രക്തത്തിലെ ചുവന്ന രക്തകോശങ്ങൾ, വെളുത്ത രക്ത കോശങ്ങൾ , പ്ലേറ്റ്ലറ്റുകൾ എന്നിവയുടെ അളവിനെയാണ് പൊതുവെ ബ്ലഡ് കൗണ്ട് എന്നതു കൊണ്ടുദ്ദേശിക്കുന്നത്. പലതരം പനികൾ, അണുബാധ എന്നിവ കാരണം നമ്മുടെ ബ്ലഡ് കൗണ്ട് കുറഞ്ഞു പോകും. ഈ ഘട്ടത്തിൽ ആഹാരത്തിൽ ഏറെ ശ്രദ്ധിക്കണം.
ബ്ലഡ് കൗണ്ട് കുറഞ്ഞുപോകുന്ന അവസ്ഥയിൽ അയൺ, ഫോളിക് ആസിഡ്, വൈറ്റമിൻ ബി12, വൈറ്റമിൻ സി, കോപ്പർ എന്നിവ അടങ്ങിയ ആഹാരം ദിവസവും കഴിക്കണം. ചുവന്ന രക്താണുക്കൾ കുറഞ്ഞാൽ ഇരുമ്പ് അടങ്ങിയ ആഹാരം കഴിക്കാം. പയർ വർഗങ്ങൾ, മുട്ട, ഉണങ്ങിയ പഴങ്ങൾ (ഈന്തപ്പഴം, ഉണക്കമുന്തിരി, ഫിഗ്), എള്ള്, റാഗി, ഇലക്കറികൾ, ശർക്കര, കരിപ്പെട്ടി എന്നിവ ഇരുമ്പിന്റെ ഉറവിടങ്ങളാണ്. ഫോളിക് ആസിഡ് കൂടുതലുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം. പച്ച ഇലക്കറികൾ, മുളപ്പിച്ച പയർ, കടല, പീനട്സ്, അവാക്കാഡോ, ബ്രോക്ക്‌ലി എന്നിവ അസ്ഥിമജ്ജയിൽ ചുവന്ന രക്താണുക്കളുടേയും ശ്വേതരക്താണുക്കളുടേയും ഉൽപാദനത്തിനു സഹായിക്കുന്നു.
വൈറ്റമിൻ ബി12 ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. മുട്ട, പാലുൽപന്നങ്ങൾ, മത്സ്യം, മാംസ വർഗങ്ങൾ എന്നിവ വൈറ്റമിൻ ബി12 പ്രദാനം ചെയ്യുന്നു.
വൈറ്റമിൻ സി ശരീരത്തിലെ ഇരുമ്പിനെ ആഗിരണം ചെയ്ത് ബ്ലഡ് കൗണ്ട് ക്രമപ്പെടുത്താൻ സഹായിക്കും. ഓറഞ്ച്, നാരകവർഗത്തിൽപ്പെട്ട പഴങ്ങൾ, തക്കാളി, മുന്തിരി, മാതളം എന്നിവയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി, കെ, ബി തുടങ്ങിയ നിരവധി പോഷകങ്ങളടങ്ങിയ ഉത്തമഫലമാണ് മാതളം. ബീറ്റ്റൂട്ട്, മാതളം എന്നിവ സംയോജിപ്പിച്ച് ജൂസ് ദിവസേന കഴിക്കുന്നത് ബ്ലഡ് കൗണ്ട് കൂട്ടാൻ സഹായിക്കും. ചെറുചണം, മത്തങ്ങ വിത്ത്, ചിയ തുടങ്ങിയ വിത്തുകളിൽ മഗ്നീഷ്യം, ഇരുമ്പ്, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ ഉണ്ട്. ഇത് ബ്ലഡ് കൗണ്ട് കൂട്ടുന്നു.
കോപ്പർ ശരീരത്തിലെ ഇരുമ്പിനെ ആഗിരണം ചെയ്യാൻ ചുവന്ന രക്താണുക്കളെ സഹായിക്കുന്നു. കക്കയിറച്ചി, ഞണ്ട്, കൊഞ്ച്, കണവ, മത്സ്യങ്ങൾ എന്നിവയിൽ കോപ്പർ ധാരാളമായി അടങ്ങിയിട്ടുണ്ട്.
തയാറാക്കിയത്
പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ്
എസ് യു റ്റി ഹോസ്പിറ്റൽ, പട്ടം