Friday 22 November 2024 04:45 PM IST : By സ്വന്തം ലേഖകൻ

വയോജനങ്ങളില്‍ പുളിച്ചു തികട്ടലും ഗ്യാസും ഉദരപ്രശ്നങ്ങളും പതിവായാല്‍...

digest43544

വാർധക്യത്തിലെത്തിയ ഒരാളോടു സംസാരിക്കുമ്പോൾ അവർ പങ്കുവയ്ക്കുന്ന പരിഭവങ്ങളേറെയും വയറിന്റെ വല്ലായ്മകളെക്കുറിച്ചായിരിക്കും. ചവയ്ക്കുന്നതിനുള്ള ബുദ്ധിമുട്ടും രുചിക്കുറവും ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലാകും മിക്കവരും ആകുലതകൾ പങ്കുവച്ചു തുടങ്ങുന്നത്. എന്നാൽ  അവരെ ഏറെ വലയ്ക്കുന്നത് ഉദരസംബന്ധമായപ്രശ്നങ്ങളും ദഹനപ്രശ്നങ്ങളും ആയിരിക്കും. ഭൂരിഭാഗം വയോജനങ്ങളിലും വാർധക്യസഹജമായ ദഹനപ്രശ്നങ്ങൾ കാണപ്പെടുന്നുണ്ട്. പ്രായം വർധിക്കുന്നതിനനുസരിച്ചു സ്വാഭാവികമായും ശരീരത്തിലെ അവയവങ്ങൾക്ക് അനിവാര്യമായ മാറ്റങ്ങൾ സംഭവിക്കാം. അതു കൊണ്ടു തന്നെ വാർധക്യത്തിലെ ഉദരപ്രശ്നങ്ങളെ കൃത്യമായി അറിയുക യും പരിഹരിക്കുകയും ചെയ്യുക എന്നത് ഏറെ പ്രസക്തമായ വിഷയമാണ്.

നമുക്കു പരിചിതരായ പലരിലും 65 വയസ്സിനു മുൻപു തന്നെ ഉദരപ്രശ്നങ്ങൾ പ്രകടമാകുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ജീവിതചര്യകളിലെ മാറ്റങ്ങൾ, കായികാധ്വാനത്തിന്റെയും ആഹാരനിയന്ത്രണത്തിന്റെയും അഭാവം, അമിതവണ്ണം,  ചിട്ടയായ വ്യായാമത്തിന്റെ അപര്യാപ്തത എന്നിവയെല്ലാം വാർധക്യത്തിൽ ഉദരരോഗങ്ങളെ ക്ഷണിച്ചു വരുത്തും.

ഗ്യാസ്ട്രോ ഈസോഫഗൽ റിഫ്ലക്സ് ഡിസീസ് ( GERD )

വയോജനങ്ങളിൽ വളരെ സാധാരണമായി കാണുന്ന പ്രശ്നമാണ് ഗ്യാസ്ട്രോ ഈസോഫഗൽ റിഫ്ളക്സ് ഡിസീസ്. ദഹനപ്രക്രിയയെ സഹായിക്കുന്ന ആസിഡുകൾ അന്നനാളത്തിലേക്കു തികട്ടി വരുന്നതാണിത്. പുളിച്ചുതികട്ടൽ എന്നാണു വയോ ജനങ്ങൾ ഈ അവസ്ഥയെക്കുറിച്ചു സാധാരണയായി പറയുന്നത്. അ ന്നനാളത്തിൽ നിന്ന് ആമാശയത്തിലേക്കു കടക്കുന്ന ഭാഗത്തായി ലോവർ ഇസോഫഗൽ സ്ഫിങ്‌റ്റർ സ്ഥിതി ചെയ്യുന്നു. ആഹാരം ഉള്ളിലേക്കെത്തിയാൽ സ്വാഭാവികമായി ഈ വാൽവ് അടയും. എന്നാൽ ഇതിന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ ആസിഡുമായി കലർന്ന ആഹാരം തിരികെ അന്നനാളത്തിലേക്കു തികട്ടി വരാം. വയോജനങ്ങളിൽ ഈ ബുദ്ധിമുട്ടു കൂടുതലായി കാണപ്പെടുന്നു. തൽഫലമായി ഒട്ടേറെ സങ്കീർണതകളും കൂടുതലായി ഉണ്ടാകുന്നു.

