Friday 31 December 2021 04:37 PM IST

‘ഒരേ സിനിമയിൽ തന്നെ രണ്ടും മൂന്നും റേപ്പ് സീനുകൾക്ക് ഡബ്ബിങ്’: തൊണ്ടപൊട്ടി ചോര വന്ന അനുഭവം: ഭാഗ്യലക്ഷ്മി പറയുന്നു

Asha Thomas

Senior Sub Editor, Manorama Arogyam

bhagya-lak

മലയാളസിനിമയിലെ നായികാ ശബ്ദമാണ് ഭാഗ്യലക്ഷ്മി. എത്രയെത്ര സിനിമകളിലൂടെ ചിരിയും കരച്ചിലും കൊഞ്ചലും പരിഭവം പറച്ചിലുമായി കേൾക്കാൻ ഇമ്പമുള്ള ആ ശബ്ദം മലയാളിമനസ്സിൽ നിറഞ്ഞു. നായികമാർ മാറി മാറി വന്നപ്പോഴും മാറാത്ത പട്ടുപോലെ മൃദുവായ ആ ശബ്ദവുമായി ഒാരോ പ്രേക്ഷകനും പ്രണയത്തിലായി... മായികമായ സ്വരം കൊണ്ട് വേഷപ്പകർച്ചകൾക്ക് ചൈതന്യമേകുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ സ്വരമാധുര്യത്തിന്റെ രഹസ്യമറിയാം.

ചൂടുവെള്ളം കുടിച്ച്

‘‘പണ്ട്, ഒരു വർഷത്തിൽ നൂറിലധികം സിനിമ ചെയ്തിരുന്ന സമയത്ത് ശബ്ദത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അന്നൊക്കെ ശബ്ദത്തിനു വേണ്ടി ആരെന്തു പറഞ്ഞാലും ഞാൻ ചെയ്യുമായിരുന്നു. പുളിച്ച തൈര്, പുളിശ്ശേരി... അങ്ങനെ പുളിയുള്ള ഭക്ഷണം എല്ലാം ഒഴിവാക്കും. എണ്ണ തൊണ്ടയിൽ ഉണ്ടെങ്കിൽ ശബ്ദത്തിന് ഒരു കരകരപ്പ് വരും. അതുകൊണ്ട് എണ്ണമയം അധികമുള്ള ഭക്ഷണങ്ങൾ, എണ്ണയിൽ വറുത്തത് എന്നിവയൊന്നും കഴിച്ചിരുന്നില്ല. തണുത്തത് തീരെ കഴിച്ചിരുന്നില്ല. ഐസ്ക്രീം, ഐസ് വാട്ടർ...ഒന്നും കഴിക്കാറില്ലായിരുന്നു.

കുറേനേരം ഡബ്ബ് ചെയ്യുമ്പോൾ തൊണ്ട വരണ്ടുപോകും. അപ്പോൾ ശബ്ദത്തിനും വ്യത്യാസം വരും. അതുകൊണ്ട് ഡബ്ബ് ചെയ്യുന്ന സമയത്ത് ചെറുചൂടു വെള്ളം കുറേശ്ശേ കുടിച്ചുകൊണ്ടേയിരിക്കും. തൊണ്ട എപ്പോഴും ഫ്രഷായിരിക്കാൻ ഇതു നല്ലതാണ്. പുറമേനിന്നുള്ള വെള്ളമൊന്നും കുടിക്കില്ല. ഡബ്ബിങ്ങിന് പോകുമ്പോൾ വീട്ടിൽ നിന്ന് ജീരകവെള്ളം തിളപ്പിച്ചത് ഫ്ലാസ്ക്കിൽ കരുതും. പണ്ട് പാല് കുടിക്കില്ലായിരുന്നു. പാല് തൊണ്ടയ്ക്കു നല്ലതല്ല എന്നായിരുന്നു വിചാരം. ഇപ്പോഴും ചായയും കാപ്പിയും കുടിക്കാറില്ല.

