Wednesday 26 April 2023 12:15 PM IST

സ്ട്രോക്കിൽ തളർന്ന് പ്രിയപ്പെട്ടവൾ, അവളുടെ പ്രാഥമിക കാര്യങ്ങൾ വരെ ചെയ്തത് അത്രമേൽ ഇഷ്ടത്തോടെ’: കരാട്ടെയ്ക്ക് അപ്പുറം ശശിയുടെ ജീവിതം

Santhosh Sisupal

Senior Sub Editor

karatte323434

വായുവിൽ ഉയർന്നുള്ള ചാട്ടവും പഞ്ചിങ്ങിന്റെ ഗതിവേഗവും മെയ് വഴക്കവും കണ്ടാൽ 30 ന്റെ ചുറുചുറുക്ക്. പ്രകൃതവും ഭാവവും പെരുമാറ്റവും കണ്ടാൽ 50 കാരൻ.എന്നാൽ ആയിരക്കണക്കിനു വിദ്യാർഥികളുടെ കരാട്ടെ ഗുരുവായ ശശി മാസ്റ്റർക്ക് യഥാർഥ പ്രായം 72.

ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യവും ഫിറ്റ്നസും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള സൗമ്യ ജീവിതമാണ് ശശി മാസ്റ്റർ എന്നറിയപ്പെടുന്ന ശശി എം ഏവൂരിന്റെത്. കേരളത്തിലെ ആദ്യ കരാട്ടെ ബ്ലാക് ബെൽറ്റായ അദ്ദേഹം ഇന്ന് ഫിഫ്ത് ഗ്രേഡ് ബ്ലാക് ബെൽറ്റാണ്. കൂടാതെ തായ്കൊണ്ടോ കരാട്ടെയിലും ബ്ലാക് ബെൽറ്റ് ഉണ്ട്. വർഷങ്ങളായി യോഗാപരിശീലനവും നൽകുന്ന യോഗാചാര്യനാണ്.തന്റെ ചുറുചുറുക്കും ഫിറ്റ്നസും ഈ പ്രായത്തിലും നില നിൽക്കുന്നതിന്റെ പിന്നാമ്പുറം ശശി മാസ്റ്റർ പറയുന്നു.

ആദ്യ ബ്ലാക് ബെൽറ്റ്

ഓട്ടോ മൊബൈൽ എൻജിനീയറിങ് ഡിപ്ലോമ എടുത്തു കോട്ടയത്തു ജോലി ചെയ്യുന്ന കാലം. മനോ രമ ഓഫീസിനടുത്തുള്ള കൃഷ്ണ ൻനായർ ജിമ്മിലെ സ്ഥിരം സ ന്ദർശകനായിരുന്നു ഞാൻ. ആയിടയ്ക്കാണ് ജില്ലാതല ഗുസ്തി മത്സരം വരാൻ പോകുന്ന കാര്യം ജിമ്മിലെ മാസ്റ്റർ പറഞ്ഞത്. അദ്ദേഹം നൽകിയ ആത്മവിശ്വാസത്തിൽ രണ്ടുമാസത്തെ പരിശീലനം കൊണ്ടു ജില്ലാമത്സരങ്ങളിൽ ക്വാളിഫൈഡ് ആയെങ്കിലും തുടർ മത്സരങ്ങളിൽ പുറത്തായി. ആയിടെയാണ് ശ്രീലങ്കയിൽ നിന്ന് ബോണി റോബർട്സിന്റെ നേതൃത്വത്തിലുള്ള കരാട്ടെ സംഘം കോട്ടയത്തു വരുന്നത്.

