Tuesday 17 January 2023 12:29 PM IST

ഫ്രീസറിലെ 3 ദിവസത്തിലേറെ പഴക്കമുള്ള ഇറച്ചി, ഒരുമിച്ചിട്ടുള്ള പാത്രം കഴുകൽ: എവിടെ വച്ചും ഭക്ഷണം വിഷമയമാകാം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

Foodsaf6767

ഷവർമ കഴിച്ചതിനെത്തുടർന്ന് വിദ്യാർത്ഥിനിയ്ക്കു സംഭവിച്ച ആകസ്മികമരണം കേരളക്കരയാകെ ഞെട്ടലോടെയാണു കേട്ടത്. സുരക്ഷിത ഭക്ഷ്യഇടങ്ങൾ എന്നു കരുതുന്നവ തിരഞ്ഞെടുത്താലും ചിലപ്പോൾ അപകടം പതിയിരിപ്പുണ്ടാകാം. ഏറ്റവും വിശ്വസനീയമെന്നു നാം കരുതുന്ന നമ്മുടെ വീടുകളിലെ അടുക്കളകളിലും ആഹാരം വിഷമയമാകുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. പുറത്തു നിന്നു കഴിക്കാനൊരുങ്ങുമ്പോൾ സ്വീകരിക്കുന്ന അതേ ജാഗ്രത ഇവിടെയും ആവശ്യമാണ്. അതായത് ആഹാരം പാകപ്പെടുത്തി വിളമ്പുന്നതു വരെയുള്ള യാത്രയിൽ എവിടെ വച്ചും ആഹാരം വിഷമയമാകാം എന്ന നേരറിവു കൂടിയുണ്ടാകണമെന്നർഥം.

∙ക‍ൃത്യമല്ലാത്ത റഫ്രിജറേഷനും ആഹാരം സംഭരിക്കുന്ന രീതിയും ∙ വ്യക്തി ശുചിത്വത്തിലെ പോരായ്മകൾ ∙പരസ്‌പരമുള്ള അണുബാധ (ക്രോസ് കണ്ടാമിനേഷൻ) ∙ മലിനീകരിക്കപ്പെട്ട ആഹാര ഉറവിടങ്ങൾ ∙ അപൂർണമായ പാചകം ∙ താപനിലയിൽ വരുന്ന തെറ്റുകൾ എന്നിങ്ങനെ ഭക്ഷ്യവിഷബാധയ്ക്കു വഴിയൊരുക്കുന്ന കുറേ അപായ ഘടകങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഭക്ഷ്യവിഷബാധയ്ക്കെതിരെ പ്രായോഗിക മുന്നൊരുക്കങ്ങളും സമീപനങ്ങളുമാണ് ആദ്യം വേണ്ടത്.

എന്താണ് ഭക്ഷ്യവിഷബാധ? മലിനീകരിക്കപ്പെട്ട ആ ഹാരത്തിൽ നിന്നുണ്ടാകുന്ന രോഗമാണിത്. ഭക്ഷ്യജന്യരോഗം എന്നും ഇതിനെ വിളിക്കുന്നു. അണുബാധയ്ക്കു കാരണമാകുന്ന ബാക്ടീരിയ, വൈറസ്, പരാദങ്ങൾ എ ന്നിവയോ അവയുടെ ടോക്സിനുകളോ ആണ് ഇതിലേക്കു നയിക്കുന്നത്. ഇത്തരത്തിലുള്ള ആഹാരം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ മനംപുരട്ടൽ, ഛർദി, വയറിളക്കം, അടിവയറുവേദന, പനി എന്നിങ്ങനെ ലക്ഷണങ്ങൾ പ്രകടമാകുന്നു. മിക്കപ്പോഴും ഭക്ഷ്യവിഷബാധ ലഘുവായാണു പ്രകടമാകാറുള്ളത്. ചികിത്സകൂടാതെ സുഖപ്പെടുകയും ചെയ്യും. എന്നാൽ ചിലരിൽ ലക്ഷണങ്ങൾ തീവ്രതയുള്ളതാകും. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സിക്കേണ്ടി വരും.

