മനക്കരുത്തും ചിട്ടയായ വ്യായാമവും നല്ലൊരു ഡയറ്റും വഴി 100 കടന്ന ശരീരഭാരത്തിൽ നിന്നും എട്ടു മാസം കൊണ്ട് 28 കിലോയോളം കുറയ്ക്കുക. ആ ഭാരം നിലനിർത്തിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ആക്സിഡന്റിൽ പെട്ടു കിടപ്പാകുക. ശരീരമനങ്ങാതെയുള്ള ആ കിടപ്പിൽ, പോയ ശരീരഭാരം കുതിച്ചുകയറുക, പ്രതിസന്ധികൾ ഇങ്ങനെ ഒന്നൊന്നായി വരുമ്പോഴും പുറത്തിറങ്ങാനാകാതെ ലോക്‌ഡൗണിൽ വീട്ടിൽ അടച്ചു കഴിയുമ്പോഴും പാലക്കാട് സ്വദേശി രഞ്ജിത് കുമാർ പക്ഷേ, ആത്മധൈര്യം വെടിഞ്ഞില്ല. മുട്ടനക്കാൻ കഴിയാത്ത വേദനയിലും മെല്ലെ മെല്ലെ വ്യായാമം ചെയ്തുതുടങ്ങി. ഡയറ്റിൽ കർശനനിയന്ത്രണം കൊണ്ടുവന്നു. അങ്ങനെ കുതിച്ചുയർന്ന ഭാരസൂചിയെ താഴെയെത്തിച്ചു. ഭാരം കുറച്ച വഴികളെക്കുറിച്ച് രഞ്ജിത് കുമാർ പറയുന്നു.
‘‘2018–19 ലാണ് 140 കിലോയിൽ നിന്നും 108 കിലോയിലേക്ക് ഞാനെത്തുന്നത്. ഭാരം കൂടി, ചീർത്ത് ഒന്നനങ്ങാൻ പോലും ബുദ്ധിമുട്ടായിരുന്ന അവസ്ഥയിൽ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് 30 കിലോയിലധികം കുറയ്ക്കുന്നത്. ആവശ്യമില്ലാത്ത കൊഴുപ്പെല്ലാം ഉരുകിനീങ്ങി, പ്രമേഹത്തിനടുത്തെത്തിയത് നോർമലായി, എപ്പോഴും അലട്ടിയിരുന്ന മുട്ടുവേദന കുറഞ്ഞു...ഇങ്ങനെ ജീവിതം ആകെ പ്രകാശപൂരിതമായ സമയത്താണ് ഒരു ആക്സിഡന്റ് സംഭവിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2019 സെപ്റ്റംബറിൽ.
മുട്ടിനാണ് പരിക്കുപറ്റിയത്. കാൽ മുട്ടിലെ രണ്ട് ലിഗമെന്റും കീറിപ്പോയി. അഞ്ചുമാസം കിടക്കയിൽ നിന്നും എഴുന്നേറ്റിട്ടേയില്ല. ആ കിടപ്പിൽ വീണ്ടും ശരീരഭാരം കൂടി. ഭാരം വീണ്ടും പിടിവിട്ട് ഉയരുന്നത് അറിയുന്നുണ്ടെങ്കിലും ഫിസിക്കലായി ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു. ലഘുവായി എന്തെങ്കിലും വ്യായാമം ചെയ്താൻ ശ്രമിച്ചാൽ പോലും അസഹ്യമായ മുട്ടുവേദന കൊണ്ട് പുളയുന്ന അവസ്ഥ.
ആ സമയത്താണ് ആദ്യത്തെ കോവിഡ് ലോക്‌ഡൗൺ വരുന്നത്.
ആശുപത്രിയിൽ ഫോളോ അപിന് ചെന്നപ്പോൾ ഡോക്ടർ ഉറപ്പിച്ചു പറഞ്ഞു–കൂടിയ ശരീരഭാരം കുറയാതെ വേദന കുറയില്ല എന്ന്. വ്യായാമം ചെയ്തേ പറ്റൂ എന്നു നിർദേശിച്ചു. ഡോക്ടർ പറഞ്ഞുതന്ന പ്രകാരം കാലിനുള്ള വ്യായാമങ്ങളും ഫിസിയോതെറപിയും ചെയ്തുതുടങ്ങി. ഇത് ദിവസവും ചെയ്ത് ചെയ്ത് മുട്ടുവേദനയ്ക്ക് കുറവു വന്നു.
രണ്ടാം ഘട്ട കോവിഡ് ലോക്‌ഡൗൺ സമയത്ത് ചെറിയരീതിയിൽ വ്യായാമം തുടങ്ങി. ഗ്ലാഡിയേറ്റർ ജിമ്മിന്റെ ഒാൺലൈൻ എക്സർസൈസ് ക്ലാസ്സുകൾ സഹായമായി. കൂടാതെ ചില ആപ്പുകളുടെ സഹായത്തോടെ ഡയറ്റും ചാർട്ട് ചെയ്തു.
