Thursday 13 April 2023 11:53 AM IST : By സ്വന്തം ലേഖകൻ

തിരക്കിലാകുന്നതാണ് ഏകാന്തതയ്ക്ക് മരുന്ന്, ഭാര്യയും ഭർത്താവും സുഹൃത്തുക്കളാകുന്നതും പൊട്ടലും ചീറ്റലും കുറയ്ക്കും

mind-special

ജീവിതത്തിലെ പല നിമിഷങ്ങളിലും ‘ഇതാ ഇവിടെ തീർന്നു...’ എന്നു തോന്നിയിട്ടില്ലേ? പക്ഷേ, അതിനെയെല്ലാം സ്വയം അതിജീവിച്ച് നമ്മൾ മുൻപോട്ടു നീങ്ങാറുമുണ്ട്. കാരണം ജീവിതത്തിലെ ഒാരോ പ്രതിസന്ധിയിലും തളരാതെ, പതറാതെ നീങ്ങാൻ സഹായിക്കുന്ന ഒരു ഉൾക്കരുത്ത് നമ്മിലെല്ലാമുണ്ട്. നമ്മുടെ മനസ്സിന്റെ ഈ ശക്തി പലരും തിരിച്ചറിയുന്നില്ല എന്നു മാത്രം. ഇതാ, ജീവിതത്തിലെ വളരെ സാധാരണമായ എട്ടു സാഹചര്യങ്ങളും സ്വയം കൗൺസലിങ് വഴി അവ തരണം ചെയ്ത് മുൻപോട്ടുപോകാനുള്ള വഴികളും.

കോപം കൊണ്ട് ചുവന്നാൽ

കോപം മനുഷ്യസഹജമായ വികാരമാണ്. അത് ഒഴിവാക്കാൻ പറ്റില്ല. പക്ഷേ, അതിരുവിടാതെ നിയന്ത്രിച്ചുനിർത്താനാകും.

ആദ്യം കോപം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് ഒരു തിരിച്ചറിവുണ്ടാകണം. മനസ്സിലൂറിക്കിടക്കുന്ന നിരാശയും വിഷാദവും ഇച്ഛാഭംഗങ്ങളുമാണ് അമിതകോപത്തിന് ഇടയാക്കുന്നത്. ഇതിലേതാണ് പ്രശ്നമെന്നു പരിശോധിക്കുക

രണ്ടാമതായി ആ സാഹചര്യത്തിൽ കോപിക്കേണ്ടിയിരുന്നോ എന്നു ചിന്തിക്കുക. കോപമില്ലാതെ എങ്ങനെ ആ സാഹചര്യത്തെ നേരിടാമായിരുന്നു? അടുത്തതവണ സമാനമായ സാഹചര്യം വരുമ്പോൾ കോപിക്കുന്നത് ഒഴിവാക്കാൻ ഈ വിചിന്തനം നല്ലതാണ്.

∙ കോപം ഇരച്ചുവരുമ്പോൾ പെട്ടെന്നുതന്നെ ആ സാഹചര്യത്തിൽ നിന്നും മാറുന്നതാണ് നല്ലത്. കോപത്താൽ ജ്വലിക്കുന്ന സമയത്ത് വായിൽ നിന്നും നല്ലതൊന്നും വീഴാനിടയില്ല. മനസ്സു തണുത്ത ശേഷം മാത്രം സംസാരിക്കുക.

∙ നൂറു മുതൽ പൂജ്യം വരെ എണ്ണുക, ആഴത്തിൽ ശ്വാസമെടുത്ത് വിടുക എന്നിങ്ങനെയുള്ള ടിപ്സ് ഫലപ്രദമാകുമെന്നുള്ളവർക്ക് അതു ചെയ്യാം.

കാടുകയറുന്ന ചിന്തകൾ

ആരെങ്കിലും പുറത്തുപോയി വരാൻ വൈകിയാൽ അവർക്ക് എന്തുപറ്റിയതാകും, വല്ല അപകടവും പറ്റിയോ എന്നിങ്ങനെ ചിന്തിച്ചു കാടുകയറി ആധികൊള്ളുന്നവരുണ്ട്. അത് ചിലരുടെ മനസ്സിന്റെ ഒരു പാറ്റേണാണ്.

∙ തനിക്ക് അങ്ങനെ ഒരു സ്വഭാവരീതിയുണ്ട് എന്നു തിരിച്ചറിയലാണ് ഈ പ്രശ്നത്തെ മറികടക്കുന്നതിന്റെ ആദ്യപടി.