ലക്ഷണങ്ങൾ ശ്രദ്ധിക്കാം

പുളിച്ചു തികട്ടൽ, നെഞ്ചെരിച്ചിൽ എന്നിവയ്ക്കൊപ്പം ഭാരക്കുറവ്, ഛർദി എന്നീ ലക്ഷണങ്ങൾ പ്രകടമാകാം. രോഗം മൂർച്ഛിക്കുമ്പോൾ രക്തം ഛ ർദിക്കുക, അന്നനാളത്തിന്റെ വ്യാസം കുറഞ്ഞ് ആഹാരം ഇറക്കാൻ കഴിയാത്ത അവസ്ഥ, ശ്വാസകോശ അണുബാധ തുടങ്ങിയ ബുദ്ധിമുട്ടുകൾ പ്രായം കുറഞ്ഞവരേക്കാൾ അധികമായി വയോജനങ്ങളിൽ കാണാം.

പ്രതിരോധിക്കാം

∙കൃത്യസമയത്ത് ആഹാരം കഴിക്കുക. അത്താഴം രാത്രി എട്ടുമണിക്കു മുൻപായി കഴിക്കാം.

∙ലഹരി പാനീയങ്ങൾ/ ശീതളപാനീയങ്ങൾ (ചായ, കാപ്പി, കോള) തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക.

∙രാത്രികാലങ്ങളിൽ രോഗലക്ഷണ

ങ്ങൾ കൂടുതലായി കാണപ്പെടുന്നവർ ക്കു കട്ടിലിന്റെ തലഭാഗം രണ്ട് ഇഷ്ടിക വച്ച് ഉയർത്തി (ഏകദേശം 30% ചരുവിൽ) വയ്ക്കുന്നതു ഗുണം ചെയ്യും.

∙മദ്യപാനവും പുകവലിയും ഒഴിവാക്കുക.

പരിശോധനയും ചികിത്സയും

ജീവിതശൈലിയും ആഹാരശൈലിയും ക്രമീകരിച്ചിട്ടും ബുദ്ധിമുട്ടുകൾ തു ടർന്നാൽ വിദഗ്ധഡോക്ടറെ കണ്ട് എൻഡോസ്കോപ്പി ഉൾപ്പെടെയുള്ള പരിശോധനകൾ ചെയ്യാം. ദഹനേന്ദ്രിയ വ്യവസ്ഥയെ വ്യക്തമായി കാണാൻ ഈ പരിശോധനയിലൂടെ സാധിക്കും. പ്രോട്ടോൺ‌ പമ്പ് ഇൻഹിബിറ്ററുകളാണു സാധാരണയായി മരുന്നുകളായി നിർദേശിക്കുന്നത്.

പെപ്‌റ്റിക് അൾസർ (Peptic Ulcer)

പെപ്റ്റിക് അൾസർ എന്നറിയപ്പെടുന്ന ആമാശയ വ്രണങ്ങൾ വാർധക്യത്തിൽ പൊതുവെ കൂടുതലായാണു കാണപ്പെടുന്നത്. അൾസറിന്റെ വ്യാപനം  പ്രായം വർധിക്കുന്നതനുസരിച്ചു വർധിക്കുന്നു.

ആമാശയത്തിലെ രോഗപ്രതിരോധസംവിധാനത്തിൽ സംഭവിക്കുന്ന ത കരാറുകളാണ് അൾസറിലേക്കു നയിക്കുന്നത്. ആമാശയത്തിൽ കാണപ്പെടുന്ന ഹെലിക്കോ ബാക്‌റ്റർ പൈലോറി എന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന അണുബാധയാണ് അൾസറിന്റെ പ്രധാന കാരണം.അമിതമായ വേദനാസംഹാരി ഉപയോഗം (NSAIDS), പുകവലി എന്നിവയും മറ്റു കാരണങ്ങളായി വിലയിരുത്തുന്നു. വാർധക്യത്തിലെ അൾസറിനെ ഏറെ ശ്രദ്ധിക്കണം എന്നു പറയുന്നതിന് ഏറെ ശ്രദ്ധേയമായ ചില കാരണങ്ങളുണ്ട്. അൾസർ ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കൂടുതലാകുന്നു. ഇതു കാരണം മരണനിരക്കും അധികമായി കാണുന്നു.

