് കഞ്ഞിയോ സ്‌റ്റീൽ കട്ട് ഒാട്സ് അല്ലെങ്കിൽ റോൾഡ് ഒാട്സ് നിർദേശിച്ചു. സ്‌റ്റീൽ കട്ട് ഒാട്സ്  ആണ് ഇപ്പോൾ  ഉപയോഗിക്കുന്നത്. 

ഭാരം കുറയ്ക്കുന്നതിനു പ്രധാന കാരണമായത് മില്ലറ്റിന്റെ ഉപയോഗമാണ്. കഴിക്കുന്നതിന്റെ അളവും ഗുണമേൻമയും ഡയറ്റീഷൻ മെച്ചപ്പെടുത്തി. സമീകൃതാഹാരം നിർദേശിച്ചു.കാർബോഹൈഡ്രേറ്റ് കുറച്ചു. പ്രോട്ടീനും വൈറ്റമിനും മറ്റു പോഷകങ്ങളും ഉൾപ്പെടുത്തി. ആഹാരസമയം  കൃത്യമാക്കി. 

ആഹാര മാറ്റങ്ങൾ ഇങ്ങനെ

പുതിയ മാറ്റങ്ങളുടെ ഭാഗമായി ആറു മണിക്ക് ഉണർന്ന് തലേന്നു കുതിർത്ത അഞ്ചു ബദാം കഴിക്കണം. ഇളം ചൂടുള്ള ഒന്നര ഗ്ലാസ് വെള്ളത്തിൽ ഇഞ്ചിയും ജീരകവും  നാരങ്ങാനീരും ചേർത്തു കഴിക്കണം.  എട്ടരയ്ക്ക് പ്രഭാതഭക്ഷണം. പത്തരയ്ക്ക് വെജിറ്റബിൾസ് കഴിക്കും.അസിഡിറ്റി പ്രശ്നങ്ങൾ കുറഞ്ഞു

 ഭാരം കുറയ്ക്കാനായി  മുൻപ്  വെജിറ്റബിൾസ് കഴിച്ചിരുന്നു. അന്ന്  ബീറ്റ്‍റൂട്ടും കഴിച്ചിരുന്നു. ഡയറ്റീഷൻ പറഞ്ഞത് ഭൂമിക്കടിയിൽ വളരുന്നവ കഴിക്കേണ്ട എന്നാണ്. അങ്ങനെ ഉരുളക്കിഴങ്ങു പോലുള്ളവ ഉപേക്ഷിച്ചു. ആഹാരത്തിനിടയിൽ  ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന രീതി ഒഴിവാക്കി. അത് ഗ്യാസ് രൂപപ്പെടുന്നതിനു കാരണമായിരുന്നു. ഇപ്പോൾ ആഹാരം കഴിക്കുന്നതിനു മുൻപു വെള്ളം കുടിക്കും. ഒന്നരയ്ക്കുള്ളിൽ ഉച്ചഭക്ഷണം കഴിച്ച് , രണ്ടരയ്ക്കുള്ളിൽ മൂന്നുറു മില്ലീ വെള്ളം കുടിക്കും. ആഹാരം കഴിഞ്ഞ് ഒരിടവേളയ്ക്കു ശേഷം വെള്ളം കുടിക്കുന്നതു ദഹനത്തെ സഹായിക്കുന്നു. 

പ്രിയപ്പെട്ട ആഹാരങ്ങളൊക്കെ ഒഴിവാക്കി. എന്നിട്ടും ശരീരഭാരം കുറഞ്ഞിരുന്നില്ല. അപ്പോൾ പ്രിൻസി മാഡം  പറഞ്ഞു, ഇൻസ്‌റ്റന്റ് ഒാട്സ് മൈദ പോലെ ഒന്നാണ്. അത് ഉപയോഗിക്കരുത് എന്ന്. അത് ധാരാളം ഉപയോഗിച്ചിരുന്നു. വൈകുന്നേരം നടപ്പു കഴിഞ്ഞ് ഉൗർജത്തിനായി ഫ്ളാക്സ് സീഡ് പൊടി കഴിക്കും. മില്ലറ്റ്  കഴിക്കുമ്പോൾ കുറയുന്ന ഉൗർജത്തെ സംതുലിതമാക്കാനാണ് ഫ്ളാക്സ് സീഡ്. രാത്രിയിൽ  ഏഴു മണിക്ക് ആഹാരം കഴിച്ചു തുടങ്ങി. രാത്രി ആഹാരം കഴിഞ്ഞ് മൂന്നു മണിക്കൂർ കഴിഞ്ഞ് ഉറങ്ങണമെതെന്നു മനസ്സിലാക്കി. ഇപ്പോൾ ഏഴു മണിക്കൂർ ഉറങ്ങുന്നു.  