∙ ചിന്തകളിൽ കുരുങ്ങിക്കിടക്കാതെ മനസ്സിനെ പിടിച്ചുനിർത്താനായി നമ്മുടെ ദിവസത്തെ ഒന്നു ഷെഡ്യൂൾ ചെയ്യുക. റുട്ടീൻ, റെസ്പോൺസിബിലിറ്റീസ്, റിലാക്സേഷൻ...ഇതെല്ലാം ഉള്ള ഒരു ദിവസം. ഇതിനെ 3 ആർ സിസ്റ്റം എന്നു പറയും. പതിവ് ഉത്തരവാദിത്തങ്ങൾ കൂടാതെയുള്ള ചെറിയ സാമൂഹിക– സഹായപ്രവർത്തനങ്ങളെയാണ് റെസ്പോൺസിബിലിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്.

∙ ആധികലർന്ന അമിത ചിന്തകൾ ഒഴിവാക്കാൻ 2–3 മണിക്കൂർ റിലാക്സേഷനായി മാറ്റിവയ്ക്കണം. വെറുതെ കിടക്കുകയോ ഉറങ്ങുകയോ ചെയ്യരുത്. സ്ട്രെച്ചിങ്, ശരീരത്തിലെ ഒാരോ പേശികളായി മുറുക്കി അയയ്ക്കുന്ന പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ, പുറത്തിറങ്ങി ഒന്നു നടക്കുക, ഡീപ് ബ്രീതിങ്, സ്കിപ്പിങ് പോലുള്ളവ ചെയ്യുക.അല്ലെങ്കിൽ വായനയോ പാചകപരീക്ഷണമോ പോലെ ഏറെതാൽപര്യമുള്ളതെന്തെങ്കിലും ചെയ്യാം.

∙ ചിന്തകളുടെ കുരുക്കിലേക്ക് വീണ് ആധികയറിത്തുടങ്ങുന്ന സമയത്ത് പെട്ടെന്ന് ശ്രദ്ധ കുറച്ചധികം വേണ്ടുന്ന എന്തെങ്കിലും കാര്യത്തിൽ ആക്ടീവ് ആവുക. ഉദാഹരണത്തിന് ഒരു ബൗൺസിങ് ബോൾ എടുക്കുക. ഇനി ഭിത്തിയിൽ ഒരു വൃത്തം അടയാളപ്പെടുത്തി ഈ ബോൾ ഇടതുകൈ കൊണ്ട് അതിലേക്ക് എറിയുക, വലതുകൈ കൊണ്ട് പിടിക്കുക. ശ്രദ്ധ ചിന്തകളിൽ നിന്നു മാറി ഈ പ്രവൃത്തിയിലേക്ക് ഫോക്കസ് ആവുന്നു.

∙ ചിന്തകൾ കാടുകയറുന്ന സമയത്ത് നമ്മൾ ഇരിക്കുന്ന സ്ഥാനത്തുനിന്ന് ഒന്നു മാറിയിരിക്കുന്നതും ശ്രദ്ധ വ്യതിചലിപ്പിക്കാൻ സഹായിക്കും.

രോഗങ്ങൾ തളർത്തിയാൽ

ഏതു രോഗം വന്നാലും അതനുബന്ധിച്ച് ചില നെഗറ്റീവ് ചിന്തകളും മനസ്സിലേക്ക് കടന്നുവരാം. രോഗം മാറിയില്ലെങ്കിൽ എന്തു ചെയ്യും? സങ്കീർണതകൾ വരുമോ എന്നിങ്ങനെ...വലിയൊരു പകർച്ചവ്യാധിയാണ് പിടിപെടുന്നതെങ്കിൽ ആശങ്കകളുടെ ഭാരം കൂടും.

∙ ആദ്യം ചെയ്യേണ്ടത് തനിക്കു പിടിപെട്ട രോഗത്തെക്കുറിച്ച് വിശദമായി അറിയുകയാണ്. അജ്ഞത അനുഗ്രഹമാണെന്നു പറയാറുണ്ടെങ്കിലും രോഗത്തിന്റെ കാര്യത്തിൽ അറിവാണ് ആയുധം. അതും ചികിത്സിക്കുന്ന ഡോക്ടറോട് തന്നെ ചോദിക്കുക.

