Saturday 11 September 2021 01:00 PM IST

‘ഗർഭാശയ മുഴകൾ മുതൽ കരൾ കാൻസർ വരെ, ആയൂർവേദത്തിന്റെ കരുത്തിൽ സൗഖ്യം: ഡോ. മനോജ്കുമാർ പറയുന്നു പരിഹാരം

Asha Thomas

Senior Sub Editor, Manorama Arogyam

ayur-veda-cancer

മഹാവ്യാധിയായ അർബുദത്തിന് ആയുർവേദരീതികളിലൂടെ സൗഖ്യം നൽകാൻ ശ്രമിക്കുകയാണ് പെരിന്തൽമണ്ണ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ ബ്രയിൻ ട്യൂമർ യൂണിറ്റ് ചാർജ്, ചീഫ് മെഡിക്കൽ ഒാഫിസർ ഡോ. മനോജ്കുമാർ. സമാന്തരചികിത്സകൾക്ക് അർബുദത്തിൽ എന്തു പ്രസക്തി എന്നു ചോദിക്കുന്നവരോട് തന്റെ ചെറിയ അനുഭവപരിസരത്തു നിന്നും നോക്കുമ്പോൾ പോലും വലിയ പ്രസ്കതി ഉണ്ട് എന്നു ഡോക്ടർ പറയുന്നു. തന്റെ മുൻപിൽ എത്തുന്ന രോഗിയെ ചികിത്സിക്കുക മാത്രമല്ല അതു രേഖപ്പെടുത്തി ഒരു ഗവേഷണത്തിന്റെ തലത്തിലേക്കു കൂടി കൊണ്ടുപോകുന്നുമുണ്ട് ഡോക്ടർ.

2001 മുതലാണ് ഡോക്ടർ അർബുദ ചികിത്സ ആരംഭിക്കുന്നത്. ആദ്യസമയത്ത് ഗർഭാശയ മുഴകൾ, ബ്രെയിൻ ട്യൂമർ എന്നിവയൊക്കെയാണ് നോക്കിയിരുന്നത്. പതിയെ അർബുദരോഗികളും എത്തിത്തുടങ്ങി. മൾട്ടിപ്പിൾ മയലോമ, ക്രോണിക് മയലോയ്ഡ് ലുക്കീമിയ, ദീർഘകാലമായുള്ള രക്താർബുദം , ലിംഫോമ, പലതരം കരൾ കാൻസർ, മൂത്രാശയ കാൻസർ, ഗർഭപാത്ര സംബന്ധിയായ കാൻസർ, അസ്ട്രാസൈറ്റോമ പോലുള്ള ശക്തിയേറിയ തലച്ചോറിലെ കാൻസർ എന്നിവയിലൊക്കെ ആയുർവേദ ചികിത്സ കൊണ്ട് പലർക്കും കാര്യമായ വ്യത്യാസമുള്ളതായി കണ്ടു. സാധാരണഗതിയിൽ ആയുർവേദത്തിൽ എത്തുന്നത് രോഗം വഷളായിക്കഴിഞ്ഞിട്ടാകും. എന്നിട്ടും നല്ല ഫലം ലഭിക്കുന്നുണ്ട് എന്നു ഡോക്ടർ പറയുന്നു. കരൾ കാൻസർ ചികിത്സിച്ചു സുഖമാക്കിയതിന്റെ ഒരു കേസ് റിപ്പോർട്ട് ജർമനിയിലെ ബ്രിസ്റ്റനിൽ നടന്ന് അന്താരാഷ്ട്ര ആയുർവേദ റിസർച്ച് സെമിനാറിൽ (2015) അവതരിപ്പിച്ചിട്ടുണ്ട്.

പ്രതിരോധശേഷിയിലെ തകരാറുകൾ

ത്രിദോഷ സിദ്ധാന്തമാണ് ആയുർവേദത്തിന്റെ അടിസ്ഥാനം. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം. ഇവയിലുണ്ടാകുന്ന അസന്തുലിതാവസ്ഥ ആണ് രോഗം. കാൻസർ പോലെയുള്ള രോഗങ്ങളിൽ മൂന്നുദോഷങ്ങളുടെയും ദുഷ്ടി സംഭവിക്കുന്നു. അതുകൊണ്ടുതന്നെ ചികിത്സിച്ചു ഭേദമാക്കാനും പ്രയാസമാണ്. രോഗത്തിന്റെയും രോഗിയുടെയും വിവിധ അവസ്ഥകളെ സൂക്‌ഷ്മമായി പഠിച്ചുകൊണ്ട്, ത്രിദോഷങ്ങളുടെ ദുഷ്ടി, രോഗത്തിന്റെയും രോഗിയുടെയും ബലം, കാലാവസ്ഥ, പ്രകൃതി, പ്രായം,ആഹാരം, ജീവിതരീതികൾ എന്നിങ്ങനെ നിരവധി ഘടകങ്ങളെ സൂക്ഷ്മമമായി പഠിച്ചുവേണം ചികിത്സാക്രമം നിശ്ചയിക്കുവാൻ.

ആയുർവേദത്തിന്റെ സങ്കൽപം തന്നെ ശരീരമാണ് രോഗത്തെ മാറ്റുന്നത്, അല്ലാതെ മരുന്നുകളല്ല എന്നാണ്. രോഗം ഒരു ഊർജസ്വഭാവത്തോടു കൂടിയതാണ്. അത് ശരീരത്തിലെ പ്രതിരോധശേഷിയിൽ വരുത്തിയ മാറ്റങ്ങളെ തിരിച്ചറിഞ്ഞ് അതു സ്വയം പരിഹരിക്കാവുന്ന വിധത്തിലേക്ക് ശരീരത്തെ ശക്തിപ്പെടുത്തുകയാണ് ആയുർവേദത്തിൽ ചെയ്യുന്നത്.