നടപ്പായിരുന്നു പ്രധാന വ്യായാമം. തുടങ്ങിയ സമയത്ത് 20 മിനിറ്റേ നടക്കാൻ പറ്റുമായിരുന്നുള്ളു. അപ്പോഴേക്കും കാലിന്റെ മുട്ട് വേദനിച്ചുതുടങ്ങും. മെല്ലെ 20 എന്നത് 30 ആക്കി, പതിയെ 35 ആക്കി....ഇപ്പോൾ ഒരു മണിക്കൂർ തുടർച്ചയായി നടക്കും. ആദ്യം ആയിരം ചുവടായിരുന്നു നടന്നത്. അതു മെല്ലെ മെല്ലെ കൂട്ടിക്കൊണ്ടുവന്നു. ഇപ്പോൾ ദിവസവും 8000 അല്ലെങ്കിൽ 10,000 ചുവട് വയ്ക്കും.
തുടർന്ന് അര മണിക്കൂർ വയറു കുറയാനും മറ്റുമുള്ള ചില എക്സർസൈസും ചെയ്യും. ഡോക്ടറോടു ചോദിച്ചപ്പോൾ മുട്ടുമടക്കിയുള്ള വ്യായാമങ്ങളുമൊക്കെ ചെയ്യണം, വേദന ഭയന്ന് ചെയ്യാതിരുന്നാലാണ് കുഴപ്പം. എന്നാണ് പറഞ്ഞത്. തുടക്കത്തിൽ അത്തരം എക്സർസൈസ് ചെയ്യുമ്പോൾ നല്ല വേദനയായിരുന്നു. ഇതൊന്നും നമുക്കു പറ്റില്ല എന്നു നിരാശപ്പെട്ടുപോകും. പക്ഷേ, മുടങ്ങാതെ ചെയ്യാൻ തുടങ്ങിയതോടെ പതിയെ വേദന മാറി. ചെറിയ തോതിൽ വെയിറ്റ് ട്രെയിനിങ്ങും ചെയ്യുന്നുണ്ടായിരുന്നു. ഡംബൽസിനു പകരം കുപ്പിയിൽ വെള്ളം നിറച്ച് ഉപയോഗിച്ചു.
ഭക്ഷണത്തിന്റെ അളവ് നല്ലവണ്ണം കുറച്ചു. രാവിലെ വ്യായാമം ചെയ്യുന്നതിനു മുൻപ് നാല് ബദാം കഴിക്കും. ഒരു ചെറിയ പഴവും. എക്സർസൈസ് കഴിഞ്ഞാണ് പ്രാതൽ കഴിക്കുന്നത്. പ്രാതലിന് രണ്ട് മുട്ടയുടെ വെള്ള, സാധാരണ ബ്രേക്ഫാസ്റ്റ് വിഭവം ഒരെണ്ണം (ഒരു ഇഡ്‌ലി അല്ലെങ്കിൽ ഒരു ദോശ) കഴിക്കും. ഉച്ചയ്ക്ക് ഒരു ബൗൾ സാലഡ്, ഒരു ചപ്പാത്തി. വൈകുന്നേരം നട്സ് കഴിക്കും. രാത്രി സലാഡ്, മുട്ടയുടെ വെള്ള, ചിക്കൻ കറിയായോ ഗ്രിൽ ചെയ്തതോ കൂടി കഴിക്കും.
142 കിലോയായിരുന്ന ശരീരഭാരം 108 ൽ ആയിരുന്നപ്പോഴായിരുന്നു ആക്സിഡന്റ് എന്നു പറഞ്ഞല്ലൊ. പിന്നീട് അത് കൂടിക്കൂടി 126 കിലോ വരെ എത്തി. വ്യായാമവും ഡയറ്റിങ്ങും വഴി ഇപ്പോൾ 110 കിലോയായി കുറഞ്ഞിട്ടുണ്ട്. കിടപ്പായിരുന്ന സമയത്ത് ഷുഗർ നിരക്ക് സാധാരണ അളവു കടന്ന് പ്രമേഹത്തിന്റെ വക്കിലെത്തിയിരുന്നു. ട്രൈഗ്ലിസറൈഡ് കൂടി 250–ലേക്ക് വന്നിരുന്നു. ഇപ്പോൾ ഷുഗറും ട്രൈഗ്ലിസറൈഡ് വളരെ നോർമലാണ്. മുട്ടുവേദനയും കുറഞ്ഞു.
എന്റെ മാതൃകാശരീരഭാരം 78 കിലോയാണ്. ഇപ്പോഴത്തെ രീതി വച്ച് അത്രയും കുറയ്ക്കാൻ 7–8 മാസമെടുക്കും. ഭാരം. 90 കിലോയിലെങ്കിലും എത്തിക്കണം എന്നാണ് ഇപ്പോഴത്തെ ലക്ഷ്യം. ’’ രഞ്ജിതിന്റെ വാക്കുകളിൽ നിശ്ചയദാർഢ്യത്തിന്റെ മുഴക്കം.