Saturday 21 October 2023 10:50 AM IST

നാണക്കേട് കരുതി മറച്ചുവയ്ക്കേണ്ട, മനസിന്റെ താളംതെറ്റിയ പാവങ്ങൾക്ക് സൗജന്യ ചികിത്സ: കാരുണ്യത്തിന്റെ വഴിയിൽ ഹെൽത് ആക്ഷൻ ട്രസ്റ്റ്

Sruthy Sreekumar

Sub Editor, Manorama Arogyam

mhat4234

മനസ്സിനും രോഗം വരുക, അതു ചികിത്സിക്കേണ്ടി വരുക- സമൂഹത്തിനു മുൻപിൽ എന്തോ കുറവുപോലെ കരുതുന്നവരുെട സമൂഹമാണ് നമ്മുടേത്. അപ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികളുെട കാര്യമെടുത്താലോ? പലപ്പോഴും ചികിത്സ തന്നെ അത്തരക്കാർക്കു നിഷേധിക്കപ്പെടുന്നു. ഈ ദുരവസ്ഥ മനസ്സിലാക്കി പ്രവർത്തിക്കുന്ന സ്ഥാപനം നമ്മുടെ നാട്ടിലുണ്ട്. കോഴിക്കോട് ആസ്ഥാനമായിട്ടുള്ള െമന്റൽ‌ ഹെൽത് ആക്‌ഷൻ ട്രസ്റ്റ്.

സൈക്യാട്രിസ്റ്റ് ഡോ. മനോജ് കുമാർ നേതൃത്വം നൽകുന്ന വലിയൊരു സംഘമാണു ട്രസ്റ്റിനു പിന്നിൽ. ഇവർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മാനസികരോഗികൾക്കു ചികിത്സയും പരിചരണവും ഉറപ്പാക്കുന്നു.

ട്രസ്റ്റിന്റെ ആരംഭം

ഡോ. മനോജ് കുമാറാണ് ട്രസ്റ്റിന്റെ സ്ഥാപകൻ. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് നേടിയ അദ്ദേഹം വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ നിന്ന് ഡിപ്ലോമ ഇൻ സൈക്യട്രിക് മെഡിസിൻ കോഴ്സ് പൂർത്തിയാക്കിയ ശേഷം റാഞ്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സൈക്യാട്രിയിൽ നിന്ന് എംഡി െചയ്തു. കുറച്ചുനാൾ വെല്ലൂരിൽ ജോലി നോക്കിയ ഡോ. മനോജ് തുടർന്നുള്ള 15 വർഷങ്ങൾ യുകെയിലായിരുന്നു. അവിടെ ജോലി െചയ്യുമ്പോൾ തന്നെ ഇങ്ങനെ ഒരു സംഘടന തുടങ്ങുന്നതിനെ കുറിച്ചുള്ള ചിന്ത ഡോ. മനോജിന്റെ മനസ്സിൽ മുള പൊട്ടിയിരുന്നു.

