മനോരമ ആരോഗ്യം ക്ലാസ്സിക്സ് വിഭാഗത്തിൽ ഇത്തവണം, പ്രമേഹ രോഗത്തിനെതിരെയുള്ള ബോധവർക്കരണത്തിനായി കേശവദേവ് ട്രസ്റ്റ് തയ്യാറാക്കിയ സൗജന്യ വീഡിയോ ചിത്രത്തിനുവേണ്ടി നടൻ മോഹൻലാലുമായി പ്രമേഹ ചികിത്സകൻ ഡോ. ജ്യോതിദേവ് നടത്തിയ അഭിമുഖം, മനോരമ ആരോഗ്യം നവംബർ 2011ൽ പ്രസിദ്ധീകരിച്ചത്....
പ്രമേഹ ബോധവൽക്കരണത്തിനായി കേശവദേവ് ട്രസ്റ്റ് തയ്യാറാക്കുന്ന ലഘു വീഡിയോ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ, തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിന്റെ വരാന്തയിൽ സായാഹ്ന സൂര്യനെ സാക്ഷിയാക്കി മോഹൻലാലും ഡോ. ജ്യോതിദേവും പ്രമേഹത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി. മലയാളത്തിന്റെ മഹാ സാഹിത്യകാരൻ കേശവദേവിന്റെ മകനാണ് പ്രമുഖ ഡയബെറ്റോളജിസ്റ്റായ ഡോ. ജ്യോതിദേവ്. അയൽക്കാരായ രണ്ടു കുട്ടികളുടെ കളിക്കൂട്ടിൽ തുടങ്ങി ആത്മ മിത്രങ്ങളായ സൗഹൃദ കഥയാണ് ഇവരുടേതും. ഒരാൾ നടനപാതയിലൂടെ നവരസങ്ങൾ വിരിയിച്ച് ജനഹൃദയങ്ങൾ കീഴടക്കിയപ്പോൾ മറ്റൊരാൾ ആതുരസേവനത്തിൽ വ്യാപൃതനായി. മൂന്നു വശത്തുമായി നിരത്തിയ കാമറകൾക്കും ഷൂട്ടിംഗിന്റെ ഔപചാരികതയ്ക്കും മധ്യേയാണെങ്കിലും അൽപ്പ നേരത്തേക്ക് ഇരുവരും സൗഹൃദം പങ്കിടുന്നുണ്ടായിരുന്നു...
ഓകെ, സ്റ്റാർട്ട്... സംവിധായകൻ വിളിച്ചു പറഞ്ഞു.
‘കേശവദേവ് ട്രസ്റ്റിന്റെ കുടുംബസുഹൃത്താണ് മോഹൻലാൽ.’ ഡോ. ജ്യോതിദേവ് പറഞ്ഞു തുടങ്ങി. പ്രമേഹത്തിനെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ മോഹൻലാലിനു പ്രത്യേക താൽപ്പര്യമുണ്ട്. പക്ഷേ ഇത് ആദ്യമായാണ് പ്രമേഹത്തിനെതിരായ പോരാട്ടത്തിൽ അദ്ദേഹം വഹിക്കുന്ന പങ്ക് മലയാളികൾക്കു മുമ്പിൽ വെളിപ്പെടുന്നത്. അധികമാർക്കും അറിയില്ലെങ്കിലും പ്രമേഹത്തിനെതിരേ... പ്രിയപ്പെട്ട മോഹൻലാൽ, താങ്കൾ നടത്തുന്ന പരിശ്രമങ്ങൾ പ്രശംസാർഹമാണ്.
ഡോക്ടറുടെ അഭിനന്ദനത്തിന്, ഒരു ചെറു പുഞ്ചിരിയിൽ വിരിഞ്ഞ നന്ദി മോഹൻലാൽ അറിയിച്ചു.
ദൈവാനുഗ്രഹം പോലെ ജീവിതം
ജീവിതം, അഭിനയം, തുടർച്ചയായ യാത്രകൾ, പിരിമുറുക്കം ഇവയുടെയൊക്കെ നടുവിലാണെങ്കിലും പ്രമേഹം പോലുള്ള രോഗങ്ങൾ പിടിപെടാതെ ഒരു ദൈവാനുഗ്രഹം പോലെ, ഒരു അത്ഭുതം പോലെ ഇങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന ആ ‘മാജിക്ക്’ എന്താണ്? – ഡോ. ജ്യോതിദേവ് ചോദിച്ചു.
