രണ്ടര വയസ്സുള്ള കുഞ്ഞുമകനും അഞ്ചു മാസം മാത്രമുള്ള കൈക്കുഞ്ഞുമായി ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൊന്നിലാണ് തനിക്ക് അർബുദമാണെന്ന് ഡോ. സുമ ജോസഫ് അറിയുന്നത്. നട്ടുച്ചയിലെ അസ്തമയം പോലെ, പ്രകാശഭരിതമായിരുന്ന അവരുടെ ജീവിതത്തിൽ പൊടുന്നനെ ഇരുൾ പരന്നു. മൂന്നാം സ്േറ്റജിലാണ് അർബുദം എന്നറിഞ്ഞപ്പോഴും പക്ഷേ, അവർ തളർന്നില്ല. രോഗത്തോടുള്ള പോരാട്ടത്തിൽ ജീവിതത്തിന്റെ കോർട്ടിലെ വിജയത്തിന്റെ ബാസ്കറ്റ് തന്റേതായിരിക്കുമെന്ന് ഉറച്ച് പോരാട്ടം തുടർന്നു. ഒടുവിൽ രോഗം തോൽവി സമ്മതിച്ച് പിന്മാറിയപ്പോൾ, പിറന്നത് അതുല്യശോഭയേറിയ വിജയങ്ങളാണ്.
2018ൽ മലേഷ്യയിലെ പെനാംഗിൽ 40 വയസ്സിനു മുകളിലുള്ളവർക്കു വേണ്ടി നടത്തിയ ആദ്യ ബാസ്കറ്റ്ബോൾ– ഏഷ്യ പസഫിക് മാസ്േറ്റഴ്സ് ഗെയിമിൽ, കേരളത്തിൽ നിന്നുള്ള ഏക കളിക്കാരിയായി പങ്കെടുത്ത് വെള്ളിമെഡൽ നേടി. 2019–ൽ യൂറോപ്യൻ മാസ്േറ്റഴ്സ് ഗെയിമിൽ സ്വർണമെഡൽ, സംസ്ഥാനതലത്തിലും ദേശീയതലത്തിലുമൊക്കെ നിരവധി പുരസ്കാരങ്ങൾ...അക്കാദമിക് തലത്തിൽ പിഎച്ച്ഡി ഉൾപ്പെടെ മികവുറ്റ വിജയങ്ങൾ, 2017 മുതൽ എംജി യൂണിവേഴ്സിറ്റി ബോർഡ് ഒഫ് സ്റ്റഡീസ് ഇൻ എജ്യൂക്കേഷൻ മെമ്പർ...അർബുദം ഒരുമാത്ര ഇരുളിലാഴ്ത്തിയ ജീവിതത്തിലിന്ന് ഒരായിരം വിജയങ്ങളുടെ സൂര്യശോഭ നിറയുന്നു.
പഠനകാലത്ത് തന്നെ മിന്നും താരമായിരുന്നു സുമ. ഒട്ടേറെ ദേശീയ– അന്തർദേശീയ ബാസ്കറ്റ്ബോൾ മത്സരങ്ങളിൽ പങ്കെടുത്ത് ചാംപ്യനായിട്ടുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കിൽ ഫിസിക്കൽ എജ്യൂക്കേഷൻ ഡിഗ്രിയും പിജിയും എംഫിലും കരസ്ഥമാക്കിയ ശേഷം കോട്ടയത്തെ മൗണ്ട് കാർമൽ കോളജ് ഒഫ് ടീച്ചർ എജ്യൂക്കേഷൻ ഫോർ വിമനിൽ ജോലിയിൽ പ്രവേശിച്ച സുമ ഇന്ന് അവിടെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിൽ അസോ. പ്രഫസറാണ്. നേരിൽ കണ്ടപ്പോൾ വലിയൊരു തമാശ പറയുന്ന ലാഘവത്തിൽ പഴയ കാര്യങ്ങളെക്കുറിച്ച് അവർ സംസാരിച്ചു, അസുഖകാലത്തിന്റെ ഒാർമകളുടെ അലോസരമില്ലാതെ.
