മുൻപിൽ താളാത്‌മകമായി ആടുന്ന പെൻഡുലത്തെ നോക്കിയിരിക്കാൻ ആവശ്യപ്പെട്ട ശേഷം ഒരു മന്ത്രണം പോലെ ഹിപ്നോട്ടിസ്റ്റ് പറഞ്ഞുതുടങ്ങി... ഞാൻ നിങ്ങളെ വിശ്രമിക്കാൻ സഹായിക്കാൻ പോവുകയാണ്... ഇതാ നിങ്ങളുടെ കണ്ണുകൾ അടഞ്ഞടഞ്ഞു പോകുന്നു... സിനിമകളിലും സ്േറ്റജ് ഷോകളിലും ഒക്കെ കണ്ടു കണ്ടു നമ്മുടെ മനസ്സിൽ പതിഞ്ഞുപോയ ഈ ചിത്രമായിരിക്കും ഹിപ്നോട്ടിസം എന്നു കേൾക്കുന്നതേ മിക്കവരുടെയും മനസ്സിലേക്കു വരുന്നത്? യഥാർഥത്തി ൽ ഹിപ്നോസിസ് എന്നാണ് ഈ പ്രക്രിയയ്ക്കു പറയുന്നത്.
ഹിപ്േനാസിസിനെ കുറിച്ചുള്ള പഠനമാണു ഹിപ്നോട്ടിസം. ഏതോ മാസ്മരശക്തി കൊണ്ടു നമ്മുടെ ഉള്ളുകള്ളികളെ വലിച്ചു പുറത്തിടുന്ന മന്ത്രവിദ്യ എന്നാണു ഹിപ്നോസിസിനെ കുറിച്ച് പലരും ധരിച്ചു വച്ചിരിക്കുന്നത്. വ്യക്തികളെ ഹിപ്നോസിസിനു വിധേയ മാക്കി മോഷണവും കൊലപാതകവും നടത്തുന്നതു ചിത്രീകരിച്ച സിനിമകളും ഹിപ്നോസിസിനെ ഒരു നിഗൂഢ ശാസ്ത്രമായി തെറ്റിധരിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ഈയടുത്ത്, കൊല്ലത്ത് യൂ ട്യൂബിൽ നോക്കി സെൽഫ് ഹിപ്നോസിസ് പഠിച്ചു പ്രയോഗിച്ച നാലു കുട്ടികൾ ബോധരഹിതരായ വാർത്ത കൂടി വന്നതോടെ ഹിപ്നോസിസിനു മേൽ വീണ്ടും സംശയത്തിന്റെ കരിനിഴൽ പരക്കുന്നു. ഹിപ്നോതെറപ്പി അഥവാ ഹിപ്നോസിസ് രോഗചികിത്സയിൽ ഉപയോഗിക്കുന്നതു സംബന്ധിച്ചും ഒട്ടേറെ ആശങ്കകളും തെറ്റിധാരണകളുമുണ്ട്.
മെസ്മറിസം മുതൽ ഹിപ്നോസിസിനു സമാനമായ രീതികളെക്കുറിച്ചു ബൈബിളിലുൾപ്പെടെ പരാമർശമുണ്ട്. വടിയെ പാമ്പാക്കി മാറ്റുന്ന, ഉണങ്ങിയ മരച്ചില്ലയിൽ നിന്ന് മരം മുളപ്പിച്ചു കാണിക്കുന്ന മായാജാലക്കാരരായ ഫക്കീറുകളെ കുറിച്ചു നാമും കേട്ടിട്ടുണ്ടല്ലൊ. ഹിപ്നോസിസിന്റെ ചരിത്രം തിരഞ്ഞുപോയാൽ ചെന്നെത്തുക മെസ്മറിസത്തിലാണ്. ഫ്രാൻസ് മെസ്മർ എ ന്ന വിയന്നക്കാരനായ ഡോക്ടർ ‘പാസസ്’ എന്നു പറയുന്ന ചില കയ്യാം ഗ്യങ്ങളിലൂടെ മനുഷ്യശരീരത്തിലെ കാന്തികതയിലെ തടസ്സങ്ങൾ നീക്കി അസുഖങ്ങൾ മാറ്റാമെന്ന് അവകാശപ്പെട്ടു. ഒരുഘട്ടത്തിൽ ജർമനിയിലും പാരീസിലുമൊക്കെ ജനകീയമായ മെസ്മറിസം പെട്ടെന്നു തന്നെ അടിസ്ഥാനമില്ലാത്ത ഞൊടുക്കുവിദ്യയായി പിന്തള്ളപ്പെട്ടു. 19–ാം നൂറ്റാണ്ടിൽ ജെയിംസ് ബ്രെയിഡ് എന്ന സ്കോട്ടിഷ് സർജനാണു ഹിപ്നോസിസ് കണ്ടെത്തുന്നതും രോഗചികിത്സയിൽ ഉപയോഗിക്കുന്നതും ഉറക്കം എന്ന അർഥത്തിൽ ഹിപ്നോസിസ് എന്ന പേരിട്ടതും അദ്ദേഹം തന്നെ.