മോഹൻലാലിന്റെ മുഖത്ത് ഒരു മന്ദഹാസം വിരിഞ്ഞു. ലാൽ പറഞ്ഞു തുടങ്ങി... ആ ചോദ്യത്തിൽ തന്നെ ഡോക്ടർ ഒരു പ്രത്യോക വാക്ക് ഉപയോഗിച്ചു. ‘ദൈവാനുഗ്രഹം’ . ഇത്തരം അസുഖങ്ങളുണ്ടാകാതിരിക്കുന്നത് ഒരു ദൈവാനുഗ്രഹമാണ്. പിന്നെ, എന്റെ കുടുംബത്തിൽ പാരമ്പര്യമായി അധികമാർക്കും പ്രമേഹമില്ല. അതൊരു ഭാഗ്യമാണ്. ഞാനങ്ങനെ പിരിമുറുക്കം അനുഭവിക്കുന്ന ആളല്ല. വളരെ പോസിറ്റീവായി ജീവിതത്തെ കാണാൻ ശ്രമിക്കുന്നയാളാണ്. പോസിറ്റീവായ ചിന്തകൾ പുലർത്തുകയാണെങ്കിൽ പ്രമേഹം പോലുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്നു മാറി നിൽക്കാൻ സാധിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.
ജീവിതം ആഘോഷിക്കണം. പക്ഷേ...
മോഹൻലാൽ തുടരുകയാണ്... പിന്ന നമ്മുടെ ജീവിതത്തെ ഏറ്റവും മനോഹരമായി കൊണ്ടുപോകണം. ജീവിതം സെലിബ്രേറ്റ് ചെയ്യണം. എന്നാൽ, പ്രമേഹം പോലുള്ള അസുഖങ്ങൾ വരാതിരിക്കാൻ നമ്മുടെ ജീവിതത്തിൽ ചില കാര്യങ്ങൾ നിയന്ത്രിക്കുകയും ശ്രദ്ധിക്കുയും വേണം. പ്രായം കൂടുമ്പോൾ ജരാനരകൾ ബാധിക്കുക, അസുഖങ്ങളുണ്ടാവുക, മരിക്കുക എന്നൊക്കെ പറയുന്നത് പ്രകൃതിയുടെ നിയമമാണ്. ‘വീ ആർ ബോൺ ടു ഡൈ’ എന്നു പറയും നമ്മുടെ ശരീരമെന്നു പറയുന്നത് ഒരു മെഷീൻ പോലെയാണ്. അതിനെ വേണ്ട സമയത്ത് ഒരു വർക്ക്ഷോപ്പിൽ കാണിച്ച് കുഴപ്പം കണ്ടുപിടിച്ച് പരിഹരിക്കണം.
അമിത രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ബ്ലഡ്ഷുഗർ എന്നിവ നമ്മുടെ ജീവിതത്തിന്റെ രസങ്ങളെ മുഴുവൻ കളയുന്നവയാണ്. 30 വയസ്സു കഴിഞ്ഞാൽ ഏതൊരാളും ആറു മാസം കൂടുമ്പോൾ ഇത്തരം പരിശോധനകൾ നടത്തണം. ഇത്തരം രോഗങ്ങളെക്കുറിച്ച് പറയുന്ന ആരോഗ്യ പ്രസിദ്ധീകരണങ്ങൾ വായിച്ചു കൂടുതൽ അറിവു നേടണം. അതോടൊപ്പം വ്യായാമത്തിലും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതു കൊണ്ടായിരിക്കാം എനിക്ക് പ്രമേഹം പിടിപെടാതിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനമെന്നു പറയുന്നത് പോസിറ്റീവ് തിങ്ങാണ്. രോഗം വന്നാൽപ്പോലും അതിനെ നിയന്ത്രിക്കാൻ സാധിക്കുമെന്ന ശുഭചിന്ത എപ്പോഴും പുലർത്തണം.
