Saturday 02 November 2024 04:28 PM IST : By സ്വന്തം ലേഖകൻ

നടുവേദന മുതല്‍ അര്‍ശസ്സിന്റെ വേദന വരെ- ഫലപ്രദമായ ഹോമിയോ മരുന്നുകള്‍

rruy6575

ശാരീരിക വേദനകളില്ലാത്ത ദൈനംദിന ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എങ്കിലും നിത്യജീവിതത്തിൽ പല തരത്തിലുള്ള ശാരീരിക വേദനകൾ നമുക്ക് അനുഭവിക്കേണ്ടി വരുന്നു. ശാരീരികവേദനകളുടെ ചികിത്സയിൽ ഹോമിയോപ്പതിക്കു വലിയ സാധ്യതകളാണ് ഉള്ളത്. അതേക്കുറിച്ചു വിശദമായി അറിയാം. 

വേദനയ്ക്ക് ഒരു ആമുഖം 

വേദനയെ പൊതുവെ രണ്ടായി തരം തിരിക്കാം. ഹ്രസ്വകാലത്തേക്ക് അനുഭവപ്പെടുന്ന വേദനയും (acute pain) ദീർഘകാലം നീണ്ടു നിൽക്കുന്ന വിട്ടുമാറാത്ത വേദനയും (chronic pain). പലപ്പോഴും വേദന എന്നതു നമ്മുടെ ശരീരത്തിനു ഹിതകരമല്ലാത്തതെന്തോ സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ്.സ്വന്തം ശരീരത്തെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ തേടാൻ വേദന നമ്മെ പ്രേരിപ്പിക്കുന്നു. വേദനയുടെ കാരണം , രോഗം ബാധിച്ച ശരീരഭാഗം, രോഗിയുടെ സംവേദനക്ഷമത, അനുബന്ധ രോഗങ്ങൾ തുടങ്ങി പല ഘടകങ്ങളെ ആശ്രയിച്ചു വേദനയുടെ തീവ്രത കൂടിയോ കുറഞ്ഞോ ഇരിക്കാം. ത്വക്ക്, പേശികൾ, എല്ലുകൾ, നാഡീഞരമ്പുകൾ, ആന്തരികാവയവങ്ങൾ തുടങ്ങി ശരീരത്തിന്റെ പല വിധ കോശങ്ങൾക്ക് ഏതെങ്കിലും രീതിയിൽ കേടുപാടുകൾ ഉണ്ടാകുമ്പോഴാണു വേദന ഉണ്ടാകുന്നത്. 

മാനസികമായ അനാരോഗ്യവും ശാ രീരിക വേദനകൾക്കു കാരണമാകാം. അണുബാധ, നീർക്കെട്ട്, ശരീരത്തിലേൽക്കുന്ന ക്ഷതങ്ങൾ തുടങ്ങി അർബുദം വരെയുള്ള രോഗങ്ങളിൽ വേദന ഒരു ലക്ഷണമായി കാണാം. തീവ്രമായ ശാരീരിക വേദന അതനുഭവിക്കുന്ന വ്യക്തിയുടെ ജീവിത ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നു.

ഹോമിയോപ്പതിയിലെ സാധ്യതകൾ

വേദന എന്ന രോഗലക്ഷണത്തെ മാത്രമല്ല, ഹോമിയോപ്പതിയിലെ ചികിത്സ ലക്ഷ്യം വയ്ക്കുന്നത്. അതനുഭവിക്കുന്ന രോഗിയെ കൂടിയാണ്. രോഗിയുടെ സമഗ്രമായ ആരോഗ്യം വീണ്ടെടുക്കലാണു ചികിത്സാലക്ഷ്യം. അതിനു തീരെ കഴിയാത്ത സന്ദർഭങ്ങളിൽ സാന്ത്വന ചികിത്സയ്ക്കും ഹോമിയോപ്പതി ഉപയോഗിക്കാം.

‘Similia similibus curentur’ (സാമ്യം സാമ്യത്തെ സുഖപ്പെടുത്തും) എന്ന അടിസ്ഥാന തത്വത്തിലൂന്നിയാണ് ഏതു രോഗത്തിനും ഹോമിയോപ്പതി ചികിത്സ സാധ്യമാകുന്നത്. ആരോഗ്യവാനായ ഒരു വ്യക്തിയിൽ ചില ലക്ഷണങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള വസ്തുക്കൾ പ്രത്യേക രീതിയിൽ തയാറാക്കി (Potentisation) സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തികളിൽ നൽകുന്നു. രോഗത്തിനു യോജ്യമായ രീതിയിൽ മരുന്നുകൾ ഏറ്റവുംവും കുറഞ്ഞ അളവിലും എണ്ണത്തിലുമാണു നൽകേണ്ടത്.