∙ പരിഹാരമില്ലാത്ത രോഗമില്ലല്ലൊ. എന്താണ് പരിഹാരം? തന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ടതെന്ത് എന്ന് അറിഞ്ഞുവയ്ക്കുക.

∙ രോഗത്തെ അതിജീവിച്ചവരുടെ അനുഭവങ്ങൾ തേടിപ്പിടിച്ച് വായിക്കുക. ഈ രോഗത്തെ ഞാൻ അതിജീവിക്കും എന്ന് പലതവണ മനസ്സിൽ പറഞ്ഞുറപ്പിക്കാം.

∙ പകർച്ചവ്യാധിയാണ് പിടിപെട്ടതെങ്കിൽ സോഷ്യൽ മീഡിയയിൽ അതു സംബന്ധിച്ച് പരക്കുന്ന വാർത്തകളിൽ നിന്ന് അകന്നു നിൽക്കുക..

ഏകാന്ത തീരത്ത്...

ഞാൻ ഒറ്റയ്ക്കാണ്, എനിക്ക് കൂട്ടിനാരുമില്ല എന്നു പരിതപിക്കുന്നതിനു പകരം പ്രായോഗികബുദ്ധിയോടെ ചിന്തിക്കുക. മക്കൾ ശ്രദ്ധ കാണിക്കുന്നില്ല എന്നാണ് പരിഭവമെങ്കിൽ ഒന്നു പിന്തിരിഞ്ഞുനോക്കൂ, ചെറുപ്പത്തിലെ നിങ്ങളുടെ തിരക്കേറിയ ജീവിതം ഒാർമവരും. പ്രായമായി തിരക്കില്ലാതെ ഇരിക്കുമ്പോൾ മക്കളെക്കുറിച്ച് ഒാർക്കാൻ ഒരുപാട് സമയമുണ്ടാകും. പക്ഷേ, മക്കളെ സംബന്ധിച്ച് സ്ഥിതി വ്യത്യസ്തമാണ്. അവർ തങ്ങളുടെ ജീവിതത്തിന്റെ തിരക്കുകളിലും വ്യാകുലതകളിലുമാണ്. അതു മനസ്സിലാക്കി പെരുമാറാം.

∙ ഏകാന്തത എന്നത് പലപ്പോഴും കാഴ്ചപ്പാടിന്റെ കൂടെ പ്രശ്നമാണ്. ഒറ്റപ്പെട്ടു എന്നു കരുതി സ്വയം ഒതുങ്ങിമാറാതെ മനസ്സ് കൊണ്ട് കർമനിരതരാവുക. അനാവശ്യമായ പ്രതീക്ഷകൾ ഒന്നിലും വയ്ക്കാതിരിക്കുക. സുഹൃത്തുക്കളുമായി നേരിട്ടോ ഫോണിലോ സംസാരിക്കുക. ചെറിയ സാമൂഹിക കൂട്ടായ്മകളിൽ പങ്കാളികളാവുക. തിരക്കിലാകുന്നതാണ് ഏകാന്തതയ്ക്കുള്ള മരുന്ന്.

നഷ്ടങ്ങളുടെ കുരുക്കിൽ...

∙എത്ര വലിയ നഷ്ടമായാലും അതിൽ നിന്നും സ്വയമേ പുറത്തുവരാനുള്ള ശക്തി എനിക്കുണ്ട് എന്നു ബോധപൂർവം നമ്മളോടു തന്നെ പറയുക എന്നതാണ് ആദ്യപടി.

∙ ഏതൊക്കെ തരത്തിൽ ഈ പ്രശ്നത്തെ നേരിടാൻ പറ്റും എന്നു ചിന്തിക്കുക. പ്രശ്നപരിഹാരത്തിനുള്ള എന്തൊക്കെ വഴികൾ മുൻപിലുണ്ട് എന്ന് അക്കമിട്ട് എഴുതിനോക്കുക. നഷ്ടബോധത്തിൽ ആണ്ടുമുങ്ങിക്കിടക്കാതെ മനസ്സിനെ ഉയർത്തി യുക്തിചിന്തയുടെ തലത്തിലേക്കു കൊണ്ടുവരാൻ ഇങ്ങനെ എഴുതുന്നതു വഴി സാധിക്കും.