ലക്ഷണങ്ങൾ ശ്രദ്ധിക്കാം

അടിവയറിന്റെ മധ്യഭാഗത്തായി പുക യുന്നതു പോലുള്ള വേദന മിക്കവർ ക്കും അനുഭവപ്പെടാം. ദഹനക്കേട്, നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, വയറു നിറഞ്ഞതു പോലെ തോന്നുകവയറു വീർക്കൽ, ഏമ്പക്കം  എന്നിവയും ലക്ഷണങ്ങളാണ്. ആഹാരത്തിന്റെ ഇടവേളകളിലും രാത്രിയിലും വേദന അനുഭവപ്പെടാം. ചില രോഗികളിലെങ്കിലും സാധാരണ രോഗലക്ഷണങ്ങളായ വയറുവേദന, കമ്പനം, ഓക്കാനം, ഛർദി തുടങ്ങിയവ പ്രകടമാകാതെയും വരാറുണ്ട്. അങ്ങനെ രോഗം ശ്രദ്ധിക്കപ്പെടാതിരിക്കാനും സാധ്യതയുണ്ട്. ഈ രോഗികളിൽ രക്തം ഛർദിക്കുക, കുടൽ/ആമാശയ ഭിത്തി പൊട്ടുക എന്നീ സങ്കീർണതകൾക്കു സാധ്യത കൂടുതലാകാം.

പ്രതിരോധിക്കാം

∙വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ, മസാല കൂടുതൽ ചേർന്ന കറികൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

∙ മദ്യപാനവും പുകവലിയും പൂർണമായും ഒഴിവാക്കുക.

∙ ഡോക്ടറുടെ നിർദേശം കൂടാതെ അമിതമായ വേദനാസംഹാരി ഉപയോഗം ഒഴിവാക്കുക.

പരിശോധനയും ചികിത്സയും

ഡോക്ടറുടെ നിർദേശപ്രകാരം എൻഡോസ്കോപ്പി പരിശോധന ചെയ്യാം. അതേസമയം അൾസറിന്റെ ഭാഗമായി കുടലും ആമാശയഭിത്തിയും പൊ ട്ടുന്ന സ്ഥിതി വന്നാൽ രോഗികൾക്കു ത്രീവ്രപരിചരണം (ICU Care) വേണ്ടി വരും. ചിലരിൽ രക്തസമ്മർദം കുറയുന്ന അവസ്ഥയും (Hypotension) ഉണ്ടാകാം. പരിശോധനയിലൂടെ എച്ച് .പൈലോറി അണുബാധ ഉണ്ടെന്നു കണ്ടെത്തിയാൽ ബാക്ടീരിയയെ നിർവീര്യമാക്കുന്നതിനുള്ള ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ടി വരും.അപൂർവമായി ചിലർക്കെങ്കിലും എച്ച്. പൈലോറി അ ണുബാധ കാരണം ആമാശയ അർബുദവും ഉണ്ടാകാം. ഡോക്ടർ നിർദേശിക്കുന്ന പരിശോധനകളും ചികിത്സയും വളരെ പ്രധാനമാണ്.