ഹോമിയോപ്പതി മരുന്നുകൾ മനുഷ്യ ശരീരത്തിൽ അന്തർലീനമായ ജീവശക്തിയെ ഉത്തേജിപ്പിച്ച് ശരീരത്തിനെ സ്വയം ചികിത്സിക്കാൻ പ്രാപ്തമാക്കുന്നു. രോഗത്തിന്റെ അടിസ്ഥാന കാരണം പരിഹരിച്ച് ആരോഗ്യത്തിന്റെ സമഗ്രമായ സന്തുലനം വീണ്ടെടുക്കുന്നു. മനുഷ്യശരീരത്തിന്റെ പ്രകൃത്യാ ഉള്ള സ്വയംചികിത്സാ ശക്തിയെ പരിപോഷിപ്പിക്കലാണു ഹോമിയോ ഔഷധങ്ങളുടെ ദൗത്യം. പ്രത്യേക രീതിയിൽ നേർപ്പിച്ച് വീര്യം കൂട്ടിയ (Potentisation) ഔഷധ വസ്തുക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രകൃതിജന്യവസ്തുക്കളിൽ നിന്നാണു പ്രധാനമായും ഔഷധങ്ങൾ തയാറാക്കുന്നത്. വിവിധ സസ്യങ്ങൾ, ജീവജാലങ്ങൾ, ധാതുമൂലകങ്ങൾ എന്നിവയെല്ലാം ഔഷധ നിർമാണത്തിന് ഉപയോഗിക്കുന്നു.

ഓരോ വ്യക്തിയും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണ്. ഒരേ തരം രോഗമാണെങ്കിലും വിവിധ രോഗികളിൽ അതുണ്ടാക്കുന്ന പ്രതികരണം വിവിധങ്ങളായിരിക്കും. അതുകൊണ്ടു തന്നെ വേദനയുടെ കാരണം സമാനമാണെങ്കിലും വിവിധ രോഗികളിൽ വിവിധ രീതിയിലും തോതിലുമാണ് അത് അനുഭവേദ്യമാകുന്നത്. 

രോഗലക്ഷണത്തോടൊപ്പം രോഗിയുടെ മാനസിക, വൈകാരിക ബൗദ്ധിക പ്രത്യേകതകളും കൂടി കണക്കിലെടുത്താണ് ഉചിതമായ മരുന്നു നിശ്ചയിക്കുന്നത്.  ഹോമിയോപ്പതി ചികിത്സയിൽ ഓരോ വ്യക്തിക്കും വ്യക്തിഗത (individualised) ഔഷധങ്ങളാണു നൽകുന്നത്.

വേറിട്ട ചികിത്സാരീതി 

ചികിത്സയുടെ ആദ്യപടിയായി രോഗിയിൽ നിന്നും ബന്ധുക്കളിൽ നിന്നും രോഗവിവരം ശരിയായി ചോദിച്ചു മനസ്സിലാക്കണം. പിന്നീടു ശാരീരിക പരിശോധനയിലൂടെയും മറ്റ് ആധുനിക പരിശോധന മാർഗങ്ങൾ അവലംബിച്ചും രോഗനിർണയം നടത്താം. വേദനയുടെ സ്വഭാവം, സ്ഥാനം , വേദന കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്ന ഘടകങ്ങൾ, മറ്റ് അനുബന്ധ ലക്ഷണങ്ങൾ എന്നിവയെല്ലാം ഒരുമിച്ചു ചേർത്താണ് ഔഷധ നിർണയം സാധ്യമാക്കുന്നത്. വേദനയ്ക്കു ധാരാളം മരുന്നുകൾ ഉണ്ടെങ്കിലും ഒരു പ്രത്യേക രോഗിക്ക് അനുയോജ്യമായ മരുന്നു തിരഞ്ഞെടുക്കാൻ അതീവ വൈദഗ്‌ധ്യം ആവശ്യമാണ്. പരിശീലനം ലഭിച്ച ഒരു ഡോക്ടർക്കു മാത്രമേ ഇതിനു കഴിയൂ.

