Monday 23 January 2023 10:50 AM IST : By സ്വന്തം ലേഖകൻ

പ്രസവശേഷം ബെൽറ്റോ തുണിയോ കൊണ്ട് കെട്ടുന്നതുകൊണ്ട് വയർ കുറയുമോ?: വയർ കുറയ്ക്കാൻ ടിപ്സ്

kudavayar-reduce മോഡലുകൾ: പ്രിൻസി, ജോർജുകുട്ടി

സ്ത്രീകളിൽ പ്രസവത്തിനു ശേ ഷം ശരീരം പൂർവാവസ്ഥയിലെത്താനെടുക്കുന്ന സമയം പലതാണെങ്കിലും പൊതുവേ പറഞ്ഞാൽ ആദ്യത്തെ ആറ് ആഴ്ച വിശ്രമിക്കാനുള്ള സമയമാണ്. കുഞ്ഞിനെ എടുക്കുന്നതു മുതൽ മുലയൂട്ടുന്നതുവരെയുള്ള കാര്യങ്ങളെല്ലാം അമ്മ പഠിച്ചുവരുന്നതേയുള്ളൂ. പ്രസവാനന്തര മാനസിക ബുദ്ധിമുട്ടുകളുടെ സമ്മർദം വേറെയും കാണും. അതുകൊണ്ട് ഈ ഘട്ടത്തിൽ എങ്ങനെ പഴയ രൂപത്തിലേക്ക് എത്തും എന്നു വേവലാതിപ്പെടുകയല്ല വേണ്ടത്. മാനസികമായും ശാരീരികമായും നല്ലവണ്ണം റിലാക്സ് ചെയ്ത് കുഞ്ഞുമായുള്ള നിമിഷങ്ങൾ ആസ്വദിക്കുക.

എന്നാൽ, ആദ്യത്തെ ആറ് ആഴ്ചയിൽ തന്നെ കീഗൽ വ്യായാമങ്ങൾ ചെയ്യാം. മൂത്രാശയത്തിന് അകത്തും ചുറ്റുമുള്ള പേശികളും യോനീഭാഗത്തെയും മലദ്വാരത്തിലെയും പേശികളും ഉൾപ്പെടുന്ന പെൽവിക് ഫ്ളോർ പേശികളെ അയച്ചും മുറുക്കിയും ചെയ്യുന്ന വ്യായാമങ്ങളാണ് കീഗൽ വ്യായാമങ്ങൾ. പ്രസവത്തെ തുടർന്ന് അ യഞ്ഞ പെരിനിയൽ പേശികളെ ശക്തിപ്പെടുത്താൻ ഈ വ്യായാമം സഹായിക്കും. ആദ്യം ഒന്നോ രണ്ടോ സെറ്റ് വച്ച് ദിവസം ഒന്നോ രണ്ടോ തവണ ചെയ്തു തുടങ്ങാം.

പ്രസവശേഷമുള്ള വയർ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്?

പ്രസവശേഷം കുഞ്ഞിനു മുലയൂട്ടുക എ ന്നതാണ് ശരീരത്തിന്റെ പ്രഥമവും പ്രധാനവുമായ ജോലി. ഈ സമയത്ത് ഭക്ഷണനിയന്ത്രണത്തിന്റെ ആവശ്യമില്ല. നമ്മുടെ ശരീരത്തിനും കുഞ്ഞിനും വേണ്ടുന്ന പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. അമിതമായ അ ളവിൽ ആഹാരം കഴിക്കേണ്ടതില്ല. പ കരം വ്യത്യസ്ത നിറങ്ങളിലും തരത്തിലുമുള്ള നല്ല പോഷകമുള്ള വിഭവങ്ങൾ കഴിക്കാം.

ബീൻസ്, വെണ്ടയ്ക്ക, കോളിഫ്ളവർ‌, ബ്രൊക്കോളി പോലുള്ള നാരുകളുള്ള പച്ചക്കറികൾ ധാരാളം ഭക്ഷണത്തിലുൾപ്പെടുത്തണം. ആപ്പിൾ, മാതളം, പേരയ്ക്ക പോലുള്ള പഴങ്ങളിലും ധാരാളം നാരുകളുണ്ട്. കഴിവതും ഈ പഴങ്ങൾ ജ്യൂസടിച്ചു കുടിക്കാതെ പഴമായി തന്നെ കഴിക്കാൻ ശ്രദ്ധിക്കണം. നാരുകൾ ശരീരത്തിൽ ചെല്ലുമ്പോൾ മലബന്ധം കുറയും. കുടലിൽ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിക്കാൻ ഇടയാകും. ഭാവിയിൽ ഇതു മികച്ച ആരോഗ്യത്തിനും അമിതവണ്ണം വയ്ക്കാതിരിക്കാനും സഹായകമാകും.

