Monday 01 August 2022 12:31 PM IST : By സ്വന്തം ലേഖകൻ

കഴിച്ച പാത്രംപോലും കഴുകിച്ചിട്ടില്ലെന്നും സഹോദരിയും അമ്മയുമാണ് ചെയ്തതെന്നും പ്രഖ്യാപിക്കുന്ന ആൺവീടുകളിൽ സംഭവിക്കുന്നത്

parent-equal

കഥയിലെ പുരുഷ കഥാപാത്രം മിടുമിടുക്കനാണ്. പഠനത്തില്‍ ഒന്നാമന്‍. ക്യാംപസ് റിക്രൂട്ട്മെന്റ് വഴി കീശ നിറയെ കാശു വീഴുന്ന ഉന്നത ജോലി ലഭിച്ചവന്‍. ഏതാണ്ട് അതേ മട്ടില്‍ മിടുക്കു പ്രകടിപ്പിച്ച് തൊഴില്‍രംഗത്തു വന്നവളാണു ഭാര്യയും. രണ്ടാളുടെയും നല്ല കുടുംബപശ്ചാത്തലം. പുറമേ നിന്നു നോക്കുമ്പോള്‍ എല്ലാം ബഹുകേമം. സാമ്പത്തികനില ഭദ്രം. ഭാര്യയുടെ റോളുകള്‍ നിശ്ചയിക്കുന്ന കാര്യത്തിലാണു തര്‍ക്കം. കഥാപുരുഷന്‍ ആണധികാരത്തിന്റെ കടുത്ത ആരാധകന്‍. അടുക്കളപ്പണിയും അലക്കുമൊക്കെ ഭാര്യ ചെയ്യണം. കക്ഷി വീട്ടിലെത്തിയാല്‍ പൂര്‍ണവിശ്രമം. മകനായതുകൊണ്ട് എന്നെ ഇതുപോലെയുള്ള ഒരു വീട്ടുകാര്യങ്ങളും ചെയ്യിച്ചിട്ടില്ലെന്നാണു ന്യായം.

ഇതുകൊണ്ടു മാത്രം ആവശ്യങ്ങള്‍ തീരുന്നില്ല. എല്ലാ തീരുമാനങ്ങളും ഞാനെടുക്കുമെന്ന വാശിയുണ്ട്. ഭാര്യയുെട ശമ്പളവും കക്ഷിക്കു കൊടുക്കണം. ചെലവഴിക്കുന്നത് എങ്ങനെ വേണമെന്ന് വിദ്വാന്‍ നിശ്ചയിക്കും. അഞ്ചക്കശമ്പളം വാങ്ങുന്ന പെണ്ണ് അടിവസ്ത്രം വാങ്ങണമെങ്കില്‍പോലും ഭര്‍ത്താവിന്റെ മുന്‍പില്‍ െെകനീട്ടണം. ഇണയുടെ ഇഷ്ടം നോക്കാതെയാണ് സെക്സും. ഈ ഭയങ്കര ബുദ്ധിശാലിക്ക് വിവാഹത്തിനു മുമ്പ് പ്രണയങ്ങളുണ്ടായിരുന്നു. ഞാനൊരു ആണെന്ന മട്ടിലുള്ള നിയന്ത്രണങ്ങളും ഭരണവുമൊക്കെ കാണിക്കാന്‍ തുടങ്ങുമ്പോള്‍ കാമുകിമാര്‍ ഒഴിഞ്ഞുപോകും. ഭാര്യയ്ക്ക് അങ്ങനെ ഒഴിയാന്‍ പറ്റില്ലല്ലോ? എങ്കിലും അവള്‍ പ്രതിഷേധിക്കാന്‍ തുടങ്ങി.

