വണ്ണം കുറയ്ക്കാൻ ഇറങ്ങുന്നവർ പ്രധാനമായും രണ്ടുതരമുണ്ട്. ഒരുകൂട്ടർക്ക് ഉടൻ തന്നെ വണ്ണം കുറയണം. അതിന് ക്രാഷ് ഡയറ്റെടുക്കും. മൂന്നും നാലും മണിക്കൂർ ജിമ്മിൽ കഷ്ടപ്പെടും. അവരുടെ വഴി എല്ലാവർക്കും അനുകരിക്കാവുന്നതല്ല. അടുത്ത കൂട്ടർ സമാധാനപ്രിയരാണ്. വളരെ പതുക്കെ സുരക്ഷിതമായി വണ്ണം കുറയ്ക്കുന്നവർ... മിക്കവാറും രണ്ടാമത്തെ ഗ്രൂപ്പിൽ പെടുന്നവർക്കാണ് വിജയസാധ്യത കൂടുതൽ...
കൊച്ചി എളംകുളം സ്വദേശി പി. കെ. സുബീഷ് ഈ രണ്ടാമത്തെ ഗ്രൂപ്പിൽ പെടും. ഒരു വർഷത്തോളം സമയമെടുത്താണ് സുബീഷ് 80 കിലോയിൽ നിന്ന് 59 കിലോയിലേക്കെത്തിയത്. രണ്ടു വർഷത്തിലേറെയായി അതേ ഭാരം നിലനിർത്തുന്നുമുണ്ട്. ആർക്കും പരീക്ഷിച്ചു നോക്കാവുന്നത്ര സിംപിളും പവർഫുള്ളുമായ ആ മാർഗത്തേക്കുറിച്ച് സുബീഷ് മനോരമ ആരോഗ്യത്തോട് പറയുന്നു.
വണ്ണം കൂട്ടിയ കോട്ടയം ഭക്ഷണം
‘‘ കോട്ടയത്ത് ജോലി ചെയ്തിരുന്ന സമയത്താണ് വണ്ണം ഇത്രകണ്ട് കൂടുന്നത്. ഞാൻ ജോലി ചെയ്തതിന് അടുത്തായിരുന്നു പ്രസിദ്ധമായ കരിമ്പിൻകാല ഹോട്ടൽ. ദിവസവും അവിടെ നിന്നാണ് ഫൂഡ് കഴിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ നാട്ടകത്തുള്ള ഒരു കടയിൽ നിന്ന് ചായയോടൊപ്പം വയറുനിറയെ സ്നാക്കും കഴിക്കും.
വ്യായാമം ഇല്ലേയില്ല. പണി കിട്ടിയത് കൊച്ചി കളമശ്ശേരിയിലുള്ള ഒാഫിസിലെത്തിയപ്പോഴാണ്. 12 നിലയാണ് ഒാഫിസ്. ലിഫ്റ്റ് വർക്ക് ചെയ്യാത്തപ്പോൾ കോണിപ്പടി കയറിയിറങ്ങി മടുക്കും. ഒരു ഘട്ടമെത്തിയപ്പോൾ കിതപ്പു മൂലം കോണി കയറിയിറങ്ങാൻ പറ്റാതായി. ഇനി വണ്ണം കുറച്ചില്ലെങ്കിൽ ജീവിതം ബുദ്ധിമുട്ടിലാകും എന്നു മനസ്സിലായി.
അങ്ങനെ നടപ്പ് ആരംഭിച്ചു. ഒരു ദിവസം രാവിലെ നടക്കുന്ന വഴിയിൽ ഒരു ജിം കണ്ടു. കടവന്ത്രയിലുള്ള ഗ്ലാഡിയേറ്റർ ജിം. അവിടെ കയറി കാര്യങ്ങളൊക്കെ അന്വേഷിച്ചു. പിറ്റേന്നു മുതൽ ജിമ്മിൽ പോയിത്തുടങ്ങി.
എനിക്ക് നല്ല വയറുണ്ടായിരുന്നു. ഡയറ്റിങ് കൂടി ഉണ്ടെങ്കിലേ വണ്ണവും വയറും കുറയൂ എന്ന് ട്രെയിനർ പറഞ്ഞു. ഒരു ഡയറ്റും പറഞ്ഞുതന്നു. പക്ഷേ, അത് എന്നെക്കൊണ്ട് താങ്ങാൻ പറ്റുന്നതായിരുന്നില്ല. അതുകൊണ്ട് എന്റേതായ രീതിയിൽ ഡയറ്റ് തുടങ്ങി.
മധുരവും വറപൊരിയും പിന്നെ ചോറും കുറച്ചു. മധുരം, ബേക്കറി, വറപൊരി പലഹാരങ്ങൾ എന്നിവ പൂർണമായും നിർത്തി. രാത്രി ചോറ് ഒഴിവാക്കി. മൂന്ന് ചപ്പാത്തി ആക്കി. ചില ദിവസങ്ങളിൽ ഒാട്സ് കഴിച്ചു. ബ്രേക്സ്റ്റ് ഫാസ്റ്റ് അളവു കുറച്ച് കഴിക്കാൻ തുടങ്ങി. ഉച്ചനേരത്ത് ചോറുണ്ണുമെങ്കിലും അളവു കുറച്ചു. വല്ലാതെ വിശപ്പുള്ള ദിവസം കാപ്പിയുടെ കൂടെ ഒന്നോ രണ്ടോ ബിസ്കറ്റുകൂടി കഴിക്കുമായിരുന്നു.
