Saturday 19 August 2023 10:09 AM IST : By പ്രീതി ആർ നായർ

മഞ്ഞൾ ബാക്ടീരിയ ബാധ അകറ്റും; കപ്പ, ചേന പോലുള്ള കിഴങ്ങുവർഗങ്ങൾ കഴിക്കാം: ഒാഗസ്റ്റിലെ ഭക്ഷണം ഇങ്ങനെ

monthlyfood4455

പണ്ടുകാലം മുതല്‍ക്കു തന്നെ കര്‍ക്കിടകം ആരോഗ്യപരിരക്ഷയുടെ സമയമാണ്. സൂപ്പ്, മരുന്നുകഞ്ഞി എന്നിവ െെവദ്യനിര്‍ദേശപ്രകാരം തയാറാക്കി കഴിക്കാം. ഒരു വര്‍ഷത്തേക്ക് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനുള്ള സമയമാണ് കര്‍ക്കിടകം. ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങിയ ആയുര്‍വേദ ചികിത്സകള്‍ ചെയ്യാം. വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണമാണ് ഇക്കാലത്തു നല്ലത്. ദഹിക്കാന്‍ വളരെ പ്രയാസമുള്ള ഭക്ഷണമാണ് മാംസാഹാരം. ചുവന്ന ഇറച്ചികള്‍ (കാള, പോത്ത്, ആട്ടിറച്ചി, പന്നി) ഇവയുടെ ഉപയോഗം കഴിവതും കുറയ്ക്കണം.

മുട്ട ആഴ്ചയില്‍ രണ്ടോ മൂന്നോ ആയി കുറയ്ക്കണം. കഞ്ഞിയും പയറും മഴക്കാലത്തിന് ഇണങ്ങുന്ന ഭക്ഷണമാണ്. കുരുമുളക്, ചുക്ക്, ഇഞ്ചി, മല്ലി, വെളുത്തുള്ളി തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ മഴക്കാലത്തുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിച്ചുനിര്‍ത്തും. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കാം.

ഒാഗസ്റ്റ്മാസം വിളവെടുപ്പിന്റെ കാലമാണ്. മലയാളികളുടെ പ്രിയപ്പെട്ട ഉത്സവമായ ഒാണം ചിങ്ങമാസത്തിലാണ്. കര്‍ക്കിടവറുതിക്ക് വിടചൊല്ലി ചിങ്ങം പിറന്നുവരുന്നത് പ്രതീക്ഷയിലേക്കാണ്. കൊയ്തെടുത്ത നെല്ലുകൊണ്ടു പത്തായം നിറച്ചിരുന്ന പഴയകാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്കു ചിങ്ങമാസം. നിത്യേനയുള്ള ആഹാരത്തില്‍ ധാരാളം പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം. ഏതു സീസണിലും എല്ലാത്തരം രോഗങ്ങളില്‍ നിന്നും സംരക്ഷിക്കും.

മഞ്ഞള്‍, മഞ്ഞളിലുള്ള കുര്‍ക്കുമിന്‍ ആന്റിബാക്ടീരിയകള്‍, ആന്റിഫംഗസ് ഗുണങ്ങളുള്ളതാണ്. മരച്ചീനി, ചേമ്പ്, കാച്ചില്‍ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ ഉപയോഗിക്കാവുന്ന സമയം കൂടിയാണിത്. ശീതളപാനീയങ്ങള്‍, കോള പാനീയങ്ങള്‍ എന്നിവ ഒഴിവാക്കാം. ശാരീരികവും മാനസികവുമായുണ്ടാകുന്ന പിരിമുറുക്കം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

തയാറാക്കിയത്

പ്രീതി ആർ നായർ

പോഷകാഹാരവിദഗ്ധ, തിരുവനന്തപുരം