Monday 04 December 2023 12:38 PM IST : By സ്വന്തം ലേഖകൻ

‘കൂടിയ താപനിലയിൽ മാംസം പൊരിക്കലും, പഴകിയ എണ്ണയും’; ഫാസ്റ്റ് ഫുഡ് പ്രേമികൾ പേടിക്കണം കാൻസറിനെ

night-food

അർബുദം എന്ന കാൻസർ. ഒരു ഉൾഭയത്തോടെയാണ് നാം ഈ രോഗത്തെക്കുറിച്ച് സംസാരിക്കുന്നത്. ഏതു നിമിഷവും ജീവിതത്തിലേക്കു കയറി വരാവുന്ന ഈ മാരകരോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്നു ചിന്തിക്കുകയാണിപ്പോൾ വേണ്ടത്. ഇന്ത്യയിൽ ഒരു വർഷം പുതിയതായി കാൻസറിന്റെ പിടിയിലമരുന്നത് 12 ലക്ഷത്തോളം പേരാണ്. ഇപ്പോഴത്തെ കാൻസർനിരക്കും ജനസംഖ്യാവർധനവും കണക്കിലെടുത്താൽ 2040 ആകുമ്പോൾ ഇത് ഇരട്ടിയാകാം. ഇതിൽ തന്നെ 30 മുതൽ 50 ശതമാനം വരെ കാൻസറുകളും തടയാൻ പറ്റുന്നവയാണ്. രോഗവിമുക്തി നേടാനുള്ള സാധ്യത മുൻപുള്ളതിനേക്കാൾ വളരെ കൂടിയെങ്കിലും ചികിത്സാചെലവും അതുപോലെ കൂടുകയുണ്ടായി. ഇന്ത്യയെപ്പോലെ കുറഞ്ഞ - മധ്യസാമ്പത്തിക നിലയിലുള്ള രാഷ്ട്രങ്ങളിൽ കാൻസർ തടയുകയാണ് ഏറ്റവും ഫലപ്രദമായ രീതി. കാൻസറിനെ പ്രതിരോധിക്കാനൊരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളറിയാം.

∙പുകയില ഉപയോഗം

ഏതുതരം പുകയില ഉപയോഗവും കാൻസറിനു കാരണമാകാം. ഏകദേശം 16 തരം കാൻസറുകൾ പുകയില ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. പുകവലിക്കുന്നവർക്കു മാത്രമല്ല, പുകവലിക്കാർ പുറത്തുവിടുന്ന പുക ശ്വസിക്കുന്നവർക്കും (2nd hand smoke) അത്ര തന്നെ അപകടം ഉണ്ട്. പുകയിൽ നിന്ന് വരുന്ന രാസവസ്തുക്കൾ അന്തരീക്ഷത്തിലും അതുപോലെ തുണിയിലോ ഗൃഹോപകരണങ്ങളുടെ പ്രതലങ്ങളിലോ ഒട്ടിപ്പിടിച്ചിരിക്കാം (3rd hand smoke) അതുമായി സമ്പർക്കത്തിൽ വരുന്ന ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. എല്ലാത്തരം പുകയില ഉപയോഗവും ഒഴിവാക്കുന്നതാണ് അഭികാമ്യം.

∙ മദ്യപാനം

വായ, സ്വനപേടകം, കരൾ, സ്തനം, വൻകുടലിലെ കാൻസർ എന്നിവ മദ്യപാനവുമായി ബന്ധപ്പെട്ടിരികുന്നു. ആൽക്കഹോൾ അടങ്ങിയ എല്ലാ പാനീയങ്ങളും കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. അതി നാൽ മദ്യപാനം പൂർണമായും ഒഴിവാക്കുന്നതാണു നല്ലത്.

