ADVERTISEMENT

വെക്കേഷൻ കാലം എന്നാൽ യാത്രകളുെട കൂടി കാലമാണ്.ഇത്തരം യാത്രകളിൽ‌ ഹോട്ടൽ ഭക്ഷണം കൂടുതലായി കഴിക്കേണ്ടി വരും,ഈ സമയത്തു കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

മുൻപരിചയമുള്ള,കുഴപ്പമില്ല എന്ന് സ്വയം ബോധ്യപ്പെട്ട ഭക്ഷണശാലകൾ തിരഞ്ഞെടുക്കാം.എന്നാൽ പരിചയമില്ലാത്ത സ്ഥലത്തു യാത്രയിലാണെങ്കിൽ ഇതു സാധ്യമല്ല.മാത്രമല്ല,മുൻപ് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു എന്നു വച്ച് ഇപ്പോഴും അതേ നിലവാരം ഉണ്ടാകണം എന്നു നിർബന്ധമില്ല.

ADVERTISEMENT

∙ തിരക്കുള്ള ഭക്ഷണശാലകളിൽ നല്ല ചിലവുള്ളതിനാൽ ഭക്ഷണം കൂടുതൽ ഫ്രഷ് ആകാനിടയുണ്ട്.ആളുകയറാത്ത സ്ഥാപനത്തിൽ ചിലപ്പോൾ പഴകിയ ഭക്ഷണം ഫ്രിഡ്ജിൽ നിന്നുമെടുത്ത് ചൂടാക്കി തരാനും മതി.

∙ പരിചയമില്ലാത്ത ഒരു ഹോട്ടലിൽ ചെന്നാൽ അവിടെ ഏറ്റവും പ്രചാരമുള്ള വിഭവം ഓർഡർ ചെയ്യുന്നതാണ് ബുദ്ധി. മെനു മുഴുവൻ അരിച്ചു പെറുക്കി​ ശേഷം ആരും സാധാരണഗതിയിൽ ഓർഡർ ചെയ്യാത്ത ഏതെങ്കിലും സ്പെഷ്യൽ ഐറ്റം വേണം എന്നു പറയുമ്പോൾ ഓർക്കേണ്ടത്,എന്നും ഉണ്ടാക്കാൻ ഇടയില്ലാത്തതിനാല്‍ ചിലപ്പോൾ പഴകിയ ഭക്ഷണമാകാനിടയുണ്ട് എന്നാണ്.

ADVERTISEMENT

∙ പരിസരവും നോക്കണം

യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കാൻ ചെന്നെത്തുന്ന ഹോട്ടലിനുള്ളിൽ വൃത്തിയുണ്ടോ എന്ന് ഒന്നു നോക്കിയാൽ ആർക്കും മനസ്സിലാകും.എന്നാൽ പരിസരം എങ്ങനെയുണ്ട് എന്ന് കൂടി അന്വേഷിക്കുന്നത് നന്ന്.ഉദാഹരണത്തിന് അടുത്ത് മാലിന്യ കൂമ്പാരം അല്ലെങ്കിൽ കെട്ടിക്കിടക്കുന്ന ഓട എന്നിവയുണ്ടെങ്കിൽ അവിടെ നിന്നും ഈച്ചയും എലിയും മറ്റും അടുക്കളയിൽ വന്നു ചേരാനിടയുണ്ട്.

ADVERTISEMENT

തുറന്ന കിച്ചൻ ഉള്ള സ്ഥാപനങ്ങളിൽ ചെല്ലുമ്പോൾ നമുക്ക് അടുക്കളയിൽ ജോലി ചെയ്യുന്നവരുടെ ശുചിത്വ നിലവാരം നേരിട്ട് കണ്ടു ബോധ്യപ്പെടാവുന്നതാണ്.ഉദാഹരണത്തിന്,അവർ കൈ കഴുകുന്നുണ്ടോ,ആവശ്യത്തിന് ഗ്ല‌വ്സ് അല്ലെങ്കിൽ ഹെഡ് ക്യാപ് വയ്ക്കുന്നുണ്ടോ,കിച്ചൻ കൗണ്ടർ വൃത്തിയാണോ,ഈച്ചയും എലിയും ഉള്ള സ്ഥലമാണോ എന്നുള്ള കാര്യങ്ങൾ നേരിട്ടറിയാം.