വിൻസന്റ് മാഷിന്റെ ടിപ്സ്

എന്റേത് ഒരു അടഞ്ഞ ശബ്ദമായിരുന്നു, പണ്ട്. സ്വരം ശുദ്ധമായി വയ്ക്കുന്ന കാര്യത്തിൽ ചില പൊടിക്കൈകൾ പറഞ്ഞു തന്നത് സംവിധായകൻ വിൻസന്റ് മാഷാണ്. രാത്രി കിടക്കുന്ന സമയത്ത് ഒരൽപം വെള്ളം ചേർത്തു നേർപ്പിച്ച പാലിൽ ഒരു സ്പൂൺ മഞ്ഞൾപ്പൊടിയും ഇത്തിരി കുരുമുളകും ചേർത്ത് കുടിക്കാൻ മാഷ് പറഞ്ഞുതന്നു. അങ്ങനെ കുറേനാൾ കുടിച്ചപ്പോൾ ശബ്ദം കുറച്ചുകൂടി തെളിഞ്ഞു.ഡബ്ബിങ് കഴിഞ്ഞു വീട്ടിൽ വന്നാൽ പതിവായി ഗാർഗിൾ ചെയ്യും. വീട്ടിലാണെങ്കിലും കുറച്ചേ സംസാരിക്കുമായിരുന്നുള്ളു അന്നൊക്കെ. ഇപ്പോഴാണ് ധാരാളം സംസാരിക്കുന്നത്.

വ്യായാമങ്ങൾ

വോയിസ് യൂസേഴ്സിന് ഒരു ക്ലബ് ഉണ്ട് തിരുവനന്തപുരത്ത്. വോയിസ് ഫൗണ്ടേഷൻ എന്നാണ് പേര്. പ്രമുഖ ഇഎൻടി വിദഗ്ധനായ ഡോ. ജയകുമാർ ആണ് അതിന്റെ ചെയർമാൻ. അവിടെ വോയിസിനുള്ള കുറേ എക്സർസൈസ് പറഞ്ഞുതരും. ബ്രീതിങ് എക്സർസൈസ്, മെഴുകുതിരി കത്തിച്ചുവച്ച് അത് അണയാതെ ഊതിക്കൊണ്ടേയിരിക്കുക പോലുള്ളവ.

വളരെ ഭംഗിയായി ആരോഗ്യം ശ്രദ്ധിക്കുന്നയാളാണ് ഞാൻ. എല്ലാ വർഷവും ആയുർവേദ ചികിത്സയ്ക്കു പോവാറുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിക്കും. ചോക്ലേറ്റ് പോലുള്ള മധുരം ഇഷ്ടമല്ല.ഡബ്ബിങ് എന്നു പറഞ്ഞാൽ വോയിസിൽ നമുക്കൊരു നിയന്ത്രണവും വയ്ക്കാൻ പറ്റില്ല. അലറി വിളിക്കേണ്ടിടത്ത് അലറി വിളിക്കണം, പൊട്ടിക്കരയേണ്ടിടത്ത് പൊട്ടിക്കരയണം.

പണ്ട് റേപ്പിങ് സീൻ മസ്റ്റ് ആയിരുന്നല്ലോ...ചിലപ്പോൾ ഒരേ സിനിമയിൽ തന്നെ രണ്ടും മൂന്നും റേപ്പിങ് സീനൊക്കെ ഡബ്ബ് ചെയ്യാൻ കാണും. ‘എന്നെ വിടൂ...’ എന്നൊക്കെ അലറി വിളിച്ച് ശബ്ദം മുഴുവൻ പോകും... തൊണ്ട പൊട്ടി ചോര വരെ വന്നിട്ടുണ്ട്. ഉള്ള ശക്തി മുഴുവനെടുത്ത് അലറി വിളിക്കുമ്പോൾ ഭയങ്കരമായി തലചുറ്റും.

എന്റെ അഭിപ്രായത്തിൽ മോശം ശബ്ദം എന്ന ഒന്നില്ല. ശബ്ദം എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് അതിന്റെ ഭംഗി ഇരിക്കുന്നത്. മനോഹരമായ ശബ്ദം ഉണ്ടായിട്ട് സംസാരിക്കുന്ന രീതി ശരിയല്ലെങ്കിൽ ആളുകൾ വെറുത്തുപോകില്ലേ?’’