∙ ആഹാരം

മൂന്നിലൊന്നു കാൻസറുകളും ആഹാരരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യ പ്രദമായ ഭക്ഷണക്രമം പാലിക്കാൻ ശ്രദ്ധിക്കണം. 1. ധാരാളം വൈറ്റമിനുകളും ധാതുലവണങ്ങളും മറ്റു പോഷകഘടകങ്ങളും അടങ്ങിയവ കഴിക്കാം. 2. ഉൗർജ സാന്ദ്രത കൂടിയ ഭക്ഷണങ്ങൾ (Fast food, Soft drinks) കുറയ്ക്കുക. അല്ലെങ്കിൽ കഴിക്കാതിരിക്കുക. 3. പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക. 4. നാരിന്റെ അംശം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക. 5. ചുവന്ന മാംസം ( Pork, beef, mutton) ഒഴിവാക്കുക. സംസ്‌കരിച്ച മാംസവും (bacon, Sausage, hot dog) പൂർണമായി ഒഴിവാക്കുന്നതാണ് നല്ലത്. 6. സംസ്കരിച്ച ധാന്യങ്ങൾക്കു (refined grains) പകരം കൂടുതലായി മുഴു ധാന്യങ്ങൾ ഉപയോഗിക്കുക.

7. കൂടിയ താപനിലയിൽ മാംസം പൊരിക്കുന്നതും ഉപയോഗിച്ച എ ണ്ണ വീണ്ടും ഉപയോഗിക്കുന്നതും നല്ലതല്ല. ഇതിലെ പോളി സൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാർബണുകൾ (poly cyclic aromatic hydrocarbons), ഹെറ്ററോ സൈക്ലിക് അരോമാറ്റിക് അമീനുകൾ ‌(hetero cyclic aromatic amines) എന്നിവ കാൻസർ ഉണ്ടാക്കാം. 8. ആവശ്യത്തിനു കാൽസ്യം, വൈറ്റമിൻ ഡി എന്നിവ കഴിക്കുക. ഉപ്പിന്റെ ഉപയോഗം ദിവസേന 5ഗ്രാമിൽ കൂടരുത്.

∙അമിതവണ്ണം

അമിതവണ്ണം ഏകദേശം 13 തരം കാൻസറുകൾക്കു കാരണമാണ്. കഴിയുന്നത്രയും മെലിഞ്ഞിരിക്കുന്നതാണ് നല്ലത്. അവനവന് അനുയോജ്യമായ ബോഡി മാസ് ഇൻഡക്‌സ് നിലനിർത്താൻ ശ്രദ്ധിക്കുക.

∙ വ്യായാമം

മുതിർന്നവർ ആഴ്ചയിൽ 2.5 മണിക്കൂറെങ്കിലും മിതമായ വ്യായാമം (നടത്തം, യോഗ, പന്തുകളി, സൈക്ലിങ്) അല്ലെങ്കിൽ 75 മിനിറ്റു കഠിനവ്യായാമം (ഉദാ: ഓട്ടം, നീന്തൽ, ഡാൻസ്, ആയോധനമുറകൾ) ചെയ്യണം. കുട്ടികൾ ദിവസേന ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം.

ഏഴു ശതമാനത്തോളം ശ്വാസകോശ കാൻസറുകളും അന്തരീക്ഷമലിനീകരണവുമായി ബന്ധപ്പെട്ടവയാണ്. ആസ്ബസ്റ്റോസ്, സിലിക്ക എന്നിവ ശ്വാസകോശ കാൻസറിനും ബെൻസീൻ രക്‌താർബുദത്തിനും കാരണമാകാം. അത്തരം ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ മുൻകരുതലുകൾ എടുക്കുക.

∙ വികിരണം

അന്തരീക്ഷത്തിൽ നിന്നോ മറ്റുതരത്തിലോ ലഭിക്കുന്ന റേഡിയേഷൻ പലതരം കാൻസറുകൾക്ക് (ഉദാ: രക്താർബുദം ) കാരണമാകാം. അൾട്രാവയലറ്റ് രശ്‌മികൾ തൊലിയിലുണ്ടാകുന്ന കാൻസറിന് ( മെലനോമ) കാരണമാകുന്നു. ശക്തമായ സൂര്യരശ്‌മികൾ ഏൽക്കാതിരിക്കുക, കൊടുംവെയിലിൽ ഇറങ്ങുന്നതിന് അരമണിക്കൂർ മുൻപ് സൺസ്ക്രീൻ പുരട്ടുക.