∙ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഇപ്പോഴുള്ള ഈ സ്ഥിതിയിൽ നിന്നും കൂടുതൽ മെച്ചമായ ഒന്നിലേക്ക് എത്തും എന്നു പ്ലാൻ ചെയ്യുക. അതിലുണ്ടാകുന്ന ചെറിയ വിജയങ്ങൾ പോലും ആഘോഷിക്കുക. ഉദാഹരണത്തിന് ആദ്യ ദിവസം കട്ടിലിൽ നിന്ന് എഴുന്നേൽക്കുക പോലും ചെയ്യാതെ കിടക്കുകയായിരുന്നിരിക്കാം. പക്ഷേ,അടുത്ത ദിവസം ഒന്നു പുറത്തിറങ്ങാൻ തോന്നി എങ്കിൽ അതു തിരിച്ചറിഞ്ഞ് ഇഷ്ടമുള്ള പാട്ടു കേട്ടോ പ്രിയ ഭക്ഷണം കഴിച്ചോ ആഘോഷിക്കാം.

∙ നഷ്ടങ്ങളിൽ സ്വയം ഉൾവലിയാതിരിക്കുക. ഏറെ പ്രിയപ്പെട്ടവരുമായി ഫോണിലായാൽ പോലും അൽപസമയം സന്തോഷമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക. മറ്റെല്ലാം മറന്ന് അങ്ങനെ സംസാരിക്കാനായാൽ നമുക്ക് സ്വയം ഒരു ധൈര്യം കൈവരും,

തിരസ്കാരങ്ങളുടെ വേനലിൽ...

∙ മറ്റുള്ളവരുടെ അംഗീകാരത്തെ ആശ്രയിച്ചാണ് നമ്മുടെ വളർച്ചയിരിക്കുന്നത് എന്നുള്ള ചിന്ത ആദ്യം തന്നെ മാറ്റുക. ആരൊക്കെ അവഗണിച്ചാലും എനിക്ക് എന്നെയറിയാം, എനിക്ക് ഇന്നയിന്ന കഴിവുകളുണ്ട് എന്ന തോന്നലിനാണ് നമ്മൾ മുൻതൂക്കം കൊടുക്കേണ്ടത്. ആ തോന്നലിനെയാണ് നാം വളർത്തേണ്ടത്. പുറമേ നിന്ന് ധാരാളം അംഗീകാരം കിട്ടുന്ന സമയത്തും. ഞാനെന്തു നേടി, ഞാനെന്തൊക്കെ ഇതിൽ നിന്നു പഠിച്ചു എന്നൊരു വിലയിരുത്തൽ നടത്തിക്കൊണ്ടിരിക്കണം.

∙ നമ്മൾ നല്ല രീതിയിൽ ജോലി ചെയ്തു; ആരും അത് തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്തില്ല എങ്കിൽ നാം സ്വയം അഭിനന്ദിക്കുക. അവഗണനകളുണ്ടാകുമ്പോഴും സ്വയം ഒരു ടാർഗറ്റ് വച്ച് ജോലികൾ പൂർത്തിയാക്കുക. നല്ല രീതിയിൽ പൂർത്തിയാക്കിയാൽ അതു സ്വയം ആഘോഷിക്കുക. ഇതൊരു ശീലമാക്കിയാൽ ഒരു തിരസ്കാരത്തിന്റെ വെയിലിലും നമ്മൾ വാടിപ്പോകില്ല.

പരിഹാസം വേണ്ട

നമ്മുടെ സംസാരമോ പെരുമാറ്റമോ മറ്റുള്ളവർക്ക് അരോചകമോ ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആണെന്ന് തിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്. നമ്മുടെ സോഷ്യൽ സർക്കിൾ നമ്മളറിയാതെ തന്നെ വറ്റിവരണ്ടു പോവുന്നുണ്ടോ എന്നു നോക്കുക. അതായത് നമ്മളെ സഹിക്കാതെ നിർവാഹമില്ല എന്നുള്ളവർ മാത്രമേ കൂടെയുള്ളോ?. പലരും ഈ പ്രശ്നം തിരിച്ചറിയുന്നത് നാൽപതുകളിലാണ്. റിട്ടയർ ചെയ്ത് വിശ്രമജീവിതം നയിക്കുന്ന സമയത്ത് ബോറടി മാറ്റാൻ ഒന്നു ഫോൺ വിളിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ വരും.

