Saturday 08 June 2024 05:43 PM IST

കാപ്പി കുടിച്ചാല്‍ ബിപി കൂടുമോ?ഹാപ്പിയായാല്‍ ബിപി കുറയുമോ?

Asha Thomas

Senior Sub Editor, Manorama Arogyam

bpkappi4324

ബിപിയും ഹാപ്പിയും കാപ്പിയും തമ്മിലെന്താണു ബന്ധം എന്ന് അമ്പരക്കേണ്ട. കാപ്പിയുമായും ഹാപ്പിയുമായും (ഹാപ്പിനസ്) മാത്രമല്ല നിത്യജീവിതത്തിലെ ഒട്ടേറെ കാര്യങ്ങളുമായി ഇഴചേർന്നു കിട ക്കുകയാണു ബിപി എന്ന രക്തസമ്മർദ അ ളവുകൾ. എന്തൊക്കെയാണ് ആ ഘടകങ്ങളെന്നും അവ ബിപി കൂട്ടുന്നത് എങ്ങനെയെന്നും അവയെ മാനേജ് ചെയ്തു ബിപി എങ്ങനെ വരുതിയിലാക്കാമെന്നും അറിയാം.

കാപ്പിയും ബിപിയും

കാപ്പിയിലെ കഫീൻ ആണു ദോഷകരം. കഫീൻ അടങ്ങിയ മറ്റു പാനീയങ്ങളും കുറയ്ക്കുക

ബിപി വർധനവിനു കാപ്പി കാരണമാകാറുണ്ട്. കാപ്പിയിലെ കഫീൻ ആണു ദോഷകരം. കഫീൻ അഡ്രിനാലിൻ ഗ്രന്ഥികളെ ഉ ത്തേജിപ്പിച്ചു കൂടുതൽ അഡ്രിനാലിൻ പുറത്തുവിടാൻ പ്രേരിപ്പിക്കുന്നു. തത്ഫലമായി രക്തസമ്മർദം ഉയരാം. ഒരു ദിവസം 350-400 മി.ഗ്രാം വരെ കഫീൻ ശരീരത്തിനു ദോഷകരമല്ല എന്നാണു പഠനങ്ങൾ പറയുന്നത് . ഒരു കപ്പു കാപ്പിയിൽ 60-70 മി.ഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കാപ്പി ദിവസം 4-5 ഗ്ലാസ്സിൽ താഴെ കുടിച്ചാൽ പ്രശ്നമില്ല.

കാപ്പിയിൽ മാത്രമല്ല കോള, എനർജി ഡ്രിങ്ക്സ് പോലുള്ള പാനീയങ്ങളിലും ചോക്‌ ലറ്റിലുമൊക്കെ കഫീൻ ഉണ്ട്. ന്യൂട്രീഷൻ ലേബൽ നോക്കിയാൽ ഒാരോന്നിലുമുള്ള കഫീൻ അളവ് അറിയാൻ സാധിക്കും.

സ്ട്രെസ്സിൽ നിന്നും രക്ഷപ്പെടാൻ കാപ്പി കുടിക്കുന്നവരുണ്ട്. ഇങ്ങനെ രണ്ട് ആപത് ഘടകങ്ങൾ ചേരുമ്പോൾ ബിപി അമിതമാകാനുള്ള സാധ്യത കൂടുതലാണ്.

ഹാപ്പി അല്ലെങ്കിൽ

ടെൻഷൻ മാത്രമല്ല ടെൻഷനെ നേരിടാൻ സ്വീകരിക്കുന്ന ശീലങ്ങളും അപകടകരം

ടെൻഷൻ അതിരുകടക്കുമ്പോൾ അടിയന്തര ഹോർമോണുകളായ അഡ്രിനാലിനും മറ്റും രക്തത്തിലേക്ക് ഇരച്ചെത്തുന്നു. അതോടെ ഹൃദയമിടിപ്പു കൂടുന്നു, ശ്വാസഗതി വർധിക്കുന്നു, രക്തക്കുഴലുകൾ ചെറുതായൊന്നു ചുരുങ്ങി പേശികളിലേക്കു കൂടുതൽ രക്തമെത്തിച്ച് അവയെ ശക്തമാക്കുന്നു. ഇതാണ് ഫ്ളൈറ്റ് & ഫൈറ്റ് പ്രതികരണം. തത്ഫലമായി രക്തസമ്മർദം വർധിക്കുന്നു. ടെ ൻഷൻ അകലുന്നതോടെ രക്തസമ്മർദം മുൻപുണ്ടായിരുന്ന നിലയിലെത്തും. പക്ഷേ, ഇടയ്ക്കിടെയുള്ള ഈ ഹോർമോൺ കുത്തൊഴുക്കുകൾ രക്തക്കുഴലുകൾക്കു നാശം വരുത്താം. ചിലപ്പോൾ ഇത്തരം കടുത്ത പിരിമുറുക്കനേരങ്ങൾ പക്ഷാഘാതത്തിനോ ഹൃദയാഘാതത്തിനോ വരെ കാരണമാകാം.

അമിത പിരിമുറുക്കം പോലെ തന്നെ രക്തസമ്മർദവർധനവിനു കാരണമാണു പിരിമുറുക്കത്തെ നേരിടാനായി നാം പിന്തുടരുന്ന ചില ശീലങ്ങൾ. മദ്യത്തിന്റെയും കാപ്പി പോലുള്ള കഫീൻ പാനീയങ്ങളുടെയും അമിത ഉപയോഗം, ടെൻഷൻ അകറ്റാനായി അനാരോഗ്യകരമായോ അമിതമായോ ഭക്ഷണം കഴിക്കുക (Emotional eating) എന്നിവ ഉദാഹരണം.

അതുകൊണ്ടു പിരിമുറുക്കം ഉളവാക്കുന്ന സാഹചര്യങ്ങൾ കുറയ്ക്കുന്നതിനൊപ്പം പിരിമുറുക്കത്തെ ആരോഗ്യകരമായി നേരിടാനും ശ്രദ്ധിക്കണം. പതിവായി യോഗയോ മെഡിറ്റേഷനോ വ്യായാമമോ ദീർഘശ്വസന വ്യായാമങ്ങളോ ചെയ്യുന്നവരിൽ പിരിമുറുക്കത്തോട് അമിതപ്രതികരണം ഉണ്ടാവുകയില്ല.

വിവരങ്ങൾക്കു കടപ്പാട്

ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ

എമരിറ്റസ് പ്രഫസർ ഒാഫ് കാർഡിയോളജി,

പുഷ്പഗിരി ഹോസ്പിറ്റൽ, തിരുവല്ല

Tags:
  • Manorama Arogyam