വൃത്തിയുള്ള കൈകൾ; ശുദ്ധിയുള്ള അടുക്കള

കൈകൾ എത്രത്തോളം നന്നായി വൃത്തിയാക്കുന്നുവോ പാതിയോളം ആഹാരജന്യരോഗങ്ങളെ ഒഴിവാക്കാനാകുമെന്നാണ്. 20 സെക്കൻഡു നേരമെടുത്ത് കൈകൾ കഴുകാം. ഇളംചൂടുള്ള സോപ്പുവെള്ളം തന്നെ ഉപയോഗിക്കുക. കൈകളുടെ ഉൾവശവും പുറംഭാഗവും കൈത്തണ്ടയും നഖങ്ങളുടെ അടിഭാഗവും വൃത്തിയാക്കണം.തുടർന്ന് ശുദ്ധജലത്തിൽ കൈകൾ നന്നായി കഴുകുക.അതിനു ശേഷം വൃത്തിയുള്ള തുണിയിൽ കൈകൾ തുടച്ചുണക്കുക. ഇനി പാചകം തുടങ്ങാം.

വേവിക്കാത്ത മാംസം, മുട്ട, പഴങ്ങൾ, പച്ചക്കറികൾ ഇവ കൈകാര്യം ചെയ്തതിനു ശേഷം കൈകൾ നന്നായി കഴുകണം. ആഹാരം പാകപ്പെടുത്തിയതിനു ശേഷവും ടോയ്‌ലറ്റ് ഉപയോഗത്തിനു ശേഷവും കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ഡയപ്പർ മാറ്റിയതിനു ശേഷവും കൈകൾ കഴുകുക എന്നതു പ്രധാനമാണ്. ചുമയ്ക്കും തുമ്മലിനും ശേഷവും വേസ്‌റ്റ് മാറ്റിയതിനും അഴുക്കു പാത്രങ്ങൾ കഴുകിയതിനു ശേഷവും കൈകൾ വൃത്തിയാക്കണം. സിഗരറ്റിൽ സ്പർശിക്കുക, ഫോൺ ഉപയോഗിക്കുക, അരുമകളെ ഒാമനിക്കുക, മുറിവിൽ സ്പർശിക്കുക ഇവയ്ക്കു ശേഷം കൈകൾ നന്നായി വൃത്തിയാക്കാതെ പാചകത്തിനൊരുങ്ങരുത്.

പ്രതലങ്ങൾ സംശുദ്ധമാകണം

അടുക്കളയിലെ പ്രതലങ്ങൾ, കൗണ്ടർ ടോപ്പുകൾ, കട്ടിങ് ബോഡുകൾ, മിക്സി , ജൂസർ , അവ്ൻ ഉൾപ്പെടെ അടുക്കളയിലെ ഉപകരണങ്ങളെല്ലാം സാമാന്യം ചൂടുള്ള സോപ്പുവെള്ളം കൊണ്ടു വൃത്തിയാക്കണം. അടുക്കളയിൽ പാറ്റ, പല്ലി, ചിലന്തി എന്നിവയെയും നിയന്ത്രിക്കണം. പ്രതലങ്ങൾ വൃത്തിയുള്ളതാകുമ്പോൾ ഇത്തരം ജീവികളുടെ ശല്യവും കുറയും. തലേ ദിവസത്തെ വേസ്‌‌റ്റ് അടുക്കളയിൽ സംഭരിക്കുന്ന ശീലവും ഒഴിവാക്കുക.