വ്യായാമം എന്ന മഹാമന്ത്രം
ഡോ. ജ്യോതിദേവ്: വ്യായാമം ചെയ്യാൻ ആഗ്രഹമുണ്ട്. പക്ഷേ, സമയം കിട്ടുന്നില്ലെന്നാണ് മിക്കവരുടേയും പരാതി. എന്നാൽ, ഇത്ര തിരക്കിനിടയിലും മോഹൻലാൽ എത്രയോ വർഷങ്ങളായി വ്യായമാം ഒരു മഹാമന്ത്രം പോലെ തുടരുകയാണ് എന്ന് എനിക്കറിയാം. ഇത് എങ്ങനെയാണ് സാധിക്കുന്നത്?
വ്യായാമം എന്നത് വളരെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒന്നാണ്. ബോഡി ബിൽഡിംഗിനുവേണ്ടി മാത്രമുള്ളതാണ് വ്യായാമമെന്നാണ് പലരുടേയും വിചാരം. സിക്സ് പാക്ക് മസിലുണ്ടാക്കാൻ വേണ്ടിയല്ല വ്യായാമം ചെയ്യേണ്ടത്. മോഹൻലാൽ തന്റെ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു. രാവിലെ പല്ലു തേയ്ക്കുന്നതുപോലെയോ, കുളിക്കുന്നതുപോലെയോ അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതുപോലെയോ പ്രാർഥിക്കുന്നതുപോലെയോ ഒക്കെയുള്ള ഒന്നാണ് വ്യായാമവും. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. എത്ര തിരക്കുണ്ടെങ്കിലും എങ്ങനെയെങ്കിലും സമയം കണ്ടെത്തി ഞാൻ വ്യായാമം ചെയ്യും. ബോഡി ബിൽഡിംഗിനുവേണ്ടിയൊന്നുമല്ല എന്റെ വ്യായാമം. നമുക്ക് പറ്റുന്ന സമയത്ത് വ്യായാമം ചെയ്യുക ദിവസവും ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ കഴിയുന്നതുപോലെ വ്യായാമം ചെയ്യാൻ ഓരോരുത്തരും ശ്രമിക്കണം. യോഗയും നടത്തവുമൊക്കെ നല്ല വ്യായാമങ്ങളാണ് കാറുകളല്ല, കാലുകളാണ് നമ്മുടെ വാഹനം എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നമ്മളതിനെ മറന്ന് നമ്മുടേതായിട്ടുള്ള വ്യായാമത്തെ ഇല്ലാതാക്കുന്നു.
അല്ല, ഡോക്ടർ എനിക്കൊരു സംശയം ദിവസവും 30 മിനിട്ട് നടന്നാൽ പ്രമേഹത്തെ തടയാൻ സാധിക്കുമെന്ന് പറയുന്നത് ശരിയാണോ? മോഹൻലാലിന്റെ ചോദ്യത്തിന് ശരിയാണെന്ന് ഡോക്ടർ ഉത്തരം നൽകി. മോഹൻലാൽ ഒരു സംശയം കൂടി ഉന്നയിച്ചു: അമിത വണ്ണമുള്ളവരും ദിവസവും നടന്നാൽ പ്രമേഹം പിടിപെടാതിരിക്കുമോ?
ജ്യോതിദേവ്: അമിത വണ്ണം പ്രമേഹത്തിന് കാരണമാകും എന്നത് സത്യമാണ്. എന്നാൽ വണ്ണുള്ള ഒരാൾ ദിവസവും 30 മിനിറ്റ് നടക്കാനായി സമയം കണ്ടെത്തുകയാണെങ്കിൽ അയാൾ പ്രമേഹ രോഗിയായി മാറണമെന്നില്ല. കാരണം, ഇങ്ങനെ നടക്കുന്ന വ്യക്തിയുടെ ശരീരത്തിലെ ഗ്ലൂക്കോസ് കത്തിപ്പോകുന്നു. ഗ്ലൂക്കോസ് എനർജിയാണല്ലോ. അത് ഉപയോഗിക്കപ്പെടുന്നതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നില്ല, രക്തസമ്മർദ്ദം ഉണ്ടാകുന്നില്ല, രക്തത്തിലെ കൊഴുപ്പ് കൂടുന്നുമില്ല. അതൊടൊപ്പം അമിത വണ്ണം വരാതിരിക്കാനും ശ്രദ്ധിക്കണം. ആഹാരം മിതമായി മാത്രമേ കഴിക്കാവൂ. പ്രത്യേകിച്ച് കുട്ടികളെ അമിതമായി ആഹാരം കഴിപ്പിക്കരുത്.