കഠിനമായ, ഹ്രസ്വകാല വേദനക ൾക്കു മരുന്നുകൾ കുറഞ്ഞ ഇടവേളകളിൽ ആവർത്തിച്ചു നൽകേണ്ടി വരും. ദീർഘകാലം നീണ്ടു നിൽക്കുന്ന വിട്ടുമാറാത്ത വേദനകൾക്കു താൽക്കാലിക ആശ്വാസം നൽകുന്ന മരുന്നുകൾ മാത്രം മതിയാകില്ല. 

ആ വ്യക്തിയുടെ മറ്റു സവിശേഷതകൾ കൂടി ( മാനസിക, വൈകാരിക, ബൗദ്ധിക സവിശേഷതകൾ) കണക്കിലെടുത്ത് അടിസ്ഥാന കാരണത്തെ ചികിത്സിക്കുന്ന മരുന്നുകൾ കൂടി നൽകണം. 

മരുന്നു കഴിക്കുമ്പോൾ 

മരുന്നുകൾ ദ്രവരൂപത്തിലോ, പൊടിയായോ, ഗുളികകളായോ നൽകാം. വേദനയുടെ തീവ്രത, കാരണം, രോഗിയുടെ സംവേദനക്ഷമത, പ്രായം തുടങ്ങി പല ഘടകങ്ങൾ പരിഗണിച്ചു നിശ്ചിത ഇടവേളകളിൽ, നിശ്ചിത സമയത്തു മരുന്നുകൾ നൽകണം. ശരീരത്തിൽ പുറമേ പുരട്ടാവുന്ന ലേപനങ്ങളും ലഭ്യമാണ്. ആവശ്യാനുസരണം അവയും രോഗിക്കു നൽകാം. 

ദീർഘകാലമായുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കു വേണ്ടി (ഉദാ: പ്രമേഹം, ഉയർന്ന രക്തസമ്മർദം ) മറ്റു ചികിത്സാ രീതികളിലുള്ള മരുന്നുകൾ കഴിക്കുന്നവരിലും അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടറുടെ നിർദേശാനുസരണം ഹോമിയോ മരുന്നുകൾ ഉപയോഗിക്കാം. ചികിത്സാ സമയത്ത് ഔ ഷധഗുണമുള്ള ആഹാര പാനീയങ്ങ ൾ, തീവ്രഗന്ധമുള്ള വസ്തുക്കൾ, കൃത്രിമ ഭക്ഷണവസ്തുക്കൾ എന്നിവ ഒ ഴിവാക്കുന്നതാണ് അഭികാമ്യം. മരുന്നുകളോടൊപ്പം മിതമായ രീതിയിലുള്ള ദൈനംദിന വ്യായാമവും ചിട്ടയായ ജീവിത ചര്യകളും രോഗി പാലിക്കേണ്ടതുണ്ട്. പേശീവാതം (fibromyalgia), സ ന്ധിവേദന എന്നിവയ്ക്ക് ആവശ്യമെങ്കിൽ ഫിസിയോ തെറപ്പി ലഭ്യമാക്കണം. ചികിത്സാ കാലത്തുടനീളം സന്തുലിതമായ മാനസികാവസ്ഥ നിലനിർത്തേണ്ടതു രോഗശമനത്തിന് അത്യാവശ്യമാണ്. യോഗാഭ്യാസം, ധ്യാനം എന്നിവ ഇതിനു സഹായിക്കും.

പ്രത്യേക രീതിയിൽ തയാറാക്കുന്നതിനാലും (Potentisation) വളരെ കുറഞ്ഞ അളവിൽ നൽകുന്നതിനാലും ഹോമിയോപ്പതി മരുന്നുകൾ രോഗിയിൽ അനാവശ്യമായ പാർശ്വഫലങ്ങ ൾ ഉണ്ടാക്കുന്നില്ല. അതു മറ്റു മരുന്നുകളുമായി പ്രതിപ്രവർത്തിക്കാനുള്ള സാധ്യതയും കുറവാണ്.  

രോഗിക്കു മരുന്നിനോട് അമിതമായ ആസക്തിയോ അടിമത്തമോ സൃഷ്ടിക്കപ്പെടുന്നില്ല. അതുകൊണ്ടു തന്നെ മരുന്നു നിർത്തിയാൽ പിൻവാങ്ങൽ ലക്ഷണങ്ങൾ (Withdrawal Symptoms) രോഗിയിൽ ഉണ്ടാകുന്നില്ല. 