എതിര്‍പ്പിന്റെ ശബ്ദം ഉയര്‍ന്നതോടെ ഉള്ളിലെ പുരുഷ ഈഗോ മുറിപ്പെടാന്‍ തുടങ്ങി. മിണ്ടാതെ അനുസരിക്കണമെന്ന ചിട്ട ഭാര്യ വെടിഞ്ഞതോടെ രോഷം തിളച്ചു. വിരട്ടലും അടിയുമൊക്കെ പുറത്തെടുത്തു. ഇതൊക്കെ ഭര്‍ത്താവിന്റെ അവകാശമല്ലേ എന്നായിരുന്നു ന്യായീകരണം. സഹിക്കാനാവാതെ ആയപ്പോള്‍ ഭാര്യ കിട്ടാവുന്നതൊക്കെ കെട്ടിപ്പെറുക്കി ഇയാളുമായുള്ള പൊറുതിമതിയെന്ന തീരുമാനമെടുത്ത് ഒരു പേയിങ് ഗസ്റ്റ് താവളത്തിലേക്ക് മാറി.

ലിംഗസമത്വത്തിന്റെ പാഠങ്ങള്‍ കൂടി ചേര്‍ക്കാതെയുള്ള വളര്‍ത്തലിന്റെ ദോഷങ്ങളാണ് ഈ കക്ഷിയുടെ വിക്രിയകള്‍ക്ക് കാരണമെന്ന നിരീക്ഷണത്തോട് നെറ്റിചുളിക്കുന്നവര്‍ ധാരാളമുണ്ടാകും. ശാരീരികപീഡനമൊഴികെ മറ്റെല്ലാം ഭര്‍ത്താവിന് അനുവദിച്ചു നല്‍കിയിട്ടുണ്ടെന്ന മറുവാദത്തോട് പലപ്പോഴും പെണ്ണിന്റെ വീട്ടുകാരും യോജിച്ചേക്കും. വേണ്ടിവന്നാല്‍ കെട്ടിയവള്‍ക്ക് രണ്ടടിവച്ചു കൊടുത്താല്‍ എന്താണു കുഴപ്പമെന്ന് ചോദിക്കുന്ന ആണധികാരവാദികളുണ്ടാകും. ധനപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തിലും അവസാനവാക്ക് ഭര്‍ത്താവിന്റെയാണെന്നുള്ള നിലപാടു പുലര്‍ത്തുന്നവരില്‍ പെണ്ണുങ്ങളുമുണ്ടാകും.

കുട്ടിയെ വളര്‍ത്തലിനും അടുക്കളഭരണത്തിനുമപ്പുറത്തുള്ള പ്രാപ്തി െപണ്ണിനില്ലെന്ന ന്യൂനത വിദ്യാസമ്പന്നകളുടെയും പണിയെടുത്തു വരുമാനമുണ്ടാക്കുന്ന സ്ത്രീകളുടെയും മേല്‍ ചാര്‍ത്തിക്കൊടുക്കാന്‍ യാതൊരു മടിയുമില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും എന്താകണമെന്ന വാർപ്പുമാതൃകകൾ പുരുഷമേല്‍ക്കോയ്മകളുടെ സൃഷ്ടിയാണ്. പരമ്പരാഗത സങ്കല്പങ്ങളില്‍ തുല്യതാശീലങ്ങളും ഇല്ല. ലിംഗസമത്വമില്ല. ഇതു പൊളിച്ചെഴുതിയില്ലെങ്കില്‍ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഇതിനടിമപ്പെട്ടുപോകും. ആണ്‍കുട്ടികളെ വളര്‍ത്തുമ്പോള്‍ ഇതിനനുസരിച്ചുള്ള ചിട്ടകളും നടപ്പിലാക്കുക.

