ഡയറ്റ് തിരഞ്ഞെടുക്കുമ്പോൾ
ശരീരഭാരം കുറയ്ക്കാനായി പല തരത്തിലുള്ള ഡയറ്റുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. അവയിൽ ഉൾപ്പെട്ടവയാണ് ലോ കാർബ് ഡയറ്റും ലോ ഫാറ്റ് ഡയറ്റും. ലോ കാർബ് ഡയറ്റും ലോ ഫാറ്റ് ഡയറ്റും രണ്ടു രീതിയിലാണ് ശരീര ഭാരം കുറയ്ക്കുന്നത്. ലോ കാർബ് അഥവാ ലോ കാർബോഹൈഡ്രേറ്റ് ഡയറ്റ് എന്നു പറഞ്ഞാൽ പെട്ടെന്നു അമിതവണ്ണം കുറയ്ക്കാൻ നല്ലതാണ്. കാർബോഹൈഡ്രേറ്റ് അഥവാ അന്നജത്തിന്റെ എൻഡ് പ്രോഡക്റ്റ് ഗ്ലൂക്കോസ് ആണ്. ലോ കാർബ് ഡയറ്റിലൂടെ ശരീരത്തിലെത്തുന്ന ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോൾ ശരീരഭാരവും കുറയും. ഉദാഹരണത്തിന് രണ്ട് നേരം ചോറ് കഴിച്ചിരുന്ന വ്യക്തി അതു ഒരു നേരമാക്കിയാൽ തന്നെ വ്യത്യാസം അനുഭവപ്പെടാം. ശരീരഭാരം കുറയാൻ തുടങ്ങും. പ്രത്യേകിച്ചു അടിവയറിലെ കൊഴുപ്പ് കുറയാൻ തുടങ്ങും.
ട്രൈഗ്ലിസറൈഡ് കൂടാൻ പ്രധാന കാരണം കാർബോഹൈഡ്രേറ്റ് കൂടുതൽ കഴിക്കുന്നതാണ്. കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നതിലൂടെ കൊളസ്ട്രോൾ നിയന്ത്രിക്കാനും സാധിക്കും. ഉപാപചയ പ്രവർത്തനങ്ങളിലെ തകരാറുകൾ പരിഹരിക്കാനും കഴിയും.
ലോ ഫാറ്റ് ഡയറ്റ്:
കൊഴുപ്പ് പൂർണ്ണമായി ഒഴിവാക്കി കൊണ്ടുള്ള ഡയറ്റ് അത്ര നല്ലതല്ല. ചില കൊഴുപ്പുകൾ നമ്മുടെ ശരീരത്തിനു ആവശ്യമാണ്. നമ്മുടെ ശരീരത്തിനു ഒരു അനുപാതമുണ്ട്. ഏകദേശം 45-55 ശതമാനത്തിന് ഇടയിൽ കാർബോഹൈഡ്രേറ്റ് , 15 ശതമാനം പ്രോട്ടീൻ, 30 ശതമാനം കൊഴുപ്പ് എന്നുള്ളതാണ്. ആ 30 ശതമാനം കൊഴുപ്പിൽ നിന്ന് കുറച്ചു കുറയ്ക്കുന്നത് വണ്ണമുള്ളവരുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൊഴുപ്പ് കഴിക്കുന്നുണ്ടെങ്കിൽ അതു ആരോഗ്യകരമായ കൊഴുപ്പ് ആയിരിക്കണം. പൂരിത കൊഴുപ്പ് ഒഴിവാക്കി അപൂരിത കൊഴുപ്പ് കഴിക്കാം.