ബ്രൂസ് ലീ സിനിമകൾ കണ്ടു ഹരം പിടിച്ച കാലമായിരുന്നു അത്. അങ്ങനെ കോട്ടയം വൈഎംസിഎയിൽ ആരംഭിച്ച കരാട്ടെ ക്ലാസിലെ 40 വിദ്യാർഥികളിൽ ഞാനും ഒരാളായി. ബ്രൗൺ ബെൽറ്റ് വരെ നേടി.അപ്പോഴേക്കും ഖത്തറിൽ ജോലിയായി ഞാൻ അങ്ങോട്ടു പോയി. കുറച്ചു കാലം കഴിഞ്ഞ്, നാട്ടിൽ ബ്ലാക് ബെൽറ്റിനായുള്ള ടെസ്റ്റ് നടക്കാൻ പോകുന്നവിവരം അറിഞ്ഞു. അതു കേട്ടതോടെ ഇരിക്കപ്പൊറുതി ഇല്ലാതായി. ഒടുവിൽ രാജിവച്ചു നാട്ടിലേക്കു പറന്നു.

ഏതാനും മാസത്തെ കഠിനപരിശീലനത്തിനൊടുവിൽ 1980 ജൂണിൽ നടന്ന ടെസ്റ്റിൽ ഞാൻ ബ്ലാക് ബെൽറ്റ് നേടി. എനിക്കൊപ്പം പാലായിൽ നിന്നുള്ള ജോസും അന്നു ബ്ലാക്ക് ബെൽറ്റ് നേടിയിരുന്നു. അങ്ങനെ ഞങ്ങളായി കേരളത്തിലെ ആദ്യ ബ്ലാക്ക് ബെൽറ്റുകാർ.

പിന്നീടു തിരക്കായിരുന്നു.കോട്ടയം കലക്ടറേറ്റിൽ ഉൾപ്പെടെ ഒട്ടേറെ വേദി കളിൽ പ്രദർശനം നടത്തി. വയറിൽ എ യ്റ്റ് പാക്ക് മസിലുമൊക്കെയായി കരാട്ടെ അവതരിപ്പിക്കുമ്പോൾ ഒരു താരപരിവേഷമായിരുന്നു കിട്ടിയിരുന്നത്.

സിനിമയിലേക്ക്

കോട്ടയം തിരുനക്കര മൈതാനത്തു നടന്ന കരാട്ടെ പ്രദർശനം കാണാൻ സിനിമാ നിർമാതാവായ കാവേരി മോഹനനും ഉണ്ടായിരുന്നു.പ്രദർശനം കഴിഞ്ഞപ്പോൾ അദ്ദേഹം സമീപിച്ചു, ‘ഉരുക്കുമുഷ്ടി’ എന്ന പേരിൽ മലയാളത്തിലെ ആദ്യ മുഴുനീള കരാട്ടെ സിനിമ എടുക്കാൻ പോവുകയാണെന്നും അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നും ചോദിച്ചു. അങ്ങനെ ആ സിനിമയിൽ ഞാൻ മുഖ്യവില്ലനായി. തുടർന്നു തമിഴിലും കന്നഡയിലും ഓരോ സിനിമകൾ വീതം ചെയ്തു. ഈ സമയത്താണ് എനിക്ക് ഒമാനിൽ പുതിയ ജോലി തരപ്പെട്ടത്. അങ്ങനെ സിനിമാഅഭിനയം മതിയാക്കി ഒമാനിലേക്കു പോയി.

മാസ്റ്ററായ കാലം

ബ്രൗൺ ബെൽറ്റ് നേടിയ കാലം മുതൽക്കു തന്നെ എന്നെ പഠിപ്പിച്ച മാസ്റ്റർമാർക്കൊപ്പം പുതിയ വിദ്യാർഥികൾക്കു പരിശീലനം നൽകുമായിരുന്നു. ഖത്തറിലും പിന്നീട് ഒമാനിൽ പോയപ്പോഴും പഠിപ്പിക്കൽ തുടർന്നു.റോയൽ ഒമാൻ പൊലീസ്, യൂറോപ്യൻ ക്ലബ്ബ്, അറബിക് ക്ലബ്ബ് തുടങ്ങിയവർക്കു വേണ്ടിയെല്ലാം ഒന്നിനു പിറകെ ഒന്നായി കരാട്ടെ ക്ലാസുകൾ ആരംഭിച്ചു.വിദേശത്തെ ജോലിയെല്ലാം അവസാനിപ്പിച്ചു നാട്ടിലെത്തിക്കഴിഞ്ഞും കരാട്ടെ പഠിപ്പിക്കൽ തുടർന്നു.ഇന്നും ദിവസവും ര ണ്ടോ മൂന്നോ ബാച്ചുകൾക്കു കോട്ടയത്തിന്റെ പല ഭാഗങ്ങളിലായി ക്ലാസ് ഉണ്ടാകും. ഓരോ പരിശീലനപരിപാടിയും എനിക്കുള്ള വ്യായാമം കൂടിയാണ്.

