Thursday 24 November 2022 12:35 PM IST

‘ഞാൻ ക്രീമുകൾ ഉപയോഗിക്കുകയോ പാർലറിൽ പോവുകയോ ചെയ്യാറില്ല’: മഞ്ഞിൽവിരിഞ്ഞ പൂവിലെ ആ ലുക്കിനു പിന്നിൽ

Asha Thomas

Senior Sub Editor, Manorama Arogyam

yuva-beauty-diet

മലയാളി സീരിയൽ പ്രേക്ഷകർ ആദ്യമായിട്ടാവും ഒരു വില്ലനെ ഇത്രയധികം ഇഷ്ടപ്പെടുന്നത്. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലെ മനു പ്രതാപ് എന്ന ഒരൽപം വില്ലത്തരമുള്ള നായകനെ അവതരിപ്പിക്കുന്ന യുവ കൃഷ്ണയെ പ്രേക്ഷകർ വളരെ പെട്ടെന്നാണ് സ്വീകരിച്ചത്... അഭിനയം കൊണ്ടു മാത്രമല്ല ശരീരസൗന്ദര്യം കൊണ്ടും യുവ ശ്രദ്ധനേടിക്കഴിഞ്ഞു. മോഡലിങ്, മാജിക് എന്നിങ്ങനെ ഒന്നിലധികം മേഖലകളിൽ തിളങ്ങുന്ന യുവ തന്റെ ഫിറ്റ്നസ്–ആരോഗ്യ രഹസ്യങ്ങൾ

‘മനോരമ ആരോഗ്യ’വുമായി പങ്കുവയ്ക്കുന്നു.

ഫിറ്റ്നസ് പ്രേമം

രണ്ടു വർഷം മുൻപ് ഒരു ഹെൽത് ക്ലബിനു വേണ്ടി ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടി. ഒരു വർഷത്തോളം വർക് ഔട്ടും ഡയറ്റും ചെയ്തിട്ടാണ് അങ്ങനെയൊരു മസിൽ ബോഡിയിലേക്കെത്തിയത്. വർക് ഔട്ടെന്നു പറയുമ്പോൾ പ്രധാനമായും വെയിറ്റ് ട്രെയിനിങ്ങായിരുന്നു, കാർഡിയോയും ചെയ്തിരുന്നു. ഫോട്ടോഷൂട്ടിന് മൂന്നു മാസം മുൻപ് വർക് ഔട്ട് കുറച്ചുകൂടി കഠിനമാക്കി. രാത്രിയിലും രാവിലെയും ഒക്കെ വർക് ഔട്ട് ചെയ്തു.

കാലറിയും കൊഴുപ്പും കുറഞ്ഞ ഭക്ഷണമാണ് കഴിച്ചിരുന്നത്. രാവിലെ കോൺഫ്ളേക്സ്, 11 മണിക്ക് ഫ്രൂട്സ്, ഉച്ചയ്ക്ക് രണ്ടു ചപ്പാത്തി, മൂന്നുമണിക്ക് ഗ്രീൻ സാലഡ്, വൈകുന്നേരം വീണ്ടും പച്ചക്കറികൾ, രാത്രി ഒാട്സ്. പ്രോട്ടീനിനു വേണ്ടി ദിവസം മൂന്നു തവണ അഞ്ച് മുട്ട വെള്ള വീതം കഴിച്ചിരുന്നു. കൂടാതെ വർക് ഔട്ട് സമയത്ത് പ്രോട്ടീൻ ഷേക്കും സപ്ലിമെന്റുകളും കഴിച്ചിരുന്നു.

