Tuesday 05 December 2023 04:49 PM IST

ചികിത്സാ യാത്രകള്‍ക്ക് സര്‍ക്കാര്‍ ഇളവ്, സൗജന്യ ഡയാലിസിസ് സൗകര്യം: ചികിത്സാ ചെലവു കുറയ്ക്കാന്‍ 10 വഴികള്‍

Sruthy Sreekumar

Sub Editor, Manorama Arogyam

expen4234

രോഗം വന്നാൽ ചികിത്സിക്കാതിരിക്കാൻ കഴിയില്ല. എന്നാൽ ആ ചികിത്സ ജീവിതാന്ത്യം വരെ ഒരു ബാധ്യത ആയി തീരാതെ നമുക്ക് നിയന്ത്രിക്കാൻ കഴിയും. ചെറിയ ചില പ്രായോഗിക മാർഗ്ഗങ്ങളിലൂടെ. ചികിത്സ തേടൽ മുതൽ ആശുപത്രി വാസം വരെ ചെലവ് ചുരുക്കി മുന്നോട്ടു പോകാനുള്ള പത്ത് വഴികൾ.

1. ‘മെഡ‍ിക്കൽ ഷോപ്പിങ്’ വേണ്ട

മലയാളികൾക്ക് ഷോപ്പിങ് പണ്ടേ ഇഷ്ടമാണ്. എന്നാൽ നമ്മളെ ആരോഗ്യപരമായും സാമ്പത്തികമായും കുരുക്കിലാക്കുന്നതാണ് മെ‍‍‍ഡിക്കൽ ഷോപ്പിങ്. ഒരു ‌ഡോക്ടറുടെ പക്കൽ നിന്നു മറ്റൊരു ഡോക്ടറിലേക്ക്. ഒരാശുപത്രിയിൽ നിന്ന് മറ്റൊന്നിലേക്ക്, അലോപ്പതിയിൽനിന്നു സമാന്തരത്തിലേക്ക്. നമ്മൾ ഇങ്ങനെ നടത്തുന്ന മെ‍ഡിക്കൽ ഷോപ്പിങ് ചികിത്സച്ചെലവിന്റെ ഗ്രാഫ് കുത്തനെ ഉയർത്തും.

2. കുടുംബഡോക്ടർ വേണം

ചികിത്സച്ചെലവ് കുറയ്ക്കുന്നതിൽ കുടുംബ ഡോക്ടർ എന്ന സങ്കൽപ്പത്തിന് വലിയ പങ്കു വഹിക്കാൻ‌ കഴിയും. ചെറിയ പ്രശ്നങ്ങൾക്ക് ആശുപത്രി യാത്ര ഒഴിവാക്കി അതുവഴിയുള്ള ചെലവ് നിയന്ത്രിക്കാൻ കുടുംബ ഡോക്ടർ സഹായിക്കും. ഏതു രോഗത്തിനും നിർദ്ദേശം നൽകാൻ പാകത്തിനു വിദഗ്ധനായിരിക്കണം കുടുംബഡോക്ടർ. തുടർ ചികിത്സയുടെ കാര്യത്തിലും ആശുപത്രി തിരഞ്ഞെടുക്കുന്ന കാര്യത്തിലുമൊക്കെ അദ്ദേഹത്തിന്റെ ഉപദേശം തേടാം. വില കുറഞ്ഞ മരുന്നു തിരഞ്ഞെടുക്കുന്നതിലും വീട്ടിൽ മരുന്നുകൾ ഉപയോഗിക്കുന്നതിലും കുടുംബ ഡോക്ടറുടെ സഹായം തേടാം.

3. ആശുപത്രിവാസം, ഭക്ഷണം

പലപ്പോഴും ചികിത്സയ്ക്കായി, പ്രത്യേകിച്ച് സങ്കീർണ ശസ്ത്രക്രിയകൾക്കായി മറ്റു ജില്ലകളിലെ ആശുപത്രിയിലേക്കു പോകേണ്ടിവരാം. ഇങ്ങനെയുള്ളപ്പോൾ താമസവും ഭക്ഷണവും ചെലവ് ഇരട്ടിയാക്കും. സങ്കീർണ്ണമായ പ്രശ്നമാണെങ്കിൽ മാത്രം പേവാർഡ് തിരഞ്ഞെടുക്കുക. രണ്ടോ മൂന്നോ ദിവസത്തെ ചികിത്സയ്ക്കാണെങ്കിൽ ജനറൽ വാർഡ് ഉപയോഗിക്കുന്നത് ആശുപത്രി ബില്ല് കുറയ്ക്കും. ചിലപ്പോൾ പരിശോധനയ്ക്കായി എത്തുന്നവരോടു തുടർ പരിശോധനയ്ക്കായി തൊട്ടടുത്ത ദിവസവും ആശുപത്രിയിൽ എത്താൻ ആവശ്യപ്പെടാം. മറ്റ് ജില്ലകളിൽ നിന്നാണു വരവെങ്കിൽ ആശുപത്രികളോട് ചേർന്നു സന്നദ്ധ സംഘടനകൾ നടത്തുന്ന വിശ്രമ കേന്ദ്രങ്ങളിൽ താമസിക്കാം. കേരളത്തിലെ മിക്ക സർക്കാർ മെഡിക്കൽ കോളജ് പരിസരത്തും ഇത്തരം കേന്ദ്രങ്ങൾ ഉണ്ട്. സാമ്പത്തിക സ്ഥിതി അനുസരിച്ച് ചിലയിടങ്ങളിൽ സൗജന്യമായും താമസിക്കാം. പല ആശുപത്രികളിലും സേവന സംഘടനകൾ ഭക്ഷണം വിതരണം ചെയ്യാറുണ്ട്. കൂട്ടിരിപ്പുകാർക്ക് ഇതു പ്രയോജനപ്പെടുത്താം.

