Friday 19 May 2023 11:18 AM IST

കുട്ടികളിലെ അമിതഉറക്കം, ഗാഡ്ജറ്റ് അഡിക്ഷൻ, വാശി എന്നിവ വിഷാദലക്ഷണമോ?: അച്ഛനമ്മമാർക്ക് അറിയാത്ത കാര്യങ്ങൾ

Santhosh Sisupal

Senior Sub Editor

kids-depression

സ്കൂളിൽ നിന്നും പൂർണമായും അകറ്റപ്പെട്ട് പഠനം ഓൺലൈനിലൂെടയും ടിവിയിലൂെടയും മാത്രം ആയതോടെ കുട്ടികളിൽ പലതരത്തിലുള്ള മാനസികാസ്ഥ്യങ്ങൾ കൂടി. ദേഷ്യം, വാശി മുതൽ വിവിധ തരത്തിലുള്ള പരുമാറ്റപ്രശ്നങ്ങളും സാധാരണമായി. എന്നാൽ വിഷാദം എന്ന അവസ്ഥ ധാരാളം കുട്ടികളിൽ മുമ്പങ്ങുമില്ലാത്ത വിധം കൂടിവരുന്നു. ഒപ്പം കുട്ടികളിലെ ആത്മഹത്യാ പ്രവണത വർധിക്കുന്നതും ഗൗരവത്തോടെ കാണണം.   കുട്ടികൾക്ക് എങ്ങനെയാണ് വിഷാദം വരുന്നത്? കളിക്കുകയും പഠിക്കുകയും ചെയ്താൽ പോരേ? ജീവിതപ്രശ്നങ്ങളുടെ ഒരു അല്ലലും അവർക്കില്ലല്ലോ? ഇതാണ് പലരുടെയും ധാരണ. കയ്പ്പേറിയ അനുഭവങ്ങളാൽ മാത്രമാണ് വിഷാദരോഗം (ഡിപ്രസീവ് ഡിസോഡർ) കടന്നുവരുന്നത് എന്ന തെറ്റിധാരണയിൽ നിന്നാണ് ഈ സംശയം വരുന്നത്. എന്നാൽ തികച്ചും ജൈവീകമായ (ബയോളജിക്കൽ) കാരണങ്ങളാലും വിഷാദരോഗം ഉണ്ടാകാം.

ഈ ലക്ഷണങ്ങളിലൂെട വിഷാദം തിരിച്ചറിയാം

സന്തോഷം അനുഭവിക്കാനുള്ള ശേഷി നഷ്ടമാവുകയാണ് വിഷാദരോഗത്തിന്റെ പ്രധാന ലക്ഷണം. ജീവിതത്തെ മുന്നോട്ടു നയിക്കുന്ന പ്രത്യാശയും നഷ്ടപ്പെടുന്നു. സാങ്കേതിക ഭാഷയിൽ ‘ആൻഹെഡോണിയ’ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ അവർക്ക് സ്കൂളിൽ പോകാനുള്ള താൽപര്യം നഷ്ടപ്പെടും.

∙ മുൻപ് സന്തോഷത്തോടെ ചെയ്തിരുന്ന പല കാര്യങ്ങളും ചെയ്യുന്നതിൽ മടി കാണിക്കും. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനോ ടിവി കാണുന്നതിനോ ഇഷ്ട വിനോദങ്ങളിൽ ഏർപ്പെടുന്നതിനോ ഒക്കെ താല്പര്യം കാണിച്ചു എന്ന് വരില്ല.

∙ അമിത കോപവും കടുത്ത വിരസതയുമൊക്കെയാണ് കൗമാരപ്രായക്കാരിൽ കൂടുതൽ പ്രകടമാവുന്ന വിഷാദ ലക്ഷണങ്ങൾ. ചെറിയ കാര്യങ്ങൾക്ക് പൊട്ടിത്തെറിക്കുന്ന ഇവർക്ക് ജീവിതം മടുപ്പു നിറഞ്ഞതായി തോന്നും. ചെയ്യുന്ന പ്രവൃത്തികളിലോ പഠനത്തിലോ ശ്രദ്ധയും ഏകാഗ്രതയും നിർത്താൻ കഴിയാതെ ഒന്നും വിജയകരമായി പൂർത്തിയാക്കാനാകാതെ ഇവർ നിരാശരാകാം.

∙ ലാപ്ടോപ് കമ്പ്യൂട്ടർ സ്മാർട്ട്ഫോൺ എന്നിവയുടെ അമിത ഉപയോഗം വിഷാദരോഗം ബാധിച്ച കൗമാരക്കാരിൽ വ്യാപകമാണ്.

∙ വിഷാദവും പിരിമുറുക്കവും അകറ്റാനായി സോഷ്യൽ മീഡിയയിലും അശ്ലീല സൈറ്റുകളിലും ഏറെ സമയം ചിലവാക്കുന്ന ഇവർക്ക് അവയോട്  മദ്യാസക്തി പോലെ അടിമത്തവും ഉണ്ടാകും. ലഹരിവസ്തുക്കളുടെ ഉപയോഗത്തിലേക്കും നീങ്ങാം. അമിത ലഹരിയുടെ ഉപയോഗംകൊണ്ട് മാത്രമായും വിഷാദം രൂപപ്പെടാറുണ്ട്. കൗമാരക്കാരിൽ ആണ് വിഷാദത്താലുള്ള ആത്മഹത്യ ഏറ്റവും കൂടുതൽ.