‘‘ കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പാലിയേറ്റീവ് മെഡിസിനും അതിന്റെ ഡയറക്ടറുമായ ഡോ. സുരേഷ്കുമാറുമായി എനിക്കു അടുത്ത ബന്ധമുണ്ട്. ഡോ. സുരേഷ് കോഴിക്കോട് മെഡിക്കൽ കോളജിൽ എന്റെ ജൂനിയറായിരുന്നു. ഞാൻ ഇന്ത്യയിൽ ഉള്ളപ്പോഴാണ് സ്ഥാപനം ആരംഭിക്കുന്നതെങ്കിലും ഞാൻ വിദേശത്തായിരിക്കുമ്പോഴാണ് ആ പ്രസ്ഥാനം വളരുന്നത്. സമൂഹത്തിലേക്കു സാന്ത്വനപരിചരണം എത്തിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിനു കഴിഞ്ഞു. അത്തരമൊരു സമൂഹാധിഷ്ഠിതമായ ആരോഗ്യപരിരക്ഷ എന്നതായിരുന്നു എന്റെ മനസ്സിലുള്ള ആശയം. പാലിയേറ്റീവ് പ്രസ്ഥാനത്തിന്റെ പ്രവർത്തനവിജയമാണ് എനിക്ക് ആത്മവിശ്വാസം തന്നത്. സമൂഹത്തിൽ നിന്നു തന്നെ ആളുകളെ വോളന്റിയർമാരായി തിരഞ്ഞെടുത്ത്, അവരെ കൊണ്ടു പരിചരണം ഉറപ്പാക്കുന്ന രീതി നടപ്പാക്കാൻ കഴിയുമെന്നു
മനസ്സിലായി. മാത്രമല്ല ചികിത്സയും പരിചരണവും ലഭിക്കുക എന്നത് എല്ലാവരുെടയും അവകാശമാണെന്നും അതു സർക്കാരിന്റെ മാത്രമല്ല, സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണെന്നും ഉള്ള ബോധവുമാണ് ട്രസ്റ്റ് തുടങ്ങാൻ പ്രേരിപ്പിച്ച ഘടകങ്ങൾ‍. വിദേശത്തിരുന്നുകൊണ്ടു തന്നെ ട്രസ്റ്റിനു വേണ്ടിയുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നു’’ , ഡോ. മനോജ് കുമാർ പറയുന്നു.

സാമ്പത്തികം എന്ന ഘടകം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മാനസിക വെല്ലുവിളി നേരിടുന്നവരുടെ ചികിത്സയും പരിചരണവുമാണ് മെന്റൽ ഹെൽത് ആക്‌ഷൻ ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യം.

2010 ലാണ് ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചത്. ആദ്യം പാലിയേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണു പ്രവർത്തിച്ചത്. എന്നാൽ ട്രസ്റ്റിന്റെ സേവനം പാലിയേറ്റീവ് രോഗികളിൽ മാത്രമായി ചുരുങ്ങിയില്ല.

കേരളത്തിൽ പതിനൊന്നു ജില്ലകളിലായി 66 ക്ലിനിക്കുകൾ ട്രസ്റ്റിന്റെ കീഴിലുണ്ട്. കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലാണ് നിലവിൽ ക്ലിനിക് ഇല്ലാത്തത്. ഭാവിയിൽ ഇവിടങ്ങളിലും ആരംഭിക്കും. ഹിമാചൽ പ്രദേശിൽ രണ്ടു ക്ലിനിക്കുണ്ട്. കൂടാതെ ബെംഗളൂരുവിലും ചെന്നൈയിലും ക്ലിനിക്ക് ആരംഭിക്കാൻ പോകുന്നു. സൈക്യാട്രിസ്റ്റുമാർ, സൈക്കോളജിസ്റ്റുകൾ,
എംബിബിഎസ് കഴിഞ്ഞ ഡോക്ടർമാർ, സൈക്യാട്രിക് സോഷ്യൽ വർക്കർമാർ, െമന്റൽ ഹെൽത് വർക്കർമാർ
ഉൾപ്പെടെ 65 ഒാളം അംഗങ്ങൾ ഉൾപ്പെടുന്നതാണ് ട്രസ്റ്റിന്റെ പ്രധാന ടീം.
കൂടാതെ ആയിരക്കണക്കിനു വോളന്റിയർമാരും ട്രസ്റ്റിനു വേണ്ടി പ്രവർത്തിക്കുന്നു.

ആദ്യമായി തുടങ്ങുമ്പോൾ

ക്ലിനിക് ആരംഭിക്കുന്ന സ്ഥലം തീരുമാനിച്ചാൽ തദ്ദേശിയരായ ഒരുസംഘമാളുകളെ വൊളന്റിയർമാരായി തിരഞ്ഞെടുക്കും. ചിലയിടങ്ങളിൽ ക്ലിനിക് ആരംഭിക്കാനായി ആ പ്രദേശത്തെ സംഘടനകൾ ട്രസ്റ്റിനെ സമീപിക്കാറുണ്ട്. അവ പാലിയേറ്റീവ് സംഘടനകളാകാം, ആരോഗ്യരംഗവുമായി ബന്ധമില്ലാത്ത സംഘടനകളുമാകാം. ഉദാ: ഇരിങ്ങാലക്കുടയിൽ ആർദ്രം എന്ന പേരുള്ള പാലിയേറ്റീവ് സംഘടനയുമായി ചേർന്നാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്.