എന്റെ കുട്ടികൾക്ക് അമിതാഹാരം നൽകില്ല
ഡോക്ടർ പറഞ്ഞത് ശരിയാണ്. മോഹൻലാൽ പ്രതികരിച്ചു. പണ്ടൊക്കെ കുട്ടികൾ തടിച്ചിരിക്കുന്നതു കാണാനായിരുന്നു ആളുകൾ ഇഷ്ടപ്പെട്ടിരുന്നത്. അതിനായി മധുര പലഹാരങ്ങളും ചോക്ലേറ്റുമൊക്കെ കുട്ടികളെക്കൊണ്ട് കഴിപ്പിക്കുമായിരുന്നു. പക്ഷേ, ഞാൻ എന്റെ കുട്ടികൾക്ക് ചോക്ലേറ്റ് വാങ്ങി കൊടുക്കാറില്ല. കുട്ടികളെക്കൊണ്ട് അമിതാഹാരം കഴിപ്പിക്കുന്നത് അവരോടു ചെയ്യുന്ന ക്രൂരതയാണെന്നും കരുതുന്ന ഒരാളാണ് ഞാൻ. ചെറുപ്പക്കാരായ ധാരാളം പേർക്ക് പ്രമേഹം പിടിപെടുന്നതായാണല്ലോ റിപ്പോർട്ടുകൾ. പുതിയ തലമുറയിലെ കുട്ടികൾക്ക് ഇതിനെക്കുറിച്ചൊക്കെ അറിയാമോ ഡോക്ടർ?
ജ്യോതിദേവ്: അവർ വേണ്ടത്ര ബോധവാന്മാരല്ല എന്നതാണ് സത്യം. നിരവധി ചെറുപ്പക്കാർക്ക് പ്രമേഹം പിടിപെടുന്നുണ്ട്. കേരളത്തിലെ 20 ശതമാനത്തിലധികം ജനങ്ങളും പ്രമേഹബാധിതരാണെന്നാണ് ഗവേഷണ ഫലങ്ങൾ വെളിപ്പെടുത്തുന്നത്. കൂടാതെ, പ്രമേഹ പ്രാരംഭാവസ്ഥ (പ്രീ ഡയബറ്റിസ്) യിലെത്തിയവർ പ്രമേഹ രോഗബാധിതരുടെ എണ്ണത്തിന്റെ ഇരട്ടിയോളം വരും.
എന്തേ, ഷുഗറടിച്ചോ?
മോഹൻലാൽ: ഒരുപാട് ആളുകളുമായി സമ്പർക്കം പുലർത്തുന്ന ആളാണ് ഞാൻ. അവരിൽ നിരവധി പേർ പ്രമേഹ രോഗികളാണ്. ഷൂട്ടിങ് സ്ഥലത്തൊക്കെ ആരെങ്കിലും ക്ഷീണിച്ചിരുന്നാൽ ‘എന്താ ഷുഗറടിച്ചോ’ എന്നാണ് അന്വേഷിക്കുന്നത്. ഈ രോഗം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ എന്താണ് ചെയ്യേണ്ടത്? നമുക്കു നിയന്ത്രിച്ചു കൊണ്ടുപോകാൻ സാധിക്കുന്ന ഒന്നല്ലേ പ്രമേഹം?
ജ്യോതിദേവ്: തീർച്ചയായും. പ്രമേഹ പൂർവ്വാവസ്ഥയിലാണ് രോഗി നമ്മുടെ അടുക്കലെത്തുന്നതെങ്കിൽ ഞങ്ങൾക്കു പരമ സന്തോഷമാണ്. ആ വ്യക്തി രോഗിയാകുന്നതു തടയാൻ കഴിയുമല്ലോ എന്നതാണ് സന്തോഷത്തിന്റെ കാരണം. നമ്മൾ പറയുന്ന കാര്യങ്ങൾ അതുപോലെ അനുസരിക്കുകയാണെങ്കിൽ മാത്രമേ ഇതു സാധിക്കൂ. പക്ഷേ, രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിച്ച് രോഗലക്ഷണങ്ങൾ വന്നതിനുശേഷമായിരിക്കും പലരിലും കണ്ടുപിടിക്കപ്പെടുന്നത് എന്നതാണ് ദുഃഖകരമായ വസ്തുത.
