Tuesday 15 June 2021 12:52 PM IST

ഹിജാമ എന്ന വെറ്റ് കപ്പിങ് തെറപ്പി അലർജി മാറ്റുമോ?, ആരോഗ്യത്തിനു നല്ലതോ?; സംശയങ്ങൾക്ക് മറുപടി

Asha Thomas

Senior Sub Editor, Manorama Arogyam

cupping-therapy

വെറും മൂന്നു ദിവസം കൊണ്ട് അലർജി മാറ്റാം, തുമ്മലും ആസ്മയും മാറ്റാൻ അക്യുപങ്ചർ ചികിത്സ, എത്ര പഴക്കമുള്ള ആസ്മയും നൊടിയിടയിൽ മാറ്റും ഒറ്റമൂലി,അലർജി എളുപ്പം കണ്ടെത്താൻ പരിശോധന

ഇതുപോലെ എത്രയെത്ര പരസ്യങ്ങൾ...കേരളത്തിലെ ഏറ്റവും സാമ്പത്തികലാഭം കൊയ്യുന്ന വ്യവസായമാണ് അലർജി (തട്ടിപ്പു) ചികിത്സ. നീണ്ടുനിൽക്കുന്ന പ്രശ്നമാണ് അലർജി എന്നതുകൊണ്ട് പലരും ചെറുപ്പം മുതലേ അലർജിയുടെ ദുരിതങ്ങൾ സഹിക്കുന്നവരായിരിക്കും. ദൈനംദിന ജീവിതത്തെ തന്നെ അലർജി ദുരിതത്തിലാക്കാം, പ്രവർത്തനക്ഷമത കുറയ്ക്കാം, അലർജികൾ മൂലം ചിലർക്ക് (വോയിസ് പ്രഫഷനലുകൾ) തൊഴിൽ മേഖല തന്നെ ഉപേക്ഷിക്കേണ്ടിവരാം. പ്രമേഹമോ അർബുദമോ പോലെ മാരകരോഗമല്ലാത്തതിനാൽ ആരോഗ്യ ഇൻഷുറൻസുകളുടെ ആനുകൂല്യം ലഭിക്കില്ല. ഇതൊക്കെ കൊണ്ട്, അലർജി കൊണ്ട് വലയുന്നവർ ഒാരോ പരസ്യം കാണുമ്പോഴും ഭാഗ്യപരീക്ഷണത്തിനു മുതിരും. ചിലപ്പോൾ ആ മരുന്നു കഴിക്കുന്ന നാളത്രയും അലർജിക്കു ശമനം ഉണ്ടാകും. മരുന്നു നിർത്തിയാൽ രോഗം പോയതു പോലെ വരും. ചിലർ മരുന്നു കഴിച്ച് അസുഖം ഭേദമായില്ലെങ്കിലും നാണക്കേടു കൊണ്ട് അബദ്ധം പുറത്തുപറയില്ല....

ഇതു തന്നെയാണ് അലർജി ചികിത്സാ തട്ടിപ്പിന് ഇറങ്ങുന്നവരുടെ ധൈര്യവും. എന്നാൽ, ചിലപ്പോഴെങ്കിലും അലർജിയും ആസ്മയുമൊക്കെ മരണത്തിനു വരെ ഇടയാക്കാം. ലോകമാകമാനം നോക്കിയാൽ ആയിരക്കണക്കിനു പേരാണ് ആസ്മ മൂർച്ഛിച്ച് ശരിയായ ചികിത്സ കിട്ടാതെ മരണപ്പെടുന്നത്. ആസ്മയ്ക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ അത് ശ്വാസകോശത്തിനു സ്ഥായിയായ നാശം വരുത്തും. തട്ടിപ്പു ചികിത്സയുടെ പുറകേ കളയുന്ന ഒാരോ സെക്കൻഡിനും വലിയ വില കൊടുക്കേണ്ടിവരും.

അക്യുപങ്ചറും കപ്പിങ്ങും

അക്യുപങ്ചർ അഥവാ ചർമത്തിൽ പ്രത്യേകതരം നേർത്ത സൂചികൾ കടത്തിവച്ചുള്ള ചികിത്സാരീതിയും അലർജിരോഗികൾക്കിടയിൽ പ്രചാരത്തിലുണ്ട്. ചില പഠനങ്ങളിൽ മൂക്കൊലിപ്പു പോലുള്ള അലർജി ലക്ഷണങ്ങൾ ഉള്ളവരിലും പോളൻ അലർജിയുള്ളവരിലും അക്യുപങ്ചർ ശമനം നൽകിയതായി പറയുന്നുണ്ട്. പക്ഷേ, ഇതു വെറും പ്ലാസിബോ എഫക്ട് ആണെന്നും ഈ ചികിത്സയോടുള്ള ആളുകളുടെ മാനസികാവസ്ഥ രോഗശമനത്തെ സ്വാധീനിക്കുന്നുവെന്നും വാദങ്ങളുണ്ട്.

അക്യുപങ്ചർ ചികിത്സയ്ക്കു പോകുമ്പോൾ തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണം. അംഗീകൃത ചികിത്സകരെ തിരഞ്ഞെടുത്താൽ ഒരുപരിധി വരെ തട്ടിപ്പുകളിൽ നിന്നു രക്ഷപെടാം. അക്യുപങ്ചറിന് ഉപയോഗിക്കുന്ന സൂചികൾ രോഗാണുമുക്തമാക്കിയതും മറ്റാരിലും ഉപയോഗിക്കാത്തതുമാണെന്ന് ഉറപ്പുവരുത്തണം.

രോഗപ്രതിരോധ ശേഷിവർധിപ്പിക്കുമെന്നും അലർജി മാറ്റുമെന്നുമാണ് ഹിജാമ എന്ന വെറ്റ് കപ്പിങ് തെറപ്പിയുടെ വാദം. ചർമത്തിൽ മുറിവുണ്ടാക്കി പ്രത്യേക സക്ഷൻ കപ്പുകൾ ഉപയോഗിച്ച് രക്തം പുറത്തു കളയുകയാണ് ഈ ചികിത്സയിൽ ചെയ്യുന്നത്. ഹിജാമ അലർജി മാറ്റുമെന്നു സാക്ഷ്യപ്പെടുത്തുന്ന പഠനങ്ങളില്ല. മാത്രമല്ല മുറിവുണ്ടാക്കി ചെയ്യുന്നതിനാൽ അണുബാധയ്ക്ക് സാധ്യതയേറെയാണ്.

ആയുർവേദമായാലും പച്ചമരുന്നായാലും കപടചികിത്സകരുടെ അവകാശവാദങ്ങളിൽ കുടുങ്ങാതെ അംഗീകൃത യോഗ്യതയുള്ള ഡോക്ടറെ നേരിട്ടു കണ്ട് ചികിത്സ തേടുന്നതാകും കീശയ്ക്കും ആരോഗ്യത്തിനും നല്ലത്.

വിവരങ്ങൾക്ക് കടപ്പാട്;

1. ഡോ. ജോഗേഷ്
സോമനാഥൻ
കൺസൽറ്റന്റ്
ഫിസിഷൻ
അഞ്ചൽ,
കൊല്ലം

2. ഡോ. കെ. എസ്. രജിതൻ
സീനിയർ കൺസൽറ്റന്റ്
ഔഷധി,
തൃശൂർ