Friday 17 March 2023 11:33 AM IST : By സ്വന്തം ലേഖകൻ

വ്യായാമത്തിനിടെ കുഴഞ്ഞുവീണ് മരണം: പ്രമുഖ താരങ്ങളുടെ മരണം ഓർമിപ്പിക്കുന്നത്

arogyam-positive-health

ബാഡ്മിന്റൺ കളിക്കിടെ കുഴഞ്ഞുവീണ് യുവനടൻ ശബരീനാഥ് മരിച്ച വാർത്ത നമ്മളെ ഏറെ ഞെട്ടിച്ചതാണ്. ദുശ്ശീലങ്ങളൊന്നുമില്ലാത്ത, പതിവായി വ്യായാമം ചെയ്യുന്ന ആരോഗ്യദൃഢഗാത്രനായ യുവാവ്. കളിക്കുന്നതിനിടയിൽ പെട്ടെന്നു കുഴഞ്ഞു വീണു മരിക്കുകയെന്നത് അവിശ്വസനീയം തന്നെ. എന്നാൽ ഇതു അത്യപൂർവ സംഭവമല്ല. വ്യായാമത്തിനിടയിലും കളിക്കുന്നതിനിടയിലും ഗുരുതരമായ ഹൃദയസ്തംഭനം വന്ന് പൊടുന്നനെ അകാലത്തിൽ മരണമടഞ്ഞ ധാരാളം പേരുണ്ട്. അത് തുടരുകയും ചെയ്യുന്നു.

dr

വ്യായാമവും ഹൃദയവും

വ്യായാമത്തിനിടയിൽ പെട്ടെന്നു കുഴഞ്ഞുവീണുള്ള മരണത്തിന്റെയും ഹൃദയാഘാതത്തിന്റെയും കഥകൾ നമ്മൾ കേൾക്കുന്നു. സമാനമായി കളിക്കളത്തിൽ മരിച്ചുവീണ കായികതാരങ്ങളുടെ കഥകളും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഇവ അപൂർവമാണെങ്കിലും വ്യായാമത്താൽ പെട്ടെന്ന് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വലിയ ആശങ്കകളാണ് ഉയരുന്നത്. പലരും ഈ ഭയം മൂലം പതിവു വ്യായാമം പോലും നിർത്തിയവരുണ്ട്.

എന്നാൽ ഇത്തരം മരണങ്ങൾ വ്യായാമത്തിന്റെ പ്രാധാന്യം അപ്രസക്തമാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. സത്യത്തിൽ വ്യായാമം ഹൃദയാരോഗ്യകരമായ ജീവിതശൈലിയാണെന്ന കാര്യത്തിൽ തർക്കമില്ല. കാരണം രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവയുടെ മികച്ച നിയന്ത്രണം ഉൾപ്പെടെ ഹൃദയാഘാതത്തിന്റെ ഒട്ടേറെ അപായഘടകങ്ങൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗം തന്നെയാണ് വ്യായാമം.

ഹൃദയാഘാതമോ ഹൃദയസ്തംഭനമോ?

ഹൃദയ രക്തധമനികളായ കൊറോണറി ആർട്ടറിയിൽ കൊളസ്ട്രോൾ നിറഞ്ഞ പ്ലേക്കുകൾ പൊട്ടി, രക്തക്കുഴൽ അടയുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആ രക്തക്കുഴൽ, രക്തമെത്തിച്ചിരുന്ന ഹൃദയപേശിയിലേക്ക് രക്തവും അതിലൂെട എത്തിയിരുന്ന ഓക്സിജന്റെയും അഭാവത്തിൽ ഹൃദയപേശികൾ തകരാറിലാകും. ലളിതമായി പറഞ്ഞാൽ, അടഞ്ഞുപോയ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ഒരു ‘പ്ലംബിംഗ് പ്രശ്നമാണ്’ ഹൃദയാഘാതം. ഇത് നെഞ്ചുവേദനയ്ക്കും ഹൃദയപേശികളുെട നാശത്തിനും കാരണമാകുന്നു.

