Thursday 21 July 2022 03:13 PM IST

എനർജി ഡ്രിങ്കുകൾ എല്ലുകളെ ബാധിക്കാം; അലർജി വരുത്താം....

Sruthy Sreekumar

Sub Editor, Manorama Arogyam

grd435

കാനിന്റെ അടപ്പ് പൊട്ടിച്ചാൽ നുര പൊന്തിവരുന്ന ഊർജം. അതു കുടിച്ചാലോ പതിന്മടങ്ങ് എനർജി. ഇതാണ് എനർജി ഡ്രിങ്ക് എന്ന പാനീയങ്ങളിലെ പുതു തരംഗം. ചെറുപ്പക്കാരെ ആകർഷിക്കാൻ പല വലുപ്പത്തിലും നിറത്തിലുമുള്ള കുപ്പികളിലും കാനുകളിലും കാണാം. എനർജി ഡ്രിങ്കുകൾ. ഇന്ത്യയിൽ എനർജി ഡ്രിങ്കുകളുടെ മാർക്കറ്റ് ഉദ്ദേശം 100 കോടി രൂപയാണ്. പാശ്ചാത്യ രാജ്യത്തു തുടങ്ങിയ ഉപയോഗമാണെങ്കിലും ഇന്ന് നമ്മുടെ രാജ്യത്തും ഇവയുടെ ഉപയോഗം കൂടി വരികയാണ്.

എന്താണ് എനർജി ഡ്രിങ്കുകൾ?

സാധാരണയിലും കൂടുതൽ കഫീൻ അടങ്ങിയ പാനീയങ്ങളാണ് എനർജി ഡ്രിങ്കുകൾ. കഫീൻ കൂടാതെ ടോറീൻ, വൈറ്റമിനുകൾ തുടങ്ങിയ ഘടകങ്ങളും ഈ പാനീയങ്ങളിൽ അടങ്ങിയിട്ടുണ്ട്. ടോറീൻ ഒരു അമിനോ ആസിഡാണ്. കഫീൻ ഒരു ന്യൂറോ സ്റ്റിമ്യൂലന്റ് ആണ്. ഇത് എല്ലാ അവയവങ്ങളുടെയും പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. ഒരു കാൻ എനർജി ഡ്രിങ്ക് എന്നു പറയുമ്പോൾ അതു 250 എംഎൽ ആണ് അളവ്. ഇതിലെ കഫീൻ അളവ് 75 മില്ലീ ഗ്രാമോ അതിൽ കൂടുതലോ ആയിരിക്കും. ആരോഗ്യവാനായ മുതിർന്ന വ്യക്തിക്ക് ഒരു ദിവസം 400 മില്ലീഗ്രാം വരെ കഫീൻ ആകാം എന്നാണ് പറയപ്പെടുന്നത്. ഒരു ദിവസം 500 എംഎൽ കൂടുതൽ കുടിക്കരുത് എന്ന് എനർജി ഡ്രിങ്കിന്റെ കാനുകളിൽ തന്നെ മുന്നറിയിപ്പ് ഉണ്ട്.

കഫീൻ കൂടുതലായാൽ

കഫീൻ കൂടുതലടങ്ങിയിരിക്കുന്നത് കൊണ്ടു തന്നെ ഇവ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാം. ഹൃദയമിടിപ്പ് കൂട്ടുക, രക്തക്കുതിപ്പ്, ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. വളരെ പെട്ടെന്ന് വലിയ അളവിൽ ഇതു കുടിച്ചാൽ മറ്റ് രോഗങ്ങൾ ഉണ്ടാകാം.

