Friday 24 September 2021 04:01 PM IST

‘തീ വളയത്തിലൂടെ പറന്നു ചാടും, കരിങ്കൽ ബാറുകൾ കൈ കൊണ്ട് തരിപ്പണമാക്കും’: കരാട്ടെയിൽ പുലികളാണ് ഈ അച്ഛനും മക്കളും

Asha Thomas

Senior Sub Editor, Manorama Arogyam

karate-cover ഫോട്ടോ ശ്യാം ബാബു

കൊച്ചി അമ്പലമുകൾ കാണിനാട്, പീച്ചിങ്ങിച്ചിറ വീട്ടിൽ കെ.വി ബാബു മാസ്റ്ററുടെ വീട്ടിൽ ചെന്നാൽ ഒരു കരാട്ടെ കളരിയിലേക്ക് ചെന്നതാണോ എന്നു സംശയം തോന്നിയാൽ തെറ്റുപറയാനാവില്ല. അച്ഛനും രണ്ട് ആൺമക്കളും കരാട്ടെ വിദഗ്ധരാണ്. അച്ഛൻ കെ.വി ബാബു വേൾഡ് കരാട്ടെ ഫെഡറേഷനിൽ നിന്നും ഏഴാമത് ഡാൻ ബ്ലാക്ക്ബെൽറ്റ് നേടിയ ആൾ. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഷോട്ടോകാൻ മാസ്റ്ററാണ്. കരാട്ടെയിൽ 46 വർഷത്തിലധികം അനുഭവസമ്പത്തുള്ള ഈ 56 വയസ്സുകാരൻ ഗിന്നസ് ബുക്ക് ഒാഫ് വേൾഡ് റെക്കോഡ്സിലും ലിംക ബുക്ക് ഒാഫ് റെക്കോഡ്സിലും സ്ഥാനം പിടിച്ചിട്ടുണ്ട്.

മൂത്ത മകൻ ശരത് ബാബു കരാട്ടെ അസോസിയേഷൻ ഒാഫ് ഇന്ത്യയിൽ നിന്ന് ബ്ലാക്ക്ബെൽറ്റ് തേഡ് ഡാൻ. ഇളയ ആൾ ശരൺ ബ്ലാക്ക് ബെൽറ്റ് സെക്കൻഡ് ഡാൻ. ഈ അച്ഛനും രണ്ട് ആൺമക്കൾക്കും കരാട്ടെ ജീവിതവും കൂടിയാണ്. മൂന്നുപേരും കരാട്ടെ അധ്യാപകർ.

പത്താം വയസ്സിലെ ഇഷ്ടം

പത്താമത്തെ വയസ്സിലാണ് ബാബു കരാട്ടെയോട് കൂട്ടുകൂടുന്നത്. അന്ന് ഇരിങ്ങാലക്കുടയിലാണ് താമസം. ആദ്യം പഠിച്ചത് കളരിയാണ്. മൂത്ത ചേട്ടനാണ് കരാട്ടെയിലേക്ക് മാസ്റ്ററുടെ ശ്രദ്ധ തിരിച്ചത്. ഒാട് തകർക്കുക, ഇഷ്ടിക വെട്ടിമുറിക്കുക ഇത്യാദി കലാപരിപാടികൾ കൊണ്ട് കരാട്ടെ ഇത്തിരി കൂടുതൽ ഗ്ലാമറിൽ തിളങ്ങുന്ന കാലമായതുകൊണ്ട് പഠിക്കാനും താൽപര്യമുണ്ടായിരുന്നു. 23 വയസ്സുവരെ പയറ്റ് പഠിച്ചെങ്കിലും മനസ്സിൽ കയറിപ്പയറ്റിയത് കരാട്ടെ തന്നെയായിരുന്നു. ഷോഷിൻകാൻ കരാട്ടെ, ഷോട്ടോകാൻ കരാട്ടെ, ഷിറ്റേ്യാറ്യൂ കരാട്ടെ, കാജുകാഡോ, ജൂഡോ എന്നിവയൊക്കെ പഠിച്ചെടുത്തു. 1983–ൽ തൃപ്പൂണിത്തുറ ചിത്രപ്പുഴ ജങ്ഷനിൽ കരാട്ടെ ക്ലാസ്സ് തുടങ്ങി, കൊച്ചിയിൽ സ്ഥിര താമസമാക്കി.