4. യാത്രയ്ക്കു സഹായം

ചികിത്സാ സംബന്ധമായ യാത്രയ്ക്കു സർക്കാരിൽ നന്ന് ഇളവുകൾ ലഭിക്കുന്ന വീഭാഗങ്ങളുണ്ട്. ഉദാഹരണത്തിന് കാൻസർ രോഗികൾ. ഇവർക്ക് ട്രെയിൻ യാത്ര കൂലിക്ക് 100 ശതമാനവും കൂടെ യാത്ര ചെയ്യുന്ന ഒരാൾക്ക് 50 ശതമാനവും ഇളവ് നൽകുന്ന യാത്രാ പാസ് ഉണ്ട്. ഇതു ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് റെയിൽവേ സ്േറ്റഷൻ മാസ്റ്റർക്കു സമർപ്പിക്കണം. കൂടെ ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ചികിത്സ തേടുന്ന ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം. പാസ് ലഭിക്കുന്നതിനു വരുമാന പരിധി ഇല്ല.

5. നിർദ്ദേശങ്ങൾ പാലിക്കുക

ഡോക്ടറുടെ നിർദ്ദേശങ്ങൾ അനുസരിച്ചാൽ രോഗനിയന്ത്രണത്തോടൊപ്പം ചികിത്സച്ചെലവ് നിയന്ത്രണവും നടക്കും. ഡോക്ടർ നിർദ്ദേശിക്കുന്ന ചികിത്സ പൂർണ്ണമായി സ്വീകരിക്കുക. മരുന്നു കോഴ്‍സ് പൂർത്തിയാക്കണം. രോഗതീവ്രത കുറഞ്ഞെന്നു കരുതി ആന്റിബയോട്ടിക് പോലുള്ള മരുന്നുകൾ പകുതിക്കു നിർത്തുന്നത് അപകടമാണ്. രോഗം കൂടുതൽ സങ്കീർണ്ണമാകാനും കൂടുതൽ കാലം ചികിത്സയ്ക്കും ഇത് ഇടവരുത്തും.

6. കൃത്യമായി പറയണം

ഡോക്ടറെ കാണുമ്പോൾ നിങ്ങളുടെ എല്ലാ വിഷമതകളും കൃത്യമായി പറയുന്നത് മികച്ച ചികിത്സയ്ക്കു സഹായിക്കും. ഇതുവഴി അനാവശ്യ ചികിത്സയും ചെലവും കുറയ്ക്കാനാകും. ചിലർ ഡോക്ടറുടെ മുന്നിലെത്തുമ്പോൾ പറയാനുള്ളത് മറന്നുപോകും, പ്രത്യേകിച്ച് പ്രായമായവർ. ഇത്തരം സന്ദർഭങ്ങളിൽ പറയേണ്ട കാര്യങ്ങൾ കടലാസിൽ എഴുതി കൊണ്ടുപോകാം. അവസാനമായി ഡോക്ടറെ കണ്ടത്, കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ പേര് എന്നിവ എഴുതി വയ്ക്കാം.

7. വീട്ടിൽ മരുന്ന്

വീട്ടിലെ ചികിത്സ അല്ലെങ്കിൽ സ്വയം ചികിത്സ ആപത്കരമാണ്. എന്നിരുന്നാലും ചെറിയ ശാരീരിക പ്രശ്നങ്ങൾക്കു വീട്ടിൽ തന്നെ പരിഹാരം കാണാം. ചെറിയ പനി, തലവേദന എന്നിവയ്ക്കു പാരാസെറ്റമോൾ കഴിക്കാം. പനിയുണ്ടെങ്കിൽ ആദ്യ ദിവസം ഗുളിക കഴിച്ചു, ദേഹം ചെറു ചൂടുവെള്ളത്തിൽ തുടച്ചെടുക്കാം. അടുത്ത ദിവസവും പനി കുറയുന്നില്ലെങ്കിൽ ഡോക്ടറെ കാണാം. തൊണ്ടവേദനയ്ക്ക് ഉപ്പിട്ട വെള്ളം തൊണ്ടയിൽ കൊള്ളാം. അലർജി പ്രശ്നമുള്ളവർ ആന്റിഹിസ്റ്റമിൻ ഗുളികകൾ വീട്ടിൽ കരുതണം. നടുവേദന പോലുള്ള പ്രശ്നം ഉള്ളവർ കുടുംബ ഡോക്ടറുടെ നിർദ്ദേശ പ്രകാരം പെയ്ൻ കില്ലറുകൾ, ഓയിന്റ്മെന്റുകൾ എന്നിവ കയ്യിൽ കരുതുക. ചെറിയ മുറിവുകൾ വീട്ടിൽ തന്നെ ചികിത്സിക്കുക തുടങ്ങിയവ ചെയ്യാം.