മത്സരങ്ങൾക്കും ഷോകൾക്കുമൊക്കെയായി ബോഡി ഒരുക്കുന്നത് ഒരു ത്രില്ലാണ്. പണ്ടുമുതലേ ഞാൻ ഹെൽത് കോൺഷ്യസ് ആണ്. നല്ലൊരു ബോഡി ഫ്രെയിം വേണമെന്ന് വലിയ ആഗ്രഹമായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴേ വർക് ഔട്ട് തുടങ്ങി. സ്കൂൾ കഴിഞ്ഞുവന്നിട്ട് വൈകുന്നേരം ഒരു മണിക്കൂറോളം വർക് ഔട്ട് ചെയ്തിരുന്നു.

ഫിറ്റ്നസ് പ്രേമം കൊണ്ട് ഒാൺലൈനായി ഫിറ്റ്നസ് ട്രെയിനറുടെ ഡിപ്ലോമ കോഴ്സ് ചെയ്തു. ഇപ്പോൾ ബിഗിനർ ലെവൽ ട്രെയിനറാണ്. സീരിയൽ ഷൂട്ട് ഉള്ളതുകൊണ്ട് പഴയതുപോലെ ജിം വർക് ഔട്ടിനൊന്നും സമയം കിട്ടാറില്ല. എന്നുകരുതി വ്യായാമം മുടക്കാറില്ല. ജിമ്മില്ലെങ്കിലെന്താ, കിട്ടുന്ന സമയത്ത് വീട്ടിൽ തന്നെ കാർഡിയോ–ഫ്ളോർ എക്സർസൈസ് ചെയ്യും.

കാലറി ഡെഫിസിറ്റ് ഡയറ്റ്

മത്സരങ്ങളില്ലാത്തപ്പോൾ കർശനമായ ഭക്ഷണനിയന്ത്രണമൊന്നുമില്ല. എന്നാൽ, അത്ര ഫൂഡിയുമല്ല. കൃത്യമായി എല്ലാ നേരവും ഭക്ഷണം കഴിക്കണമെന്നു നിർബന്ധമില്ല. ചില പ്രത്യേക ഭക്ഷണമേ കഴിക്കുകയുള്ളു എന്ന വാശിയുമില്ല. വിശക്കുമ്പോൾ മാത്രമാണ് കഴിക്കുക, അതു മിതമായിട്ടായിരിക്കും. ഡയറ്റ് ചെയ്യുമ്പോൾ കാലറി നിയന്ത്രണത്തിനാണ് പ്രാധാന്യം കൊടുക്കുക. നമ്മളെത്ര കാലറി ഭക്ഷണം കഴിക്കുന്നുവോ അതിനേക്കാൾ 500–600 കാലറി വർക് ഔട്ട് ചെയ്ത് എരിച്ചു കളയണം. അപ്പോൾ നമ്മുടെ ശരീരഘടനയും ഭാരവും എങ്ങനെയാണോ അത് അതേപടി നിലനിർത്താനാകും.

എന്റെ ഉയരത്തിനും ബോഡി ടൈപ്പിനും അനുസരിച്ചുള്ള നോർമൽ ശരീരഭാരം 74–77 കിലോയാണ്. ഇപ്പോൾ 75 കിലോയാണ് ഭാരം. ഉയരം അഞ്ചടി 11 ഇഞ്ചും.

കീറ്റോ ഡയറ്റ് വേണ്ട

വറുത്ത ഭക്ഷണം, ഫാസ്റ്റ് ഫൂഡ് ഇവ എന്റെ ബ്ലാക്ക് ലിസ്റ്റിലാണ്. കംപ്ലീറ്റ് ഒഴിവാക്കുമെന്നല്ല. വല്ലപ്പോഴുമുള്ള രുചിച്ചുനോക്കലേയുള്ളു. കീറ്റോ ഡയറ്റിനോട് എതിർപ്പൊന്നുമില്ല. പക്ഷേ, എല്ലാ ബോഡി ടൈപ്പിനും കീറ്റോ ഇണങ്ങില്ല. ദീർഘകാലത്തേക്ക് എടുക്കുന്നതും നല്ലതല്ല. ചെറിയ സമയം കൊണ്ട് വലിയ അളവു ഭാരംകുറയ്ക്കലാണ് കീറ്റോ ഡയറ്റിൽ നടക്കുന്നത്. അത് സ്വാഭാവികമായ ഒരു സംഗതിയല്ലല്ലൊ?

