Monday 09 October 2023 12:00 PM IST : By സ്വന്തം ലേഖകൻ

കഷണ്ടിക്ക് ഹെയർ ഫിക്സിങ് ആണോ ട്രാൻസ്‌പ്ലാന്റ് ആണോ ഗുണകരം?

hair-fixing-cover

Q എന്തുകൊണ്ടാണു പുരുഷൻമാരിൽ ചിലരിൽ മാത്രം കഷണ്ടി രൂപപ്പെടുന്നത്? ഇതു പാരമ്പര്യവും ജനിതകവും മാത്രമാണോ?

Aചില പ്രത്യേക പാറ്റേണുകളിൽ മുടി നഷ്ടമാവുന്ന അവസ്ഥയാണു കഷണ്ടി. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ ഇതിൽ പ്രധാന പങ്കു വഹിക്കുന്നു. അതുകൊണ്ടുതന്നെ പുരുഷന്മാരിലാണു കഷണ്ടി കൂടുതലായും കണ്ടുവരുന്നത്. ജനിതക ഘടകങ്ങളുടെ സാന്നിധ്യം കൂടി ഇതിനാവശ്യമാണ്. കഷണ്ടി ചിലർക്കു മാത്രം വരാൻ ഇതാണു കാരണം. ഇത്തരം പാരമ്പര്യ ഘടകങ്ങൾ നല്ല അളവിൽ വന്നു ചേരുകയാണെങ്കിൽ , സ്ത്രീകൾക്കും കഷണ്ടി വരാം.

Q കഷണ്ടിക്കുള്ള ചികിത്സയും പരിഹാര മാർഗങ്ങളും എന്തൊക്കെയാണ്?

Aചികിത്സയെ മുഖ്യമായും രണ്ടായി തിരിക്കാം. മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയും മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പോലെയുള്ള മറ്റ് സംവിധാനങ്ങളും . വളരെ ലഘുവോ മിതമോ ആയ കഷണ്ടിക്ക് തുടക്കത്തിൽ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ മതിയാവും.

എന്നാൽ പഴക്കം ചെന്നതും തലയുടെ വലിയൊരു ഭാഗത്തെ ബാധിച്ചിരിക്കുന്നതും ആണെങ്കിൽ മുടി മാറ്റൽ ശസ്ത്രക്രിയ(ഹെയർ ട്രാൻസ്പ്ലാന്റ്) ആയിരിക്കും കൂടുതൽ ഉചിതം. സാധാരണയായി മുപ്പത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണു ഇതു നിർദേശിക്കാറുള്ളത്. തലയുടെ പുറകുവശത്ത് ഉള്ള മുടിയാണ് ഇതിന് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ആ ഭാഗത്തു നല്ല രീതിയിൽ രോമ വളർച്ച ആവശ്യമാണ്. പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ(PRP) , മൈക്രോ നീഡ്‌ലിങ് മുതലായവ താരതമ്യേന ലളിതമായ മറ്റു ചികിത്സാ രീതികളാണ്.

Q കഷണ്ടി, മുടികൊഴിച്ചിൽ ഈ പ്രശ്നങ്ങൾക്കു ഹെയർ ഫിക്സിങ് ആണോ ഹെയർട്രാൻസ്പ്ലാന്റ് ആണോ മികച്ച പരിഹാരം?

Aഹെയർ ഫിക്സിങ്ങ് മുടികൊഴിച്ചിലിന് ഒരു ശാശ്വത പരിഹാരമല്ല. പാച്ചുകളായി മുടി കഷണ്ടിയുള്ള ബാഗത്തു ഒട്ടിച്ചുവയ്ക്കുന്ന രീതിയാണ് ഹെയർ ഫിക്സിങ്. ചൊറിച്ചിൽ, അലർജി സാധ്യത എന്നിവയാണു ഹെയർ ഫിക്സിങ്ങിന്റെ പരിമിതികൾ. നിശ്ചിത ഇടവേളകളിൽ തുടർ ചെലവുകൾക്കും സാധ്യതയുണ്ട്.

മുടിയുടെ കട്ടികുറയുക, കഷണ്ടി എന്നിവയ്ക്കുള്ള ശരിക്കുമുള്ള പരിഹാരം ഹെയർ ട്രാൻസ്പ്ലാന്റേഷനാണ്. കഷണ്ടിയുള്ളവർക്കും തലയുടെ പിൻഭാഗത്തു വേണ്ടത്ര മുടിയുണ്ടാകും. ഈ മുടി, ആനുപാതികമായി കാഴ്ചയിൽ അഭംഗി തോന്നാത്തവിധം രോമകൂപത്തോടെ വേർപെടുത്തി കഷണ്ടിയുള്ള ഭാഗത്തു വച്ചു പിടിപ്പിക്കുന്ന രീതിയാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ. മുടിയുെട എണ്ണമനുസരിച്ചാണ് ഈ ശസ്ത്രക്രിയാ രീതിയുെട ചെലവ്.