വെള്ളം കുടിക്കുന്നത് പ്രധാനമാണ്. സാധാരണ കുടിക്കുന്നതിലുമധികം വെള്ളം കുടിക്കുക. ഏറ്റവും കുറഞ്ഞത് 8 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം.

കുഞ്ഞിനെ മുലയൂട്ടുന്നത് വഴി തന്നെ 300 മുതൽ 500 കാലറി വരെ ദിവസവും ശരീരത്തിൽ നിന്നും ന ഷ്ടമാകും. അതുതന്നെ ഭാരം കുറയ്ക്കാൻ ഒരുപരിധി വരെയൊക്കെ സ ഹായിക്കും. അതോടൊപ്പം നിലവിലുള്ള ശരീരഭാരം കൂടാതിരിക്കാനും ശ്രദ്ധിക്കണം. ഇതിനായി, പോഷകശൂന്യമായ കാലറി കൂടിയ ജങ്ക് ഫൂഡ് ഒഴിവാക്കണം. സംസ്കരിച്ച ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും ശീതളപാനീയങ്ങളും ഫാസ്റ്റ് ഫൂഡുമെല്ലാം ഇതിലുൾപ്പെടും. പ്രസവരക്ഷ എന്ന പേരിൽ നെയ്യും നെയ്യ് കലർന്ന ഔഷധങ്ങളും അമിതമായി ഭക്ഷണവും ഒക്കെ കഴിക്കുന്നത് ശരീരഭാരം വർധിക്കാനിടയാക്കും.

പ്രസവശേഷം സാധാരണ അളവിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും കുഞ്ഞിനെ മുലയൂട്ടുകയും സ്ഥിരമായി മിതമായി വ്യായാമം ചെയ്യുകയും ചെയ്താൽ തന്നെ 9 മാസം മുതൽ ഒരു വർഷം കൊണ്ടു ഗർഭധാരണത്തിനു മുൻപുള്ള ശരീരഭാരത്തിലേക്കെത്താൻ സാധിക്കും. അതോടൊപ്പം വയറും കുറയും.

പ്രസവശേഷം ബെൽറ്റോ തുണിയോ കൊണ്ട് കെട്ടുന്നതുകൊണ്ട് വയർ കുറയുമോ?

പ്രസവശേഷം ബൈൻഡർ അഥവാ ബെൽറ്റ് (Coreset) കെട്ടുന്നതു വഴി ഉദര പേശികൾക്കും നടുവിനും നല്ലൊരു താങ്ങു ലഭിക്കും. തുണി മുറുക്കിക്കെട്ടുന്നതിനൊക്കെ ബെൽറ്റ് കെട്ടുന്നതിന്റെ അതേ ഫലമാണ് ലഭിക്കുക പക്ഷേ, ഇതു ശരീരഭാരം കുറയാനോ കൊഴുപ്പ് കുറയാനോ സഹായിക്കുന്ന ഒരു മാജിക് റെമഡിയൊന്നുമല്ല. ബെൽറ്റ് കെട്ടുന്നത് സിസേറിയൻ ചെയ്തവരിൽ വേദന കുറയാനും മുറിവ് സുഖമാകാനും സഹായിക്കുമെന്നു ചില പഠനങ്ങളുണ്ട്. എന്നിരുന്നാലും സിസേറിയൻ നടത്തിയവരിൽ ഡോക്ടറോടു ചോദിച്ചശേഷം മാത്രം ബെൽറ്റോ ബൈൻഡറോ ഉപയോഗിക്കുന്നതാകും നല്ലത്.

ബെൽറ്റ് വല്ലാതെ ഇറുകിയാൽ രക്തയോട്ടത്തിനു തടസ്സമുണ്ടായി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാകാം. വിയർപ്പു കെട്ടിനിന്ന് അണുബാധകൾക്കും സാധ്യതയുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ജാക്വിലിൻ  മൈക്കിൾ

ഇന്റർനാഷനൽ ബോർഡ് സർട്ടിഫൈഡ് ലൈഫ്സ്റ്റൈൽ മെഡിസിൻ ഫിസിഷൻ
സിഡ്നി
ഒാസ്ട്രേലിയ