എന്നാൽ ഹൃദയത്തിന്റെ ഒരു ‘താളപ്പിഴ’ പ്രശ്നമാണ് ഹൃദയസ്തംഭനം. സാധാരണ ഹൃദയമിടിപ്പിന് മിനിറ്റിൽ 60-100 സ്പന്ദനങ്ങൾ ആണ് ഉണ്ടാവുക. ഹൃദയത്തിലെ ചില ഗുരുതരമായ താളപ്പിഴകൾ കാരണം ഹൃദയമിടിപ്പ് മിനിറ്റിൽ 200-250ലധികം സ്പന്ദനങ്ങളിലേക്ക് ഉയരും. ഹൃദയം ചുരുങ്ങി വികസിക്കുന്ന സാധാരണ സ്പന്ദനത്തിനു പകരം ഇത്രയധികം സ്പന്ദനങ്ങളിലേക്കു പോകുമ്പോൾ ഹൃദയം പമ്പ് ചെയ്യുന്നതിനു പകരം വിറയ്ക്കുക മാത്രം ചെയ്യും. ഹൃദയം പമ്പിങ് നിർത്തി ‘സ്റ്റാൻഡ് സ്റ്റിൽ’ മോഡിലാവും എന്നു പറയാം. ഹൃദയത്തിന്റെ ഇലക്ട്രോ-കെമിക്കൽ വയറിംഗിലെ ഒരു തരം ഷോർട്ട് സർക്യൂട്ടിൽ നിന്ന് ഉണ്ടാകുന്ന പ്രശ്നമാണിത്. അത്തരം താളം പ്രശ്നങ്ങളെ വെൻട്രിക്കുലാർ ടാക്കിക്കാർഡിയ, വെൻട്രിക്കുലാർ ഫിബ്രിലേഷൻ എന്നു വിളിക്കുന്നു.

ഹൃദയാഘാതവും ഹൃദയസ്തംഭന വും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ലളിതമായി വ്യക്തമാക്കിയാൽ ഹൃദയസ്തംഭനത്തിന്റെ പ്രധാനകാരണം ഹൃദയാഘാതമാണ്. ഹൃദയാഘാതം സംഭവിച്ച് ഹൃദയപേശികളിലേക്കുള്ള രക്തവിതരണം തടസ്സപ്പെടുന്നത് വെൻട്രിക്കുലാർ ഫിബ്രിലേഷനെന്ന അവസ്ഥയ്ക്ക് കാരണമായി സ്തംഭനത്തിലേക്കു നയിക്കപ്പെടാം. കളിക്കളത്തിലോ വ്യായാമത്തിനിടയിലോ ഹൃദയാഘാതം വരുന്ന ഒരാൾക്ക് ഹൃദയസ്തംഭനം സംഭവിക്കുമ്പോഴാണ് പെട്ടെന്നുള്ള മരണത്തിന് മിക്കപ്പോഴും കാരണമാകുന്നത്.

ഹൃദയാഘാതത്തിന് പുറമെ ചില അപൂർവ ഹൃദയതാള പ്രശ്നങ്ങളും (ലോംഗ് QT സിൻഡ്രോം, ഇഡിയോപതിക് വിഎഫ്, ബ്രൂഗാഡ സിൻഡ്രോം), ഹൃദയപേശീ പ്രശ്നങ്ങളും (ഹൈപ്പർട്രോഫിക്ക് കാർഡിയോമിയോപ്പതി, എ ആർ വി ഡി തുടങ്ങിയവ) ഹൃദയസ്തംഭനത്തിനു കാരണമാകാം.

വ്യായാമ നിയന്ത്രണം

അപൂർവമായെങ്കിലും മികച്ച ആരോഗ്യമുള്ള കായികതാരങ്ങൾ പോലും പെട്ടെന്ന് കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലാകുന്നത് കാണാറുണ്ട്. ഇവ മിക്കപ്പോഴും സംഭവിക്കുന്നത് സാധാരണയായി ഹൃദയാഘാതത്തിൽ നിന്നല്ല, അപൂർവ ഹൃദയതാളംÐഹൃദയപേശീ രോഗങ്ങളാലുള്ള ഹൃദയസ്തംഭനത്താലാണ്. ഇക്കാരണത്താൽ പ്രധാന കായികമത്സരങ്ങൾക്കു മുൻപ് ഇസിജി പരിശോധന നടത്തുമായിരുന്നു. എന്നാൽ അത് കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്നു കണ്ട് പരിശോധന ഒഴിവാക്കി. നിലവിൽ ആരോഗ്യമുള്ള, കരുത്തുള്ള ചെറുപ്പക്കാർക്ക് വ്യായാമത്തിന്റെ കാഠിന്യത്തിൽ‌ പ്രത്യേകിച്ച് ഒരു നിയന്ത്രണവും കൽപിച്ചിട്ടില്ല.