ഹോട്ടലുകളിൽ പലപ്പോഴും ചൂട് വെള്ളം ഗ്ലസിൽ തരുന്നത് യഥാർഥത്തിൽ തിളപ്പിച്ചാറിയ വെള്ളം ആകണമെന്നില്ല എന്ന് ആക്ഷേപമുണ്ട്.തിളപ്പിച്ച വെള്ളത്തിൽ പൈപ്പ് വെള്ളം കലർത്തിയാൽ വിളമ്പുമ്പോൾ ഇളം ചൂടുണ്ടാകുമെങ്കിലും ഉദ്ദേശിക്കുന്നത് പോലെ രോഗാണുക്കൾ നശിച്ചു പോകണം എന്നില്ല. ബോട്ടിൽഡ് വാട്ടർ താരതമ്യേന സുരക്ഷിതമാണെങ്കിലും അതിന്റെ ഗുണനിലവാരത്തെപ്പറ്റിയുള്ള പഠനങ്ങൾ വിരളമാണ്.

കടകളിൽ നിന്നും ഫ്രഷ് ജ്യൂസുകൾ വാങ്ങിക്കുടിക്കുമ്പോൾ അതിനുപയോഗിച്ച വെള്ളം മലിനമാണെങ്കിൽ അണുബാധ ഉണ്ടാകാനുമിടയുണ്ട്.വേനൽക്കാലത്ത് യാത്ര ചെയ്യുമ്പോഴും മറ്റും ആവശ്യത്തിനുള്ള ശുദ്ധജലം കയ്യിൽ കരുതുന്നതാണ് ഉത്തമം.വഴിയോരത്തു നിന്നും വാങ്ങുന്ന ഐസിട്ട ജ്യൂസുകൾ ഒഴിവാക്കുന്നതാണ് നല്ലത്.കാരണം ഐസ് ഉണ്ടാക്കാൻ ചിലപ്പോൾ വൃത്തിയില്ലാത്ത ജലമായിരിക്കാം ഉപയോഗിച്ചിട്ടുണ്ടാകുക.

∙ പാഴ്സൽ വാങ്ങുമ്പോൾ

ഹോട്ടലുകളിൽ നിന്നു പാഴ്സൽ വാങ്ങുമ്പോഴും മേല്‌പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക.ഭക്ഷണം വൈകാതെ തന്നെ കഴിക്കണം. എന്തെന്നാൽ ഭക്ഷണം കൊണ്ടു വരുമ്പോൾ ബാക്ടീരിയകളുടെ എണ്ണം കുറവായിരിക്കാം. എന്നാൽ അത് റൂം ടെമ്പറേച്ചറിൽ ഇരുന്നു കഴിഞ്ഞാൽ അതിവേഗം അവ പ്രത്യുൽപാദനം നടത്തുകയും ഏറെ നേരം കഴിഞ്ഞാണ് കഴിക്കുന്നതെങ്കിൽ ഭക്ഷ്യവിഷബാധ ഉണ്ടാകുകയും ചെയ്യാം.വേനൽക്കാലത്ത് ചൂടുള്ളതിനാൽ സ്വാഭാവികമായും ഇതിനുള്ള സാധ്യതയേറുന്നു.അതിനാൽ അഥവാ ഭക്ഷണം കഴിക്കാൻ കാലതാമസം ഉണ്ടായാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഓർക്കുക.താപനില നാലു ഡിഗ്രിയില്‍ കുറവാവുമ്പോൾ ബാക്ടീരിയകൾ പെരുകാൻ സാധ്യത കുറയുന്നു എന്നുള്ളതാണ് ഇതിന്റെ ശാസ്ത്രീയ വശം.

ഡോ.രാജീവ് ജയദേവൻ

കൺവീനർ,റിസർച്ച് സെൽ, ഐഎംഎ

കൊച്ചി

ADVERTISEMENT