Q കഷണ്ടിക്കു മരുന്നു ചികിത്സ എത്രത്തോളം ഫലപ്രദമാണ്? ഏതൊക്കെ മരുന്നുകളാണു നിലവിലുള്ളത്? പാർശ്വഫലമുണ്ടോ?

Aകഷണ്ടിക്കുള്ള ചികിത്സ തുടങ്ങുന്നതിനു മുൻപു പ്രധാനമായും വേണ്ടതു കഷണ്ടിയെക്കുറിച്ചും അതിന്റെ ചികിത്സാ രീതികളെക്കുറിച്ചുമുള്ള വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ രോഗിക്കു നൽകുക എന്നുള്ളതാണ്.

കഷണ്ടിയിൽ മുടി കൊഴിച്ചിലിനോടൊപ്പം രോമകൂപങ്ങൾ ക്രമേണ ചെറുതാവുകയും അടഞ്ഞ് പോകുകയും ചെയ്യുന്നു. ഈ ഒരു അവസ്ഥയിൽ എത്താതെ നോക്കുക അതോടൊപ്പം മുടി വളർന്ന് വരാനുളള ഉത്തേജനം നൽകുക എന്നീ പ്രധാന ലക്ഷ്യങ്ങളാണു മരുന്നു ചികിത്സയിലൂടെ കൈവരിക്കുന്നത്.

തലയിൽ പുരട്ടുന്ന ‘മിനോക്സിഡിൽ’ എന്ന മരുന്നാണു ചികിത്സയിൽ മുഖ്യം. ചിലർക്കു തലവേദന, ചൊറിച്ചിൽ ഒക്കെ വരാറുണ്ടെങ്കിലും സാധാരണയായി വലിയ പാർശ്വഫലങ്ങൾ ഒന്നും തന്നെ കണ്ടുവരാറില്ല. എപ്പോഴും ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നു ഉപയോഗിക്കാൻ പാടുള്ളൂ. ചികിത്സ ദീർഘകാലം തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നിർത്തുകയാണെങ്കിൽ പഴയ അവസ്ഥയിലേക്കു തന്നെ തിരിച്ചു പോകാനുള്ള സാധ്യതയെക്കുറിച്ചും രോഗി മനസ്സിലാക്കേണ്ടതു വളരെ പ്രധാനമാണ്.

അകത്തേക്കു കഴിക്കാനുള്ള മരുന്നുകളിൽ പ്രധാനം ഫിനാസ്റ്ററൈഡ് എന്ന മരുന്നാണ്. കഴിക്കുന്ന കാലയളവിൽ ചിലപ്പോൾ ഉദ്ധാരണശേഷിക്കുറവ്, ലൈംഗിക താൽപര്യമില്ലായ്മ മുതലായ ചില പാർശ്വഫലങ്ങൾ വന്നേക്കാം. മരുന്നു നിർത്തിയാൽ പ്രസ്തുത പാർശ്വഫലങ്ങൾ ഇല്ലാതാവുകയും ചെയ്യും.

Q കഷണ്ടിബാധിച്ചവർ നല്ല മുടി കിളിർക്കാനായി മൊട്ടയടിക്കുന്നതു കൂടുതൽ മുടി കിളിർക്കാൻ സഹായിക്കുമോ? ചിലരിൽ മുൻപുണ്ടായിരുന്ന മുടിപോലും വളർന്നു വരാത്ത അവസ്ഥ ഉണ്ടാകുന്നതായും പറയാറുണ്ട്. ശരിയാണോ?

Aമൊട്ടയടിച്ചാൽ പിന്നീട് നല്ല മുടി കൂടുതലായി കിളിർത്തുവരുമെന്ന ധാരണ തെറ്റാണ്. അതുപോലെയുള്ള തെറ്റിധാരണയാണ് മൊട്ടയടിച്ചാൽ പിന്നീട് മുടി വേണ്ടത്ര വളരില്ല എന്നതും. മുടി കുറവായിരിക്കുമ്പോഴാണ് പലരും മൊട്ടയടിച്ചു നോക്കുന്നത്. എന്നാൽ പിന്നീട് അത്രയും മുടി വളർന്നു പ്രകടമാകാൻ വിചാരിക്കുന്നതിലേറെ സമയമെടുക്കുന്നതായി തോന്നാം. അതായിരിക്കാം രണ്ടാമത്തെ സംശയത്തിന്റെ കാരണം. മൊട്ടയടിക്കുന്നതോ ഷേവ് ചെയ്യുന്നതോ ഒന്നും തന്നെ മുടിയുടെ വളർച്ചയേയോ സാന്ദ്രതയേയോ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നതാണ് വസ്തുത.

ഡോ. സരിൻ എ.

അസോസിയേറ്റ് പ്രഫസർ,

ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ

ഡോ. ബിനേഷ് വി. ജി.

അസോസിയേറ്റ് പ്രഫസർ,

ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ

Tags:
  • Manorama Arogyam