എന്നാൽ വ്യായാമക്കാര്യത്തിൽ വ്യക്തമായ നിയന്ത്രണം നിർദേശിക്കപ്പെട്ടവരുണ്ട്. ഹൃദയധമനീരോഗം, കാർഡിയോമയോപ്പതി (മുൻപത്തെ ഹൃദയാഘാതത്തിൽ നിന്നുള്ള ഹൃദയപേശീനാശം) അല്ലെങ്കിൽ പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, രക്താതിമർദ്ദം, പുകവലി, അമിതവണ്ണം തുടങ്ങിയ ഹൃദയാഘാത അപായഘടകങ്ങൾ ഉള്ളവർക്കാണ് വ്യായാമത്തിൽ നിയന്ത്രണം വേണ്ടത്. പ്രത്യേകിച്ചും മധ്യവയസ്സോ മുതിർന്നവരോ ആയ വ്യക്തികൾ, അതുവരെ കാര്യമായ ശാരീരികാധ്വാനത്തിൽ ഏർപ്പെടാതെ ഇരുന്നവരാണെങ്കിൽ പെട്ടെന്ന് വ്യായാമം ആരംഭിക്കുന്നത് ഹൃദയാഘാതത്തിലേക്ക് നയിക്കപ്പെടാം. ഇത് സാധാരണയായി നെഞ്ചുവേദനയായിട്ടായിരിക്കും തുടക്കം. ഉടൻ വൈദ്യസഹായം തേടിയാൽ മിക്കവരേയും രക്ഷപ്പെടുത്താം. എന്നാൽ ചിലപ്പോൾ ഇത്തരം ഹൃദയാഘാതം ഹൃദയസ്തംഭനത്തിന് കാരണമായാൽ രക്ഷിച്ചെടുക്കാൻ പ്രയാസമാണ്. ശാരീരികസമ്മർദം മാത്രമല്ല, വൈകാരിക സമ്മർദത്തിലും ഇത് സംഭവിക്കാം.

ഹൃദ്രോഗികളെ തടയണോ?

വ്യായാമത്തിനിടയിലോ കളികൾക്കിടയിലോ ഉണ്ടാകുന്ന മരണങ്ങൾ സാധാരണമല്ലല്ലോ. അതുകൊണ്ടുതന്നെ ഹൃദ്രോഗികളെയോ അപായഘടകങ്ങളുള്ളവരെയോ വ്യായാമത്തിൽ നിന്ന് വിലക്കരുത്. കൊറോണറി ആർട്ടറി രോഗം അല്ലെങ്കിൽ കാർഡിയോമയോപ്പതി ഉള്ളവർക്ക്, ഒരു ട്രെഡ് മിൽ ടെസ്റ്റ് (ടിഎംടി) ചെയ്താൽ വ്യായാമം എത്രമാത്രം സുരക്ഷിതമാണ് എന്നു നിശ്ചയിക്കാനാവും. അത്തരമൊരു തുടക്കത്തിനുശേഷം അവർക്ക് സാവധാനം മിതമായതോ ഉയർന്നതോ ആയ വ്യായാമത്തിലേക്ക് മുന്നേറാനാകും.

വ്യായാമം പകരുന്ന നേട്ടങ്ങൾ ചെറുതൊന്നുമല്ല. വ്യായാമസമയത്ത് എൻ‌ഡോർ‌ഫിനുകളും മറ്റ് ചില മസ്തിഷ്ക രാസവസ്തുക്കളും രൂപപ്പെടുന്നുണ്ട്. ഇത് ഒരാൾ‌ക്ക് ആഹ്ളാദമുണ്ടാക്കുകയും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യും. വ്യായാമം നല്ലൊരു ആന്റീഡിപ്രസന്റാണ്. കൊഴുപ്പു കുറയ്ക്കാൻ മാത്രമല്ല, ശാരീരികവും മാനസികവുമായ വിവിധ തലങ്ങളിലൂെട വ്യായാമം ഹൃദയത്തെ രക്ഷിച്ചു നിർത്തുന്നു.