അച്ഛനും മക്കളും പരിശീലിക്കുമ്പോൾ

ഒരുമിച്ച് കരാട്ടെ പരിശീലിക്കുന്നത് അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം വർധിപ്പിക്കുമെന്നാണ് ബാബു മാസ്റ്ററിന്റെ പക്ഷം. ‘‘കരാട്ടെ ചെയ്യുമ്പോൾ പരസ്പരം ശക്തികളും ബലഹീനതകളും അറിഞ്ഞിരിക്കണം. ഒത്തൊരുമ വേണം. ടീമായി പ്രവർത്തിക്കണം. ഇതെല്ലാം ഞങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിലും പ്രതിഫലിക്കും. അച്ഛനാണ് ആൺകുട്ടികളുടെ റോൾ മോഡൽ എന്നല്ലേ പറയുക. ആ അർഥത്തിൽ നല്ലൊരു റോൾ മോഡലാകാൻ കരാട്ടെ പ്രാപ്തനാക്കി എന്നാണ് വിശ്വാസം.’’

രാവിലെ നാലര മണിയ്ക്കാണ് ബാബുവിന്റെ ദിവസം തുടങ്ങുന്നത്. ഒന്ന് ഒന്നര മണിക്കൂറോളം പലവിധ വ്യായാമങ്ങളും കരാട്ടെ പരിശീലനവുമാണ്. ധ്യാനത്തിലാണ് ആരംഭം. സെൻ ധ്യാനരീതിയാണ് പിന്തുടരുന്നത്. മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ കഴിയുന്നവനാണ് യഥാർഥ പോരാളി എന്നാണല്ലോ. തുടർന്ന് പുഷ് അപ് ഉൾപ്പെടെ സാധാരണ വ്യായാമങ്ങൾ, ഡംബൽ പിടിച്ച് വയറിന് പ്രത്യേക വ്യായാമം., വിവിധ കിക്കുകളും പഞ്ചുകളും ഫൈറ്റിങ് മുറകളും പരിശീലിച്ചുറപ്പിക്കൽ...

ശരതും ശരണും അച്ഛന്റെ ഈ അഭ്യാസ പ്രകടനങ്ങൾ കണ്ടാണ് വളർന്നത്. അച്ഛന്റെ പ്രാക്റ്റീസിനൊപ്പം അവരും മെല്ലെ ചുവടുകൾ വച്ചു, ആരും പറയാതെ തന്നെ. പഞ്ചുകളും കിക്കുകളുമൊക്കെ പെർഫക്റ്റാക്കി കൊടുക്കുക മാത്രമേ അച്ഛന് ചെയ്യാനുണ്ടായിരുന്നുള്ളു. മൂത്തമകൻ ശരത് രണ്ടര വയസ്സു മുതലേ കരാട്ടെ ചുവടുകൾ പഠിച്ചുതുടങ്ങി. മൂന്നര–നാല് വയസ്സിൽ പന്തം കത്തിച്ച് ചുഴറ്റിയുള്ള അഭ്യാസ ഇനം സ്റ്റേജിൽ അവതരിപ്പിച്ചു. ആ പ്രായത്തിൽ അതൊരു അസാമാന്യ സാഹസം തന്നെയായിരുന്നു. എട്ടാം വയസ്സിൽ 23 കിലോമീറ്റർ മാരത്തൺ (ചെമ്പ് മുതൽ തൃപ്പൂണിത്തുറ വരെ) ഒരു മണിക്കൂർ 55 മിനിറ്റിനുള്ളിൽ പൂർത്തീകരിച്ചു.

ബാബു മാസ്റ്ററും മക്കളും

മക്കൾ മുതിർന്നപ്പോൾ മറ്റു കുട്ടികൾക്കൊപ്പം തന്നെ കരാട്ടെ പഠിപ്പിക്കുകയായിരുന്നു. അതുകൊണ്ട് അച്ഛന്റെ വാത്സല്യമൊന്നും കരാട്ടെ പഠനത്തിൽ ഉണ്ടായിരുന്നില്ല, കർക്കശമായ പരിശീലനമായിരുന്നു. എങ്കിലും അച്ഛൻ നല്ലൊരു ഗുരുവാണെന്ന് മറ്റു വിദ്യാർഥികൾക്കൊപ്പം മക്കളും പറയുന്നു. തല്ലി പഠിപ്പിക്കുന്നതിൽ അർഥമില്ലെന്നാണ് ബാബു മാസ്റ്ററുടെ പക്ഷം. പണ്ടൊക്കെ കരാട്ടെ പഠിക്കുമ്പോൾ പിഴവ് വരുത്തിയാൽ നെക്കിൾ പുഷ് അപ്, ഒാടിക്കൽ, മുട്ടുകുത്തിനിർത്തൽ എന്നിവയൊക്കെയാണ് ശിക്ഷ. ഇപ്പോഴത്തെ കുട്ടികളെ ശിക്ഷിക്കാറേയില്ല.