‘‘ രണ്ടാമത്തെ മകനെ ഗർഭിണി ആയിരുന്ന സമയത്താണ് ഏഴാം മാസത്തിൽ നെഞ്ചിനു ഇടതുഭാഗത്ത് തൊട്ടുമുകളിലായി ഒരു നിറവ്യത്യാസം ശ്രദ്ധയിൽ പെട്ടത് ഒരു വാച്ചിന്റെ ഡയലിന്റെ അത്ര വലുപ്പമുണ്ട് പാടിന്. പക്ഷേ തൊട്ടുനോക്കിയിട്ട് തടിപ്പൊന്നുമില്ല. അതുകൊണ്ട് അത്ര കാര്യമാക്കിയില്ല.
പ്രസവ അവധിയൊക്കെ കഴിഞ്ഞ് കോളജിൽ ജോയിൻ ചെയ്ത് ഒരു ദിവസം കുർബാനയ്ക്ക് നിൽക്കുമ്പോൾ അസഹ്യമായ പുറംവേദന വന്നു. ഉച്ച കഴിഞ്ഞിട്ടും വേദന കുറയാതെ വന്നപ്പോൾ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പോയി. വിശദമായ പരിശോധനയ്ക്കു ശേഷം അവർ എഫ്എൻഎസി ( സൂചി കൊണ്ട് ശരീരകലകളെടുത്തുള്ള പരിശോധന) നിർദേശിച്ചു. റിസൽറ്റ് വന്നപ്പോൾ മാറിടത്തിൽ ഒരു ഫൈബ്രോയ്ഡ് ആണ്. പേടിക്കാനൊന്നുമില്ല എന്നു ഡോക്ടർ ആശ്വസിപ്പിച്ചെങ്കിലും എനിക്ക് സമാധാനമായില്ല. ഒന്നുകൂടി പരിശോധിക്കണമെന്നു തോന്നി. അങ്ങനെ ഡോ. ജിജോ കരിമറ്റത്തിന്റെയടുത്ത് പോയി മാമോഗ്രാം ചെയ്തു. ഹൈലി സസ്പീഷ്യസ് മലിഗ്നൻസി എന്നായിരുന്നു റിപ്പോർട്ട്. ഉടനെ തന്നെ ഞാൻ ചേച്ചിയെ ഫോൺ ചെയ്തു. ചേച്ചിയുടെ നാത്തൂനും ഭർത്താവും ഡോക്ടർമാർ ആണ്. അവർ പറഞ്ഞത് അനുസരിച്ച് കാരിത്താസ് ആശുപത്രിയിൽ പോയി വീണ്ടും എഫ്എൻഎസി ചെയ്തു. റിസൽറ്റ് വന്നപ്പോൾ അർബുദം സ്േറ്റജ് 3 എ ഘട്ടത്തിലാണ്. രണ്ടു സെന്റിമീറ്ററോളം വലുപ്പമുള്ള (ഗ്രേഡ് –2 ) ഒരു മുഴയുണ്ട് സതനത്തിൽ. പക്ഷേ, പുറമേക്ക് തടിപ്പൊന്നും അറിയാനുമില്ല. ഗർഭിണിയായിരുന്ന സമയത്ത് ആരംഭിച്ചതാകണം അസുഖം. ഗർഭസമയത്ത് നമ്മുടെ ശരീരത്തിലെ കോശങ്ങളൊക്കെ അതിവേഗം വളരുമല്ലൊ. അങ്ങനെ 5–6 മാസം കൊണ്ട് 2.5 വർഷത്തെ പഴക്കമുള്ളത്ര മുഴ പോലെ ആയതാകാം.
ആദ്യത്തെ പരിശോധനാഫലം വിശ്വസിച്ച് കഴിഞ്ഞിരുന്നെങ്കിൽ കഷ്ടി രണ്ടു മാസം കൂടിയേ ആയുസ്സുണ്ടാകുമായിരുന്നുള്ളു. മൂത്ത കുഞ്ഞിന് അപ്പോൾ രണ്ടര വയസ്സായതേ ഉള്ളൂ. ഇളയ ആൾക്ക് 5 മാസവും. മൗണ്ട് കാർമൽ കോളജിന് തൊട്ടടുത്ത് തന്നെ സ്ഥലം വാങ്ങി വീടുപണി തുടങ്ങിവച്ചിരുന്നു. പക്ഷേ, അതൊന്നും ചിന്തിച്ച് ആകുലപ്പെടാനുള്ള സമയം ഉണ്ടായിരുന്നില്ല. ഉടൻ തന്നെ ഡോ. വി.പി. ഗംഗാധരന്റെ കീഴിൽ ചികിത്സ ആരംഭിച്ചു. ആദ്യം സർജറി. തുടർന്ന് കീമോ തെറപ്പി. ഭാഗ്യത്തിന് കുട്ടികളെ നോക്കാനും വീട്ടുജോലിക്കുമായി രണ്ടു സ്ത്രീകളെ സഹായത്തിന് കിട്ടി. ഭർത്താവും എന്റെ അമ്മയും ആശുപത്രിയിൽ കൂട്ടായി നിന്നു.