മോഡലിങ്ങിൽ നിന്നുസീരിയലിലേക്ക്

കേരള യൂണിവേഴ്സിറ്റിയിൽ എംബിഎ ചെയ്യുന്ന സമയത്താണ് മോഡലിങ്ങിൽ ഒരു കൈ നോക്കുന്നത്. റാംപ് വാക്ക് ചെയ്യാനൊക്കെ ഇഷ്ടമായിരുന്നു. ഇന്റർ കോളജ് മോഡലിങ് മത്സരങ്ങളിലൊക്കെ സജീവമായി പങ്കെടുത്തിരുന്നു. കുറേനാൾ ബെംഗളൂരുവിൽ മോഡലിങ് രംഗത്തു സജീവമായിരുന്നു. മോഡലിങ് രംഗത്തു നിന്നു ലഭിച്ച ബന്ധങ്ങളാണ് സീരിയലിലേക്കെത്താൻ കാരണമായത്.

എംബിഎ കഴിഞ്ഞ് കുറച്ചുനാൾ മാജിക് പ്ലാനറ്റിൽ റിലേഷൻഷിപ് മാനേജറായി ജോലി നോക്കി. അവിടെ വച്ചാണ് മാജിക് പഠിക്കുന്നത്, ഗോപിനാഥ് മുതുകാട് സാറിന്റെ ശിഷ്യത്വത്തിൽ. അവിടെവച്ചാണ് മെന്റലിസവും പരിചയിക്കുന്നത്. ഇല്യൂഷനിസ്റ്റ് ആയി രണ്ടര വർഷത്തോളം അവിടെത്തന്നെ പെർഫോം ചെയ്തു.

ആരാകണം എന്നു ചോദിച്ചാൽ ഒരു പെർഫോമർ ആകണമെന്നായിരുന്നു എന്റെ മനസ്സിൽ. മോഡലിങ്, മാജിക്, മെന്റലിസം...ഇതിലെല്ലാം പെർഫോമൻസിനു സ്കോപ് ഉണ്ട്. പക്ഷേ, ഏതു സ്വീകരിക്കണം എന്ന ആശയക്കുഴപ്പത്തിൽ നിന്നപ്പോഴാണ് സീരിയലിലേക്കൊരു ക്ഷണം വരുന്നത്.

ആദ്യമൊക്കെ വിമർശനങ്ങളും നെഗറ്റീവ് കമന്റുകളും കേട്ടു പേടിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനയം ആസ്വദിച്ചു തുടങ്ങി. എന്നിലെ നടൻ ഇവോൾവ് ചെയ്ത് വരുന്നതനുസരിച്ച് ആളുകൾ ഇഷ്ടപ്പെട്ടുതുടങ്ങി. ഇപ്പോൾ ധാരാളം പേർ, പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകർ നല്ലതു പറയാറുണ്ട്.

yuva-1

മാജിക്കും മെന്റലിസവും

മാജികും സൈക്കോളജിയും ചേരുന്നതാണ് മെന്റലിസം. നല്ല മജീഷ്യന് കാഴ്ചക്കാരുടെ പൾസ്, ശരീരഭാഷ, കാഴ്ചപ്പാട് എന്നിവയെല്ലാം അറിയാൻ പറ്റും. അതിനോടൊപ്പം കുറച്ചു സൈക്കോളജി കൂടി പഠിച്ചു കഴിയുമ്പോൾ മെന്റലിസം ചെയ്യാൻ പറ്റും. സ്േറ്റജിൽ നാം കാണുന്നതരം മെന്റലിസത്തിൽ ആളുകളുടെ ശരീരഭാഷയും മുഖചലനങ്ങളും വായിച്ചെടുക്കുന്നതിനൊപ്പം മാജിക്കിന്റെ ചില ഘടകങ്ങളും കൂടി ഉപയോഗിക്കുന്നുണ്ട്. പക്ഷേ, എപ്പോഴും നാം പറയുന്ന കാര്യങ്ങൾ മുഴുവൻ ശരിയാകണമെന്നില്ല. 80 ശതമാനമൊക്കെ ശരിയാകും.