പാത്രങ്ങൾ തുടയ്ക്കാനുപയോഗിക്കുന്ന തുണികളും ടവലുകളും വാഷിങ് മെഷീനിലോ, അല്ലാതെയോ ചൂടുവെള്ളത്തിൽ കഴുകിയെടുക്കണം. ഇത്തരം തുണികൾ കുറച്ചധികം കരുതി വയ്ക്കാം. ദിവസേന പുതിയ തുണികൾ ഉപയോഗിക്കണം. പാത്രങ്ങൾ തുടയ്ക്കാനുപയോഗിക്കുന്ന തുണികൾ ഒരു കാരണവശാലും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. കൈകൾ തുടച്ചുണക്കാനും പാത്രങ്ങൾ തുടയ്ക്കാനും കൗണ്ടർ ടോപ് തുടയ്ക്കാനും വെവ്വേറെ ടവലുകൾ സൂക്ഷിക്കുക.

പാത്രങ്ങൾ വൃത്തിയാക്കാനുപയോഗിക്കുന്ന സ്പോഞ്ചുകൾ നിശ്ചിത ഇടവേളകളിൽ കളയണം. അത് അണുക്കളുടെ ഒരു ആസ്ഥാനം തന്നെയാണ്. ഇടയ്ക്ക് അവ ക്ലോറിൻ ബ്ലീച്ച് സൊലൂഷനും സോപ്പും ഉപയോഗിച്ചു കഴുകി വെയിലിൽ ഉണക്കിയെടുക്കാം. പച്ചക്കറികളും മറ്റും വാങ്ങുന്നതിന് വീണ്ടും ഉപയോഗിക്കുന്ന തരം ബാഗുകളുണ്ടാകും. അവ ഉപയോഗശേഷം വൃത്തിയായി കഴുകി സൂക്ഷിക്കണം. അടുത്ത പർച്ചേസിനു മുഷിഞ്ഞ ബാഗുമായി പോകരുത്. അല്ലെങ്കിൽ വീണ്ടും ഉപയോഗിക്കാവുന്നതരം ബാഗുകൾ ഉപയോഗിക്കാം.

പച്ചക്കറികളിലേയും പഴങ്ങളിലേയും മലിനീകരണം തടയണമെങ്കിൽ പാചകത്തിനു മുൻപേ ഒരുക്കങ്ങൾ ആ രംഭിക്കണം. പച്ചക്കറികളും പഴങ്ങളും കഴുകുന്നതു പ്രധാനമാണ്. ഉപ്പ് , വിനാഗിരി, മഞ്ഞൾ, വാളൻപുളി എന്നിവ ചേർത്ത വെള്ളത്തിൽ പച്ചക്കറികളും പഴങ്ങളും കുറഞ്ഞതു പത്തു മിനിറ്റോളം കുതിർത്തു വയ്ക്കാം. പിന്നീട് ശുദ്ധമായ ഒഴുക്കു വെള്ളത്തിൽ പല തവണ കഴുകിയെടുക്കാം. ‌പച്ചക്കറികൾ വൃത്തിയായി കഴുകിയ ശേഷമാണു മുറിക്കേണ്ടത്. മുറിച്ചതിനു ശേഷം കഴുകുന്നതിലൂടെ പോഷണനഷ്ടം സംഭവിക്കാം. വലിയ അളവിൽ പാചകം ചെയ്യുന്നവർ ഗ്ലൗസ് ധരിക്കണം. റസ്‍റ്ററന്റുകളിലും മറ്റും പാചകക്കാരുടെ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ശ്രദ്ധിക്കണം. അങ്ങനെയുള്ള സാഹചര്യത്തിൽ അവരെ മാറ്റി നിർത്താം. പാചകം ചെയ്യുന്ന സ്ഥലത്തെ വെളിച്ചവും വായുസഞ്ചാരവും ഏറെ പ്രധാനമാണ്. പാത്രങ്ങളുടെ വൃത്തി പാചകത്തിലും കഴിക്കുന്നതിലും പ്രധാനമാണ്. മാംസത്തിനും മത്സ്യത്തിനും പാലിനും ചോറു വയ്ക്കുന്നതിനും പ്രത്യേകം പാത്രങ്ങൾ കരുതണം.