പോഷകാഗിരണവൈകല്യം (Mal absorption)

ചെറുകുടലിൽ കൂടിയുള്ള പോഷകങ്ങളുടെ ആഗിരണം തടസ്സപ്പെടുന്ന അവസ്ഥയാണു പോഷകാഗിരണവൈകല്യം  (Mal Absorption) എന്നറിയപ്പെടുന്നത്.  ഈ പ്രശ്നം  വയോജനങ്ങളിൽ 

സാധാരണയായി കാണാറുണ്ട്. എന്നാൽ ചിലരിലെങ്കിലും  ലക്ഷണങ്ങൾ അത്രയധികം പ്രകടമാകാതിരിക്കുന്നതായും കാണാറുണ്ട്. പോഷകാഗിരണവൈകല്യത്തിന് ഒട്ടേറെ കാരണങ്ങളുണ്ട്.  ആമാശയ ത്തിലെ ആസിഡിന്റെ അളവിലെ വ്യതിയാനം, ചെറുകുടലിലും മറ്റും ബാ ക്ടീരിയകളുടെ അളവു കൂടുന്ന അവസ്ഥ, കുടലിലെ ശസ്ത്രക്രിയയ്ക്കു ശേഷം വരുന്ന  രോഗങ്ങൾ, ചെറുകുടലിലെ ബാക്ടീരിയയുടെ അധികവളർച്ച, പ്രമേഹം, വാസ്കുലാർ രോഗങ്ങൾ പോലെയുള്ളവ, മരുന്നുകൾ എന്നിവയാണവ.

ലക്ഷണങ്ങൾ

അമിതമായ വയറിളക്കം, മലത്തിന്റെ ഘടനയിലെ മാറ്റങ്ങൾ, ശരീരഭാരം കുറയുക, അടിവയറിന് അസ്വാസ്ഥ്യം, വ യറുവീർപ്പ്, ഛർദി തുടങ്ങിയവയാണു പ്രധാനമായും പ്രകടമാകുന്നത്. ചിലരിൽ കൂടുതലായി അധോവായുപോകാറുണ്ട്. എന്നാൽ നല്ലൊരു ശതമാനം ആളുകൾക്കും ഈ രോഗലക്ഷണങ്ങളൊന്നും കാണണമെന്നില്ല.

പ്രതിരോധിക്കാം

∙ പാൽ / പാലുൽപന്നങ്ങൾ (പനീർ ഉൾപ്പെടെ) എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതു നല്ലൊരു ശതമാനം വ്യക്തികൾക്കും ആശ്വാസം നൽകും.

∙പാൻക്രിയാസ് ഗ്രന്ഥിയ്ക്കു പ്രശ്നങ്ങൾ ഉള്ളവരിൽ എണ്ണ/എണ്ണ ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്ക്കുമ്പോൾ തന്നെ കൂടുതൽ തവണ വയറ്റിൽ നിന്നും പോകുന്ന അവസ്ഥയ്ക്കു

പരിഹാരം ഉണ്ടാകാറുണ്ട്.

∙ബാക്ടീരിയയുടെ അളവു കൂടുന്ന അവസ്ഥയ്ക്ക് ആന്റിബയോട്ടിക് മരുന്നുകൾ സഹായകരമാകാറുണ്ട്.

പരിശോധനയും ചികിത്സയും

പോഷകാഗിരണ വൈകല്യം തിരിച്ചറിയുന്നതിനായി സ്‌റ്റൂൾ ടെസ്‌റ്റ് അ ഥവാ മല പരിശോധന ചെയ്യാറുണ്ട്. ആവശ്യമെങ്കിൽ രക്തപരിശോധനകൾ ഡോക്ടർ നിർദേശിക്കും. വിദഗ്ധ നിർദേശത്തോടെ ഡയറ്റ് ക്രമീകരിക്കാം. ലഘുഅണുബാധകൾ ആന്റിബയോട്ടിക്കുകൾ നൽകി പരിഹരിക്കാം. ദീർഘകാല രോഗങ്ങൾക്ക് ഉചിതമായ ചികിത്സ നൽകാം. ജീവിതശൈലീക്രമീകരണം കൊണ്ടു തന്നെ കുറേയൊക്കെ പരിഹരിക്കാനാകും.

മലബന്ധം

മലബന്ധം വയോജനങ്ങളിൽ സാധാരണമാണ്. ആഹാരം മലമായി മാറിയതിനു ശേഷം, അധികനേരം കുടലിൽ തങ്ങുന്ന അവസ്ഥയിൽ വെള്ളവും മ റ്റും ശരീരം കൂടുതലായി ആഗിരണം ചെയ്തു മലത്തിന്റെ കട്ടി കൂടുന്നതാണു മലബന്ധം. ഇതു വാർധക്യത്തിന്റെ ഭാഗമായി വരുന്നതല്ല. മലബന്ധത്തിലേക്കു നയിക്കുന്ന ഒട്ടേറെ ഘടകങ്ങൾ ഉണ്ട്.