* കാർബോഹൈഡ്രേറ്റ് രണ്ടു തരത്തിൽ ഉണ്ട്. ഒന്ന് കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്. ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. രണ്ട് സിംപിൾ കാർബോഹൈഡ്രേറ്റ് അഥവാ സിംപിൾ ഷുഗർ. മധുരമടങ്ങിയ പലഹാരങ്ങൾ, പാനീയങ്ങൾ എന്നിവ. ഇതു നമ്മുടെ ശരീരം പെട്ടെന്നു ആഗിരണം ചെയ്യും. അതിനാൽ തന്നെ സിംപിൾ കാർബോഹൈഡ്രേറ്റ് ആണ് നമ്മൾ കുറയ്ക്കേണ്ടത്. മധുരം കൂടുതലടങ്ങിയ വിഭവങ്ങൾ ഒഴിവാക്കുക. എന്നാൽ പഴങ്ങൾ ഉപയോഗിക്കാം.
* കൊഴുപ്പ് എന്നു പറയുമ്പോൾ എണ്ണയുണ്ട് , കൊഴുപ്പുമുണ്ട്. നെയ്യ്, വെളിച്ചെണ്ണ , പാം ഓയിൽ എന്നിവ പൂരിത കൊഴുപ്പുകളാണ്. അപൂരിത കൊഴുപ്പ് രണ്ട് തരമുണ്ട്. അതിൽ ഒമേഗ 3 ഫാറ്റി ആസിഡുകളാണ് ശരീരത്തിന് നല്ലത്. ഇത് മീൻ, സോയ, സ്പിനച്ച്, രാജ്മ പയർ, കടുക്, ഉലുവ എന്നിവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇങ്ങനെയുള്ള ഭക്ഷണം നമ്മുടെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ കൊഴുപ്പ് പൂർണമായും കുറച്ചു കൊണ്ടുള്ള ഡയറ്റ് നല്ലതല്ല. എന്നാൽ ബേക്കറി പലഹാരങ്ങളിലും മറ്റും അടങ്ങിയിട്ടുള്ള ട്രാൻസ് ഫാറ്റ് ഒഴിവാക്കേണ്ടതാണ്.
മുതിർന്ന ഒരു വ്യക്തി പരമാവധി നാല് ടീസ്പൂൺ എണ്ണ മാത്രം ഒരു ദിവസം ഉപയോഗിക്കുക. ജീവിത ശൈലി രോഗമുള്ളവർ വീണ്ടും എണ്ണ അളവ് കുറയ്ക്കേണ്ടി വരും.
* പ്രീഡയബറ്റിസ് അവസ്ഥയിലുള്ളവർക്ക് ജീവിതശൈലീ ക്രമീകരിക്കാൻ സാധിക്കും എന്നതാണ് ലോ കാർബോഹൈഡ്രേറ്റ് ഡയറ്റ് ണ്ട് ഉള്ള മറ്റൊരു ഗുണം. ഇൻസുലിൻ റെസിസ്റ്റൻസ് തടയാൻ ഇത്തരം ഡയറ്റ് സഹായിക്കും.
ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം പ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന ഡയറ്റാണ് നമുക്ക് വേണ്ടത്. അതിനു പോഷക ഘടകങ്ങളും സന്തുലിതമായ അളവിൽ വേണം. അത്തരം ഡയറ്റിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കാം. കാരണം ശാരീരികാധ്വാനം കുറവുള്ള സമയമാണല്ലോ. ആവശ്യത്തിന് കൊഴുപ്പ് വേണം. പച്ചക്കറികളും പഴങ്ങളും കൂടുതൽ അടങ്ങിയ ഡയറ്റാണ് നല്ലത്.
ഏതൊരു ഡയറ്റിനും ഗുണവും ദോഷവുമുണ്ട്. അതിനാൽ തന്നെ ഒരു പ്രത്യേക ഡയറ്റ് തിരഞ്ഞെടുക്കാതെ നമ്മുടെ ശരീരത്തിനു ചേരുന്ന , ആവശ്യമായ ഘടകങ്ങൾ ഉൾപ്പെടുത്തി ഒരു സയറ്റ് ശീലിക്കുന്നതാണ് നല്ലത്.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. അനിതാ മോഹൻ
തിരുവനന്തപുരം