Tuesday 08 August 2023 09:54 AM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

വില്ലനായത് പ്രാവിന്റെ കാഷ്ഠം; വിട്ടുമാറാത്ത ശ്വാസംമുട്ടിനു പിന്നിൽ ശ്വാസകോശ ചുരുക്കം

vdsf435

ശ്വാസംമുട്ടും വിട്ടുമാറാത്ത ചുമയുമായിട്ടാണ് ആ രോഗി വന്നത്. എക്സ് റേയിൽ ശ്വാസകോശത്തിന് തകരാറൊന്നുമില്ല. മറ്റു പ്രത്യക്ഷരോഗങ്ങളുമില്ല. അയാൾ താമസിക്കുന്ന ഫ്ളാറ്റിലെ തന്നെ മറ്റു ചിലർക്കും ഇതേ പ്രശ്നമുണ്ടെന്നു പറഞ്ഞപ്പോൾ കൂടുതൽ വിശദമായി രോഗചരിത്രം എടുത്തു. സംസാരിച്ചു വന്നപ്പോൾ അയാളുടെ ഫ്ളാറ്റിലെ എസിയുടെ കംപ്രസറിന്റെ ( അകത്തേക്ക് വായു വലിച്ചെടുക്കുന്ന ഭാഗം) ചുവട്ടിലായി വർഷങ്ങളായി പ്രാവുകൾ കൂടുകൂട്ടുന്നുണ്ട്. അപ്പോൾ തോന്നിയ സംശയത്തിൽ അയാൾക്ക് സിടി സ്കാൻ നിർദേശിച്ചു. എക്സ് റേ യിൽ കണ്ട ഒരു പ്രശ്നവുമില്ലാത്ത ശ്വാസകോശത്തിന്റെ സിടി സ്കാനിൽ റോഡിലെ കുഴികൾ പോലെയുള്ള ചില തകരാറുകൾ. ശ്വാസകോശം ചുരുങ്ങുന്ന ഇന്റർസ്റ്റീഷൽ ലങ് ഡിസീസ് എന്ന രോഗാവസ്ഥയാണ് അയാൾക്ക് എന്ന് അപ്പോഴാണ് മനസ്സിലായത്.

എക്സ് റേയിൽ കുഴപ്പമില്ലെങ്കിലും.....

സാധാരണയായി നമ്മുടെ നാട്ടിൽ എന്തു ശ്വാസംമുട്ട് വന്നാലും അത് അലർജിയെന്നോ ആസ്മയെന്നോ കരുതുകയാണ് പതിവ്. പക്ഷേ, എല്ലാ ശ്വാസംമുട്ടും ആസ്മ മൂലമാകണമെന്നില്ല. ശ്വാസകോശങ്ങൾക്ക് ചുരുക്കം സംഭവിക്കുന്ന ഇന്റർസ്റ്റീഷൽ ലങ് ഡിസീസ് (ഐഎൽഡി) എന്ന അവസ്ഥയിലും ശ്വാസംമുട്ടാണ് പ്രധാനലക്ഷണമായി വരിക.

നടക്കുമ്പോഴും കയറ്റം കയറുമ്പോഴും ശ്വാസം മുട്ടുക, വരണ്ട കഫമില്ലാത്ത ചുമ, ക്ഷീണം, ചെറിയ നെഞ്ചുവേദന എന്നിവയൊക്കെയാണ് ഐഎൽഡിയുടെ പൊതുവായ ലക്ഷണങ്ങൾ. ഇങ്ങനെ ശ്വാസംമുട്ടുമായി വരുന്ന രോഗിയുടെ എക്സ് റേ എടുത്തു നോക്കിയാലും അതിൽ പ്രത്യേകിച്ച് ഒരു പ്രശ്നവും ഉള്ളതായി കാണണമെന്നില്ല. അപ്പോൾ പിന്നെ, ആസ്മ തന്നെയാകും കാരണം എന്ന നിഗമനത്തിൽ ചികിത്സ തുടങ്ങുകയാണ് സാധാരണ കാണാറുള്ളത്.

എക്സ് റേയിൽ കുഴപ്പമില്ലെങ്കിലും ആസ്മ ചികിത്സയോട് രോഗി പ്രതികരിക്കാതെ വരുമ്പോൾ അടുത്തപടിയായി സിടി സ്കാൻ പരിശോധന നടത്തുന്നു. ഈ സിടി സ്കാൻ പരിശോധനയിൽ രോഗത്തെക്കുറിച്ച് ഏകദേശധാരണ ലഭിക്കും. സിടി സ്കാനിൽ ശ്വാസകോശത്തിന്റെ വിവിധ ഭാഗങ്ങളിലായി റോഡിലെ കുഴികൾ പോലുള്ള ചില പ്രശ്നങ്ങൾ കണ്ടാൽ രോഗം ഐഎൽഡി ആണെന്ന് ഏതാണ്ട് ഉറപ്പിക്കാം.

ആസ്മ ഉണ്ടോയെന്നറിയാൻ സഹായിക്കുന്ന പൾമനറി ഫങ്ഷൻ ടെസ്റ്റ് (പിഎഫ്ടി) പരിശോധനയും ഐഎൽഡിയെക്കുറിച്ച് സൂചന നൽകുമെങ്കിലും കുറച്ചുകൂടി കൃത്യമായ രോഗനിർണയ മാർഗം നെഞ്ചിന്റെ സിടി സ്കാൻ പരിശോധന തന്നെയാണ്.