കരാട്ടെ നൽകുന്നത്

കഴിഞ്ഞ 30 വർഷത്തിനിടയിൽ ഒരിക്കൽ പോലും എനിക്കുവേണ്ടി ആശുപത്രിയിൽ പോയിട്ടില്ല. പ്രമേഹമോ ബിപിയോ കൊളസ്ട്രോളോ ഒന്നും തന്നെ ബാധിച്ചിട്ടില്ല.വെളുപ്പിനു നാലരയ്ക്ക് എഴുന്നേറ്റു ധ്യാനവും യോഗയും ഒക്കെയായി ആരംഭിക്കുന്ന ദിവസം പിന്നീട് കരാട്ടെ യോഗാ പരിശീലനങ്ങളിലൂെട പുരോഗമിക്കുന്നു.

ഒരിക്കലും വയറുനിറയെ ഭക്ഷണം കഴിക്കാറില്ല. രാവിലെ ആണെങ്കിൽ രണ്ട് ഇഡ‌്ലിയോ രണ്ടു ദോശയോ കഴിക്കും. ഉച്ചയ്ക്ക് ഒരൽപം ചോ റ്. മത്സ്യവും ഉണ്ടാകും. മത്സ്യവും മാംസവുമൊന്നും നിർബന്ധവുമില്ല.രാത്രിയിൽ ചപ്പാത്തിയാവും മിക്കപ്പോഴും. വേണ്ടത്ര വെള്ളം കുടിക്കുന്നതാണ് ഒരു പ്രധാന ശീലം

ഞാനുൾപ്പടെ കരാട്ടെ പരിശീലിക്കുന്നവർക്കു ലഭിക്കുന്നത് ശരീരത്തിന്റെ ഈ ആരോഗ്യം മാത്രമല്ല മനസ്സിനു ക്ഷമയും സംയമനവും അച്ചടക്കവും കരുത്തുമാണ്.കരാട്ടെ പഠിക്കുന്നത് ആക്രമണത്തിനു വേണ്ടിയല്ല; പ്രതിരോധത്തിനാണ്. ‘‘മറ്റൊരാൾക്ക് അപായകരമാകുന്ന വിധത്തിൽ ഒരിക്കലും കരാട്ടെ ഉപയോഗിക്കില്ല’’ എന്ന സത്യപ്രതിജ്ഞയോടു കൂടിയാണ് ഓരോരുത്തരെയും കരാട്ടെ പഠിപ്പിക്കുന്നത്.

ഒരുകാലത്തു ഞാൻ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തിരുന്നു. കരാട്ടെ പഠിക്കാൻ തുടങ്ങിയതോടെ ക്രമേണ മദ്യപാനം നിന്നു. യോഗ പഠിക്കാൻ തുടങ്ങിയപ്പോഴാണു യോഗയിലും ആയോധനകലകളിലും ഒക്കെ ശ്വസനത്തിന്റെയും ശ്വാസകോശത്തിന്റെയും പങ്കിനെ കുറിച്ചു ബോധ്യമായത്. അതോടെ പുകവലിയും നിർത്തി.

ചിട്ടപ്പെടുത്തിയ ശ്വസന രീതികൾ കരാട്ടെയിലെ പ്രധാന ചേരുവയാണ്. ശരീരത്തിന്റെ ഊർജം മെച്ചപ്പെടുത്തുന്നതിനു ശ്വാസത്തെ കരാട്ടെയിൽ കൃത്യമായി ക്രമീകരിക്കുന്നുണ്ട്. കരാട്ടെയിലെ ശ്വസനരീതികൾ ശ്വാസകോശത്തിനു മികച്ച വ്യായാമം നൽകുന്നതിനാൽ ആസ്മ പോലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ല.