അചേതനമായ ഒരു വസ്തുവിലേക്കു പരിപൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതു വഴി അസുഖങ്ങൾ സുഖപ്പെടുത്താമെന്ന് അദ്ദേഹം കണ്ടെത്തി. ശസ് ത്രക്രിയകളിൽ അനസ്തീസിയയ്ക്കു പകരമായി ഉപയോഗിച്ചു ഫലം കാണു കയും ചെയ്തു. ഇന്ന്, ദീർഘകാലമായുള്ള വേദന കൾക്കും പാലിയേറ്റീവ് ചികിത്സയിലും ഉത്കണ്ഠ, പിരിമുറുക്കം പോലെയുള്ള മാനസികപ്രശ്നങ്ങളിലും ഐ ബി എ സ്, ഉറക്കക്കുറവു പോലെയുള്ള ശാരീരിക പ്രശ്നങ്ങളിലും ഹിപ്നോതെറപ്പി ഫലപ്രദമാണെന്നു ഗവേഷണങ്ങൾ പറയുന്നു.
മോഹനിദ്രയിൽ...
ബോധമനസ്സ് ചുറ്റുപാടുകളിൽ നിന്നും മാറി ഏകാഗ്രമായി, ഭാരരഹിതമായിരിക്കുന്ന (Relax) അവസ്ഥയാണു ഹിപ്നോസിസ്. ഈ ഘട്ടത്തിൽ സജഷ ൻസ് അഥവാ ഹിപ്നോട്ടിസ്റ്റ് നൽകു ന്ന നിർദേശങ്ങൾ സ്വീകരിക്കാൻ മനസ്സ് തയാറായിരിക്കും. ‘‘ബോധമനസ്സ് എല്ലാ കാര്യത്തെയും യുക്തിപരമായി വിശകലനം ചെയ്താണു സ്വീകരിക്കുക. ചുറ്റുപാടുകളിലും അനുഭവങ്ങളിലും നിന്നു രൂപപ്പെട്ട വിശ്വാസങ്ങൾക്കു വിരുദ്ധമായുള്ള ഒന്നും അത് ഉള്ളിലേക്കെടുക്കില്ല. അതുകൊണ്ടാണ് മനസ്സിൽ ആഴത്തിലുറച്ചുപോയ പല വിശ്വാസങ്ങളും സ്വ യം മാറ്റാനാകാത്തത്. പക്ഷേ, ഉപബോ ധമനസ്സിനു സ്വന്തമായി യുക്തിചിന്തയില്ല. എന്താണോ അവിടേക്കു നൽകുന്നത് അതപ്പാടെ സ്വീകരിക്കുന്നു. ഹി പ്നോസിസിലൂടെ ബോധമനസ്സിനെ മയക്കി ചില ടെക്നിക്കുകളിലൂടെ ആഴത്തിൽ വേരുറച്ചു പോയ വിശ്വാസങ്ങളെ തിരുത്താൻ സാധിക്കും. രോഗം മാറ്റാനാകും. ഈ പ്രക്രിയ നടപ്പിലാക്കി കൊടുക്കുന്ന ആളാണ് ഹിപ്നോതെറപ്പിസ്റ്റ്.’’ ക്ലിനിക്കൽ ഹിപ്നോതെറപ്പിസ്റ്റായ ഡോ. മനോജ് കുമാർ എം. (കോഴിക്കോട്) പറയുന്നു.