സുരക്ഷിത പാചകത്തിന്  തത്വങ്ങൾ

∙ വേവിച്ച ഫൂഡും വേവിക്കാത്ത ഫൂഡും ഒന്നിച്ചു വയ്ക്കരുത്. കത്തി , കട്ടിങ് , ബോഡ് , പാത്രങ്ങൾ ഇവ വേവ്വേറെ വേണം. സ്‌റ്റീൽ കണ്ടെയ്നറുകളിൽ സൂക്ഷിക്കാം.

∙ ആഹാരം നന്നായി വേവിക്കുക. മാംസം, മത്സ്യം, മുട്ട , സീഫൂഡ്സ് ഇവ നന്നായി പാകപ്പെടുത്തുക. 70 ഡിഗ്രിയാണു തെർമോമീറ്ററിൽ സാധാരണ പറയുന്നത്. കുക്ക് ചെയ്ത ഫൂഡ് രണ്ടു മണിക്കൂറിലേറെ റൂം ടെപറേച്ചറിൽ വയ്ക്കരുത്.

∙ മത്സ്യവും മാംസവുമൊക്കെ ഒരാഴ്ചയിലേറെ ഫ്രീസറിൽ വച്ച് ഉപയോഗിക്കരുത്.

∙  നല്ല വെള്ളം, ശുദ്ധമായ ചേരുവകൾ എന്നിവ പ്രധാനമാണ്.

എങ്ങനെ സൂക്ഷിക്കാം?

മുട്ടയും പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കി വേണം ഫ്രിജിൽ വയ്ക്കാൻ. പച്ചക്കറികളും പഴങ്ങളും മലിനീകരണം അകറ്റാനുള്ള ലായനിയിൽ മുക്കിവയ്ക്കുകയുമാകാം. ഇവ തണുത്ത ഒഴുക്കുവെള്ളത്തിൽ കഴുകിയെടുക്കാം. അല്ലെങ്കിൽ അതിലെ മാലിന്യങ്ങൾ ഫ്രിജിലെത്തും. നാം പാകപ്പെടുത്തിയ ആഹാരം ഫ്രിജിൽ വയ്ക്കുമ്പോൾ മൂടി വയ്ക്കുന്നതിലൂടെ അണുബാധ തടയാം.

മത്സ്യം ഫ്രീസറിൽ വയ്ക്കുമ്പോൾ അതു കഴുകി വൃത്തിയാക്കി ഒാരോ നേരത്തെയും പാചകത്തിനാവശ്യമായ രീതിയിൽ ചെറു കണ്ടെയ്നറുകളിൽ വയ്ക്കുക. വറുക്കുന്നതിനുള്ളത്, കറി വയ്ക്കാനുള്ളത്, ഗ്രിൽ ചെയ്യാനുള്ളത് അങ്ങനെ വെവ്വേറെ വയ്ക്കാം. ഒന്നിച്ച് ഒരു കണ്ടെയ്നറിൽ വച്ചാൽ ഒാരോ തവണയും ഇതു മുഴുവനായും പുറത്തെടുത്തു തണുപ്പു മാറ്റേണ്ടി വരും. അത് മത്സ്യം ചീത്തയാക്കും. മാംസവും ഇങ്ങനെ സൂക്ഷിക്കാം. പാകപ്പെടുത്തിയ സാധനങ്ങൾ‍ ഫ്രിജിൽ വച്ചിട്ട് അത് ഒന്നിലേറെ തവണ ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. ഉടൻ ഉപയോഗിക്കാനുള്ളത് ഫ്രിജിലും പിന്നീട് ഉപയോഗിക്കാനുള്ളവ ഫ്രീസറിലുമായി വയ്ക്കാം.

