കാമുകി എന്നെ തേച്ചു. അവളുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ എന്റെ കൈവശമുണ്ട്. കൂട്ടുകാരെല്ലാം പറയുന്നു, അവളെ വെറുതെ വിടരുത്, ഇനി അവളാരെയും പറ്റിക്കരുതെന്ന്. ഈ സാഹചര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ പറ്റുന്നില്ല. സഹായിക്കാമോ?
ഒരു പ്രണയം തകരുന്നത് പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യമാണ്. നിങ്ങളുടെ താല്പര്യം ഇല്ലാത്ത തന്നെ കാമുകി പിരിഞ്ഞു പോയാലും, നിങ്ങൾക്ക് അവളോടുള്ള സ്നേഹം യഥാർത്ഥമായിരുന്നു എങ്കിൽ അവളെ ദ്രോഹിക്കാൻ ഒരു സാഹചര്യത്തിലും നിങ്ങൾ ശ്രമിക്കില്ല.
കാമുകി നിങ്ങളെ വിശ്വസിച്ചിരുന്ന കാലഘട്ടത്തിൽ നിങ്ങളെ പൂർണമായി വിശ്വസിച്ചു കൊണ്ടായിരിക്കാം ചിത്രങ്ങളും വീഡിയോകളും ഒക്കെ അയച്ചുതന്നത്, അഥവാ ചിത്രീകരിക്കാൻ അനുമതി തന്നത്. അവൾ നിങ്ങളിൽ അർപ്പിച്ച വിശ്വാസത്തെ തകർത്തുകൊണ്ട് അത് പുറത്തുവിടുന്നത് ഒരു നല്ല വ്യക്തിക്ക് ചേർന്ന രീതിയല്ല. ഒരു ദാമ്പത്യജീവിതം മനോഹരമാകണമെങ്കിൽ രണ്ടുപേരും തമ്മിലുള്ള ഇഷ്ടം പൂർണ്ണമായിരിക്കണം. അത് സാധിക്കാത്ത പക്ഷം ആ രണ്ടുപേരും ഒരുമിച്ച് ജീവിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്.
കാമുകിയുടെ നഗ്നചിത്രങ്ങളോ വീഡിയോകളോ ആണ് നിങ്ങൾ പ്രചരിപ്പിക്കുകയും മറ്റുള്ളവർക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നതെങ്കിൽ നിയമപ്രകാരം നിങ്ങൾ ഒരു കുറ്റകൃത്യമാണ് ചെയ്യുന്നത്. ഐടി ആക്ട് വകുപ്പ് 67(A) പ്രകാരം നിങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സാധിക്കും. ഇതുകൊണ്ടുതന്നെ കൂട്ടുകാരുടെ പ്രേരണയ്ക്ക് വഴങ്ങി ഇത്തരമൊരു പ്രവർത്തി ഒരു സാഹചര്യത്തിലും ചെയ്യരുത്.
- ഡോ: അരുൺ ബി നായർ, പ്രഫസർ സൈക്യാട്രി വിഭാഗം മെഡിക്കൽ കോളജ്, തിരുവനന്തപുരo
arunb.nair@yahoo.com