കരുത്തുറ്റ ശരീരത്തിന്

കരാട്ടെ പരിശീലനത്തിന്റെ ഏറ്റവും വലിയ ഗുണം മികച്ച ശാരീരിക ക്ഷമതയാണെന്നാണ് ശരണിന്റെയും ശരതിന്റെയും അനുഭവം. കരാട്ടെ പഠിക്കുന്നവർക്ക് ജിമ്മിലൊന്നും പോകേണ്ടിവരാറില്ല നിരന്തരമായ പരിശീലനത്തിലൂടെ അസ്ഥികളും പേശികളുമൊക്കെ നല്ല സ്ട്രോങ്ങായിരിക്കും. അത്ര പെട്ടെന്നൊന്നും ഒടിവുകളോ പരിക്കുകളോ ഉണ്ടാകില്ല. മിന്നൽ വേഗത്തിലുള്ള കരാട്ടെ കിക്കുകളും പഞ്ചുകളും പരിശീലനത്തിന്റ ഭാഗമാണെങ്കിലും ഇന്നേവരെ അതുവഴി പരുക്കൊന്നും പറ്റിയിട്ടില്ല. അല്ലാതുള്ള ചെറിയ പരുക്കുകൾക്ക് പണ്ട് പഠിച്ച കളരിചികിത്സയാണ് ചെയ്യുക.

കരാട്ടെ പരിശീലനമെന്നു പറയുമ്പോൾ ശാരീരികം മാത്രമല്ല, മനസ്സിന്റെ നിയന്ത്രണവും ഉൾപ്പെടും. മനസ്സിന്റെ ശക്തിക്കു സഹായിക്കുന്നത് മെഡിറ്റേഷനാണ്. വലിയ അഭ്യാസപ്രകടനങ്ങൾക്കു തലേന്ന് രാത്രി മണിക്കൂറുകളോളം ധ്യാനിക്കാറുണ്ട്. 70 ശതമാനം ധ്യാനം, 30 ശതമാനം ആഹാരവും ശാരീരിക അഭ്യാസവും എന്നാണ് തത്വം.

കരാട്ടെ പഠിപ്പിച്ച അച്ചടക്കം

അച്ഛന്റെ കരാട്ടെ പരിശീലനം മാത്രമല്ല മക്കൾ കണ്ടു പഠിച്ചത്, ജീവിതത്തിൽ പുലർത്തുന്ന അച്ചടക്കവും വ്യക്തി ഗുണങ്ങളുമാണ്. ചെറുപ്പം മുതലേ അവർ അതിരാവിലെ ഉണർന്ന് സ്വയം കാര്യങ്ങളെല്ലാം ചെയ്തു ശീലിച്ചു. മനസ്സിനെ നിയന്ത്രിച്ച് ദുശ്ശീലങ്ങളിൽ നിന്ന് അകന്നുനിന്നു.

‘‘എതിരാളിയെ നശിപ്പിക്കൽ അല്ല. സ്വയം മെച്ചപ്പെടുകയും പൂർണനാവുകയും ചെയ്യുകയാണ് പരിശീലനത്തിന്റെ കാതൽ. മക്കൾ അത് നന്നായി ഉൾക്കൊണ്ടിട്ടുമുണ്ട്. ശരത് ചെറിയ കുട്ടിയായിരിക്കുമ്പോൾ സ്കൂളിലെ കുട്ടികളിൽ നിന്ന് നല്ല അടിയും നുള്ളുമൊക്കെ കിട്ടിയാണ് വരിക. പക്ഷേ, എത്ര തല്ലു കിട്ടിയാലും അവൻ തിരിച്ചു തല്ലാറില്ല. ഞാൻ അങ്ങനെ ചെയ്താൽ അച്ഛനും കരാട്ടെയ്ക്കുമല്ലേ മോശം എന്നു പറയും.