∙ അങ്ങനെയാണെങ്കിൽ സ്വയം ഒന്നു വിശകലനം ചെയ്യുക. എന്തുകൊണ്ടാണ് നെഗറ്റീവ് ചിന്തകളിലേക്കും സംസാരത്തിലേക്കും പോവുന്നത്? സ്വന്തം ഈഗോയെ ആരെങ്കിലും വേദനിപ്പിച്ചാൽ അവരെയൊന്ന് അടിച്ചിരുത്താനാകും ചിലപ്പോൾ അങ്ങനെ സംസാരിക്കുന്നത്. ചില സാഹചര്യങ്ങളിൽ അനാവശ്യമായി ഡോമിനേറ്റ് ചെയ്യാനാകും അങ്ങനെ ചെയ്യുക.

∙ ഞാൻ കളിയാക്കിയും പരിഹസിച്ചുമാേണാ സംസാരിക്കാറ് എന്ന് നമുക്കേറ്റവും സ്നേഹവും വിശ്വാസവും ഉള്ള ആളുകളോട് ചോദിച്ചുനോക്കുക. നാണക്കേടൊന്നും ഇല്ലാതെ ഇങ്ങനെ ചോദിക്കുമ്പോൾ തന്നെ നമ്മുടെ ഈഗോ നമ്മൾ താഴ്ത്തുകയാണ്.

അവർ ചൂണ്ടിക്കാണിക്കുന്ന സാഹചര്യങ്ങളെ സ്വയം പരിശോധിക്കുക. അപ്പോൾ സമാനമായ ഒരു സാഹചര്യം ഇനി വരുമ്പോൾ നാം എന്താണ് പറയാൻ പോകുന്നതെന്ന് നമുക്കറിയാനാകും. അത്തരമൊരു സാഹചര്യം വരുമ്പോൾ ഒന്നു മുതൽ ആറുവരെ എണ്ണി നെഗറ്റീവ് ആയ സംസാരത്തെ സ്വയം നിയന്ത്രിച്ച് തികച്ചും പൊസിറ്റീവായി സംസാരിക്കുക.

പിണങ്ങിയാൽ ഇണങ്ങാം...

ഭാര്യ ഭർത്താവിനോടും ഭർത്താവ് ഭാര്യയോടും ഉത്തരവാദിത്തം കാണിക്കുന്ന, പരസ്പരം സുഹൃത്തുക്കളാകുന്ന കുടുംബാന്തരീക്ഷത്തിൽ പൊട്ടലും ചീറ്റലും കുറവായിരിക്കും.

∙ ‍ഇനി പങ്കാളികളിൽ ആരുടെയെങ്കിലും പക്ഷത്തു തെറ്റുണ്ടായാൽ ഉടൻ തിരുത്തണം എന്നു വാശിപിടിക്കരുത്. വടംവലിയിൽ വിജയിക്കുന്നത് എപ്പോഴും പിന്നോട്ടു പോകുന്ന ടീമായിരിക്കും. അ‍തുപോലെ ആദ്യം ഒന്നു പിന്നോട്ടുപോയി തോറ്റുകൊടുക്കുക. പിണക്കമെല്ലാം മാറിക്കഴിയുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കിയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കാം.

∙ അനാവശ്യവാക്കുകളും ആത്മഹത്യാഭീഷണിയുമൊക്കെ ഒഴിവാക്കണം. ∙ നെഗറ്റീവ് ചിന്ത വരുമ്പോൾ പങ്കാളിയേക്കുറിച്ച് രണ്ടു പൊസിറ്റീവ് കാര്യങ്ങൾ മനഃപൂർവം ആലോചിക്കുക. ഒരു പ്രത്യേകനിമിഷത്തിൽ മോശമായി പെരുമാറിയാലും പല ജീവിതസാഹചര്യങ്ങളിലും താങ്ങും തണലുമായി കൂടെ നിന്നയാളാണ് അവരെന്ന ചിന്ത മനസ്സിലുണ്ടാകണം.

വിവരങ്ങൾക്ക് കടപ്പാട്:

1. ഡോ.  ബഷീർകുട്ടി

മുൻ അസോ. പ്രഫസർ
ക്ലിനിക്കൽ സൈക്കോളജി
ഗവ. മെഡി. കോളജ്
തിരുവനന്തപുരം

2. ഡോ. മായ നായർ

ക്ലിനിക്കൽ
സൈക്കോളജിസ്റ്റ്
ഇന്ദിരാഗാന്ധി കോ–
ഒാപ്പറേറ്റീവ് ഹോസ്പിറ്റൽ
എറണാകുളം

തയാറാക്കിയത്

ആശാ തോമസ്