Wednesday 02 February 2022 03:28 PM IST : By മനോരമ ആരോഗ്യം ആർകൈവ്

കോളജ് വിദ്യാർഥിയാണ്, മീശ വളരുന്നില്ല: പരിഹാരമെന്ത്?

fgrete443

കോളജ് വിദ്യാർഥിയാണ്. മീശവളരാത്തതും സ്തന വളർച്ചയുള്ളതും കൊണ്ട് എന്നെ ട്രാൻസ്ജെൻഡർ എന്നു കൂട്ടുകാർ കളിയാക്കുന്നതിലെ മനോ വിഷമം മൂലമാണ് ഈ കത്ത് എഴുതുന്നത്. സത്യത്തിൽ ഞാൻ ട്രാൻസ് അല്ല. പുരുഷ ഒാറിയന്റേഷൻ തന്നെയാണ്. സ്ത്രീ ലൈംഗികത ആസ്വദിക്കാറും സ്വയം ഭോഗം ചെയ്യാറുമുണ്ട്. എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ ആയത്. മീശരോമങ്ങൾ കുറവാണ്. എന്നാൽ ശബ്ദം പുരുഷശബ്ദമാണ്. എനിക്ക് ശരിക്കും പുരുഷ രൂപമാകാൻ എന്താണ് ചെയ്യേണ്ടത്?

മി.എക്സ്, കോഴിക്കോട്

ഇതൊരു അസാധാരണ പ്രശ്നമാണ് എന്നു കരുതേണ്ട. കൗമാരത്തിലുള്ള പല ആൺകുട്ടികളുടെയും പ്രശ്നമാണ് താങ്കൾ എഴുതിയിരിക്കുന്നത്. മീശ ഇല്ല എന്ന ഒരു കാരണം കൊണ്ട് മാത്രം അപഹാസ്യനായ എന്റെ ഒരു കൂട്ടുകാരനെ എനിക്ക് ഓർമ്മയുണ്ട്. കുറച്ച് കൂടെ പ്രായമാകുമ്പോൾ മീശ തനിയെ വന്നോളും. ഇനി അഥവാ മീശ അൽപം കുറവായിപ്പോയാലും അതു നിങ്ങളുെട കുറവല്ല, പ്രത്യേകതയാണ്. മീശ എന്നത് പുരുഷ ചിഹ്നമായി കാണാത്തവരും ഏറെയാണ്. യൂറോപ്പിലും വടക്കേ ഇന്ത്യയിലും മാത്രമല്ല നമ്മുെട നാട്ടിലും സ്വന്തം മീശ ഷേവ് ചെയ്തു കളഞ്ഞ് നടക്കുന്നവർ ധാരാളം.

നിങ്ങളുടെ യഥാർത്ഥ പ്രശ്നം അമിത സ്തനവളർച്ചയാണ്. ഇതും സാധാരണമാണ്. ചെറിയ തോതിൽ ആണെങ്കിൽ വളരെ ഇറുക്കമുള്ള ഒരു ബനിയൻ ഇട്ടിട്ട് അതിന് മുകളിൽ ലൂസായ ഒരു ഷർട്ട് ഇട്ടാൽ സ്തനവളർച്ച മറ്റുള്ളവർക്ക് തോന്നുകയില്ല. ചുരുക്കം ചില ആൺകുട്ടികളിൽ ഒരു പെൺകുട്ടിയെ പോലെ ധാരാളം വളരുന്ന ഒരു അവസ്ഥ ഉണ്ടാകാം. നിങ്ങൾക്ക് അങ്ങനെ ആണെങ്കിൽ സർജറി ചെയ്ത് മാറ്റാവുന്നതാണ്.

അപകർഷബോധം നമ്മുടെ മനസ്സിലാണ്. മറ്റുള്ളവർ ഒരു തമാശയ്ക്കു പറയുന്നത് നമ്മളെ കുത്തിനോവിക്കും എന്ന് അവർ മനസ്സിലാക്കുന്നില്ല. തന്നിലെ കുറവുകൾ പെരുപ്പിച്ച് കാണിച്ച് അതിലൂടെ ഹാസ്യമുണ്ടാക്കി സിനിമാലോകം കീഴടക്കിയ ഒരു പ്രഗത്ഭ നടൻ നമുക്ക് സുപരിചിതനാണ്. നമ്മൾ അദ്ദേഹത്തെ വേണം ആരാധിക്കാൻ. ഇതൊക്കെ പറയാൻ എളുപ്പമാണെങ്കിലും അനുഭവിക്കുന്ന ആളിന്റെ കാര്യം കഷ്ടമാണ്. വിഷാദം, ഉത്കണ്ഠ തുടങ്ങിയവ പരിധിയിലധികം ദീർഘകാലത്തേയ്ക്ക് അനുഭവിക്കുന്നത് പിന്നീട് പല വിധ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നു വരും. അതുകൊണ്ടുതന്നെ സ്വയം നിയന്ത്രിക്കാൻ പറ്റുന്നില്ല എങ്കിൽ ഒരു മനഃശാസ്ത്ര വിദഗ്ധന്റെ സഹായം തേടുന്നത് നല്ലതാണ്.

ഉത്തരം നൽകിയത്: ഡോ. എം. കെ.സി നായർ, ശിശുരോഗവിദഗ്ധൻ, തിരുവന്തപുരം

Tags:
  • Mens Health
  • Manorama Arogyam
  • Kids Health Tips