ഹൃദയരക്ഷയ്ക്ക് വ്യായാമം

പ്രമേഹത്താലുള്ള രക്തത്തിലെ അമിതമായ പഞ്ചസാര, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയാണ് ഹൃദയത്തിലെ രക്തക്കുഴലുകളിൽ (കൊറോണറി ആർട്ടറി) കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ. ഈ കൊഴുപ്പു ‘പ്ലേക്കു’കൾ ഹൃദയധമനികളില്‍ അടവിനു കാരണമായി ഹൃദയാഘാതത്തിലേക്കു നയിക്കുന്നു. പ്രതിദിനം കൃത്യവും മിതവുമായി ചെയ്യുന്ന വ്യായാമം (പ്രതിദിനം 20Ð30 മിനിറ്റ്) ഈ മൂന്ന് അപായ ഘടകങ്ങളെയും മാറ്റി ഹൃദയാഘാതം തടയുന്നു. മാത്രമല്ല, പ്രമേഹരോഗികളിലെ ഇൻസുലിൻ പ്രതിരോധം മറികടക്കുന്നതിനും അതുവഴി രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും വ്യായാമം സഹായിക്കും. ഇത് രക്തത്തിലെ എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) വർദ്ധിപ്പിക്കുകയും കൊറോണറി ധമനികളിലെ എൽഡിഎൽ (മോശം കൊളസ്ട്രോൾ) നിക്ഷേപം നീക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ വ്യായാമം രക്തക്കുഴലുകളെ വിശ്രമിക്കാൻ സഹായിക്കുകയും അതുവഴി രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.

ഇങ്ങനെ വിവിധ രീതിയിലാണ് വ്യായാമം ഹൃദയത്തെ സംരക്ഷിച്ചു നിർത്തുന്നത്. എന്നാൽ പതിവല്ലാതെ ചെയ്യുന്ന അമിത വ്യായാമം നിലവിലുണ്ടായിരുന്ന ഹൃദയധമനീ രോഗങ്ങളെ ഗുരുതരാവസ്ഥയിലാക്കി ഹൃദയാഘാതത്തേയും ഹൃദയസ്തംഭനത്തേയും വിളിച്ചുവരുത്താമെന്നും ഒാർക്കുക.

ഹൃദയത്തിനു നല്ലത് ഏത്?

പ്രധാനപ്പെട്ട രണ്ടുതരം വ്യായാമങ്ങളാണ് ‘കാർഡിയോ വർക്കൗട്ടു’കളും ഭാരം ഉപയോഗപ്പെടുത്തി ചെയ്യുന്ന ‘വെയ്റ്റ് ട്രെയിനിങ്ങു’കളും. ഇവയിലേതാണ് ഹൃദയാരോഗ്യത്തിന് ഉത്തമമെന്നുള്ള സംശയം പലർക്കുമുണ്ട്.

എയ്‌റോബിക് വ്യായാമങ്ങളായവേഗത്തിലുള്ള നടത്തം, ജോഗിങ്, നീന്തൽ, സൈക്ലിംഗ് തുടങ്ങിയവയാണ് കാർഡിയോ വ്യായാമങ്ങൾ. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ക്ഷമത വർദ്ധിപ്പിക്കുന്നതിനും കൊഴുപ്പ് കുറയ്ക്കുന്നതിനും സ്റ്റാമിന മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നവയാണ് ഇത്തരം വ്യായാമങ്ങൾ.

ഫ്രീ വെയ്റ്റ്സ് അല്ലെങ്കിൽ മെഷീൻ വെയ്റ്റ് വർക്കൗട്ടുകൾ, ഭാരോദ്വഹനം പോലുള്ളവയാണ് വെയ്റ്റ് ട്രെയ്നിങ് വ്യായാമങ്ങൾ. തീവ്രമായ ഇത്തരം വ്യായാമങ്ങൾ പേശികളെ വളർത്താനും വികസിപ്പിക്കാനുമാണ് ലക്ഷ്യം വയ്ക്കുന്നത്.