ഒരു കപ്പ് കാപ്പി കുടിക്കുന്നതുപോലെ മാത്രമെയുള്ളു എനർജി ഡ്രിങ്കും കുടിക്കുന്നത് എന്നാണ് ഉൽപാദകരുടെ അവകാശവാദം. ഇതു പക്ഷേ, തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ്. കാരണം കാപ്പി ചൂടായതുകൊണ്ട് നമ്മൾ വളരെ പതിയെയാണ് കുടിക്കാറ്. അതുപോലെ തന്നെ ഒരു സമയത്ത് മൂന്നോ നാലോ കപ്പ് കാപ്പി ഒരുമിച്ച് കുടിക്കാറുമില്ല. എനർജി ഡ്രിങ്കുകൾ തണുപ്പായതുകൊണ്ടും ഇതു കുടിക്കും തോറും ഉന്മേഷം കൂടുന്നതായി തോന്നുന്നതു കൊണ്ടും ഇതു വളരെ പെട്ടെന്നു കൂടിയ അളവിൽ കുടിക്കാൻ സാധ്യതയുണ്ട്. കഫീൻ കൂടുതൽ ഉള്ളിലേക്കെത്തുന്നതുകൊണ്ട് ഫിറ്റ്സും ഉണ്ടാകാം. ഗർഭിണികളിൽ ഗർഭം അലസാനും സാധ്യതയുണ്ട്. കുട്ടികളും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കഫീൻ അലർജിയുള്ളവരും ഡ്രിങ്ക് കുടിക്കരുതെന്നു കാനിന്റെ പുറമെയുള്ള മുന്നറിയിപ്പിൽ പറയുന്നുണ്ട്.

ഷുഗർ അളവ് കൂടും

എനർജി ഡ്രിങ്കുകളിൽ കഫീൻ കൂടാതെ ഷുഗറിന്റെ അളവും വളരെ കൂടുതലായിരിക്കും. കഫീൻ തന്നെ ഇൻസുലിന്റെ പ്രവർത്തനത്തെ പ്രതിരോധിക്കുന്ന ഘടകമാണ്. അതിനാൽ ഇതിന്റെ സ്ഥിരോപയോഗം പ്രമേഹം വരാനുള്ള സാധ്യത കൂട്ടും. പാനീയത്തിലെ മധുരത്തിന്റെ അളവും ഇതിനു കാരണമാകാം. പ്രമേഹരോഗികളിൽ ഷുഗർനില കൂടാനും ഈ പാനായം ഇടയാക്കും. ഷുഗറിന്റെ അളവ് കൂടുതലുള്ള പാനീയങ്ങൾ കഴിക്കുന്നത് അമിതവണ്ണത്തിനു സാധ്യത കൂട്ടും. കാലറി അളവ് തന്നെയാണ് കാരണം.

ഒരു പ്രമേഹരോഗിയോ ഹൃദ്രോഗിയോ എനർജി ഡ്രിങ്ക് കുടിക്കുകയാണെങ്കിൽ അവർക്ക് നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ അധികരിക്കാൻ സാധ്യതയുണ്ട്. കഫീൻ ഹൃദയമിടിപ്പ് കൂട്ടുന്നത് ഹൃദ്രോഗികൾക്കു പ്രശ്നമാകാം. കൂടാതെ ഇവരിൽ ബിപി കൂട്ടാനും എനർജി ഡ്രിങ്കുകൾ കാരണമാകാം.

പൊതുവെ ഇത്തരം പാനീയങ്ങളുടെ പിഎച്ച് അസിഡിക് ആണ്. അതുകൊണ്ട് പല്ലിനു പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് കുട്ടികളിൽ. പല്ലിന്റെ ഇനാമലിനെയാണ് ഇതു ബാധിക്കുക. കൂടാതെ ഈ ഡ്രിങ്ക് കുടിച്ചശേഷം വായ ശരിയായി വൃത്തിയാക്കാതെ കിടക്കുന്നവരിൽ പല്ല് പെട്ടെന്ന് ദ്രവിക്കാനും സാധ്യതയുണ്ട്. അസിഡിക് ആയതുകൊണ്ടു തന്നെ എനർജി ഡ്രിങ്കുകളുടെ കൂടുതൽ ഉപയോഗം വയറെരിച്ചിൽ, ഡിസ്പെപ്സിയ പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാം.