മെന്റലിസ്റ്റ് ആയതുകൊണ്ട് വ്യക്തിപരമായ ചില മെച്ചങ്ങളുണ്ട്. ഒരു റിലേഷനിൽ നിൽക്കുമ്പോൾ പങ്കാളിയുടെ മുൻഗണനകൾ പറയാതെ മനസ്സിലാക്കാനാകും. എന്തെങ്കിലും പ്രശ്നം വന്നാൽ നല്ല രീതിയിൽ പരിഹരിക്കാനുള്ള കഴിവു ലഭിക്കും. ചുരുക്കം പറഞ്ഞാൽ ഇമോഷൻസിനെ മറികടക്കാനുള്ള കഴിവുണ്ടാകും. പല പ്രശ്നങ്ങളുടേയും അടിസ്ഥാനകാരണം തന്നെ നമ്മുടെ ഇമോഷൻസിനെ നിയന്ത്രിക്കാനാകാത്തതാണല്ലൊ?

കൂളാണ് ഞാൻ

പൊതുവേ വളരെ ഹാപ്പിയായ, നല്ല എനർജറ്റിക്കായി നിൽക്കാനാഗ്രഹമുള്ള ഒരാളാണ്. ചുറ്റുമുള്ളവരിലേക്ക് ആ എനർജി പ്രസരിപ്പിക്കാനും ശ്രമിക്കാറുണ്ട്. അനാവശ്യ ടെൻഷനടിക്കുന്ന പ്രകൃതമല്ല. ചെറിയ സ്ട്രെസ്സ് ഒക്കെ വന്നാൽ തന്നെ സ്വയം പരിഹരിക്കാറാണ് പതിവ്. അടുത്ത സുഹൃത്തുക്കളുടെ

പ്രശ്നങ്ങളൊക്കെ എന്നോട് ഷെയർ ചെയ്യാറുണ്ട്. എനിക്കു പറ്റുന്ന രീതിയിലുള്ള നിർദേശങ്ങളും പരിഹാരങ്ങളും നൽകാറുമുണ്ട്.

മേക് ഒാവർ പ്രിയങ്കരം

ഷോ ബിസിനസ്സിൽ നിൽക്കുമ്പോൾ സൗന്ദര്യകാര്യത്തിൽ ശ്രദ്ധ വേണം. ഞാൻ ക്രീമുകൾ ഉപയോഗിക്കുകയോ പാർലറിൽ പോവുകയോ ചെയ്യാറില്ല. പക്ഷേ, അധികം വെയിലു കൊള്ളാതെയും ടാൻ ഉണ്ടാകാതെയും ശ്രദ്ധിക്കും. അലോവെര ജെൽ പോലെ സ്വാഭാവികമായ ചർമസംരക്ഷണ മാർഗങ്ങൾ വല്ലപ്പോഴും ഉപയോഗിക്കാറുണ്ട്. നന്നായി വെള്ളം കുടിക്കാനും ശ്രദ്ധിക്കും.

ലുക് ചേഞ്ചിലും മേക് ഒാവറിലുമൊക്കെ താൽപര്യമുണ്ട്. താടിയിലും മീശയിലുമാണ് ഏറ്റവുമധികം പരീക്ഷണം നടത്താറുള്ളത്. ശ്രദ്ധിച്ചാലറിയാം, ‘മഞ്ഞിൽവിരിഞ്ഞ പൂവി’ൽ തന്നെ കുറേയധികം സ്ൈറ്റലുകൾ ചെയ്തിട്ടുണ്ട്.