പ്രണയം, കാലം കടന്ന്

പ്രതിസന്ധികളിലൂടെ കടന്നുപോയ സാഹചര്യങ്ങളിൽ പോലും അവയെ നേരിടാനും അതിജീവിക്കാനും കരാട്ടെ പരിശീലനം സഹായകരമായിട്ടുണ്ട്. കരാട്ടയ്ക്കു പുറമേ രഹസ്യമായി മറ്റൊരു പ്രണയം കൂടി എനിക്കുണ്ടായിരുന്നു. അതാണ് സുഹ്റ. ഹരിപ്പാടിനടുത്തുള്ള ഏവൂരിലെ ഒരു യാഥാസ്തിതിക കുടുംബാംഗവും നോവലിസ്റ്റ് ഏവൂർ സി. കെ. മാധവൻ നായരുടെ മകനുമായ എനിക്കു മറ്റു മതത്തിൽപ്പെട്ട ഒരു പെൺകുട്ടിയോടു തോന്നിയ പ്രണയം ആരെയും അറിയിച്ചിരുന്നില്ല.എട്ടു വർഷക്കാലം നീണ്ടുനിന്ന പ്രണയത്തിനുശേഷം 1986 ൽ റജിസ്റ്റർ വിവാഹം ചെയ്തു. മാസങ്ങൾ കഴിഞ്ഞ് സുഹ്റയേയും കൂട്ടി ഒമാനിലേക്കു പോയശേഷം മാത്രമാണു ബന്ധുക്കളും നാട്ടുകാരും കാര്യമറിഞ്ഞത്.

ഞങ്ങളുടെ മനോഹരമായ ജീവിതത്തിലേക്ക് 2016ൽ ഒരു വില്ലൻകടന്നുവന്നു. സുഹ്റയ്ക്കു സ്ട്രോക്ക് ബാധിച്ചു.ചികിത്സയിൽ ആയിരിക്കുമ്പോഴും തുടർന്നും നാലു തവണ സ്ട്രോക്ക് വന്നു. ഒടുവിൽ 2021ൽ മരിക്കുമ്പോൾ സുഹ്റയുെട വലതു കൈ മാത്രമേ ചലിക്കുമായിരുന്നുള്ളൂ.എങ്കിലും അവസാന നിമിഷം വരെയും സംതൃപ്തമായിരുന്നു ദാമ്പത്യം.പൂർണമായും കിടപ്പിലായി പോയ ഭാര്യയെ കയ്യിൽ കോരിയെടുത്തു കൊണ്ടുപോയി കുളിപ്പിക്കാനും പ്രാഥമിക കാര്യങ്ങൾ ചെയ്തുകൊടുക്കാനും എനിക്ക് ഒരിക്കലും മടിതോന്നിയിട്ടില്ല, അത്രമേൽ ഇഷ്ടത്തോടെയായിരുന്നു അവ ഓരോന്നും ചെയ്തിരുന്നത്.അതിനുള്ള ശേഷി എന്റെ ശരീരത്തിനും മനസ്സിനും നൽകിയത് കരാട്ടെയാണ്. രണ്ടു പെൺകുട്ടികളാണ് ഞങ്ങൾക്ക്.മൂത്ത മകൾ ജാസ്മിൻ ഗോവയിൽ ഡോക്ടറാണ്.  രണ്ടാമത്തെ മകൾ സീന ദുബായിലും.

കോട്ടയത്തെ ഫ്ലാറ്റിൽ തനിച്ചാണെങ്കിലും  ഏകാന്തതയുടെ ഭാരം എനിക്കില്ല. 30 വർഷത്തെ ദാമ്പത്യ ജീവിതത്തിന്റെ ഓർമകളും കരാട്ടെ ജീവിതത്തിന്റെ സംതൃപ്തിയുമായി സന്തോഷത്തോടെ പോകുന്നു.