30–40 ശതമാനം രോഗികളിലും ഐഎൽഡി വരുന്നതിനു വ്യക്തമായ കാരണം കണ്ടുപിടിക്കാനാകില്ല. ഏതാണ്ട് 250–ഒാളം കാരണങ്ങളാൽ ഐഎൽഡി രോഗം വരാമെന്നാണ് പറയുന്നത്. പ്രാവ്, ലൗ ബേഡ്സ് എന്നിവയുടെ കാഷ്ഠം, തൂവലിനിടയിലെ പൊടി, ചില പ്രത്യേക രാസപദാർഥങ്ങൾ, കൃഷിക്കാരിൽ കീടനാശിനികളുടെ ഉപയോഗം, റബർ ഷീറ്റിലെ പൂപ്പൽ, അന്തരീക്ഷ മലിനീകരണം എന്നിങ്ങനെ പോകുന്നു ഐഎൽഡിക്ക് ഇടയാക്കുന്ന കാരണങ്ങൾ. ഇതൊന്നും കൂടാതെ ഇഡിയോപതിക് പൾമനറി ഫൈബ്രോസിസ് അഥവാ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വരുന്ന ഐഎൽഡി രോഗവുമുണ്ട്. മറ്റു കാരണങ്ങളാലുള്ള ഐഎൽഡിക്ക് സ്റ്റിറോയ്ഡ് മരുന്നുകളുൾപ്പെടെയുള്ള ചികിത്സ ഉള്ളപ്പോൾ ഇഡിയോപ്പതിക് ഐഎൽഡിക്ക് പ്രത്യേകിച്ച് ഫലപ്രദമായ ചികിത്സയില്ല.

റുമറ്റോയ്ഡ് ആർത്രൈറ്റിസ്, സ്കലീറോഡെർമ പോലുള്ള വാതസംബന്ധമായ രോഗങ്ങൾക്ക് ആരംഭത്തിൽ ഐഎൽഡി ആയിട്ടാകും പ്രത്യക്ഷമാവുക എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

പൊതുവേ 40 വയസ്സു കഴിഞ്ഞവരിലാണ് ഐഎൽഡി കൂടുതലായി കണ്ടുവരുന്നതെങ്കിലും കുട്ടികളിൽ പാരമ്പര്യ രോഗമായി വരാം. ജനിതകമായ ക്രമക്കേടുകൾ മൂലവും ഐഎൽഡി കുട്ടികളിൽ വരാം.

സ്റ്റിറോയ്ഡ് ഔഷധങ്ങളാണ് ഐഎൽഡിയുടെ ചികിത്സയ്ക്ക് പ്രധാനമായി ഉപയോഗിക്കുന്നത്. സ്റ്റിറോയ്ഡ് ചികിത്സ കൂടാതെ ശ്വാസകോശത്തിനു ഫൈബ്രോസിസ് വരുന്നതു തടയാനായുള്ള ( ആന്റി ഫൈബ്രോട്ടിക് മരുന്ന്) മരുന്നുകൾ നൽകുന്നു. വാതസംബന്ധമായ അശുഖങ്ങൾ കൊണ്ടുവരുന്ന ഐഎൽഡി ആണെങ്കിൽ ആ രോഗങ്ങളുടെ ചികിത്സ കൊണ്ട് ഐഎൽഡിയിലും നല്ല മാറ്റം വരും. പക്ഷികളുടെ വിസർജ്യം മൂലം വരുന്ന ഐഎൽഡിക്ക് ഹൈപ്പർ സെൻസിറ്റീവ് ന്യൂമോണൈറ്റിസ് എന്നു പറയും. ആ അവസ്ഥയിൽ അസുഖത്തിനു കാരണമായ സാഹചര്യത്തിൽ നിന്നും മാറിത്താമസിക്കുക എന്നതാവും നല്ലത്. തുടക്കത്തിലേ ഈ പ്രശ്നങ്ങൾ കണ്ടുപിടിച്ചു ചികിത്സിക്കാനായാൽ അസുഖം ഏതാണ്ടു പൂർണമായി തന്നെ മാറ്റാം. പക്ഷേ, വൈകിയാണ് രോഗം കണ്ടെത്തുന്നതെങ്കിൽ അധികം ചികിത്സകളൊന്നും തിരഞ്ഞെടുക്കാനുണ്ടാകില്ല. ഔഷധങ്ങൾ ഫലപ്രദമാകുന്നില്ലെങ്കിൽ അവസാനശ്രമം എന്ന നിലയ്ക്ക് ശ്വാസകോശം മാറ്റിവയ്ക്കലിനെക്കുറിച്ച് ചിന്തിക്കേണ്ടിവരും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ടിങ്കു ജോസഫ്

സീനിയർ കൺസൽറ്റന്റ് പൾമണോളജിസ്റ്റ്

അമൃത ഹോസ്പിറ്റൽ, കൊച്ചി

Tags:
  • Daily Life
  • Manorama Arogyam