വീട്ടില്‍ തന്നെ തുടങ്ങണം

മാതാപിതാക്കള്‍ ചൊല്ലുകളിലൂടെയും ചെയ്തികളിലൂടെയും കാട്ടുന്ന മാതൃകകളാണ് ലിംഗറോളുകളെക്കുറിച്ചുള്ള ധാരണകള്‍ക്ക് അടിത്തറപാകുന്നത്. നിനക്ക് ഒരു ചുക്കുമറിയില്ലെന്നും പിടക്കോഴി കൂവിയല്‍ നേരം പുലരില്ലെന്നുമൊക്കെ പറഞ്ഞ് അമ്മയെ മകന്റെ മുമ്പില്‍ താഴ്ത്തി പറയുന്ന പിതാവും അതു നിശ്ശബ്ദം കേള്‍ക്കുന്ന മാതാവും വികലമായ സങ്കല്പങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. പെണ്‍ചൊല്ലു കേള്‍ക്കുന്നവന്‍ പെരുവഴിയെന്നതു പോലെയുള്ള സൂക്തങ്ങള്‍ കേട്ടു വളരുന്ന ആണ് സ്ത്രീസമൂഹത്തെ ഒന്നാകെ അങ്ങനെ കാണുന്ന മാനസികാവസ്ഥയിലെത്താനിടയുണ്ട്. പഠിപ്പില്‍ നിന്നും വീടിനു പുറത്തുള്ള അനുഭവങ്ങളിലൂടെയും തിരുത്തലുകള്‍ വന്നില്ലെങ്കില്‍ അയാള്‍ ഇണയുടെ മേല്‍ അധീശത്വം പ്രയോഗിച്ചു കഷ്ടപ്പെടുത്തുന്ന വില്ലനായിമാറും.

ആണ്‍ജോലികളെന്നും പെണ്‍ജോലികളെന്നുമൊക്കെയുള്ള ചട്ടക്കൂടുകള്‍ സൃഷ്ടിക്കുന്നതില്‍ മാതാപിതാക്കള്‍ക്കുള്ള പങ്കു വലുതാണ്. എന്റെ വീട്ടില്‍ എന്നെക്കൊണ്ട് ഉണ്ട പാത്രം പോലും കഴുകിച്ചിട്ടില്ലെന്നും അത് എന്റെ സഹോദരിയോ അമ്മയോ ആണ് ചെയ്തതെന്നും അഭിമാനത്തോടെ പ്രഖ്യാപിക്കുന്നത് ആണ്‍ജോലികളെക്കുറിച്ചുള്ള തെറ്റായ വിചാരങ്ങള്‍ വളര്‍ത്തലില്‍ നിന്നു വേരോടിയതുകൊണ്ടാണ്. ഗാര്‍ഹിക ചുമതലകള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും കൂട്ടായി ചെയ്യണം. അടുക്കള സ്ത്രീകള്‍ക്കും ടെലിവിഷനു മുമ്പിലെ കസേര പുരുഷനാണെന്നൊക്കെ പതിച്ചുകൊടുക്കാതെയുള്ള ‘ജെന്‍ഡര്‍ ന്യൂട്രല്‍ ഇടനാഴി’ ഗൃഹത്തെ മാറ്റണം. എന്നാലേ എതിര്‍ലിംഗത്തോട് ആദരവോടെ പെരുമാറുന്ന ആണ്‍ബുദ്ധികള്‍ ഉണ്ടാകൂ. പെണ്ണായതു കൊണ്ട് അടങ്ങിഒതുങ്ങി കഴിയുമെന്ന് ആവര്‍ത്തിച്ചുള്ള വര്‍ത്തമാനം കേള്‍ക്കുന്ന ആണ്‍കുട്ടി അവന്‍ കൂടി പങ്കാളിയാകുന്ന കുടുംബത്തിലെ സ്ത്രീജനങ്ങളോടും ഇതല്ലേ പറയൂ? സ്വയം തെളിയിച്ച് പ്രകാശിക്കാന്‍ ശ്രമിക്കുന്ന ഇണയെയും കാമുകിയെയും ഒതുക്കി മൂലയ്ക്ക് ഇരുത്തുവാനല്ലേ ശ്രദ്ധിക്കൂ? മക്കളുടെ മുമ്പില്‍ തുല്യതയുടെ മാതൃകകള്‍ സൃഷ്ടിക്കാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്.