ദിവസവും പലവട്ടം ഹിപ്നോസിസിലൂടെ നാം കടന്നുപോകാറുണ്ടെന്ന് അറിയാമോ?. ‘‘ഒരു സിനിമ കാണുമ്പോഴോ പുസ്തകം വായിക്കുമ്പോഴോ ഒക്കെ ചുറ്റുപാടുകളെ മറന്ന് അതിൽ മുഴുകാറുണ്ടല്ലൊ. ഒരുതരം ഹിപ്നോസിസ് ആണ് അവിടെ നടക്കുന്നത്. പ ക്ഷേ, എപ്പോഴാണ് അതിലേക്കു പോകുന്നതെന്നോ തിരികെവരുന്നതെന്നോ മനസ്സിലാക്കി നിയന്ത്രിക്കാൻ നമുക്കു പറ്റാറില്ല. ’’ക്ലിനിക്കൽ ഹിപ്നോതെറപ്പിസ്റ്റായ ഡോ. ഉമാദേവി (തിരുവനന്തപുരം) പറയുന്നു.
ഘട്ടങ്ങൾ അറിയാം
ഹിപ്നോതെറപ്പിക്കു പല ഘട്ടങ്ങളുണ്ട്. ആദ്യഘട്ടം ഇൻഡക്‌ഷൻ–ബോധമനസ്സിനെ റിലാക്സ് ചെയ്യിച്ച് ഒരു ട്രാൻസ് അവസ്ഥയിലേക്ക് എത്തിക്കുന്ന ഘട്ടം. ഡീപനിങ് എന്ന രണ്ടാം ഘട്ടത്തിൽ റിലാക്സേഷൻ കൂടുതൽ ആഴത്തിൽ ആകുന്നു. ഈ രണ്ടു ഘട്ടത്തിലും തെറപ്പി നടക്കുന്നില്ല. സ്ക്രിപ്റ്റ് (സജഷൻസ്) എന്ന മൂന്നാം ഘട്ടത്തിലാണു തെറപ്പി ചെയ്യുന്നത്.
‘‘സ്ക്രിപ്റ്റ് ഒരിക്കലും റെഡിമെയ് ഡ് അല്ല. വ്യക്തികളുടെ ആവശ്യങ്ങ ൾക്ക് അനുസരിച്ചുള്ള സ്ക്രിപ്റ്റാണു നൽകുന്നത്. ഉദാഹരണത്തിനു പൊതുവേദിയിൽ പ്രസംഗിക്കാൻ പേടിയുള്ള ഒരാളോടു പേടി മാറ്റുന്നതുകൊണ്ട് അയാൾക്കുള്ള ഗുണമെന്താണെന്നു ചോദിക്കുന്നു. അയാളാഗ്രഹിക്കുന്ന ഫലത്തിനു അനുസരിച്ച് സ്ക്രിപ്റ്റ് തയാറാക്കുന്നു. സ്ക്രിപ്റ്റ് നൽകിക്കഴിഞ്ഞു മെല്ലെ ട്രാൻസിൽ നിന്നും പുറത്തുകൊണ്ടുവരാം. ഇതിന് ട്രാൻസ് ടെർമിനേഷൻ എന്നു പറയുന്നു. ഉള്ളറിയാനാകുമോ? ഹിപ്നോസിസിനെ പറ്റി ഒരുപാട് തെറ്റിധാരണകളുണ്ട്. ചിലർ വിളിക്കും– ‘‘ഭാര്യയെ മയക്കി മനസ്സിലുള്ളതു പറഞ്ഞുതരാമോ ? ’’ ചിലർക്ക് ഹിപ്നോസിസ് വഴി പങ്കാളിയുടെ സ്വഭാവം മാറ്റണം... ഇതൊന്നും ഹിപ്നോതെറപ്പിയുടെ ലക്ഷ്യങ്ങളല്ല. ഹിപ്നോസിസിനു വിധേയരായവർ കോമയിൽ ആയിപ്പോകുമോ എന്നും തെറ്റിധാരണയുണ്ട്. വല്ലാത്ത പിരിമുറു ക്കമുള്ളവർക്കു നല്ല റിലാക്സേഷൻ ലഭിക്കുമ്പോൾ ആ സംതൃപ്തിയിൽ തുടരാൻ തോന്നും.
