Friday 23 June 2023 02:48 PM IST

ക്രൂസിഫറസ് പച്ചക്കറികളും പോർഷൻ നിയന്ത്രണവും: ഇഷ്ടമുള്ളതൊക്കെ ആസ്വദിച്ചു കഴിച്ച് 84 കിലോയിൽ നിന്നും 68ലേക്കെത്തിയ അനുഭവം പങ്കുവച്ച് ജോർജ്

Asha Thomas

Senior Sub Editor, Manorama Arogyam

michaelweight34

ഇരുന്നുള്ള ജോലിയും വ്യായാമമില്ലാത്ത ജീവിതരീതിയും ചേർന്നാണ് പാലാക്കാരൻ ജോർജ് ജോസഫിന്റെ ശരീരഭാരം വർധിപ്പിച്ചത്. മൂന്നുവർഷമായി യുഎസിലെ ഒഹിയോയിലാണ്  ജോലി ചെയ്യുന്നത്. വൈകിയുള്ള ഭക്ഷണം കഴിക്കലും ഭാരം കൂടാൻ കാരണമായി. അതും എണ്ണയിൽ വറുത്തതും പൊരിച്ചതും നല്ല അളവിൽ. അങ്ങനെ നോക്കിനിൽക്കെ ശരീരഭാരം കൂടിക്കൂടി 84 കിലോയിലെത്തി. ഭാരം മാത്രമല്ല കൂടിയത് കൊളസ്ട്രോളും കുതിച്ചുകയറി. മരുന്നു തുടങ്ങാതെ ഈ കൊളസ്ട്രോളിനെ വരുതിയിലാക്കാൻ പറ്റില്ല എന്നു ഡോക്ടർ പറഞ്ഞപ്പോൾ ആദ്യം ഡയറ്റ് ക്രമീകരിച്ചുനോക്കട്ടെ, രക്ഷയില്ലെങ്കിൽ മതി മരുന്ന് എന്നു പറഞ്ഞൊഴിഞ്ഞു ജോർജ്.

എങ്കിലും ഭാരം കുറയ്ക്കാതെ രക്ഷയില്ല എന്നു ജോർജിനു മനസ്സിലായിരുന്നു. സുഹൃത്തുക്കളാണ് ലൈഫ്സ്ൈറ്റൽ മെഡിസിൻ വിദഗ്ധയായ ഡോ. ജാക്വിലിൻ മൈക്കിളിന്റെ ജാക്വിലിൻ മെതോഡ് എന്ന ഹെൽത് റീസ്റ്റോറേഷൻ പ്രോഗ്രാമിനേക്കുറിച്ച് പറഞ്ഞത്. ഡോക്ടറുമായി നേരിട്ടു സംസാരിക്കുക കൂടി ചെയ്തതോടെ  നല്ല ആത്മവിശ്വാസമായി.

‘‘ പോർഷൻ സൈസ് കൺട്രോൾ ആണ് ഈ വെയ്റ്റ് ലോസ് ഡയറ്റിന്റെ ജീവനാഡി. നമുക്കിഷ്ടമുള്ള എന്തു ഭക്ഷണവും കഴിക്കാം. പക്ഷേ, നിയന്ത്രിതമായ അളവിലാകണമെന്നു മാത്രം. ഞാൻ ഭാരം കുറച്ച മാജിക് സിംപിളായി പറഞ്ഞാൽ ഇത്രേയുള്ളു.’’ 8 ആഴ്ച കൊണ്ട് 12 കിലോ കുറഞ്ഞ മാജിക്കിനെക്കുറിച്ച്  ജോർജ് പറഞ്ഞുതുടങ്ങി. 

മൂന്നു നേരമായി, ദിവസം 7 മുതൽ 9 പോർഷൻ വരെ ഭക്ഷണം കഴിക്കാമായിരുന്നു. ഒരു പോർഷൻ എന്നു പറയുമ്പോൾ 3–4 ടേബിൾസ്പൂൺ ആണ്. പ്രാതലിന് രണ്ടു പോർഷൻ ആകാം. അതായത് രണ്ട് ചെറിയ ഇഡ്‌ലി അല്ലെങ്കിൽ ദോശ, ചപ്പാത്തി. ഒരു പോർഷൻ കറി. ചില ദിവസങ്ങളിൽ ഒാട്സ് കഴിച്ചു.

ഉച്ചയ്ക്ക് ഒരു പോർഷൻ ചോറ് അല്ലെങ്കിൽ 2 ചപ്പാത്തി. കൂടെ എണ്ണ കുറച്ച് പാചകം ചെയ്ത കറികൾ, അൽപം മീൻ അല്ലെങ്കിൽ മാംസം ഗ്രിൽ ചെയ്തത്. അതു രണ്ട് പോർഷൻ വരും. ആദ്യമൊക്കെ ചപ്പാത്തിയാണ് കഴിച്ചിരുന്നത്. ക്ഷീണം തോന്നിയപ്പോൾ ഒരു പോർഷൻ ചോറ് ഉച്ചയ്ക്കു മാത്രം കഴിച്ചുതുടങ്ങി. ഇതുതന്നെയാണ് വെയ്റ്റ് ലോസ് പ്രോഗ്രാമിന്റെ ഗുണവും. ഒരു കാര്യത്തിലും കാർക്കശ്യമില്ല.  രാത്രി ചപ്പാത്തി അല്ലെങ്കിൽ ഒാട്സ് കഴിച്ചു. 