രോഗവും മരുന്നുകളും 

സാധാരണയായി വേദന ഉണ്ടാക്കുന്ന ചില രോഗാവസ്ഥകളും അവയ്ക്കുള്ള മരുന്നുകളും അറിയാം 

1. ചതവ്, ഉളുക്ക്, മുറിവ് എന്നിവ കാരണമുള്ള വേദന - ആർണിക്ക, റ സ്റ്റോക്സ്, കലെൻഡുല, ഹൈപ്പറിക്കം, റൂട്ട, ലെഡം, ബെല്ലിസ് പെരനിസ്, സിംഫൈറ്റം, കാൽക്കേരിയ ഫോസ്

2. പേശിവേദന, സന്ധിവേദന 

ആർണിക്ക, ബ്രയോണിയ, റസ് ടോക്സ്, റൂട്ട, കാൽക്കേരിയ കാർബ്, കാൽക്കേരിയ ഫോസ്, ലെഡം, പൾസാറ്റില, കോസ്റ്റിക്കം, സിമിസിഫ്യൂഗ, ഡൾക്കമര, നക്സ്‌വൊമിക്ക

3. എല്ലുകൾക്കുണ്ടാകുന്ന വേദന:

റൂട്ട, റസ്‌റ്റോക്സ്, ആസിഡ് ഫോസ്, കാൽമിയ, മിസീറിയം, ആർജെന്റം, സിംഫൈറ്റം, യുപ്പറ്റോറിയം, മെർക്ക് സോൾ

4. ഞരമ്പു വേദന (Neuralgia):

കോഫിയ, ഇഗ്നീഷ്യ, ഹൈപ്പറിക്കം, ബ്രയോണിയ, ബല്ലഡോണ, പ്ലാറ്റിന, ക മോമില, കാലിഫോസ്ഫോറിക്കം.

5. തലവേദന: 

ബല്ലഡോണ, ഗ്ലോണോയിൻ, ജൽസിമിയം, ഐറിസ്, സാൻഗ്യുനേറിയ, 

സ്പൈജീലിയ, നാട്രം മൂർ, സ്ക്കൂട്ടെല്ലേറിയ

6. കണ്ണുകളിലെ വേദന:

സിംഫൈറ്റം, റൂട്ട, ആർണിക്ക ലിത്തിയം, കാർബ്, സാൻഗ്യൂനേറിയ, സ്പൈജീലിയ, റ്റബാക്കം, യൂഫ്രേഷ്യ

7. ചെവിവേദന: അക്കൊണൈറ്റ്, ബല്ലഡോണ, പൾസാറ്റില്ല, കമോമില, ഹെപ്പാർ സൾഫ്, മെർക്ക് സോൾ, വെർബാസ്ക്കം

8. മുഖത്തെ പേശികളിലെ വേദന :

അക്കൊണൈറ്റ്, ബല്ലഡോണ, ഓറം, ഹൈപ്പറിക്കം, സ്പൈജീലിയ, കോസ്റ്റിക്കം, ആഴ്സനിക്കം, സിഡ്രോൺ, കോളോസിന്ത്, വെർബാസ്ക്കം.

9. പല്ലുവേദന:

 പ്ലാന്റാഗോ, മെർക്യൂറിയസ്, കമോമില സ്റ്റാഫിസാഗ്രിയ

10. തൊണ്ടവേദന:

ബല്ലഡോണ, ഹെപ്പർസൾഫ്, ലാക്കസിസ്, മെർക്യൂറിയസ്, ഫൈറ്റുലാക്ക, കാപ്സിക്കം, സൈലീഷ്യ, റസ്‌റ്റോക്സ്

11. നെ‍‍ഞ്ചുവേദന:

 ബ്രൈയോണിയ, കാക്റ്റസ്, ലൊബീലിയ, കാൽമിയ, സ്പൈജീലിയ, ഹിമറ്റോക്സിലോൺ, അമ്മി വിസ്നാഗ, സ്പോൻജിയ, ആർണിക്ക, സെനേഗ.