ആയുർവേദത്തിലെ സാധ്യതകൾ

അർബുദചികിത്സയിൽ പ്രധാനമായും നാലു തരത്തിലാണ് ആയുർവേദത്തിന്റെ സാധ്യതകൾ. അർബുദം വരാതെ നോക്കുക, രോഗപ്രതിരോധശക്തി ഉത്തേജിപ്പിച്ച് അർബുദകോശങ്ങളെ നശിപ്പിക്കുക, അർബുദം വീണ്ടും വരുന്നതു തടയുക, റേഡിയേഷൻ, കീമോതെറപ്പി പോലുള്ള ചികിത്സകളുടെ പാർശ്വഫലങ്ങൾ കുറയ്ക്കുക.

ആയുർവേദത്തിൽ അർബുദ ചികിത്സ എന്ന പ്രത്യേകവിഭാഗമായി ചികിത്സ നിർദേശിച്ചിട്ടില്ല. വിവിധ രോഗങ്ങൾക്ക് അടിസ്ഥാന ചികിത്സകൾ പറഞ്ഞിട്ടുള്ളതിൽ നിന്നും രോഗിക്കു വേണ്ടത് ഏകോപിപ്പിച്ച് എടുക്കണം. പുനർപഠനത്തിന് വിധേയമാക്കണം. അതിന് രോഗലക്ഷണങ്ങളും രോഗിയിൽ വരുന്ന മാറ്റങ്ങളും രോഗചരിത്രവും നിരീക്ഷിച്ച് വിശകലനം ചെയ്യണം. ഉദാഹരണത്തിന് ബ്രെയിൻ ട്യൂമറിന്റെ ചികിത്സയെടുക്കാം. ട്യൂമറിന് ആയുർവേദത്തിൽ ഗ്രന്ഥി, അപചി എന്നുള്ള പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനു വേണ്ടിവരുന്ന ചികിത്സകൾ ഉൾച്ചേർക്കുന്നു.

ഇന്ദുകാന്തം കഷായം, മഹാതിക്തകം കഷായം, ദശമൂലകടുത്രയം കഷായം എന്നിങ്ങനെ ആയുർവേദത്തിലെ വളരെ സാധാരണമായ കഷായങ്ങളും ലേഹ്യങ്ങളും നെയ്യും ഭസ്മവുമൊക്കെ തന്നെയാണ് അർബുദചികിത്സയിലും ഉപയോഗിക്കുന്നത്. രോഗത്തിന്റെ ഘട്ടമനുസരിച്ചും രോഗിക്കനുസരിച്ചും അത് വ്യത്യസ്തമാകാം. ചിലപ്പോൾ ഒരേ അർബുദത്തിന് രണ്ടു രോഗികളിൽ രണ്ടുതരം ചികിത്സ വേണ്ടിവരാം. രോഗനിർണയത്തിനും രോഗാവസ്ഥയുടെ തീവ്രത അളക്കുന്നതിനും ചികിത്സയോടുള്ള പ്രതികരണം അളക്കാനുമൊക്കെ ബയോപ്സി, സ്കാനിങ്, ട്യൂമർ മാർക്കർ പരിശോധന, എഫ്എൻഎസി പോലുള്ള ആധുനിക സങ്കേതങ്ങളും ഉപയോഗിക്കുന്നുണ്ട്.

പഥ്യം വേണം

ആയുർവേദചികിത്സയിൽ ഭക്ഷണപഥ്യം പ്രധാനമാണെന്നു ഡോക്ടർ പറയുന്നു. സത്യത്തിൽ അസുഖത്തിനാണ് പഥ്യം, മരുന്നുകൾക്കല്ല. ഉദാഹരണത്തിന് ശ്വാസകോശാർബുദമാണെങ്കിൽ തൈര്, ഉഴുന്ന്, മാംസാഹാരം, മോര് എന്നിവയൊക്കെ ഒഴിവാക്കാൻ പറയും. പൊതുവെ കൃത്രിമ ഭക്ഷണപദാർഥങ്ങൾ, ബേക്കറി ഭക്ഷണം, പായ്ക്കറ്റ് ഭക്ഷണം എന്നിവയൊക്കെ ഒഴിവാക്കാൻ നിർദേശിക്കാറുണ്ട്.

അർബുദം വർധിക്കുന്നതിന് കാരണമുണ്ടെന്നു ഡോക്ടർ പറയുന്നു. പലതരം വിഷാംശം ഉള്ളിലെത്തുന്നത് ഒഴിവാക്കണം. വിഷം ചേരാത്ത ഭക്ഷണസാധനങ്ങൾ ഉപയോഗിക്കുക, കറിപൗഡറുകളൊക്കെ വീട്ടിൽ പൊടിച്ചുണ്ടാക്കുക, മൺപാത്രങ്ങളിൽ പാചകം ചെയ്യുക. സ്ട്രെസ്സ് കുറയ്ക്കുക, നല്ല ഉറക്കം ലഭിക്കുക, കഴിയുന്നത്ര മലിനീകാരികളിൽ നിന്ന് അകന്നുനിൽക്കുക എന്നിവയും അർബുദപ്രതിരോധത്തിന് പ്രധാനമാണ്.

ആശുപത്രി ഫോൺ : 9447242673

മെയിൽ: drmanojareekkat@gmail.com