parenting

പെണ്ണിനെക്കുറിച്ചുള്ള പാഴ് വര്‍ത്തമാനങ്ങള്‍ വേണ്ട

വേറൊരു വീട്ടിലേക്കു കെട്ടിച്ചുവിടുകയും അവിടെ ഒരാണിന്റെ കീഴില്‍ ജീവിക്കേണ്ടവളെന്നുമുള്ള രീതിയില്‍ സഹോദരിയെ ചൂണ്ടി കാണിച്ചു ചെല്ലുന്ന ഉപദേശം ആണ്‍കുട്ടിക്കു നല്‍കുന്ന സന്ദേശമെന്താണെന്ന് ഒാര്‍ക്കാറുണ്ടോ? അവന്‍ വിവാഹം കഴിഞ്ഞു കൊണ്ടുവരുന്ന പെണ്ണിനെയും ഇത്തരത്തില്‍ കണക്കാക്കുമെന്ന ചിന്ത കടത്തിവിടുമെന്ന കാര്യത്തില്‍ സംശയമില്ല. ചോദ്യം ചെയ്യപ്പെടാതെയുള്ള ആണ്‍വിധേയത്വമാണ് പെണ്ണിന്റെ ധര്‍മമെന്നു പുരുഷപക്ഷം ചേര്‍ന്നുള്ള സങ്കല്പമാണ് പ്രണയനിയിലും ഇണയിലുമൊക്കെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയിലേക്കു നയിക്കുന്നത്.

അവനൊരു ആണല്ലേയെന്ന വാചകത്തില്‍ തുടങ്ങി ലിംഗഭേദം നോക്കാതെ ശാസിക്കേണ്ട അവന്റെ കുരുത്തക്കേടുകളെ ന്യായീകരിക്കുന്ന വര്‍ത്തമാനങ്ങളും ഒഴിവാക്കണം. പ്രതിസന്ധിയില്‍ െപടുമ്പോള്‍ പൊട്ടിക്കരയുന്ന ആണ്‍സന്തതിയോട് പെണ്ണിനെപ്പോലെ കരയല്ലേയെന്നു ശാസിക്കുമ്പോഴും സ്ത്രീ ദുര്‍ബലയാണെന്ന ധാരണ ഉള്ളിലേറ്റപ്പെടുകയാണ്. അവളുടെ മേല്‍ അധികാരി ചമയണമെന്ന സാമൂഹിക പാഠത്തിന്റെ പിന്തുണ കൂടിയാകുമ്പോള്‍ ഇവന്‍ െപണ്ണിനു ദുരിതമേ സമ്മാനിക്കൂ.  അവള്‍ക്ക് സ്വാതന്ത്ര്യം വേണ്ടെന്ന നിലപാടുകൂടി സ്വീകരിച്ചാല്‍ സ്ത്രീയുടെ ശ്വാസംമുട്ടും. കാമുകിയായാലും ഭാര്യയായാലും ഇതുതന്നെ അവസ്ഥ. വിളിക്കുമ്പോള്‍ ഫോണെടുത്തില്ലെങ്കില്‍ കുറ്റം. ഒാണ്‍െെലനില്‍ ആരോടൊക്കെയാണ് മിണ്ടിയിരുന്നതെന്ന് ബോധ്യപ്പെടുത്തിയില്ലെങ്കില്‍ കോപം, വിളിച്ചിടത്ത് ഉടന്‍ വന്നില്ലെങ്കില്‍ രോഷം, സ്വാതന്ത്ര്യബോധം കാണിച്ചാല്‍ അസ്വസ്ഥത, എതിര്‍ത്തു പറഞ്ഞാല്‍ ഭരിക്കാന്‍ നോക്കുകയാണെന്നു ചൊല്ലി തല്ലി ഒതുക്കാനുള്ള ശ്രമം–ഇങ്ങനെ പോകും പാക്കേജ്. കാമുകിയാണു ചെയ്യുന്നതെങ്കില്‍ െെവരാഗ്യം തീര്‍ക്കാനായി കുത്താനോ കത്തിക്കാനോ പുറപ്പെടും.