അബദ്ധ ധാരണകൾ ഒഴിവാക്കാം
മോഹൻലാൽ: പ്രമേഹരോഗികൾ വേറെ പല ചികിത്സകളിലേക്കും പോകാനുള്ള പ്രവണതകളും കണ്ടുവരുന്നുണ്ട്. മധുരം കഴിച്ച് പ്രമേഹം പരിഹരിക്കാമെന്ന് പറയുന്നവരുടേയും പച്ചിലച്ചോറ് ഉപയോഗിച്ച് രോഗം ഭേദമാക്കാമെന്ന് അവകാശപ്പെടുന്നവരുടേയുമൊക്കെ അടുക്കലേക്ക് രോഗികൾ പോകുന്നുണ്ട്. ഇതെല്ലാം അബദ്ധമല്ലേ?
ഡോ. ജ്യോതിദേവ്: അതാണ് വിഷമകരമായ കാര്യം. കേരളം വിദ്യാഭ്യാസപരമായി വളരെ മുന്നിലാണ്. നമ്മുടെ രാഷ്ട്രീയ നേതാക്കളും അറിയപ്പെടുന്ന കലാകാരന്മാരും ഉൾപ്പെടെ ഒരുപാടുപേർ വ്യാജകേന്ദ്രങ്ങളിലെ അശാസ്ത്രീയ ചികിത്സകൾ സ്വീകരിക്കുന്നുണ്ട്. ആദ്യമൊക്കെ രോഗം കുറയുന്നതായി തോന്നും. പിന്നെ അഞ്ചോ, പത്തോ വർഷം കഴിയുമ്പോൾ രൂക്ഷമായ അനുബന്ധ രോഗങ്ങൾ വന്നു തുടങ്ങും.
മോഹൻലാൽ: പ്രമേഹത്തിനു സ്വയം ചികിത്സിക്കുന്ന ഒരുപാടു പേരുണ്ട്. നിങ്ങൾ എന്തു മരുന്നാ കഴിക്കുന്നത് എന്നു ചോദിച്ച് ആ മരുന്ന് കുറിച്ചെടുത്ത് അവ വാങ്ങി കഴിക്കുന്ന ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട്.
ജ്യോതിദേവ്: ശരിയാണ്. ഇതിനെപ്പറ്റിയൊക്കെ ജനങ്ങൾക്ക് അറിവുണ്ടാകണം. പ്രമേഹ വിദ്യാഭ്യാസം പ്രമേഹ പ്രതിരോധത്തിനായി ജനങ്ങൾ സ്വീകരിക്കുന്നതിനാണ് ലോകപ്രശസ്തനായ മോഹൻലാലിനെ ഇത്തരമൊരു ബോധവൽക്കരണ പരിപാടിയിൽ അവതരിപ്പിക്കുന്നത്. ഡോക്ടറാണെങ്കിലും ഞാൻ പറഞ്ഞാൽ ആളുകൾ സ്വീകരിക്കണമെന്നില്ല.
സന്തോഷത്തോടെ ആ അഭിനന്ദനം സ്വീകരിച്ചുകൊണ്ട് ലാൽ പറഞ്ഞു. ചിലർ പറയാറുണ്ട്, എനിക്ക് മൈൽഡ് ഡയബറ്റിസാണ്. ചെറിയൊരു ഗുളിക മതി എന്ന്. ഷുഗർ കൂടിക്കഴിഞ്ഞാൽ പ്രമേഹം തന്നെയാണ്. എനിക്ക് ചെറിയൊരു ഗർഭമുണ്ടെന്ന് ആരും പറയാറില്ലല്ലോ. ഗർഭിണിയായാൽ ഗർഭിണി തന്നെയാണ്. അതുപോലെ തന്നെയാണ് ഡയബറ്റിസും. ശരിയല്ലേ ഡോക്ടർ?