അങ്ങനെ ഭാരം കുറയുന്നു 

ശരീരഭാരം കൃത്യമായി കുറഞ്ഞു തുടങ്ങി. ഒരു  വെയിങ് മെഷീൻ  വാങ്ങി ദിവസവും അതിരാവിലെ വെള്ളം കുടിക്കുന്നതിന് മുൻപായി ഭാരം നോക്കും. ഡയറ്റ് ചിട്ടപ്പെടുത്തുന്നതിനു മുൻപ് ശരീരഭാരം 87 കിലോ ആയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അത് 85 ആയി. ഒാരോ മാസവും 3- 4 കിലോ വീതം സ്ഥിരതയോടെയാണു ഭാരം കുറഞ്ഞത്. പടിപടിയായി കുറഞ്ഞ് 70 കിലോയിലെത്തി.ശരീരഭാരം കുറഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണുണ്ടായത്. ഒരു വലിയ മല കയറിയിറങ്ങിയതുപോലെ ... 

ഫാസ്‌റ്റ് ഫൂഡ് , മൈദ, കൊഴുപ്പ് കൂടുതലുള്ളവ  ഒഴിവാക്കും. ഡാർക് ചോക്‌ലെറ്റ് കഴിക്കാറുണ്ട്. തേങ്ങയും നിയന്ത്രിച്ചു. വെളിച്ചെണ്ണയ്ക്കു പകരം സൂര്യകാന്തി എണ്ണ. ഉപ്പിലിട്ടത്, പപ്പടം, പഞ്ചസാര ഒന്നും കഴിക്കാറില്ല. വല്ലപ്പോഴും ഒരൽപം മധുരം കഴിക്കും. ടിവി കാണുമ്പോൾ ഉപ്പേരിയും നിലക്കടലയും കഴിക്കുന്ന ശീലവും നിർത്തി. കാൽസ്യം ലഭിക്കാൻ   ഉച്ചയ്ക്കു മോരു കഴിക്കാം എന്നു മാഡം പറഞ്ഞു. 

ഇപ്പോൾ രാവിലെ  അരിയാഹാരവും കഴിക്കുന്നില്ല. രാത്രി കിടക്കും മുൻപ് ഒരു പഴം കഴിക്കും.  പരിപൂർണ വെജിറ്റേറിയൻ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്.  15 വയസ്സു മുതൽ നോൺവെജ് കഴിച്ചു തുടങ്ങി. മീനാണ് ഇഷ്ടം. കൊളസ്ട്രോൾ പ്രശ്നം ഉള്ളതു കൊണ്ടു വറുത്ത മീൻ അപൂർവമായേ കഴിക്കൂ. ഉച്ചയ്ക്ക് വെജിറ്റബിൾ കറിക്കു പകരം ചിക്കനോ മീനോ നിർദേശിച്ചിരുന്നു. 

ഭാരം കുറഞ്ഞെങ്കിലും ചടങ്ങുകളിലും  സദ്യയിലും  ഡയറ്റീഷൻ  നിർദേശിച്ച ആഹാരം  കൊണ്ടു പോയി കഴിക്കും. സദ്യയിൽ അൽപം പായസവും പച്ചക്കറികളും ചോറിനു പകരം മില്ലറ്റും കഴിക്കും. ധൈര്യപൂർവമായിരുന്നു എന്റെ വെയ്റ്റ് ലോസ് ജേർണി. 

ശാരീരികമായും മാനസികമായും തന്റെ ജീവിതത്തിൽ നിറയുന്ന ആനന്ദത്തെക്കുറിച്ച്  ഹരിസേന വർമ െഎ പിഎസ്സിന്  ഏറെ പറയാനുണ്ട് . കൂടുതൽ ലക്ഷ്യബോധത്തോടെ ജീവിക്കാനാണ് അദ്ദേഹത്തിന്റെ  തീരുമാനം. എഴുത്തുകാരനാവുകയാണു  ജീവിത ലക്ഷ്യം. ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘പ്രപഞ്ചരൂപരേഖ ഗീതയിൽ നിന്ന്. അതിന്റെ രണ്ടാം ഭാഗത്തിന്റെ രചനയിലാണിപ്പോൾ. എഴുത്തും  വായനയുമായൊരു പുതുജീവിതം. 

Tags:
  • Fitness Tips
  • Manorama Arogyam
  • Health Tips