ചിലപ്പോൾ ഉപബോ ധമനസ്സിനോടു ചില മാറ്റങ്ങൾ വരുത്താൻ സജഷൻ നൽകിയിട്ടുണ്ടാകും. അപ്പോഴും ഉണരാൻ താമസിക്കാം. പരമാവധി 15–20 മിനിറ്റിൽ കൂടുതൽ മയക്കം നീളുകയില്ല. ഹിപ്നോസിസിലൂടെ മനസ്സിലുള്ള രഹസ്യങ്ങൾ പുറത്തുപോകുമോ, മറ്റുള്ളവർ മനസ്സ് നിയന്ത്രിക്കുമോ എന്നുള്ള ആശങ്കകളൊന്നും വേണ്ട. കാരണം ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളെ ഹിപ്നോസിസിനു വിധേയമാക്കാനാകില്ല. ഹിപ്നോട്ടൈസ് ചെയ്ത് എന്തും ചെയ്യിക്കാം എന്ന പേടിയും വേണ്ട. മയ ങ്ങുമ്പോഴും മനസ്സിന്റെ ഒരു ഭാഗം ജാഗ്രത്തായിരിക്കും. ആവശ്യമെങ്കിൽ സ്വയം ഹിപ്നോട്ടിക് നിദ്രയിൽ നിന്നു പുറത്തുവരാനുമാകും. ’’ ഡോ. മനോജ് പറയുന്നു.
ചികിത്സയ്ക്ക് ഹിപ്നോസിസ്
ഉപബോധമനസ്സ് ബോധമനസ്സിനേക്കാ ൾ പതിന്മടങ്ങ് ശക്തമാണെന്നും ആ ശക്തി ഉപയോഗിച്ചു അസുഖങ്ങൾ ഭേദമാക്കാമെന്നതുമാണു ഹിപ്നോ തെറപ്പിസ്റ്റുകൾ അവകാശപ്പെടുന്നത് വിദേശങ്ങളിൽ രോഗചികിത്സയിൽ മാത്രമല്ല സർജറിയിൽ അനസ്തീസിയയ്ക്കു പകരമായും ഹിപ്നോതെറപ്പി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ലോക്കൽ അനസ്തീസിയയോടൊപ്പം ഹിപ്നോതെറപ്പിയും കൂടിനൽ കിയപ്പോൾ ശസ്ത്രക്രിയയ്ക്കു മുൻപുള്ള ഉത്കണ്ഠ കുറഞ്ഞതായി കണ്ടു. ശസ്ത്രക്രിയകൾക്കു ശേഷം വേദനാസംഹാരികളുടെ അളവു കുറയ്ക്കാനും അസ്വാസ്ഥ്യങ്ങൾ കുറയ്ക്കാനും സഹായകമാണെന്നും ആധികാരിക റിപ്പോർട്ടുകളുണ്ട്.
‘‘ മിക്കവാറും രോഗങ്ങളിലെല്ലാം മനസ്സും പങ്കാളിയാണ്. പക്ഷേ, ശരീരത്തെ മാത്രമാണു നാം സാധാരണ ചികിത്സിക്കുക. അതുകൊണ്ടാണു പലപ്പോഴും രോഗം മാറാതെ നിൽക്കുന്നത്.’’ ഡോ. ഉമാദേവി പറയുന്നു.‘‘ ഭോപ്പാലിലെ കാൻസർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയത്ത് അർബുദത്തിന്റെ അവസാനഘട്ടത്തിൽ, മോർഫിൻ വേദനാസംഹാരി കൊണ്ടുപോലും ഫലമില്ലാത്ത അവസ്ഥയിൽ എന്റെയടുത്തു വന്നവർ ഹിപ്നോതെറപ്പിക്കു ശേഷം വലിയ ആശ്വാസത്തോടെയാണു തിരികെ പോയിരുന്നത് . ’’ ദേശീയതലത്തിൽ ശ്രദ്ധേയയാ റേഡിയോബയോളജിസ്റ്റായിരുന്ന ഉമാദേവി റിട്ടയർ ചെയ്തശേഷം ഹിപ്നോതെറപ്പി പഠിക്കുകയായിരുന്നു.