parenting-final

ഈവക കുഴപ്പങ്ങള്‍ ആണ്‍കുട്ടിക്കു വളര്‍ന്നുവരുമ്പോള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ ആണുങ്ങളും പെണ്ണുങ്ങളുമെന്ന വാക്കുകള്‍ വീടുകളിലെങ്കിലും ഇല്ലാതാക്കേണ്ടിവരും. കായികക്ഷമതയില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും കഴിവുകളിലും ധനം ഉള്‍പ്പെടെയുള്ള അവകാശങ്ങളിലും തുല്യരെന്ന ധ്വനിവരുന്ന വര്‍ത്തമാനങ്ങള്‍ ഉണ്ടാകേണ്ടിവരും. വീട്ടിലുള്ളതോ പുറത്തുള്ളവരോ ആയ എതിര്‍ലിംഗത്തില്‍പ്പെട്ടവരെ അപമാനിക്കുംവിധത്തിലുള്ള താഴ്ത്തിപറച്ചിലുകള്‍ ആണ്‍കുട്ടികളില്‍ നിന്നുണ്ടായാല്‍ സ്നേഹപൂര്‍വം തിരുത്തണം, ശാസിക്കണം. ആദരവോടെ പെരുമാറണമെന്ന് നിഷ്കര്‍ഷിക്കുകയും വേണം.

പ്രണയം, പ്രണയനിരാസം, കാമം

അടുപ്പവും കാമവും പ്രതിബദ്ധതയും കൃത്യമായി കൂടിച്ചേരുമ്പോഴാണ് നല്ല പ്രണയമുണ്ടാകുന്നത്. െെലംഗികതയും അതുണ്ടാക്കുന്ന അടുപ്പവും മാത്രം ചേരുന്ന പ്രണയങ്ങള്‍ക്ക് ലഹരികൂടും. പ്രതിബദ്ധതയുണ്ടെന്ന തോന്നല്‍ മാത്രമേ അതില്‍ ഉണ്ടാകൂ. സംഭവിക്കുന്നത് ആശ്രയത്വത്തിന്റെ ക്ലേശങ്ങളുള്ള വിധേയപ്പെടലാണ്. സ്ത്രീയെ ഒരു െെലംഗികവസ്തുവായി കൂടി ഉപയോഗിക്കാവുന്നതാണെന്ന നിലപാടുള്ളവര്‍ അതിവേഗം രതിവഴിയിലേക്ക് പോവുകയും ചെയ്യും.

ഒരു പതിവ് പ്രണയകഥ ഇങ്ങനെ: കാമുകള്‍ 20 വയസ്സുകാരന്‍ കോളജ് വിദ്യാര്‍ഥി. കാമുകി പ്ലസ് ടുവില്‍ തോറ്റ് വീട്ടലിരിക്കുന്ന 19 വയസ്സുകാരി. പ്രണയം പൂത്തു. വാട്സപ്പ് കിന്നാരങ്ങള്‍ ശരവേഗത്തില്‍ പറന്നു. രണ്ടു മാസം കൊണ്ടു നഗ്നഫോട്ടോകള്‍ െെകമാറുവാനുള്ള െെധര്യംവന്നു. എല്ലാവരും ഉറങ്ങിയശേഷം വീഡിയോ കാളുകള്‍. പലതും അതിരുവിട്ടു. ഒരു ദിവസം അര്‍ധരാത്രി കഴിഞ്ഞവന്‍ അവളുടെ വീട്ടിലെത്തി. മുറിയില്‍ കയറി. ആളനക്കം കേട്ടു വീട്ടുകാര്‍ ഉണര്‍ന്നു. അവന്‍ പ്രാണനും കൊണ്ട് ഒാടി രക്ഷപ്പെട്ടു. കുറ്റപ്പെടുത്തലുകള്‍ വന്നപ്പോള്‍ അവന്‍ െെകകഴുകി. അവള്‍ വിഷാദത്തിലുമായി. നാണക്കേട് ഒഴിവാക്കാന്‍ പെണ്ണിന്റെ വീട്ടുകാര്‍ കൂടുതല്‍ പ്രശ്നത്തിനു പോയതുമില്ല.