12. വയറുവേദന:

നക്സ്‌വൊമിക്ക, ആഴ്സ് ആൽബ്, കാർബോ വെജ്, റുബീനിയ, അസഫോയിറ്റിഡ, ഹൈഡ്രാസ്റ്റിസ്, സിങ്കോണ, ലൈക്കോ പോഡിയം

13. കരൾ സംബന്ധിയായ വേദന:

റ്റാരസാക്കം, ചെലിഡോണിയം, മിരിക്ക, കാൽമെഗ്, പൊഡോഫിലം, കാർഡസ്, നക്സ് വൊമിക്ക, ഡയസ്കോറിയ

14. അടിവയർ വേദന, ആർത്തവ സംബന്ധിയായ വേദന:

അക്കൊണൈറ്റ്, അബ്രോമ റാഡിക്സ് ബെല്ലഡോണ, ബെറിബെറിസ്, കോളോഫില്ലം, കമോമില, സിമിസിഫ്യൂഗ, കോളോസിന്ത്, ഡയസ്കോറിയ, മാഗ്ഫോസ്, സബൈന, വൈബുർനം, സാന്തോസൈലം, സിങ്കം, റ്റരന്റുല, ലിലിയം റ്റിഗ്ലിനം, സെപിയ

15. മൂത്രാശയ സംബന്ധമായ വേദന, മൂത്രത്തിലെ അണുബാധ:

കാന്താരിസ്, കനാബിസ് ഇൻഡിക്ക്, പെട്രോസെലിനം, മെർക്ക് സോൾ, സർസാപരില്ല, സ്റ്റാഫിസാഗ്രിയ

16. മൂത്രാശയക്കല്ല്, വൃക്കകളിലെ കല്ല്: ബെൻസോയിക് ആസിഡ്, കാൽക്കേരിയ, ലിത്തിയം, ലൈക്കോപോഡിയം, പരേര ബ്രേവ, സർസാപാരില്ല, ഹൈഡ്രാൻജിയം, ബെറിബെറിസ് വൾഗാരിസ്.

17. നടുവേദന: 

ബ്രയോണിയ, കാലി കാർബ്, നാട്രം മൂർ, നക്സ് വൊമിക്ക, സൾഫർ, റസ്‌റ്റോക്സ്, സെപിയ, ഫോസ്ഫറസ്, ആർണിക്ക.

18. മുട്ടുവേദന;

കാലി അയോഡൈസ്, അൻഗുസ്ട്രൂര വേര, ഗ്വയാക്കം, ബ്രയോണിയ, കാൽക്കേരിയ കാർബ്, സാലിസിലിക് ആസിഡ്, റസ്‌റ്റോക്സ്.

19. ഉപ്പൂറ്റി വേദന:

വലേറിയാന, കാർബോ അനിമാലിസ്, ഫെറം മെറ്റ്, ഹെക്ലലാവ, റസ് വെനറേറ്റ

20. അർശസ്സ്, ഫിഷർ (Haemorrhoids and fissure): അസിഡം നൈട്രക്കം, ഇഗ്നീഷ്യ, ററ്റാനിയ, നക്സ് വൊമിക്ക, മെർക്ക് കോർ, ആലോവേര, സൾഫർ, കോളിൻ സോണിയ, ഏസ്കുലസ്

21. അർബുദ സംബന്ധിയായ വേദന:

മാഗ് ഫോസ്, ആഴ്സ് ആൽബ്, റ്റരന്റുല, യൂഫോർബിയം, മോർഫിനം, റേഡിയം ബ്രോമൈഡ്, കാർബോ അനിമാലിസ്.

മരുന്നുകളെല്ലാം വിദഗ്ധനായ ഹോമിയോ ഡോക്ടറുടെ നിർദേശാനുസരണം ഉചിതമായ അളവിലും അനുപാതത്തിലും മാത്രമേ രോഗി ഉപയോഗിക്കാവൂ. സ്വയംചികിത്സ പാടില്ല. 

ഡോ. ബീനാ റാണി എം. 

അസോസിയേറ്റ് പ്രഫസർ,

ഗൈനക്കോളജി വിഭാഗം,

ഗവ. ഹോമിയോപതിക്

മെഡിക്കൽ കോളജ്

തിരുവനന്തപുരം 

ഡോ. അബ്ദുൾ വഹാബ് സി.പി. 

അസി.പ്രഫസർ‌‌, 

ഗൈനക്കോളജി വിഭാഗം,

ഗവ. ഹോമിയോപതിക്

മെഡിക്കൽ കോളജ്

തിരുവനന്തപുരം

Tags:
  • Manorama Arogyam