Friday 03 March 2023 12:20 PM IST

അച്ഛാ, ഇതാ എന്റെ കരൾപ്പാതി; അച്ഛനു കരൾ പകുത്തുനൽകിയ ദേവനന്ദയുടെ അനുഭവം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

Liver344345

അവയവദാന ശസ്ത്രക്രിയയുടെ മയക്കത്തിൽ നിന്നുണരുമ്പോൾ ശരീരത്തിലേക്കു പുതുതായി തുന്നിച്ചേർത്ത കരളിന്റെ പാതി പ്രതീഷിന് ജൻമപുണ്യത്തിന്റെ അടയാളമാകും. ഉടലിൽ കൂട്ടിച്ചേർത്തിരിക്കുന്നത് മകൾ അവളുടെ അച്ഛന് തന്റെ ജീവിതം കൊണ്ടു നൽകുന്ന ഏറ്റവും നല്ല ഉപഹാരമാണ്. രോഗാതുരതയുടെ ഇരുൾവഴികളിൽ അച്ഛൻ ഇടറി വീണപ്പോൾ, കരൾ മാറ്റിവയ്ക്കലല്ലാതെ മറ്റൊരു പരിഹാരം ഇല്ല എന്നറിഞ്ഞപ്പോൾ പ്രായവും ജീവിതവും ഭാവിയും എല്ലാം മറന്നു ആ 17കാരി. ഭയാശങ്കകളേതുമില്ലാതെ അച്ഛനെ ചേർത്തു നിർത്തി പറഞ്ഞു ‘‘ അച്ഛാ എന്റെ കരൾ എടുത്തു കൊൾക’’

മകളുടെ കരൾപ്പാതിയിൽ ഒരു അച്ഛൻ പുതുജൻമത്തിലേക്ക് എത്തുമ്പോൾ അതൊരു അപൂർവ ജീവിത മുഹൂർത്തമാണ്.

തൃശൂർ കോലഴി സ്വദേശിയായ 48കാരൻ പി.ജി പ്രതീഷിന്റെയും ധന്യയുടെയും മകൾ പി.പി. ദേവനന്ദയ്ക്കു കരൾ ദാനം ചെയ്യുക ഒട്ടും എളുപ്പമായിരുന്നില്ല. കുറഞ്ഞ പ്രായമായിരുന്നു അതിനു തടസ്സമായത്. എന്നിട്ടും തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനത്തിനു മുൻപിൽ അവൾ പതറിയില്ല. ഒടുവിൽ ഹൈക്കോടതി അനുമതി നൽകി. അങ്ങനെ ദേവനന്ദ അവളുടെ കരളിന്റെ പാതി അച്ഛനു നൽകി.

‘‘ സത്യത്തിൽ മോൾ തന്ന ധൈര്യത്തിലാണ് ഞാൻ മുൻപോട്ടു പോകുന്നത്, 50 ശതമാനം മനഃധൈര്യവും പിന്നെ 50 ശതമാനം ട്രാൻസ്പ്ലാന്റും എന്നാണ് ഡോക്ടർമാർ പറഞ്ഞത് – പ്രതീഷ് പറയുന്നു.

‘‘ വലിയ തുകയാണ് പലരും ചോദിക്കുന്നത്. എന്നാൽ  ഞാനിതിനു തയാറായാൽ ഞങ്ങൾക്ക് ആ കാശു ലാഭിക്കാം. പുറത്തു നിന്നൊരാൾ കരൾ നൽകുന്നതിലും നല്ലത് എന്റച്ഛനു ഞാൻ കൊടുക്കുന്നതല്ലേ? ...ദേവനന്ദയുടെ വാക്കുകളിൽ ജീവിതപാഠങ്ങൾ നൽകിയ പക്വത നിറയുന്നുണ്ട്.

‘‘ കുഞ്ഞുനാൾ മുതൽ ഡോക്ടറാകണം എന്നാണ് എന്റെ ആഗ്രഹം. പ്ലസ് ടു കഴിഞ്ഞ് നീറ്റ് എക്സാം എഴുതണം. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി വച്ച് സാധിക്കുമോ എന്നറിയില്ല. ഇടയ്ക്കെപ്പൊഴോ ഡോക്ടറാകേണ്ട എന്നു തോന്നിയിരുന്നു. എന്നാൽ അച്ഛന് അസുഖം വന്നപ്പോൾ വീണ്ടും ഡോക്ടറാകണം എന്നു തോന്നി ’’ ദേവനന്ദ പറയുന്നു. സർജറിയുടെ വിശ്രമകാലം കഴിയുമ്പോൾ മെഡിസിൻ പഠനത്തിനായി എൻട്രൻസ് പരിശീലനം ചെയ്യണമെന്നാണ് ദേവനന്ദയുടെ ആഗ്രഹം.

ലേഖനത്തിന്റെ പൂർണരൂപം 2023 മാർച്ച് ലക്കം മനോരമ ആരോഗ്യത്തിൽ വായിക്കാം...

Tags:
  • Manorama Arogyam