എന്തെങ്കിലും ചടങ്ങുകളോ പാർട്ടിയോ മറ്റോ വരുമ്പോഴാണ് വലിയ പ്രയാസം. കഴിവതും ഭക്ഷണം വിളമ്പുന്ന ഭാഗത്തുനിന്ന് മാറിപ്പോകും. പക്ഷേ, വല്ലപ്പോഴും സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുമ്പോൾ സാധാരണ പോലെ കഴിക്കും.നോൺവെജിനോട് വീട്ടിലാർക്കും അത്ര താൽപര്യമില്ല. വല്ലപ്പോഴും ചെറുമത്സ്യങ്ങൾ വാങ്ങിക്കും, അത്രേയുള്ളു. കോട്ടയം വിട്ടതോടെ ഞാനും നോൺവെജ് കഴിക്കുന്നത് കുറച്ചിരുന്നു.
വയറ് കുറയ്ക്കൽ പ്രയാസം
വയറ് കുറയ്ക്കാനാണ് ഏറെ പ്രയാസപ്പെട്ടത്. ബെൽറ്റ് കെട്ടുന്നതുപോലുള്ള കുറുക്കുവഴികളെക്കുറിച്ച് പലരും പറഞ്ഞു കേട്ടിരുന്നു. പക്ഷേ, അതൊന്നും പരീക്ഷിച്ചില്ല. പകരം നന്നായി വ്യായാമം ചെയ്തു.
പുലർച്ചെ അഞ്ചു മണി മുതൽ ആറര വരെ ജിമ്മിൽ വ്യായാമം ചെയ്യും. വാം അപ് ചെയ്ത് ശരീരം ചൂടുപിടിപ്പിച്ചിട്ട് വയറിനുള്ള വ്യായാമങ്ങൾ ചെയ്യും. തുടർന്ന് ട്രെഡ്മിൽ, സൈക്ലിങ്, എലിപ്റ്റിക്കൽ എന്നിവയൊക്കെ മാറിമാറി ചെയ്യും. തുടർന്ന് ഒാരോ ശരീരഭാഗങ്ങൾക്കുള്ള വ്യായാമങ്ങൾ ശീലിക്കും.
ഒരു ദിവസം പരമാവധി രണ്ട് ശരീരഭാഗത്തിനുള്ള വ്യായാമം. ഭാരമെടുത്തുള്ള വ്യായാമങ്ങൾ ഉണ്ടായിരുന്നെങ്കിലും മസിൽ പെരുപ്പിക്കുന്നതിൽ താൽപര്യമില്ലായിരുന്നതിനാൽ വളരെ കുറച്ച് ഭാരമേ എടുത്തിരുന്നുള്ളു.
വളരെ പതുക്കെയാണ് ഞാൻ ഭാരം കുറച്ചത്. പക്ഷേ, ഇപ്പോഴും കുറഞ്ഞ ഭാരം നിലനിർത്തി പോകാൻ സാധിക്കുന്നുണ്ട്. 32–33 ഇഞ്ച് ആയിരുന്ന അരക്കെട്ടളവ് ഇപ്പോൾ 29 ഇഞ്ചിലെത്തി. ഭാരം 58–59 കിലോയിലാണ്. അഞ്ച് അടി അഞ്ചിഞ്ചാണ് ഉയരം. അങ്ങനെ നോക്കിയാൽ യഥാർഥത്തിൽ വേണ്ടതിലും രണ്ടു കിലോ കുറവാണ് ഇപ്പോൾ ശരീരഭാരം.
രാവിലെ 3–4 കി. മീറ്റർ നടപ്പു കഴിഞ്ഞാണ് ഇപ്പോൾ ജിമ്മിലേക്ക് പോകുന്നത്. രാത്രി ഇപ്പോഴും ചോറു കഴിക്കാറില്ല. ഒാഫിസിൽ എല്ലാവരും ഫിറ്റ്നസ്സിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ടീമായുള്ള കളികളൊക്കെ തുടങ്ങി. ഇപ്പോൾ മിക്കവാറും ദിവസം ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിക്കാറുണ്ട്.
ഭാരം കുറഞ്ഞതോടെ വല്ലാത്തൊരു ലൈറ്റ് ഫീലിങ്ങാണ്. 12 നില ഒാടിക്കയറി ഇറങ്ങാൻ ഇപ്പോൾ ബുദ്ധിമുട്ടില്ല. ഭാരം കുറയ്ക്കൽ കുറച്ചു നേരത്തേ ആകാമായിരുന്നു എന്ന ചിന്തമാത്രമേ യുള്ളു... സുബീഷിന്റെ ചിരിയിൽ പുതിയ ഊർജം നിറയുന്നു.