ജ്യോതിദേവ് പൊട്ടിച്ചിരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞത് നൂറു ശതമാനവും ശരിയാണെന്നു സമ്മതിച്ചു. എല്ലാവരും ഇതു മനസ്സിലാക്കണം. പ്രമേഹ രോഗത്തിൽ ചെറുതും വലുതുമെന്ന വ്യത്യാസമില്ല. പ്രാരംഭ ഘട്ടം മുതൽ ഗൗരവും കൊടുത്ത് പ്രമേഹത്തെ ചികിത്സിക്കണം.

ചെയ്യേണ്ട ആ മൂന്നു കാര്യങ്ങൾ
മൂന്നേ മൂന്ന് ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹത്തെ തടയാൻ കഴിയും. ഡോക്ടർ ജ്യോതിദേവ് പറഞ്ഞു. അവ 1. ദിവസവും അര മണിക്കൂർ വ്യായാമം ചെയ്യുക. 2. അമിത ഭക്ഷണം അരുത്. മധുരം, കൊഴുപ്പ് എന്നിവ ഭക്ഷണത്തിൽ കുറയ്ക്കുക. 3. ആരോഗ്യമുണ്ടെന്ന് അഹങ്കരിച്ചാലും വർഷത്തിൽ രണ്ടു തവണയെങ്കിലും രക്തത്തിലെ ഗ്ലൂക്കോസിന്റെയും കൊളസ്ട്രോളിന്റെയും രക്തസമ്മർദ്ദിതിന്റെയും അളവുകൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ ചികിത്സ തേടുയുകയും വേണം.
മോഹൻലാൽ: ശരിയാണു ഡോക്ടർ, നമുക്ക് മനസ്സുണ്ടെങ്കിൽ പ്രമേഹത്തെ പ്രതിരോധിക്കാൻ കഴിയും. നമുക്ക് ജീവിതം മധുരമായി ആസ്വദിക്കാൻ സാധിക്കും. ഡോക്ടർ വലിയൊരു കാര്യമാണ് ചെയ്യുന്നത്. അത് ഏറ്റവും ഫലവത്തായി മാറട്ടെ എന്നു ഞാൻ ആശംസിക്കുന്നു. മൂന്നോ നാലോ വർഷങ്ങൾ കഴിയുമ്പോൾ നാം വീണ്ടും ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ അങ്ങേക്ക് അഭിമാനത്തോടുകുടി പറയാം നമ്മുടെ ഈ പ്രവൃത്തി കൊണ്ട് പത്തു ശതമാനം പേരെങ്കിലും പ്രമേഹത്തിൽ നിന്നു മുക്തരായെന്ന്. അതിന് എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നു. മോഹൻലാൽ ഡോ. ജ്യോതിദേവിനെ ഹസ്തദാനം ചെയ്തു പറഞ്ഞു.
എന്തുകൊണ്ട് മോഹൻലാൽ?
മനോരമ ആരോഗ്യം പ്രമേഹ ബോധവർക്കരണത്തിൽ മോഹൻലാലിന് നേരത്തേതന്നെ താൽപ്പര്യമുണ്ട് എന്നറിയാം. എന്നാൽ ഈ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തവുമായി സ്വമേധയാ മുന്നോട്ടു വന്നതിനു പിന്നിൽ?