‘‘ഹിപ്നോസിസിനു വിധേയനാകുന്ന ആളുമായി നല്ലൊരു ബന്ധം–റാപ്പോ– രൂപപ്പെടുത്തേണ്ടതു പ്രധാനമാണ്. എങ്കിലേ തെറപ്പിസ്റ്റ് നൽകുന്ന സജഷൻസുമായി അവരുടെ മനസ്സ് പൊരുത്തപ്പെടൂ. ഹിപ്നോസിസിൽ ഒ ട്ടേറെ ടെക്നിക്കുകളുണ്ട്. കുട്ടികളാണെങ്കിൽ സജഷൻസിനു പകരം ഒരു കഥയിലൂടെയാകും തെറപ്പി നൽകുക. വിഷാദഭാവം, ഉത്കണ്ഠ, ഫോബിയകൾ, ആത്മവിശ്വാസക്കുറവ്, നെഗറ്റീവ് ചിന്ത, ദുരന്താനുഭവങ്ങളെ തുടർന്നുള്ള സമ്മർദം (പിറ്റിഎസ്ഡി), പിരിമുറുക്കം, ദീർഘകാല വേദനകൾ, ലഹരിവിമുക്തി ചികിത്സ, ഭാരം കുറയ്ക്കൽ, കുട്ടികളിലെ പേടി, ദേഷ്യം, കിടക്കയിൽ മൂത്രമൊഴിക്കുക എന്നിങ്ങനെ മിക്കവാറും പ്രശ്നങ്ങളിലെല്ലാം ഹിപ്നോതെറപ്പി കൊണ്ടു മികച്ച ഫലം ലഭിക്കുന്നതായി കണ്ടിട്ടുണ്ടെന്നു ഡോ. മനോജ്കുമാറും ഡോ. ഉമാദേവിയും പറയുന്നു.
എല്ലാത്തിലും ഫലപ്രദമോ?
നേരിട്ടുള്ള ഹിപ്നോതെറപ്പി കൂടാതെ ഒാൺലൈനായും ആപ്ലിക്കേഷനുകൾ വഴിയുമൊക്കെ ഇന്നു ഹിപ്നോതെറപ്പി ചെയ്യുന്നുണ്ട്. പക്ഷേ, മനശ്ശാസ്ത്ര വിദഗ്ധരും സൈക്യാട്രിസ്റ്റുകളും പൊതുവേ ഹിപ്നോതെറപ്പിയോടു മുഖം തിരിച്ചു നിൽപാണ്. എന്തുകൊണ്ടാണിങ്ങനെ ? ‘‘ മനോരോഗചികിത്സയുടെ ഭാഗമായി ഹിപ്നോതെറപ്പി ചെയ്തിട്ടുണ്ട്. ചുരുക്കം ചിലരിൽ, ചില പ്രത്യേക രോഗാവസ്ഥകളിൽ ഇതു ഫലപ്രദമായി കണ്ടിട്ടുമുണ്ട്. മനസ്സിനു വരുന്ന ആഘാതം, അങ്ങനെ വരുന്ന ഡിസോസിയേഷൻ ഹിസ്റ്റീരിയ എന്നിവ ഉദാഹരണം. ’’ മുതിർന്ന സൈക്യാട്രിസ്റ്റായ ഡോ. കെ. എ. കുമാർ (തിരുവനന്തപുരം) പറയുന്നു.
‘‘ എല്ലാവരെയും ഹിപ്നോസിസിനു വിധേയമാക്കാനാകില്ല. ഹിപ്നോട്ടൈസബിലിറ്റി എന്നൊരു സവിശേഷതയുണ്ട്. കണ്ടെത്താൻ ടെസ്റ്റുകളുമുണ്ട്. ഹിപ്നോട്ടൈസ് ചെയ്യാൻ എളുപ്പമാണെന്നു ടെസ്റ്റിൽ കാണുന്നവരിൽ 50 ശതമാനത്തിൽ മാത്രമേ ഹിപ്നോസിസ് നടക്കാറുള്ളൂ. പ്രയാസമാണെന്നു കരുതുന്നവരിൽ എളുപ്പം ചെയ്യാനായേക്കാം. ഫലം കിട്ടാൻ ഒരുപാട് സെഷൻസ് വേണ്ടിവരാം. ലഭിക്കുന്ന ഗുണഫലങ്ങൾ നീണ്ടുനിൽക്കുന്നില്ല എന്നതും പോരായ്മയാണ്. ഏതു വൺ ടു വൺ തെറപ്പിയും ആ ത്മാർഥമായി ചെയ്താൽ, രോഗി തുറന്നു സംസാരിക്കും.. അതുവഴി ആ വ്യക്തിയുടെ മനസ്സിലേക്ക് ഒരു വഴി തുറന്നുകിട്ടും. ഇതാണു തെറപ്പിയിലെ പ്രധാനഘടകം. ഹിപ്നോതെറപ്പിയിലും ഇതാണു സംഭവിക്കുന്നത്. അദ്ഭുതരോ ഗശാന്തി മാർഗമെന്നുള്ള അവകാശവാദങ്ങൾ ഊതിപ്പെരുപ്പിക്കലാണ്. ഹിപ്നോതെറപ്പി മാത്രമായി ഉപയോഗിക്കുമ്പോഴല്ല സൈക്കോതെറപ്പി കളുടെ കൂടെ (Assisted technique) ഉപയോ യോഗിക്കുമ്പോഴാണു കൂടുതൽ ഫലപ്രദം. ഹിപ്നോതെറപ്പിയിൽ വൈദ്യ ശാസ്ത്രപരമായ റിസ്കുകളില്ല. പക്ഷേ അമിതമായി ഉത്തേജിപ്പിക്കപ്പെടാനും (over stimulation) യാതൊരു മറയുമില്ലാതെ അസാധാരണമായി പെരുമാറാനുമുള്ള സാധ്യതയുണ്ട്.’’