ഒരു തവണ ഫ്രിജിൽ നിന്ന് എടുക്കുന്നവ അപ്പോൾ തന്നെ ഉപയോഗിച്ചു തീർക്കണം. അതു വീണ്ടും ഫ്രിജിൽ വച്ച് വീണ്ടും ചൂടാക്കി പിറ്റേന്നും ഉപയോഗിക്കുന്നതു നല്ല രീതിയല്ല. കടകളിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ നന്നായി കഴുകി വേർതിരിച്ചു സിപ് കവറുകളിലാക്കി ഫ്രിജിൽ വയ്ക്കുക. മത്സ്യവും മാംസവും ഒരാഴ്ചയിലേറെ ഫ്രീസറിൽ വച്ച് ഉപയോഗിക്കുകയുമരുത്.

പാചകം ആവശ്യമായ താപനിലയിൽ

ആഹാരം ആവശ്യമായ താപനിലയിൽ പാകപ്പെടുത്തുമ്പോൾ ഉപദ്രവകാരികളായ ബാക്ടീരിയകൾ നശിപ്പിക്കപ്പെടുന്നു. പാചകത്തിന്റെ പൂർണത അറിയണമെങ്കിൽ ഒരു ഫൂഡ് തെർമോമീറ്റർ അനിവാര്യമാണ്. ഭക്ഷ്യവസ്തുക്കൾ കൃത്യമായ രീതിയിൽ പാകപ്പെട്ടിട്ടുണ്ടോ എന്ന് എ ല്ലായ്പ്പോഴും കൃത്യമായി പറയാനാകില്ല. ഈ സാഹചര്യത്തിൽ കൃത്യമായ ആന്തരിക താപനില വരെ ആഹാരം പാകം ചെയ്യപ്പെട്ടോയെന്നും അപകടകാരികളായ ബാക്ടീരിയകൾ നീക്കം ചെയ്യപ്പെട്ടോ എന്നറിയാനും ഇതു സഹായിക്കുന്നു. വിവിധതരം ഫൂഡ് തെർമോമീറ്ററുകൾ വിപണിയിലുണ്ട്. തെർമോമീറ്റർ ഉപയോഗിച്ചശേഷം ചൂടുള്ള സോപ്പുവെള്ളത്തിൽ കഴുകി സൂക്ഷിക്കണം.

എല്ലിൽ നിന്നും കൊഴുപ്പു ഭാഗത്തു നിന്നുമകലെയായി മാംസത്തിന്റെ കട്ടിയുള്ള ഭാഗത്ത് തെർമോമീറ്റർ വയ്ക്കുക. ചിക്കന്റെ കാര്യത്തിൽ അതു മുഴുവനായി പാകപ്പെടുത്തിയാൽ തുടയുടെ ഉൾഭാഗത്ത് നെഞ്ചിൻ കൂടിനടുത്തായി വയ്ക്കാം. മുറിച്ച ചിക്കൻ കഷണങ്ങളിൽ കട്ടിയുള്ള ഭാഗത്തു വയ്ക്കാം. മുട്ടയുടെയും കട്ടിയുള്ള ഭാഗത്തു വയ്ക്കാം. മാംസം, മത്സ്യം, മുട്ട , സീഫൂഡ്സ് ഇവ നന്നായി പാകപ്പെടുത്തുക. കൃത്യമായ പാചകത്തിന്റെ തോതായി 70 ഡിഗ്രിയാണു തെർമോമീറ്ററിൽ രേഖപ്പെടുത്തുന്നത്. ബാക്കി വരുന്ന ആഹാരം മൂന്നു നാലു ദിവസത്തിലേറെ ഫ്രിജിൽ സൂക്ഷിക്കരുത്. അതിനു ശേഷം ഉപയോഗിക്കരുത്. അത് ഭക്ഷ്യവിഷബാധയിലേക്കു നയിക്കുന്നു.