ഒാരോ ആഴ്ചയിലും ഡയറ്റിൽ ചെറിയ ചില വ്യത്യാസങ്ങൾ വരുത്തി​യിരുന്നു. ചില ആഴ്ചകളിൽ ഗോതമ്പ് പാടെ ഒഴിവാക്കി. ചിലപ്പോൾ ഉരുളക്കിഴങ്ങ് വേണ്ടെന്നുവച്ചു. ചിലപ്പോൾ പയറുവർഗങ്ങൾ കൂടുതൽ ഉൾപ്പെടുത്തി. തികച്ചും പേഴ്സണലൈസ്ഡ് ആയ ഡയറ്റായതുകൊണ്ട് ഭക്ഷണക്കാര്യത്തിൽ ഏറെ ത്യാഗങ്ങളൊന്നും വേണ്ടിവന്നില്ല.

ക്രൂസിഫറസ് വിഭാഗത്തിൽ പെട്ട പച്ചക്കറികളും ഡയറ്റിന്റെ പ്രധാനഭാഗമായിരുന്നു. ബ്രൊക്കൊളി, കോളിഫ്ളവർ പോലുള്ളവ. കോളിഫ്ളവർ വലിയ താൽപര്യമില്ലായിരുന്നു, ദോശയിലും ഇഡ്‌ലിയുമൊക്കെ അരിഞ്ഞുചേർത്തും ബ്രെഡിൽ റാപ് ചെയ്തും സാലഡായും ഒക്കെ ബ്രൊക്കൊളി ദിവസം രണ്ടുനേരമെങ്കിലും ഡയറ്റിൽ ഉൾപ്പെടുത്തി. സാലഡ് ആക്കി കഴിക്കുമ്പോൾ രുചിക്ക് അൽപം സോസു ചേർത്തു കഴിക്കുമായിരുന്നു.

പാൽ ഒഴിവാക്കി. എണ്ണ ദിവസം ഒന്നോ രണ്ടോ ടേബിൾസ്പൂൺ മാത്രമാക്കി. പഞ്ചസാരയുടെ ഉപയോഗവും തീരെ കുറച്ചു. പഞ്ചസാര ഏറെയുള്ള പഴങ്ങൾ ഒഴിവാക്കി. ആപ്പിളും ഒാറഞ്ചും ബെറി പഴങ്ങളുമാണ് കൂടുതൽ കഴിച്ചിരുന്നത്.

മധുരം പൂർണമായും ഒഴിവാക്കിയിരുന്നില്ല. ഇടയ്ക്ക് ഏറെ പ്രിയപ്പെട്ട ചോക്‌ലറ്റും കേക്കുമൊക്കെ കുറശ്ശേ കഴിച്ചു. മധുരം കഴിക്കുന്ന ദിവസം അത്താഴം സ്കിപ്പ് ചെയ്യുമായിരുന്നു. അത്താഴനേരത്ത് കഴിവതും എണ്ണയും മധുരവും അന്നജവുമൊക്കെ കുറച്ചു. രാത്രിഭക്ഷണം നേരത്തെ കഴിക്കാൻ തുടങ്ങി.

ആദ്യത്തെ ഒന്നു രണ്ടാഴ്ച വിശപ്പും പ്രശ്നങ്ങളുമൊക്കെയുണ്ടാകും. പതിയെ ഈ ഡയറ്റുമായി ശരീരം പൊരുത്തപ്പെടും.

ഞാൻ വെള്ളം ധാരാളം കുടിച്ചിരുന്നു. ദിവസം ഒന്നര–രണ്ടു ലീറ്ററോളം വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിച്ചു. സുഹൃത്തുക്കളുമായി ഇടയ്ക്ക് സോക്കർ കളിച്ചു. വാരാന്ത്യങ്ങളിൽ നടക്കാനും പോയി. ഇതൊഴിച്ചാൽ വ്യായാമം കാര്യമായുണ്ടായിരുന്നില്ല. ഡയറ്റ് കൊണ്ടു തന്നെയാണ് വണ്ണം കുറഞ്ഞത്.

ഡയറ്റ് തുടങ്ങി എട്ട് ആഴ്ച ആയപ്പോൾ തന്നെ 12 കിലോ കുറഞ്ഞു. കൊളസ്ട്രോൾ 270 ൽ നിന്നും 200–ലേക്കെത്തി. ലിവർ എന്ഡസൈമുകൾ നോർമൽ നിരക്കിലായി. വൈറ്റമിൻ‌ ഡി സപ്ലിമെന്റ് നേരത്തെ കഴിച്ചിരുന്നെങ്കിലും ശരീരത്തിന് ആവശ്യത്തിനു ആഗിരണം ചെയ്തുകിട്ടിയിരുന്നില്ല. ആ പ്രശ്നവും മാറി. വൈറ്റമിൻ ഡി നിരക്കും വർധിച്ചു.

ഇപ്പോൾ ശരീരഭാരം 68 ആയി. ബിഎംഐ നോർമലായി. എന്റെ പല സുഹൃത്തുക്കളും ഭാരം കുറച്ചപ്പോഴേക്കും ആകെ ക്ഷീണിച്ചൊരു രൂപത്തിലായിരുന്നു. പക്ഷേ, എനിക്ക് ആ പ്രശ്നം ഉണ്ടായില്ല. ഇഷ്ടമുള്ളതൊക്കെ കഴിച്ചു തന്നെ ഡയറ്റ് നോക്കിയതുകൊണ്ട് ഡയറ്റിങ് മടുപ്പായും തോന്നിയില്ല. അമിതഭാരമുണ്ടായിരുന്നുള്ള സമയത്ത് നല്ല ജോയിന്റെ പെയിൻ ഉണ്ടായിരുന്നു. അതൊക്കെ മാറിയതോടെ സൂപ്പർ ഹാപ്പിയായി. ’’ ജോർജിന്റെ ചിരിയിൽ സന്തോഷം തിളങ്ങുന്നു.

Tags:
  • Fitness Tips
  • Manorama Arogyam