∙ ഉറക്കത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് മറ്റൊരു ലക്ഷണം. ഉറക്കകുറവോ അമിതമായ ഉറക്കമോ ലക്ഷണമായി വരാം.

∙ ചെയ്യുന്ന പ്രവൃത്തികളിൽ അസാധാരണമായ മെല്ലെപ്പോക്ക് ഉണ്ടാവാം. പ്രവൃത്തിയുടെയും ചിന്തിക്കുന്നതിന്റെയും ഗതിവേഗം കുറയുന്നതാണ് ഈ പ്രശ്നങ്ങളുടെ കാരണം. പ്രഭാതകർമങ്ങൾ ചെയ്യുമ്പോഴും പഠനപ്രവർത്തനങ്ങൾ തുടരുമ്പോഴും ഈ മെല്ലെപ്പോക്ക് പ്രകടമാകാം.

∙ മറ്റൊരു വിഭാഗം കുട്ടികളിൽ ഇതിന് നേർവിപരീതമായ വെപ്രാളമാണ് കാണുക. മാതാപിതാക്കളും അധ്യാപകരും കുട്ടികളിലെ അമിത കുസൃതിയാണിതെന്ന്  തെറ്റിധരിക്കാനും ഇടയുണ്ട്.വിഷാദം ഉള്ള കുട്ടികളിൽ പലപ്പോഴും അമിത ക്ഷീണവും പ്രകടമാകാം. പഠിക്കാനിരിക്കുന്ന കുട്ടി ക്ഷീണം കാരണം തലവേദനയെന്നോ ഉറക്കം വരുന്നെന്നോ പറഞ്ഞ് പഠനത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതും സാധാരണമാണ്. വളരെ വേഗം ക്ഷീണിച്ചുപോകുന്ന ഇവർ കട്ടിലിൽ ഉറങ്ങാതെ ദീർഘനേരം കിടക്കുന്ന പ്രവണതയും കാണാം.

∙ വിഷാദം ചിലരിൽ ശാരീരികരോഗമായും പ്രകടമാകാറുണ്ട്. വിട്ടുമാറാത്ത തലവേദന, നെഞ്ചുവേദന, ശ്വാസംമുട്ടൽ എന്നുതുടങ്ങി വിചിത്രമായ രോഗലക്ഷണങ്ങൾ വരെ കുട്ടികൾ പ്രകടിപ്പിച്ചെന്നു വരാം. വിദഗ്ധ പരിശോധനകളിൽ കാര്യമായ പ്രശ്നങ്ങളുണ്ടാവില്ല. രോഗം ശമിപ്പിക്കാനുള്ള മരുന്നുകളും കാര്യമായി ഫലിക്കില്ല.

∙ വിശപ്പില്ലായ്മയും നേരത്തെ താൽപര്യത്തോടെ കഴിച്ചിരുന്ന ആഹാരങ്ങളോട് താല്പര്യം കുറയുന്ന അവസ്ഥയും ഉണ്ടാകാം. അവരുടെ ശരീരഭാരത്തിന്റെ അഞ്ച്  ശതമാനത്തിൽ കൂടുതൽ ഭാരം ഒരു മാസം കൊണ്ട് കുറയാം. എന്നാൽ വിഷാദം ബാധിച്ചശേഷം വണ്ണം കൂടുന്ന കുട്ടികളുമുണ്ട്. മാനസിക പിരിമുറുക്കം മറികടക്കാനായി അമിതമായി ഭക്ഷണം കഴിക്കുന്നതാണ് (ഇമോഷണൽ ഈറ്റിങ്) ഇതിനു കാരണം.

kids-mobile

ഉറക്കമില്ലായ്മ മുതൽ

∙ വിഷാദത്തിന്റെ തീവ്രാവസ്ഥയിൽ ഈ കുറ്റബോധവും നിരാശാബോധവും സ്വയംവരിച്ച ഏകാന്തതയുമൊക്കെ ആത്മഹത്യാപ്രവണതയിലേക്കു വഴിമാറിയേക്കാം. വിഷാദത്തിന്റെ ഏറ്റവും ഗുരുതരമായ ലക്ഷണമാണ് ആത്മഹത്യാ പ്രവണത.

വിഷാദം ഒരു സാധാരണ ഘട്ടം കഴിയുമ്പോൾ  ചിത്തഭ്രമം (സൈക്കോസിസ്) എന്ന ഗുരുതര മനോരോഗലക്ഷണങ്ങൾ പ്രകടമാകുന്നവരുമുണ്ട്. ഡെലൂഷൻസ് അഥവാ മിഥ്യാധാരണ, ഹാലൂസിനേഷൻസ് അഥവാ മിഥ്യാനുഭവങ്ങൾ എന്നിവ ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്. ചിത്തഭ്രമം ബാധിക്കുന്നതോടെ യാഥാർത്ഥ്യ ലോകത്തുനിന്നും അകന്നു പോകുന്ന കുട്ടികൾ ആത്മഹത്യയിൽ അഭയം തേടുന്നതും അപൂർവമല്ല.

കുട്ടികൾക്ക് വിഷാദമുണ്ടെന്നു സംശയം തോന്നിയാൽ ഒരു മനോരോഗവിദഗ്ധന്റെ സേവനം തേടുന്നതാണ് ഉചിതം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ജോസ്റ്റിൻ ഫ്രാൻസിസ്
കൺസൽറ്റന്റ്
സൈക്യാട്രിസ്റ്റ്,
ജനറൽ ആശുപത്രി കൽപറ്റ