അപകടകാരികളായ പദാർഥങ്ങളോ, രോഗകാരികളായ ബാക്ടീരിയകളോ കൈകൾ, ആഹാരവുമായി സമ്പർക്കം വരുന്ന പ്രതലങ്ങൾ, സ്പോഞ്ചുകൾ,ക്ലോത് ടവ്വലുകൾ, പാത്രങ്ങൾ ( അവ പാകപ്പെടുത്താത്ത ഭക്ഷണവുമായും തുടർന്ന് ഉടൻ കഴിക്കാവുന്ന തരം ഭക്ഷണവുമായും സമ്പർക്കത്തിൽ വന്നവ) ഇവയിലൂടെ ആ ഹാരത്തിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നതാണ് പരസ്‌പരമുള്ള അണുബാധ അഥവാ ക്രോസ് കണ്ടാമിനേഷൻ എന്നറിയപ്പെടുന്നത്.

പാകപ്പെടുത്താത്ത ആഹാരവുമായുണ്ടാകുന്ന സ്പർശമോ, അതിൽ നിന്ന് പാകപ്പെടുത്തിയ ആഹാരത്തിലേക്ക് തുള്ളികൾ ഇറ്റു വീഴുന്നതോ പോലും ക്രോസ് കണ്ടാമിനേഷനിലേക്കു നയിക്കാം. വേവിക്കാത്ത ആഹാരവും ഉടൻ കഴിക്കാവുന്ന ആഹാരവും ( ഇതിൽ പച്ചക്കറികളും നേരിട്ടു കഴിക്കാവുന്ന പഴങ്ങളും) എല്ലാം ഉൾപ്പെടുന്നു. ആഹാരപദാർഥങ്ങൾ വെവ്വേറെ സൂക്ഷിക്കുക എന്നതാണ് ബാക്ടീരിയയുടെ വ്യാപനം തടയുന്നതിനുള്ള മാർഗം.

ഇതിനായി ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട്.

1. സിംഗിൾ ഡോർ ഫ്രിജ് ആണെങ്കിൽ വേവിക്കാത്ത മാംസം, കോഴിയിറച്ചി , സീ ഫൂഡ് ഇവ ഫ്രീസറിൽ വയ്ക്കുക. ഇവ പ്ലാസ്‌റ്റിക് കവറുകളിൽ വയ്ക്കാതെ കണ്ടെയ്നറുകളിൽ വയ്ക്കാം. കണ്ടെയ്നറുകളിൽ വച്ചാൽ വൈദ്യുതി ഇല്ലാതെ വന്നാലും അതിൽ നിന്നും ദ്രാവകമൊന്നും താഴെ വച്ചിരിക്കുന്ന ആഹാര പദാർഥങ്ങളിലേക്ക് ഇറ്റു വീഴുകയില്ല. ഫ്രിജിന് രണ്ടു ഡോറുകൾ ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല.

2. പാകപ്പെടുത്തിയ ആഹാരം ഫ്രിജിൽ വയ്ക്കുമ്പോൾ തീയതി രേഖപ്പെടുത്തുന്നതിലൂടെ മൂന്നു ദിവസത്തിലേറെ ഫ്രിജിൽ വയ്ക്കരുത് എന്ന കാര്യം ഉറപ്പാക്കാം. വേവിച്ച ആഹാരവും വേവിക്കാത്ത ആഹാരവും ഫ്രിജിൽ അടുത്തടുത്തു വയ്ക്കരുത്.

3. പച്ചക്കറികളും പഴങ്ങളും കഴുകിയെടുക്കാൻ സ്ക്രബ് ബ്രഷ് ഉപയോഗിക്കാം. രണ്ടു സ്ക്രബ് ബ്രഷുകൾ കരുതാം. ഇതും ക്രോസ് കണ്ടാമിനേഷൻ സാധ്യത തടയുന്നു.

4. ഉപയോഗിച്ച പാത്രങ്ങളും ഉപയോഗിക്കാത്ത പാത്രങ്ങളും ഒന്നിച്ചു കഴുകാതെ വേറിട്ടു കഴുകിയെടുക്കാം.