എന്റെ ചികിത്സ തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ ഭർത്താവിന് അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കേണ്ടതായി വന്നു. ഭർത്താവ് പോയ പുറകേ അമ്മയ്ക്ക് പ്രമേഹം മൂർച്ഛിച്ച് കണ്ണിനു കാഴ്ച പോയി. സാധനങ്ങളൊക്കെ അമ്മ മാറ്റിമറിച്ച് വെച്ചുതുടങ്ങിയപ്പോഴാണ് അത് മനസ്സിലായത്. ഉടനെ തന്നെ അമ്മയ്ക്ക് കണ്ണിനു സർജറി ചെയ്ത് റെസ്റ്റിനായി ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് വിട്ടു.
വീട്ടിൽ സഹായികളും രണ്ട് കുഞ്ഞുമക്കളും മാത്രം. എങ്ങനെയാണ് ആ ദിവസങ്ങളെ നേരിട്ടതെന്ന് ഇന്നാലോചിക്കുമ്പോൾ അതിശയം തോന്നും. പക്ഷേ, അന്ന് നല്ല മനക്കരുത്തോടെ എല്ലാം നേരിടാൻ പറ്റി. രോഗത്തെ തോൽപിച്ച് തിരിച്ചുവരുമെന്ന് മനസ്സിനു നല്ല ഉറപ്പുണ്ടായിരുന്നു.
അന്ന് കുമാരനല്ലൂരാണ് വാടകയ്ക്ക് താമസിക്കുന്നത്. രാവിലെ തനിയെ കാറോടിച്ച് കാരിത്താസിൽ പോയി കീമോ എടുക്കും. വൈകുന്നേരം തനിയെ വണ്ടി ഒാടിച്ച് തിരിച്ചുവരും. ഒരുപാട് ക്ഷീണം തോന്നുന്ന ദിവസങ്ങളിൽ മാത്രം തിരിച്ച് കാറെടുക്കാൻ ഒരു ഡ്രൈവറെ വിളിക്കും.
2005 ആഗസ്റ്റിലായിരുന്നു എനിക്ക് രോഗം സ്ഥിരീകരിച്ചത്. സർജറിക്കായി ഒാണാവധിയുടെ കൂടെ അഞ്ചു ദിവസം കൂടി അവധിയെടുത്തു. അന്നത്തെ പ്രിൻസിപ്പൽ സിസ്റ്റർ ഫീനയും സഹപ്രവർത്തകരുമൊക്കെ ഒരുപാട് സപ്പോർട്ട് ചെയ്തിരുന്നു. ‘കീമോയൊക്കെ കഴിഞ്ഞ് വന്നാൽ മതി. സുമ ടീച്ചർ എത്ര വേണമെങ്കിലും ലീവെടുത്തോളൂ’ എന്നാണ് പ്രിൻസിപ്പൽ പറഞ്ഞത്. കീമോ തുടങ്ങിയതോടെ ഛർദിയും തലപെരുപ്പും കാലുവേദനയും ഒക്കെയായി നല്ല ക്ഷീണമുണ്ടായിരുന്നു. പക്ഷേ, കീമോ ചെയ്യുന്ന ദിവസം ഒഴിച്ച് ഒറ്റ ദിവസം പോലും ഞാൻ ലീവെടുത്തില്ല.
ഇളയ ആളെ വീട്ടിൽ സഹായിക്കൊപ്പം നിർത്തും, മൂത്തമകനെ കോളജിൽ പോകുന്ന വഴി ഡേ കെയറിലാക്കും. കോളജിൽ തിയറി ക്ലാസ്സുകളൊക്കെ കുറേ നാളത്തേക്ക് എടുത്തിരുന്നില്ല. എങ്കിലും കുട്ടികളുടെ റേക്കോഡ് വർക്കൊക്കെ നോക്കും. അസുഖമാണെന്ന് അറിഞ്ഞപ്പോഴേ വീടുപണി മുഴുവൻ കരാർ കൊടുത്തിരുന്നു. എങ്കിലും രാവിലത്തെ ഇന്റർവെല്ലിനും ഉച്ചയ്ക്കും വൈകുന്നേരത്തെ ഇന്റർവെൽ സമയത്തും വീടുപണി നോക്കാൻ പോകും. ആ സമയത്ത് ടൈലൊക്കെ സെലക്റ്റ് ചെയ്യാൻ കൊച്ചിവരെ കാറോടിച്ച് പോയിട്ടുണ്ട്. കുട്ടികളെ രണ്ടുപേരെയും ഒരുമിച്ച് വീട്ടിലിരുത്തിയാൽ പ്രയാസമാണ്. അതുകൊണ്ട് റേഡിയേഷന് മൂത്ത മകനെയും കൊണ്ടാണ് പോയിരുന്നത്. അവനെ സ്റ്റാഫിനെ ഏൽപിച്ച് റേഡിയേഷന് കയറും.
നല്ല നീളവും കട്ടിയുമുള്ള മുടിയായിരുന്നു എന്റേത്. കീമോ ചെയ്യുമ്പോൾ മുടി കൊഴിയും എന്നു കേട്ടതു കൊണ്ട് കീമോയ്ക്ക് മുൻപേ മുടി മുറിച്ച് മാറ്റി. ആ മുടി കൊടുത്ത് ഒരു വിഗ്ഗ് ഉണ്ടാക്കിച്ചു. ആ വിഗ്ഗാണ് കീമോതെറപ്പിക്കു ശേഷം മുടി കൊഴിഞ്ഞുപോയപ്പോൾ ഉപയോഗിച്ചത്. കീമോ ചെയ്ത് മുടി പോയ മൂന്നു പേർക്കു കൂടി പിന്നീട് ആ വിഗ്ഗ് ഉപകാരപ്പെട്ടിട്ടുണ്ട്.
2006 ഏപ്രിൽ 22നാണ് റേഡിയേഷൻ തീരുന്നത്. അപ്പോഴേക്കും വീടുപണി പൂർത്തിയായി പുതിയ വീട്ടിൽ താമസമാക്കിയിരുന്നു. രോഗം മാറുന്നതും വീണ്ടും ജീവിതത്തിലേക്ക് നിറങ്ങളെല്ലാം തിരികെ വരുന്നതും ഞാൻ ചികിത്സയുടെ സമയത്ത് സ്വപ്നം കണ്ടിരുന്നു. അതുകൊണ്ടാകാം രോഗം തെല്ലും തളർത്താതിരുന്നത്. രോഗം മാറിയശേഷം കൂടുതൽ ആക്ടീവായി. 2008 മുതലേ ഇന്റർ യൂണിവേഴ്സിറ്റി ബാസ്കറ്റ്ബോൾ ചാംപ്യൻ ഷിപ്പുകൾക്കായി ടീം മാനേജരായി മദ്രാസിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലുമൊക്കെ പോയി.
