Thursday 24 August 2023 11:14 AM IST : By സ്വന്തം ലേഖകൻ

എന്തു ചെയ്തിട്ടും വണ്ണം കുറഞ്ഞില്ലേ? ഈ ഇരുപത് ടിപ്സ് ജീവിത ചര്യയാക്കൂ, വെയ്റ്റ് ലോസ് ഉറപ്പ്

overw334

അമിതവണ്ണമുള്ളവർക്ക് ആഹാരകാര്യങ്ങളിൽ ഒട്ടേറെ സംശയങ്ങൾ സ്വാഭാവികമാണ്. മുട്ട കഴിക്കാമോ ? വെള്ളം എപ്പോൾ കുടിക്കണം ? ചായയും കാപ്പിയും കുടിക്കാമോ ?

– ഇത്തരം സംശയങ്ങളുടെ മറുപടികൾ ഉൾപ്പെടുന്ന ഡയറ്റ് ടിപ്സ് അറിയാം

1. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. ഏറ്റവും കൂടുതൽ അളവിൽ പ്രഭാത ഭക്ഷണമാണു കഴിക്കേണ്ടത്.

2. ജങ്ക്ഫൂഡ്, ഫാസ്റ്റ് ഫൂഡ് എന്നിവയൊക്കെ പരമാവധി ഒഴിവാക്കുക.

3. ഭക്ഷണം കുറച്ച് കുറച്ചായി ഇടവിട്ട് ഇടവിട്ട് കഴിക്കുക. അതും അളവ് വളരെ കുറച്ചു കഴിക്കുക.

4. ഇടനേരങ്ങളിൽ പച്ചക്കറികളുടെയും പഴങ്ങളുടെയും മിശ്രിതം കഴിക്കുന്നതു നല്ലത്.

5. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. അതിനു പകരം ആവിയിൽ വേവിച്ച ആഹാരസാധനങ്ങൾ ഉപയോഗിക്കാം.

6. ഒരു ദിവസം ഒരു മുട്ടയുടെ വെള്ള ഉൾപ്പെടുത്തുക. ആഴ്ചയിൽ ഒരു മുട്ട മുഴുവൻ കഴിക്കാം.

7. ചിക്കൻ ആഴ്ചയിൽ രണ്ടു തവണ കഴിക്കാം.

8. ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി തുടങ്ങിയ ചുവന്ന മാംസങ്ങൾ ഒഴിവാക്കുക.

9. പച്ചക്കറികളും, മുളപ്പിച്ച പയറു വർഗങ്ങളും എല്ലാ ദിവസവും ഉപയോഗിക്കാം. ഇടനേരങ്ങളിൽ പച്ചക്കറി സാലഡ് ആയി കഴിക്കാം.

10. പച്ച ഇലക്കറികൾ ഒരു ദിവസം അരക്കപ്പ് എടുക്കാം.

11. നട്സ് (ബദാം / വാൽനട്ട്) പ്രതിദിനം 4–5 എണ്ണം വരെ എടുക്കാം. വിത്തുകളും കഴിക്കുന്നതു വളരെ നല്ലതാണ്.

12. മത്തി, ചെറിയ മത്സ്യങ്ങൾ എന്നിവ ഉപയോഗിക്കാം.

13. കനോല, ഒലിവ് , കോൺ, സൂര്യകാന്തി എണ്ണ തുടങ്ങിയ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ തുടരുന്ന തരം എണ്ണ ഉപയോഗിക്കുക.

14. പൂരിത കൊഴുപ്പുകളുടെ ഉപയോഗം കുറയ്ക്കാൻ വറുക്കുന്നതിനു പകരം ബ്രോയിലിങ്, ബേക്കിങ്, ആവിയിൽ വേവിക്കുക എന്നീ പാചക രീതികളിലൂടെ ഭക്ഷണങ്ങൾ തയാറാക്കുക.

15. ഒരു ദിവസം 15ഗ്രാം തേങ്ങ മാത്രം ഉപയോഗിക്കുക.

16. വിശപ്പ് കൂടുതൽ തോന്നുകയാണെങ്കിൽ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിച്ച് ഭക്ഷണം കഴിക്കാം. തന്മൂലം അധികം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.

17. കറുവപ്പട്ടയോ പെരുംജീരകമോ ഇട്ടു തിളപ്പിച്ച് വെള്ളം ചെറുചൂടോടെ കുടിച്ചാൽ ആരോഗ്യത്തിനു നല്ലതാണ്.

18. ചായയും കാപ്പിയും അധികം കുടിക്കരുത്. ഒരു ദിവസം ഒന്നോ രണ്ടോ മതി അതിൽ കൂടരുത്.

19. അധികമായുള്ള പഞ്ചസാരയുടെയും ഉപ്പിന്റെയും ഉപയോഗം കുറയ്ക്കുക.

20. രാത്രി ആഹാരം വളരെ കുറച്ച് കഴിക്കുക. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനു ശേഷം ഉറങ്ങിയാൽ മതി. 7–8 മണിക്കൂർ ഉറങ്ങണം. എല്ലാ ദിവസവും ചെറിയ വ്യായാമങ്ങളും യോഗ, നടത്തം എന്നിവ ഏതെങ്കിലും ശീലമാക്കുക.

തയാറാക്കിയത്

അഞ്ജു ഷാബു പി. എസ്.

ഡയറ്റീഷൻ

ക്ലിനിക്കൽ ന്യൂട്രിഷൻ വിഭാഗം

അമൃത ഹോസ്പിറ്റൽ,

കൊച്ചി

Tags:
  • Manorama Arogyam