എനർജി ഡ്രിങ്കുകൾ എല്ലുകളുടെ ആരോഗ്യത്തെ നേരിട്ടു ബാധിക്കുന്നതായി പഠനങ്ങളില്ല. പക്ഷേ, ഇവ മറ്റ് രോഗാവസ്ഥകൾ വഷളാക്കുന്നതുകൊണ്ടു തന്നെ എല്ലുകളെയും ബാധിക്കാം. ശരീരഭാരം കൂടുന്നതുപോലുള്ള പ്രശ്നങ്ങൾ എല്ലുകൾക്ക് ദോഷമുണ്ടാക്കാം. കഫീൻ അലർജിയുള്ളവർക്ക് ഇവ കുടിച്ചാൽ ത്വക്കിലും മറ്റും അലർജി പ്രശ്നങ്ങൾ ഉണ്ടാകാം.

ഇത്തരം പാനീയങ്ങൾ കുടിക്കുന്നവരിൽ അപകടകരമായ പെരുമാറ്റങ്ങൾക്കു സാധ്യതയുണ്ട്. റിസ്ക് കൂടുതലുള്ള സ്പോർട്സ് ഇനങ്ങളുമായി ബന്ധപ്പെട്ടാണ് സാധാരണയായി ഇത്തരം പാനീയങ്ങളുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെടാറുള്ളത്. ഇവ നമ്മുടെ നാട്ടിലെ യുവജനത അനുകരിക്കാൻ സാധ്യത കൂടുതലാണ്. ഇതു കൂടാതെ എനർജി ഡ്രിങ്കുകൾ മദ്യത്തോടൊപ്പം ചേർത്ത് കഴിക്കുന്ന പ്രവണതയും കണ്ടുവരുന്നു. ഇതും അപകടമാണ്. കാരണം, മദ്യം കുടിച്ച് കുറെ കഴിയുമ്പോൾ ആ വ്യക്തി ഫിറ്റ് ആയി ഉറങ്ങിപ്പോകും. അതോടെ കൂടുതൽ കുടിക്കാൻ സാധിക്കാതെ വരും. എന്നാൽ എനർജി ഡ്രിങ്ക് യോജിപ്പ് മദ്യം കുടിച്ചാൽ കൂടുതൽ ഉത്തേജിതനായി ഉറക്കം നഷ്ടപ്പെടും. അങ്ങനെ ഇരട്ടി അളവിൽ മദ്യം കഴിക്കും. ഇതു കഴിക്കുന്നതു നമ്മുടെ പെർഫോമൻസ് മെച്ചപ്പെടുത്താം. കഠിനമായ ശാരീരിക പ്രവൃത്തികൾ എളുപ്പത്തിൽ ചെയ്യാം എന്നെല്ലാം ധാരണയുണ്ട്. പ്രത്യേകിച്ച് ടീനേജുകാർക്ക്. അതുകൊണ്ടു തന്നെ ഇവർക്കിടയിൽ ഇതിന്റെ ഉപയോഗം കൂടുന്നു.

സ്പോർട്സ് ഡ്രിങ്ക്

സ്പോർട്സ് ഡ്രിങ്കും എനർജി ഡ്രിങ്കും ഒന്നാണെന്നു പലരും ധരിച്ചിട്ടുണ്ട്. പക്ഷേ, ഇവ രണ്ടുതരം പാനീയങ്ങളാണ്. സ്പോർട്സ് ഡ്രിങ്കുകൾ സാധാരണ ഏതെങ്കിലും തരത്തിലുള്ള സ്പോർട്സ് ആക്ടിവിറ്റികൾ കഴിഞ്ഞു കുടിക്കാനുള്ളതാണ്. ഇത്തരം പാനീയങ്ങളിൽ ഇലക്ട്രോലൈറ്റുകളും കാർബോഹൈഡ്രേറ്റും വെള്ളവും ആണ് അടങ്ങിയിരിക്കുന്നത്. ഇതു താരതമ്യേന സുരക്ഷിതമാണ്. ആരോഗ്യത്തിനു പ്രശ്നമുണ്ടാകുന്ന ഘടകങ്ങൾ ഈ പാനീയങ്ങളിൽ കുറവാണ്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ജീവൻ ജോസഫ്

എൻ‍ഡോക്രൈനോളജിസ്റ്റ്

കോട്ടയം

Tags:
  • Daily Life
  • Manorama Arogyam