രോഗികൾക്കു മരുന്നിനും മറ്റും സൗകര്യങ്ങൾക്കും വേണ്ടിവരുന്ന ചെലവു വഹിക്കാൻ ശേഷിയുള്ള സാമ്പത്തികസ്രോതസ്സ് കണ്ടെത്തേണ്ടതു വൊളന്റിയർമാരാണ്. ക്ലിനിക് നടത്തേണ്ട ഇടം കണ്ടെത്തേണ്ടതും വൊളന്റിയർമാർ തന്നെ. വൊളന്റിയർമാരെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അവർക്കു ട്രസ്റ്റിലെ അംഗങ്ങൾ പരിശീലനം നൽകും. പ്രദേശത്തുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മാനസികപ്രശ്നമുള്ളവരെ കണ്ടെത്തും. ഒരു വൊളന്റിയർക്ക് ഒന്നോ രണ്ടോ രോഗികളുെട ചുമതല ഉണ്ടായിരിക്കും. രോഗികളുമായി നിരന്തരം ഫോളോ അപ് നടക്കും. രോഗികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വരുകയാണെങ്കിൽ വൊളന്റിയർമാർ ട്രസ്റ്റ് അംഗങ്ങളെ അറിയിക്കും. ആവശ്യമെങ്കിൽ രോഗികളുെട ബൗദ്ധികസാഹചര്യം കൂടി മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. അതിന് ആശാ പ്രവർത്തകരുടെയും മറ്റും സഹായം തേടും.

രോഗികൾക്കു ശാരീരികപ്രശ്നങ്ങൾ കണ്ടെത്തുകയാണെങ്കിൽ അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തെ സമീപിക്കും. പ്രദേശത്തെ ആശാ വർക്കർ, അങ്കണവാടി ടീച്ചർമാർ, പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ, പഞ്ചായത്തംഗങ്ങൾ, െഹൽത് ഇൻസ്പെക്ടർമാർ തുടങ്ങിയവരെല്ലാം ട്രസ്റ്റിന്റെ ആരോഗ്യപരിചരണ പ്രക്രിയയുെട ഭാഗമായിരിക്കും.

വൊളന്റിയർമാർ പ്രധാനം

രോഗികളെ തിരഞ്ഞെടുക്കുന്നതു സാമ്പത്തികം എന്ന ഘടകം മാത്രം നോക്കിയാണ്. ഏറ്റവും പാവപ്പെട്ട രോഗികളെയാണു തിരഞ്ഞെടുക്കുക. രോഗികളുെട വീടും പരിസരവും സന്ദർശിച്ച് അവരുെട സാഹചര്യം വിലയിരുത്തിയശേഷം തീരുമാനമെടുക്കും. രോഗികളെ തിരഞ്ഞെടുക്കാൻ ആശാ വർക്കർമാരുെടയും മറ്റും സഹായം തേടും. അവർ നൽകുന്ന ലിസ്റ്റിലുള്ള രോഗികളുെട വിവരങ്ങൾ വീണ്ടും പരിശോധിച്ചശേഷമാണ് അന്തിമ തീരുമാനം എടുക്കുന്നത്.

മനോദൗർബല്യമുള്ളവരുെട ബന്ധുക്കളും വൊളന്റിയർ ആകാൻ മുന്നോട്ടു വരാറുണ്ട്. പക്ഷേ അവർക്കു മറ്റു രോഗികളുെട ചുമതലയാണു നൽകുക.