2015ൽ കോട്ടയത്ത് നടന്ന ആദ്യ വെറ്ററൻസ് ടൂർണമെന്റിൽ വിജയിച്ചത് വലിയ നേട്ടങ്ങളിലേക്കുള്ള ആദ്യ ചുവട് വയ്പായിരുന്നു. 2018ൽ മലേഷ്യയിലെ പെനാംഗിൽ 40 വയസ്സിനു മുകളിലുള്ളവർക്കു വേണ്ടി നടത്തിയ ഏഷ്യ പസഫിക് മാസ്േറ്റഴ്സ് ഗെയിമിൽ ഹംഗറിയുമായി ഏറ്റുമുട്ടി ഞങ്ങളുടെ ടീം സിൽവർ മെഡൽ നേടി. അന്ന് ആ ടീമിൽ കേരളത്തിൽ നിന്നുള്ള ഏകയാളായിരുന്നു ഞാൻ. 2019ൽ ഇറ്റലിയിൽ നടന്ന യൂറോപ്യൻ മാസ്േറ്റഴ്സ് ഗെയിംസിൽ സ്വർണമെഡൽ ലഭിച്ചു. പിന്നെയും ഒട്ടേറെ സംസ്ഥാന– രാജ്യാന്തര മത്സരങ്ങൾ വിജയിച്ചു. പിഎച്ച്ഡിക്ക് റജിസ്റ്റർ ചെയ്ത് ഒരാഴ്ച കഴിഞ്ഞായിരുന്നു രോഗം തിരിച്ചറിഞ്ഞത്. അന്ന് ക്യാൻസൽ ചെയ്ത പിഎച്ച്ഡി വർക് വീണ്ടുംതുടങ്ങി 2013–ൽ കംപ്ലീറ്റ് ചെയ്തു. അന്നത്തെ കൈക്കുഞ്ഞുങ്ങൾ മിലനും അലനും ഇപ്പോൾ ഊട്ടിയിലെ ലവ്ഡേൽ സ്കൂളിൽ 10–ാം ക്ലാസ്സിലും പ്ലസ്ടുവിലും പഠിക്കുന്നു.
ടീമിനായി കളിക്കാരെ സെലക്ട് ചെയ്യുന്നത് ഏറെ തലവേദന പിടിച്ച പണിയാണ്. എത്ര സത്യസന്ധമായി ജോലി ചെയ്താലും വിമർശനങ്ങളുണ്ടാകും. എങ്കിലും ഒന്നും ഞാനങ്ങനെ മനസ്സിലേക്കെടുക്കാറില്ല. അർബുദത്തോട് പൊരുതി ജയിച്ച് നേടിയ മനക്കരുത്ത് ഇത്തരം സംഘർഷങ്ങളെ അതിജീവിക്കാൻ തുണയാകുന്നു.
രോഗംവന്ന് ആദ്യത്തെ കുറച്ച് വർഷം കൃത്യമായ ഇടവേളകളിൽ പരിശോധനകൾ ഉണ്ടായിരുന്നു. ഇപ്പോഴും പരിചയത്തിലുള്ള സ്കാനിങ് സെന്ററിൽ പോയി എല്ലാ വർഷവും പതിവു പരിശോധനകൾ ആവർത്തിക്കും. ഇടയ്ക്ക് പുറംവേദനയും നടുവു വേദനയുമൊക്കെ വരുമ്പോൾ മനസ്സ് ഒന്നു പിടയ്ക്കും. പഴയ നോവുകാലത്തിന്റെ സ്മൃതികൾ ഉള്ളിലുണരും. അപ്പോൾ നേരേ കോട്ടയം ക്ലബിൽ പോയി ഒരു മണിക്കൂർ ഷട്ടിൽ കളിക്കും. അല്ലെങ്കിൽ ബാസ്കറ്റ് ബോൾ കളിക്കും. സ്പോർട്സ് വലിയൊരു ആശ്വാസമാണ് പലപ്പോഴും.
അസുഖം വന്ന കാര്യമൊന്നും ആരോടും മറച്ചുവച്ചിട്ടില്ല. ഏതുരോഗവും പോലെ തന്നെയല്ലെ ഇതും. അർബുദമാണെന്നറിഞ്ഞ പലരും ചികിത്സയേക്കുറിച്ച് അറിയാനും മറ്റും കാണാൻ വരാറുണ്ട്. മനസ്സു തകർന്നു വന്നവർ ഒന്നു രണ്ടു മണിക്കൂർ സംസാരിച്ചിരുന്ന് ആശ്വാസത്തോടെ തിരികെ പോകുന്നത് കാണുന്നത് തന്നെ സന്തോഷമാണ്.
ഒരു അനുഗ്രഹം പോലെ തിരികെ കിട്ടിയ ജീവിതത്തെ ഒാരോ നിമിഷവും അർഥപൂർണമാക്കുകയാണ് ഡോ. സുമ. ഇഷ്ടമുള്ളതൊക്കെ ചെയ്ത്, മറ്റുള്ളവരുടെ ജീവിതത്തിൽ തന്നാലാകുന്നതു പോലെ പ്രകാശം നിറച്ച്, ഒാരോ സൂര്യോദയത്തെയും നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കുന്നു അവർ.