ഈ രണ്ടുതരം വ്യായാമങ്ങളും നമ്മെ കൂടുതൽ കരുത്തും ഫിറ്റും ആരോഗ്യമുള്ളവരുമാക്കാൻ സഹായിക്കും. എന്നാൽ വെയ്റ്റ് ട്രെയിനിങ് വ്യായാമങ്ങളേക്കാൾ കാർഡിയോ വ്യായാമങ്ങളാണ് കൂടുതൽ ഹൃദയ സൗഹൃദപരമാണെന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാല്‍ ഹൃദ്രോഗമോ മറ്റ് പ്രമേഹം, രക്താതിമർദ്ദം തുടങ്ങി അനുബന്ധ രോഗാവസ്ഥകളോ ഉള്ളവർ, മധ്യവയസ്സുകഴിഞ്ഞവർ, അമിതവണ്ണമുള്ളവർ തുടങ്ങിയവർ ഭാരോദ്വഹന വ്യായാമങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതാണ് ഉത്തമം. വെയ്റ്റ് ട്രെയിനിങ് വ്യായാമങ്ങൾ എന്നു പറയുമ്പോൾ ഉപകരണ ഭാരം മാത്രമല്ല, പുഷ് അപ് പോലെ ശരീരഭാരം ഉപയോഗിച്ചു െചയ്യുന്ന വ്യായാമങ്ങളും ഒഴിവാക്കണം.

കഠിന വ്യായാമങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവരും ഒരു വ്യായാമവും ചെയ്യാതെ ദീർഘനാൾ കഴിഞ്ഞ ശേഷം, തീവ്രവ്യായാമങ്ങളിലേർപ്പെടുന്നവരും ഹൃദയാരോഗ്യം പരിശോധിക്കണം. ട്രെഡ്‌മിൽ ടെസ്റ്റ് നടത്തി ഹൃദയാരോഗ്യം വിലയിരുത്തിയ ശേഷം അവ തുടങ്ങുന്നതായിരിക്കും ഉത്തമം.

വ്യായാമം ഉപേക്ഷിക്കരുത്

വ്യായാമം പലർക്കും വിരസമായ കാര്യമാണ്. പതിവ് വ്യായാമം തുടരുന്നതിൽ പലരും പരാജയപ്പെടുന്നത് ഇതുകൊണ്ടാവാം. ജിമ്മിലെ വർക്കൗട്ടുകളും മറ്റും മാത്രമല്ല വ്യായാമം. രസകരമായി ആസ്വദിച്ചു ചെയ്യാവുന്ന നൃത്തം പോലും മികച്ച വ്യായാമമാണ്.സുംബ ക്ലാസുകൾ അല്ലെങ്കിൽ സ്വീകരണമുറിയിൽ യൂട്യൂബിൽ ഗാനരംഗം കണ്ട് നൃത്തം ചെയ്യാൻ ശ്രമിക്കുന്നതുപോലും രസകരമായ ഒരു വ്യായാമത്തിന്റെ നല്ല ഓപ്ഷനാണ്.

വേഗത കുറഞ്ഞ നടത്തത്തിന് വിപരീതമായി വേഗതയുള്ള നടത്തം ഹൃദയത്തിന് കൂടുതൽ ഗുണം ചെയ്യും. ദിനചര്യയിൽ വ്യായാമം സമന്വയിപ്പിക്കുന്നത് ആരോഗ്യവും സന്തോഷവും നിലനിർത്താൻ സഹായിക്കും. അവ തീർച്ചയായും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകതന്നെ ചെയ്യും. അതിനാൽ കുഴഞ്ഞു വീണുള്ള മരണങ്ങൾ അറിഞ്ഞ് ഒരു കാരണവശാലും നിങ്ങളുടെ വ്യായാമം ഉപേക്ഷിക്കരുത്. തെറ്റായ രീതിയിലാണ് ചെയ്യുന്നതെങ്കിൽ അവ തിരുത്തുക മാത്രം ചെയ്യുക.

ഡോ. ആനന്ദ് മാർത്താണ്ഡ പിള്ള

കൺസൽറ്റന്റ് ഇന്റർവെൻഷനൽ കാർ‌ഡിയോളജിസ്റ്റ് & ഇലക്ട്രോ ഫിസിയോളജിസ്റ്റ്, അനന്തപുരി ഹോസ്പിറ്റൽ, തിരുവനന്തപുരം

Tags:
  • Fitness Tips
  • Manorama Arogyam