manoj423 ഇടതുവശത്ത് ഡോ. മനോജ്‌കുമാർ

ഡോ. മനോജ് ഉൾപ്പെടെ അഞ്ച് സൈക്യാട്രിസ്റ്റുകൾ ട്രസ്റ്റിൽ പ്രവർത്തിക്കുന്നുണ്ട്. ഡോക്ടർമാർ മാസത്തിലൊരിക്കൽ രോഗികളെ സന്ദർശിക്കും. എന്നാൽ രോഗിയുെട സ്ഥിതിവിശേഷങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ടാകും. ആവശ്യമെങ്കിൽ ഡോക്ടർമാർ രോഗികളുെട വീടുകൾ സന്ദർശിക്കും. ക്ലിനിക്കിൽ ആഴ്ചയിൽ ഒരിക്കൽ ട്രസ്റ്റിന്റെ അംഗങ്ങളുെട സേവനം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും ടീം അംഗങ്ങൾക്കും പരിശീലനം നൽകുന്നു. കൂടാതെ പ്രവർത്തനങ്ങളുെട വിലയിരുത്തലുകളും നടക്കും

തീരദേശമേഖലയിലും ആദിവാസിമേഖലയിലും ഉള്ള രോഗികളുെട ചികിത്സാ ചെലവ് ട്രസ്റ്റ് തന്നെ നേരിട്ടു നിർവഹിക്കുന്നു. സർക്കാരിന്റെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ സാഫ് (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൻ) എന്നൊരു സംഘടനയുണ്ട്. സ്ത്രീകളായ മത്സ്യതൊഴിലാളികൾക്കു സഹായം എത്തിക്കുക എന്നതാണ് അതിന്റെ ചുമതല. സാഫിന്റെ സാമ്പത്തിക സഹായത്തോടെ മൂന്നിടത്ത് (വിഴിഞ്ഞം– (തിരുവനന്തപുരം) , എടവനക്കാട്– (കൊച്ചി), വെളളയിൽ– (കോഴിക്കോട് ) ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. ആദിവാസിമേഖലയിൽ വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നൂൽപ്പുഴ എന്ന സ്ഥലത്തു പ്രവർത്തിക്കുന്നു. കൂടാതെ സർക്കാർ ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ എറണാകുളത്തെ എളംബ്ലാശേരി എന്ന സ്ഥലത്തും ക്ലിനിക് ഉണ്ട്.

രോഗം ഭേദമായ വ്യക്തികളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്ന റിഹാബിലിറ്റേഷൻ പ്രവർത്തനങ്ങളും ട്രസ്റ്റ് കൈകാര്യം െചയ്യുന്നു. ഇതിന്റെ ഭാഗമായി തൊഴിൽ പരിശീലനവും നൽകുന്നുണ്ട്.

പാവപ്പെട്ടവർക്കു മാത്രമല്ല, മറ്റു വിഭാഗക്കാർക്കും മാനസികാരോഗ്യചികിത്സ ട്രസ്റ്റിലെ ഡോക്ടർമാർ നൽകുന്നുണ്ട്. ഈ സേവനത്തിനു ഫീസ് നൽകണം. ഇതിൽ നിന്നു ലഭിക്കുന്ന വരുമാനവും ട്രസ്റ്റിന്റെ പ്രവർത്തനത്തിനായി വിനിയോഗിക്കുന്നു. കോഴിക്കോടും തിരുവനന്തപുരത്തും കൊച്ചിയിലും ഈ സേവനം ലഭിക്കും. മൻ കഫേ എന്ന കഫറ്റീരിയയും ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിെട ചിത്രപ്രദർശനം സംഘടിപ്പിക്കാറുണ്ട്. ഇതിൽ നിന്നു ലഭിക്കുന്ന വരുമാനവും രോഗികൾക്കായി നീക്കിവയ്ക്കുന്നു.

മരുന്നു മാത്രമല്ല കരുതലും സ്നേഹവുമാണ് മനസ്സിന്റെ രോഗത്തിന്റെ യഥാർഥ മരുന്ന് എന്ന് മെന്റൽ െഹൽത് ആക്‌ഷൻ ട്രസ്റ്റ് തങ്ങളുെട പ്രവൃത്തികളിലൂെട സമൂഹത്തിനു മുൻപിൽ തെളിയിക്കുകയാണ്...

(www. mhatkerala.org,
ഫോൺ : 0495 2960103, 8089997007)

Tags:
  • Mental Health
  • Manorama Arogyam