രോഗാതുരമായി കിടപ്പിലാകുന്ന അവസ്ഥ (ഉദാ: പക്ഷാഘാതത്തിനു േശഷം, പാർക്കിൻസൺസ് രോഗം)വെള്ളവും പാനീയങ്ങളും കുടിക്കുന്നതിന്റെ കുറവ്, ആഹാരത്തിൽ നാരുകളുടെ അപര്യാപ്തത, അണുബാധകൾക്കായുള്ള മരുന്നുകൾ കഴിക്കുന്നത്, നിർജലീകരണം, ശരീരചലനങ്ങളുടെ അപര്യാപ്തത, വാർധക്യത്തിലെ വിഷാദാവസ്ഥ എന്നിവയാണവ. മലബന്ധം വൻകുടലിൽ രക്തസ്രാവം, അൾസർ എന്നിവയിലേക്കു നയിക്കാം.

ലക്ഷണങ്ങൾ

ആഴ്ചയിൽ മൂന്നു പ്രാവശ്യം പോലും മലവിസർജ്ജനം നടക്കാതിരിക്കുക, വിസർജ്ജനം വേദനാജനകമാകുക, മലം പോകാതെ ഉറച്ചിരിക്കുക, അടിവയറിൽ വേദന എന്നീ ലക്ഷണങ്ങളൊ ക്കെ പ്രകടമാകാം. മലബന്ധം പെട്ടെന്നു തീവ്രമാകുക, മലത്തിൽ രക്തമയം,കാരണങ്ങളില്ലാതെ ശരീരഭാരം കുറയുക എന്നീ ലക്ഷണങ്ങളെ നിസ്സാരമാക്കാൻ പാടില്ല.

പ്രതിരോധിക്കാം

∙ വെള്ളവും പാനീയങ്ങളും ധാരാളംകുടിക്കുക.

∙ നാരുകളടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ (ചീര, മുരിങ്ങ) എന്നിവ കൂടുതലായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

∙മൈദ അടങ്ങിയ ഭക്ഷണസാധനങ്ങൾ (ഉദാ: പൊറോട്ട, പഫ്സ്, മറ്റു ബേക്കറി വിഭവങ്ങൾ ) കുറയ്ക്കുക.

പരിശോധനകളും ചികിത്സയും

ഡോക്ടറുടെ നിർദേശപ്രകാരം കൊളനോസ്കോപ്പി, സിഗ്മോയ്ഡോസ്കോപ്പി മുതലായ പരിശോധനകൾ ചെയ്യേണ്ടി വരാം. എക്സ് റേ, രക്തപരിശോധനകൾ എന്നിവ ആവശ്യമെങ്കിൽ നിർദേശിക്കും. ചികിത്സയുടെ ഭാഗമായി ലാക്സേറ്റീവുകളും മലം മൃദുവാക്കുന്ന മരുന്നുകളും സപ്പോസിറ്ററികളും എനിമയും നൽകാറുണ്ട്.

വാർധക്യത്തിൽ ആരോഗ്യമുള്ള ദഹനേന്ദ്രിയ സംവിധാനം നിലനിർത്തുകയാണു പ്രധാനം. അതു വയോ ജനങ്ങൾക്കു നൽകുന്നതു സ്വസ്ഥവും സമാധാനപരവുമായ ജീവിതമാണ്. ജീവിതശൈലിയും ആഹാരശീലങ്ങളും മെച്ചപ്പെടുത്തുക എന്നതാണ് അതിന്റെ അടിസ്ഥാനപാഠം.

ഡോ. ഉണ്ണിക്കൃഷ്ണൻ എസ്.

ഗ്യാസ്ട്രോഎന്ററോളജിസ്‌റ്റ്
ജനറൽ ആശുപത്രി,ആലപ്പുഴ

Tags:
  • Manorama Arogyam