കാമുകിയെ രതിസുഖത്തിനായി ഉപയോഗിക്കേണ്ട ഒരു സ്ത്രീശരീരം മാത്രമല്ലെന്ന ഉള്‍ക്കാഴ്ച അതു മനസ്സിലാക്കാന്‍ പോന്ന പ്രായത്തില്‍ തന്നെ ചൊല്ലിക്കൊടുക്കണം. ഇത്തരത്തിനുള്ള ബോധം നല്‍കാനുള്ള അവസരങ്ങള്‍ ആണ്‍കുട്ടികള്‍ പലപ്പോഴും തുറന്നുതരും. സ്ത്രീകളെക്കുറിച്ചുള്ള ഒരു മോശം പരാമര്‍ശമായിരിക്കാമത്. ഒരു നടിയെ കുറിച്ചുള്ള വൃത്തികെട്ട സംസാരമായിരിക്കാം. കൂട്ടുകാരിയെ താഴ്ത്തി പറയുമ്പോഴുണ്ടാകുന്ന അശ്ലീലം കലര്‍ന്ന കമന്റായിരിക്കാം. അമ്പടായെന്ന മട്ടിലൊരു ചിരി നല്‍കി പ്രോത്സാഹിപ്പിച്ചാലും നിസ്സംഗമായി പ്രതികരിച്ചാലും അത് ആണ്‍കുട്ടിയുടെ ഇത്തരം കാഴ്ചപ്പാടുകള്‍ക്കു ബലമേകും. അതുണ്ടാകാന്‍ പാടില്ല. തനതായ സ്വഭാവഗുണവും കഴിവുകളും സമൂഹത്തില്‍ ആണിനൊപ്പം തല ഉയര്‍ത്തി നില്‍ക്കാന്‍ ശേഷിയും വ്യക്തിത്വവുമുള്ള സ്ത്രീയെ ഇങ്ങനെ െെലംഗികവസ്തുവായി തരംതാഴ്ത്തരുതെന്ന പാഠം ആവര്‍ത്തിച്ചു നല്‍കേണ്ടിവരും. പ്രത്യേകിച്ചും സ്ത്രീകളെ ഉപയോഗിച്ചുള്ള െെലംഗികബിംബങ്ങളും ധാരാളിത്തമുള്ള ഈ കാലഘട്ടത്തില്‍. ഇത്തരമൊരു ചിന്തയുടെ പിന്‍ബലമുള്ള മനസ്സില്‍ മേല്‍വിവരിച്ചപോലെയുള്ള രതിസാഹസങ്ങളിലേക്കു പോകാന്‍ മനസ്സുവരില്ല. മറ്റു വ്യക്തിത്വഘട്ടങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുകയും ചെയ്യും. പ്രണയത്തിനു പക്വതയുണ്ടാകാന്‍ നിമിത്തമാകുകയും ചെയ്യും. ഇതേ പ്രണയകഥയില്‍ വ്യത്യസ്തമായ ഒരു ഗതിയുണ്ടാകുന്നതായി സങ്കല്പിക്കാം. രതിയും കൂട്ടുകൂടലുമൊക്കെ കഴിഞ്ഞതോടെ പയ്യന് അവളോട് ആശ്രയത്വമായി. ഉടമയെന്ന വിചാരമായി. നിയന്ത്രണങ്ങളും നിബന്ധനകളും ശ്വാസംമുട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ നയപരമായി ‘ബ്രേക്ക് അപ്’ പ്രഖ്യാപിച്ചു. അവന്‍ വിഷം കഴിച്ചു ചാകാന്‍ ശ്രമിച്ചു ആശുപത്രിയിലായി. ഒരുവിധം രക്ഷപ്പെട്ടു പുറത്തിറങ്ങിയപ്പോള്‍ അവളെ കൊല്ലാനുള്ള വാശിയായി, െെവരാഗ്യമായി.