കരാട്ടെ ഒരാളുടെ വ്യക്തിത്വത്തിൽ ചെലുത്തുന്ന സ്വാധീനം വലുതാണ്. കരാട്ടെയുടെ ഫിലോസഫി തന്നെ മനസ്സിന്റെയും ശരീരത്തിന്റെയും ഒത്തുചേർന്ന പ്രവർത്തനത്തിലൂടെ ആത്മവിശ്വാസവും വിനയവും തുറവിയും സമാധാനവും നേടിയെടുക്കുകയാണ്. കരാട്ടെയിൽ കത്താസ് എന്ന ഒന്നുണ്ട്. ചലിക്കുന്ന ധ്യാനം എന്നാണ് കത്താസിനെ വിശേഷിപ്പിക്കുക. ദിവസവും കത്താസ് പരിശീലിക്കുന്ന വ്യക്തി അടുക്കും ചിട്ടയും ക്ഷമയും സ്നേഹവും ഉള്ളവനാകും എന്നാണ് പറയുന്നത് ’’ ബാബു മാസ്റ്റർ പറയുന്നു.

ബാബുവിന്റെ ഭാര്യ വിജയശ്രീ കരാട്ടെ പഠിച്ചിട്ടില്ല. ‘‘ഞാൻ കരാട്ടെ പരിശീലനവുമായി നടക്കുമ്പോൾ കുട്ടികളുടെ പഠനം ഉൾപ്പെടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഭാര്യയാണ്. കരാട്ടെക്കു വേണ്ടുന്ന വസ്ത്രങ്ങളെല്ലാം തയ്ക്കുന്നതും അവരാണ്. ഞാനും കൂടി പഠിച്ചിരുന്നെങ്കിൽ ശരിക്കും കരാട്ടെ ഫാമിലി ആകുമായിരുന്നു എന്ന് ഇടയ്ക്കു പറയും. ’’ ബാബു പറയുന്നു.

സാഹസിക പ്രദർശനങ്ങൾ

അതിസാഹസിക കരാട്ടെ പ്രദർശനങ്ങളാണ് ബാബു മാസ്റ്ററുടെ ഇഷ്ടവിനോദം. 14 പേരുടെ മേലേ പറന്നുചാടി കിക്ക് ചെയ്യുക, അഞ്ച് അടി ഉയരത്തിൽ തീ വളയത്തിൽ കൂടി പറന്നുചാടി കിക്ക് ചെയ്യുക, കരിങ്കൽ ബാറുകളും ഒാടുകളും കൈ കൊണ്ട് ഉടയ്ക്കുക എന്നിങ്ങനെ സാഹസിക ഇനങ്ങളടങ്ങുന്ന 1500–ഒാളം പ്രദർശനങ്ങൾ ഇതേവരെ നടത്തിയിട്ടുണ്ട്. മഴവിൽ മനോരമയിലെ ഉഗ്രം ഉജ്ജ്വലം പരിപാടിയിൽ 5400 കി.ഗ്രാം തൂക്കം വരുന്ന മിനി ബസ് കയ്യിൽ കൂടി രണ്ടു വീലും കയറ്റി ഇറക്കി. കരാട്ടെയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ബാബു മാസ്റ്ററിന്റെ നേട്ടങ്ങൾ കണക്കിലെടുത്ത് 2014ൽ ഇന്റർനാഷനൽ ഷോറായ് ഷോട്ടോരാൻ കരാട്ടെ അസ്സോസിയേഷൻ കരാട്ടെ ഇതിഹാസമായി ആദരിച്ചു.

2012ൽ 36 മണിക്കൂറും 17 മിനിറ്റും തുടർച്ചയായി നഞ്ചാക്ക് (വടി പോലെയുള്ള ഉപകരണം) വീശി ലിംക ബുക്ക് ഒാഫ് റെക്കോഡ് ഇട്ടു. 2017–ൽ 26 മണിക്കൂർ തുടർച്ചയായി കത്ത ചെയ്ത് ഗിന്നസ് ബുക്ക് ഒാഫ് വേൾഡ് റെക്കോഡിൽ സ്ഥാനം പിടിച്ചിട്ടുണ്ട് ഇദ്ദേഹം.

ഭവൻസ് ആദർശ് കാക്കനാട്, ശ്രീനാരായണ വിദ്യാപീഠം എന്നീ സ്കൂളുകളിൽ അധ്യാപകനാണ് ബാബു. മൂത്ത മകൻ ശരത് ബാബു വെള്ളൂർ ഭവൻസ്, തൃപ്പൂണിത്തുറ ചിന്മയ എന്നിവിടങ്ങളിൽ കരാട്ടെ പഠിപ്പിക്കുന്നു. ഇളയ മകൻ ശരൺ ബാബു അച്ഛനോടൊപ്പം തൃപ്പൂണിത്തുറയിൽ ഷൊറായ് ഷോട്ടോക്കാൻ കരാട്ടെ എന്ന പേരിൽ കരാട്ടെ ക്ലാസ്സ് നൽകുന്നു.

Tags:
  • Fitness Tips
  • Manorama Arogyam