രഹസ്യമൊന്നുമില്ല... ഇതൊരു നല്ല കാര്യമല്ലേ... കേരളത്തിലും പുറത്തും വിദേശത്തുമൊക്കെ പ്രമേഹം മൂലം കഷ്ടപ്പെടുന്ന മലയാളികളെ കാണാം. പിന്നെ എന്റെ പരിചിതലോകം സിനിമയാണ്. അവിടെ പ്രമേഹം വന്ന പലരേയും ഞാൻ കാണാറുണ്ട്. അവരിൽ ചിലരൊക്കെ എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. വേണ്ടവിധം ചികിത്സിക്കാത്തതു മൂലം പ്രമേഹം അവരുടെ ഓജസും ഉർജവും സൗന്ദര്യവുമൊക്കെ ചോർത്തിയെടുക്കുന്നത് ഞാൻ കൺമുന്നിൽ കണ്ടിട്ടുണ്ട്. ചിലരുടെ ജീവിതവും ജീവനും നഷ്ടമായതിനു സാക്ഷിയാകേണ്ടിയും വന്നിട്ടുണ്ട്. ജീവിതശൈലി മാറ്റാനും ചികിത്സ തേടാനുമൊക്കെ ഉപദേശിച്ചിട്ടും പ്രയോജനപ്പെടാതെ പോകുന്നതും അറിയാം. അതിൽ നിന്നൊക്കെ പ്രമേഹ രോഗത്തിനെതിരെ അവബോധമുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ മനസ്സിലാക്കി. പണ്ട് മൂകാംബികക്ഷേത്രത്തിൽ പോകുമ്പോൾ അവിടെ ഉയർന്നു കേട്ടിരുന്ന ചില സംസ്കൃതശ്ലോകങ്ങളിൽ ഭൂത, പ്രേത, പിശാചുക്കളുടെ കൂട്ടത്തിൽ മധുമേഹമെന്നും കേട്ടതായി ഓർമയുണ്ട്. അത്ര ഭയാനകമായ ഒരവസ്ഥയായി നമ്മുടെ ആചാര്യർ ഈ രോഗത്തെ കണ്ടിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ രോഗത്തിനെതിരെയുള്ള പ്രവർത്തനത്തിൽ പങ്കാളിയാകുന്നത് ഒരു നന്മയാണെന്നും എന്റെ ചുമതലയാണെന്നും ഞാൻ വിശ്വസിക്കുന്നു–മോഹൻലാൽ മനോരമ ആരോഗ്യത്തോടു പറഞ്ഞു.
മോഹൻലാലിനു പ്രമേഹം വന്നാൽ?
ഡോ. ജ്യോതിദേവ്: ഒരു കുസൃതി ചോദ്യം. പ്രമേഹമുള്ളവർക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ ചോദ്യം. മോഹൻലാലിനു നാളെ പ്രമേഹം പിടിപെട്ടാൽ?
മോഹൻലാൽ ഒരു നിമിഷം ആലോചിച്ചശേഷം മറുപടി നൽകി. ഡോക്ടർ എന്നോടൊപ്പമുണ്ടല്ലോ എന്ന ചിന്തയായിരിക്കും എനിക്ക് ആദ്യമുണ്ടാകുക. പിന്നെ, പ്രമേഹം പിടിപെട്ടാൽ ധൈര്യപൂർവ്വം അതിനെ നേരിടുകയും അതിൽനിന്നു മുക്തി നേടാനുള്ള മാർഗ്ഗങ്ങൾ തേടുകയും രക്ഷപ്പെടുകയും ചെയ്യും. പ്രമേഹം എങ്ങനെ പിടിപെടാതിരിക്കാം എന്നൊരു ധാരണയോടെ വേണം ജീവിക്കാൻ. ഇതുവരെ എനിക്കു പ്രമേഹം വന്നിട്ടില്ല. ഗുരുതരമായ പ്രമേഹബാധയിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ഒരാളെ എനിക്കറിയാം. അയാളുടെ നെറ്റിയിൽ വലിയൊരു പാടുണ്ട്. ഞാൻ അദ്ദേഹത്തോട് ആ പാടിനെക്കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞു. എല്ലാ ദിവസവും 108 പ്രാവശ്യം സൂര്യനമസ്കാരം ചെയ്യുന്നുണ്ട്. അതിന്റെ അടയാളമാണ്. സൂര്യനമസ്കാരം ഒരു വലിയ എക്സർസൈസാണ്. ഒപ്പം ഭക്ഷണം നിയന്ത്രിച്ചു. സൂര്യനമസ്കാരങ്ങൾ പോലുള്ള വ്യായാമങ്ങളിലൂടെയും നടത്തം ഭക്ഷണനിയന്ത്രണം തുടങ്ങിയ ഒരുപാട് ചിട്ടകളിലൂടെയും നമുക്ക് പ്രമേഹത്തെ വരുതിയിലാക്കാനോ ബാധിക്കാതിരിക്കാനോ സാധിക്കും.