ജീവിതമറിയാത്തവന്റെ പ്രണയം ഇങ്ങനെയൊക്കെയാകുമെന്നതാണു സത്യം. ആണ് ഉടമയാണെന്നും പെണ്ണ് വെറും അടിമയാണെന്നുമുള്ള നിലപാടുള്ളവനെ പ്രണയലഹരി ബാധിച്ചാല്‍ കൂടുതല്‍ കുഴപ്പങ്ങളുണ്ടാകാം. പ്രണയത്തിലും ഒരു ചങ്ങാത്തമുണ്ട്. ചങ്ങാതിയുടെ ചിന്തകളെയും ഇഷ്ടാനിഷ്ടങ്ങളെയും അയാളുടെ പക്ഷത്തുനിന്ന് ഉള്‍ക്കൊണ്ട് മനസ്സിലാക്കാന്‍ പോന്ന വിധത്തിലുള്ള അനുതാപം വേണം. െപണ്ണല്ലേ; അതുകൊണ്ട് എന്റെ ഇഷ്ടം മാത്രമെന്ന നയം പറ്റില്ല. തുല്യത അംഗീകരിക്കുന്ന, പരസ്പരം ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന, വ്യക്തിസ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുന്ന പാകതയുള്ള വ്യക്തിബന്ധത്തിനുള്ള കഴിവുകള്‍ വേണം. എതിര്‍ലിംഗത്തിലുള്ളയാളോട് ഇതൊന്നും വേണ്ടെന്ന് വിചാരിച്ചാല്‍ പ്രണയം കലങ്ങുകതന്നെ ചെയ്യും. എല്ലാ ബന്ധങ്ങളും എപ്പോള്‍ വേണമെങ്കിലും തകരുവാനുള്ള സാധ്യതകളുമുണ്ട്. അതിനുള്ള മനസ്സോരുക്കുകയും വേണം. ഇതൊക്കെ പ്രണയത്തിനു മുമ്പേ ആണ്‍കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ചെളി കണ്ടാല്‍ ചവിട്ടാനും, വെള്ളം കാണുമ്പോള്‍ കഴുകി ശുദ്ധിയാക്കി ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ പോകാനുമുള്ള ദുഃസ്വാതന്ത്ര്യം ഇനിമേല്‍ ആണ്‍മക്കള്‍ക്ക് നല്‍കാനാവില്ല. രതി ആസ്വദിക്കാനായി പ്രണയത്തെ ഒരു ഹോബിയായി കൊണ്ടുനടക്കുന്ന വിദ്വാന്മാരെ പിന്തിരിപ്പിക്കുന്ന വീടുകളും ഉണ്ടാകണം.

ലിംഗനീതിയുടെയും ആണ്‍പെണ്‍ തുല്യതയുടെയും െെശലികള്‍ വിന്യസിപ്പിച്ച വളര്‍ത്തല്‍രീതികളിലൂടെ വേണം ആണ്‍സ്വഭാവങ്ങള്‍ രൂപപ്പെടേണ്ടത്. പരസ്പരപൂരകമായ സ്ത്രീപുരുഷബന്ധത്തിലൂടെയാണ് നല്ല സമൂഹം ഉണ്ടാകേണ്ടത്.

കടപ്പാട്:

ഡോ. സി. ജെ. ജോൺ

മനോരോഗ വിദഗ്ധൻ

മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി