Saturday 12 March 2022 03:26 PM IST : By മനോരമ ആരോഗ്യം ആർകൈവ്

ചൊറിച്ചിലും തുടകളുടെ അകവശത്തു കറുപ്പുനിറവും: ഹോസ്റ്റലിൽ നിന്നു കിട്ടിയ അണുബാധ മാറാൻ....

infmale232

Q20 വയസ്സുള്ള വിദ്യാർഥിയാണ്. ബി. ടെക് പഠനം കോളജ് ഹോസ്റ്റലിൽ നിന്നായിരുന്നു. കോവിഡ് ലോക്ഡൗൺ സമയത്ത് വീട്ടിലേക്കു വന്നു. ഹോസ്റ്റലിലായിരിക്കുമ്പോൾ തന്നെ തുടയിടുക്കകളിൽ നല്ല ചൊറിച്ചിൽ അനുഭവപ്പെടുമായിരുന്നു. ശുചിത്വക്കുറവുകൊണ്ടാണെന്നു കരുതി നന്നായി സോപ്പ് ഉരച്ചു കഴുകി. എന്നിട്ടും മാറിയില്ല. ഇപ്പോൾ ചൊറിച്ചിൽ മാത്രമല്ല രണ്ടു തുടകളുെട അകവശവും കരിപുരണ്ടതുപോലെ വല്ലാതെ കരുവാളിച്ചുപോയി. ഇതു മാറുമോ? എന്താണു ചെയ്യേണ്ടത്. ഈ ഭാഗമായതിനാൽ ഡോക്ടറെ കാണിക്കാനും മടിയുണ്ട്?

അനൂപ്, തിരുവനന്തപുരം

Aതാങ്കൾ പറഞ്ഞ പ്രശ്നം ഭൂരിഭാഗം വിദ്യാർഥികൾക്ക് ഉണ്ടാകുന്നതാണ്. പ്രത്യേകിച്ചും ഹോസ്റ്റലിൽ താമസിക്കുന്നവർക്ക്. ഇത് ഒരു പൂപ്പൽ (ഫംഗസ്) രോഗമാണ്.

ഒരിക്കൽ വന്നാൽ പൂർണമായി മാറാൻ പ്രയാസമാണ്. മുറ്റത്ത് സിമന്റ് തറയിൽ മഴക്കാലത്ത് വെള്ളം കിടന്നാൽ അത് പച്ച പായൽ ആകും. പിന്നീടത് കറുത്ത് തുടങ്ങും. നല്ല വെയിൽ വരുമ്പോൾ മുകളിൽ നിന്ന് വെയിലിന്റെയും താഴെനിന്ന് സിമന്റിന്റെയും ചൂടുള്ളത് കൊണ്ട് അത് ഇളകി പോകുന്നതാണ്.

എന്നാൽ തുടയിടുക്കിൽ കാറ്റ് കേറാനോ വെയിൽ കൊള്ളാനോ ഉള്ള സാഹചര്യം ഇല്ല. ദിവസം മുഴുവൻ അടിവസ്ത്രം ധരിച്ചു നടക്കുമ്പോൾ എല്ലാം കൂടെ ഒതുക്കി വച്ചിരിക്കുന്നതിനാൽ വിയർപ്പിന്റെ പ്രശ്നവും കൂടുതൽ ആയിരിക്കും. താങ്കൾക്ക് ചെയ്യാവുന്നത്.

1. അടിവസ്ത്രം വെയിലത്ത് ഇട്ട് ഉണക്കുകയോ അയൺ ചെയ്യുകയോ ചെയ്യാം.

2. ഒരിക്കൽ ഉപയോഗിച്ചത് കഴുകാതെ വീണ്ടും ഉപയോഗിക്കാതിരിക്കുക.

3. വെളിയിൽ പോകുമ്പോൾ അല്ലാതെ അടിവസ്ത്രം ഉപയോഗിക്കാതിരിക്കുക.

4. രാത്രിയിൽ കിടക്കുന്നതിനു മുമ്പ് കുത്തിയിരുന്ന് തുടയിടുക്കുകൾ വൃത്തിയായി കഴുകി തുടയ്ക്കുക.

5. ദിവസം രണ്ടോ മൂന്നോ നേരം ആന്റിഫംഗൽ മരുന്നുകൾ ഉപയോഗിക്കുക. ഉദാഹരണത്തിന് കാന്റിഡ് ലോഷൻ പുരട്ടിയിട്ട് അതിന് മുകളിൽ കാന്റിഡ് പൗഡർ ഇടുക.

6. രാത്രിയിൽ കതക് അടച്ചതിന് ശേഷം പാദത്തിന് അരികിൽ ഒരു ടേബിൾ ഫാൻ വച്ച് മുണ്ട് മാറ്റി കിടക്കുക.

എവിടെ നനവുണ്ടോ കാറ്റ് കയറുന്നില്ലയോ വിയർപ്പും ചൂടും അധികമായിട്ടുണ്ടോ അവിടെ പുപ്പൽരോഗം വരും. വന്ന ഭാഗം കറുത്തതാവും. അത് മാറ്റാൻ എളുപ്പമല്ല. വ്യക്തിശുചിത്വം കുറയുമ്പോൾ വീണ്ടും രോഗം വരും. ഉണക്ക് കഴിഞ്ഞ് ഒരു മഴ പെയ്യുമ്പോൾ മത്തങ്ങ വീണ്ടും കിളുക്കുന്നതുപോലെ. അതിനാൽ തുടക്കത്തിലേതന്നെ നിയന്ത്രിക്കണം.

േഡാ. എം. കെ. സി. നായർ

പ്രശസ്ത ശിശുരോഗവിദഗ്ധനും മനശ്ശാസ്ത്രജ്ഞനും

ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ

Tags:
  • Mens Health
  • Manorama Arogyam