∙പ്രതിരോധ കുത്തിവെപ്പുകൾ

ഏകദേശം 15 ശതമാനം കാൻസറുകൾ പലതരം അണുബാധ കൊണ്ട് ഉണ്ടാകാം ( ഹെലിക്കോബാക്റ്റർ പൈലോറി എന്ന ബാക്ടീരിയ, ഹ്യൂമൻ പാപ്പിലോമാ വൈറസ്, എപ്‌സ്റ്റീൻബാർ വൈറസ്, ഹെപ്പറ്റൈറ്റിസ് വൈറസ്). ഹെപ്പറ്റൈറ്റിസ് ബി വാക്‌സിൻ കരൾ കാൻസറും ഹ്യൂമൻ പാപ്പിലോമാ വൈറസ് (HPV) വാക്‌സിൻ ഗർഭാശയ ഗള കാൻസറും തടയുന്നതിന് സഹായിക്കുന്നു. HPV വാക്‌സിൻ പെൺകുട്ടികളിൽ 9– 14 വയസ്സിനിടയിൽ 2 തവണയായി നൽകാം. ഈ പ്രായത്തിനു മുകളിൽ ഉള്ളവരിൽ (45 വയസ്സ് വരെ ) 3 ഡോസ് മരുന്ന് വേണം. തൊണ്ടയിലെ കാൻസർ തടയുന്നതിന് ആൺകുട്ടികൾക്കും പുരുഷന്മാർക്കും HPV വാക്‌സിൻ നൽകാം.

∙കാൻസർ സ്ക്രീനിങ്

രോഗലക്ഷണങ്ങൾ ഇല്ലാത്ത ഒരാളെ കാൻസർ പരിശോധനയ്ക്കു വിധേയമാക്കുന്നതാണ് കാൻസർ സ്ക്രീനിങ്. ഇത് വളരെ ഫലപ്രദമായത് അഞ്ചുതരം കാൻസറുകൾക്കാണ് - ഗർഭാശയ ഗളകാൻസർ (പാപ് സ്മിയർ പരിശോധന), സ്‌തനാർബുദം (മാമോഗ്രാം) , ശ്വാസകോശ കാൻസർ (ലോ ഡോസ് സിടി സ്കാൻ), വൻകുടലിലെ കാൻസർ (മലത്തിൽ രക്തത്തിന്റെ അംശം ഉണ്ടോ എന്ന് അറിയുന്നതിനുള്ള പരിശോധന; കൊളണോസ്‌കോപ്പി ), വായിലെ കാൻസർ (കണ്ണാടിയിൽ നോക്കിയുള്ള സ്വയം പരിശോധന). ഈ കാൻസറുകളിൽ കോശവ്യതിയാനം സംഭവിച്ചു ശരിക്ക് കാൻസർ ആയി മാറണമെങ്കിൽ വർഷങ്ങൾ എടുക്കും. കാൻസർ ആയി രൂപാന്തരപ്പെടുന്ന ഇടവേളയിൽ കണ്ടെത്തിയാൽ അത് പൂർണമായും തടയാൻ പറ്റും.

∙ രോഗപ്രതിരോധ ശസ്ത്രക്രിയ (Prophylactic surgery)

പാരമ്പര്യമായി സ്തനം, ആമാശയം, വൻകുടൽ, അണ്ഡാശയം, തൈറോയ്‌ഡ് എന്നീ അവയവങ്ങളിൽ കാൻസർ സാധ്യത ഉള്ളവർക്ക് ആ കാൻസറിന് കാരണമായ ജീൻ മ്യൂട്ടേഷൻ ഉണ്ടെങ്കിൽ കാൻസർ സാധ്യത വളരെ കൂടുതൽ ആണ്. ആ അവയവം ശസ്ത്രക്രിയ വഴി നീക്കം ചെയ്യേണ്ടി വരും.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ, കെ പവിത്രൻ:

പ്രഫസർ,
മെഡിക്കൽ ഒാങ്കോളജി &
ഹെമറ്റോളജി
അമൃത ഇൻ‌സ്‌റ്റി‌റ്റ്യൂട്ട് ഒാഫ്
മെഡിക്കൽ സയൻസസ്,  കൊച്ചി