8. എവിടെ ചികിത്സിക്കണം?

ചെറിയ പരിശോധനകൾക്കു പോലും വലിയ ആശുപത്രിയിൽ പോകുന്നത് പണച്ചെലവുള്ള കാര്യം തന്നെയാണ്. ചെറിയ പനി, ജലദോഷം, തലവേദന, വയറിളക്കം, കൈകാൽ വേദന എന്നിവയ്ക്ക് വീടിനുള്ള അടുത്ത പബ്ലിക്, കമ്യൂണിറ്റി ഹെൽത് സെന്ററുകളെ സമീപിക്കാം. ബി പി, പ്രമേഹ പരിശോധനകളും ഇവിടെ സൗജന്യമാണ്.

ഡയാലിസിസ് പോലുള്ള ചികിത്സ സൗജന്യ നിരക്കിൽ ചെയ്യുന്ന സ്ഥാപനങ്ങളെയും സംഘടനകളെയും സമീപിക്കാം. നമ്മുടെ മെഡിക്കൽ കോളജുകളിൽ ഡയാലിസിസ് സൗജന്യമായിട്ടാണ് ചെയ്യുന്നത്.

9. പ്രതിരോധ മരുന്നുകൾ

പ്രതിരോധ വാക്സിൻ എന്നു കേൾക്കുമ്പോൾ കുട്ടികൾക്കു മാത്രമുള്ളതാണല്ലോ എന്ന ചിന്ത വേണ്ട. 65 വയസ്സു കഴിഞ്ഞവർക്കു ന്യൂമോണിയ, ഇൻഫ്ലുവൻസ വാക്സിനുകൾ ഉണ്ട്. കൂടാതെ ചിക്കൻ പോക്സ് പോലുള്ള പകർച്ചവ്യാധി പടരുന്ന സമയത്തു മുതിർന്നവർക്കും കരുതൽ എന്ന നിലയിൽ വാക്സിൻ എടുക്കാം. ഉദരസംബന്ധമായ പ്രശ്നങ്ങൾ നിയന്ത്രിക്കാനായി മുതിർന്നവർക്ക് വർഷത്തിലൊരിക്കൽ വിരമരുന്നു കഴിക്കാം. കുട്ടികൾക്കും പീഡിയാട്രീഷന്റെ നിർദ്ദേശപ്രകാരം വിരമരുന്നു നൽകാം. പ്രീഡയബറ്റിക് അവസ്ഥയിലുള്ളവർക്കു പ്രതിരോധമെന്ന നിലയിൽ മെറ്റ്ഫോമിൻ ഗുളിക നൽകാറുണ്ട്. പ്രമേഹസാധ്യത കൂട്ടുന്ന ഘടകങ്ങളായ പൊണ്ണത്തടി, പാരമ്പര്യം എന്നിവ ഉള്ളവർക്ക് ഇന്ന് ഡോക്ടർമാർ മെറ്റ്ഫോമിൻ നിർദ്ദേശിക്കാറുണ്ട്. ഇതുവഴി പ്രമേഹം വരുന്നതും അതുവഴിയുള്ള ചെലവും നിയന്ത്രിക്കാനാകും.

10. ഓൺലൈൻ ഉപയോഗപ്പെടുത്താം

ഇന്ന് മരുന്നുകളും ഓൺലൈനായി ലഭിക്കുന്ന കാലമാണ്. എന്നാൽ ഇവ വാങ്ങുന്നതിൽ അപകടസാധ്യത ഉണ്ട്. മിക്ക ഡോക്ടർമാരും ഇതു അംഗീകരിക്കുന്നുമില്ല. എന്നാൽ ചികിത്സയുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കൾ ഓൺലൈനായി വാങ്ങുന്നത് ചെലവ് കുറയ്ക്കും. കണ്ണട, വീട്ടിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ (ബിപി മോണിറ്റർ, വെയിങ് മെഷീൻ, ഫസ്റ്റ് എയ്ഡ് കിറ്റിലേക്കുള്ളവ) എന്നിവ ഓൺലൈനായി വാങ്ങാം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ബി. പത്മകുമാർ

Tags:
  • Manorama Arogyam