5. ഭക്ഷ്യവസ്തുക്കളുടെ കവറുകൾ മുറിക്കുന്നതിന് ക്ലീൻ ബ്ലേഡുകളോ കത്രികകളോ ഉപയോഗിക്കാം.

6. പാചകം ചെയ്യുന്ന ആളിന്റെ കൈകളിൽ മുറിവോ, വ്രണമോ ഉണ്ടെങ്കിൽ ഡിസ്പോസിബിൾ ഗ്ലൗസ് ഉപയോഗിക്കുക.

കട്ടിങ് ബോഡ് ഉപയോഗം കരുതലോടെ

മിക്ക വീടുകളിലും ഒരു കട്ടിങ് ബോഡ് മാത്രമേ ഉണ്ടാകൂ. മാംസവും മത്സ്യവും പച്ചക്കറികളുമെല്ലാം അതിലാകും മുറിക്കുന്നത്. എന്നാൽ ഈ രീതി അനാരോഗ്യകരമാണ്.

സുരക്ഷിത പാചകത്തിനു നാലു തരം കട്ടിങ് ബോഡ് ഉപയോഗിക്കാം. ഒന്ന്, പാകപ്പെടുത്താത്ത മാംസത്തിന് , അടുത്തത് മത്സ്യത്തിന്. മറ്റൊന്ന് പച്ചക്കറികൾക്ക്. നാലാമ
തൊന്ന് പഴങ്ങൾക്ക്.

മാംസവും മത്സ്യവും മുറിക്കുന്ന അതേ കട്ടിങ് ബോഡിൽ പച്ചക്കറികളും പഴങ്ങളും മുറിക്കാൻ പാടില്ല. ഇനി കട്ടിങ് ബോഡ് ഉപയോഗം എളുപ്പമാക്കുന്നതിനു കളർ കോഡുകൾ കൊണ്ടു വരാം. പച്ചക്കറികൾക്കു പച്ച നിറമുള്ള കട്ടിങ് ബോഡ് ,മാംസത്തിനു ചുവപ്പു നിറമോ ഒാറഞ്ചു നിറമോ. മത്സ്യത്തിനു വെളുപ്പു നിറമുള്ള കട്ടിങ് ബോഡ്. ഇനി പഴങ്ങൾക്ക് വൂഡൻ കട്ടിങ് ബോഡ് അങ്ങനെ.

ഉപയോഗം കഴിഞ്ഞാലുടൻ കട്ടിങ് ബോഡ് ഉപ്പു ലായനിയോ വിനാഗിരിയോ ഉപയോഗിച്ചു കഴുകാം. അവസാനം ചൂടുള്ള സോപ്പുലായനിയിലും വൃത്തിയായി കഴുകണം. ഡിഷ് വാഷറിലും കഴുകാവുന്നതാണ്. മാംസവും മത്സ്യവും മുറിച്ചതിനു ശേഷം ബോഡുകൾ ബ്ലീച്ച് സൊലൂഷനിൽ കഴുകാം. ബോഡ് വെയിലിൽ ഉണക്കി സൂക്ഷിക്കാം. പൊട്ടലുകളും വിള്ളലുകളും കത്തിയുടെ പാടുകളുമൊക്കെ വീണ് പഴയതായ ബോഡുകൾ ഉപേക്ഷിക്കുക. അത്തരം വിടവുകൾ അണുക്കളുടെ ആവാസ കേന്ദ്രങ്ങളാണ്. കത്തി, കട്ടിങ് ബോഡ്, പാത്രങ്ങൾ ഇവ വേവ്വേറെയായി സൂക്ഷിക്കാം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. മുംതാസ് ഖാലിദ് ഇസ്‌മയിൽ

കൺസൽറ്റന്റ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ്

റെയിൻബോ പോളി ക്ലിനിക് , പടമുഗൾ, കൊച്ചി

Tags:
  • Manorama Arogyam