സ്വയം ഹിപ്നോട്ടൈസ് ചെയ്യാനാകുമെന്നാണു ഹിപ്നോതെറപ്പിസ്റ്റുകൾ പറയുന്നത്. പക്ഷേ, ഫലം ലഭിക്കാൻ ഒട്ടേറെ സെഷനുകൾ വേണ്ടിവരാം.
∙ ഒരു കസേരയിൽ നിവർന്ന് ഇരിക്കുക. തല ചായ്ച്ചു വയ്ക്കാം. ഭിത്തിയിലോ സീലിങ്ങിലോ ഉള്ള ഒരു ബിന്ദുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. ശ്വാസഗതി മാത്രം ശ്രദ്ധിക്കുക. 5-7 തവണ മൂക്കിലൂടെ ശ്വാസമെടുത്ത് വായിലൂടെ വിടുമ്പോഴേക്കും കൺപോളകൾക്കു ഭാരം തോന്നിത്തുടങ്ങും. കണ്ണുകളടയ്ക്കുക. ഇപ്പോഴനുഭവിക്കുന്ന വിശ്രാന്തി ശരീരത്തിൽ ഒാരോ സ്ഥലത്തായി വ്യാപിക്കുന്നതു ഭാവനയിൽ കാണുക. അഞ്ചു മുതൽ പൂജ്യം വരെ എണ്ണി ഡീപ് റിലാക്സേഷനിലേക്കു പോവുക. സജഷനായി എന്താണോ ഉദ്ദേശിക്കുന്നത് അത് 21 തവണ ആവർത്തിക്കുക. ഇനി, ശ്വാസഗതി ശ്രദ്ധിച്ച് 1 മുതൽ 5 വരെ എണ്ണി പുറത്തുവരിക.
∙ ഒരു സമയം ഒരു പ്രശ്നം മാത്രമെടുക്കുക. ∙ വിഷാദഭാവത്തിലിരിക്കുമ്പോഴോ ഡ്രൈവ് ചെയ്യുമ്പോഴോ ചെയ്യരുത്.
∙ സെഷൻ കഴിഞ്ഞ് സ്വയം ഉണരേണ്ടതു പ്രധാനമാണ്.
ശാസ്ത്രീയമായി പഠിച്ചു ചെയ്താൽ ചില പ്രത്യേക രോഗാവസ്ഥകളിൽ ഹിപ്നോതെറപ്പി ഫലപ്രദമാണെന്നു തെളിവുകളുണ്ട്. പക്ഷേ, ഇതൊരു അത്ഭുത രോഗശമന മാർഗമോ അ തീന്ദ്രിയ സിദ്ധിയോ അല്ല. അത്തരം തട്ടിപ്പുവാദങ്ങളിൽ കുടുങ്ങരുത്.
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. മനോജ് കുമാർ എം.,
ന്യൂ ലൈഫ് ഹിപ്നോക്ലിനിക്,
മാങ്കാവ്, കോഴിക്കോട്
ഡോ. ഉമാദേവി ,
ക്ലിനിക്കൽ ഹിപ്നോ തെറപ്പിസ്റ്റ്, തിരുവനന്തപുരം
ഡോ. കെ. എ. കുമാര്‍, സീനിയര്‍ കണ്‍സൽറ്റന്റ് സൈക്യാട്രിസ്റ്റ്,
കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം