‘പഴങ്ങളിലെ രാജകുമാരി ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന റംബൂട്ടാൻ സ്വാദിഷ്ടവും പോഷകപ്രദവുമാണ്. ദേവതകളുടെ ഭക്ഷണം എന്നും ഇതറിയപ്പെടുന്നുണ്ട്. കേരളത്തിൽ നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്ന പഴമാണ് റംബൂട്ടാൻ.
തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള പഴമാണ് റംബൂട്ടാൻ (നെഫെലിയം ലാപ്പാസിയം). ഗോൾഫ് ബോളിന്റെ വലിപ്പമുള്ള പഴത്തിന് രോമമുള്ള ചുവപ്പും പച്ചയും തോട് ഉള്ളതിനാൽ മുടി എന്നതിന്റെ മലായ് പദത്തിൽ നിന്നാണ് റംബൂട്ടാൻ എന്ന പേര് ലഭിച്ചത്.
വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന പഴമാണ് റംബൂട്ടാൻ. ഭക്ഷണത്തിലെ ഇരുമ്പ് കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ ഇതു ശരീരത്തെ സഹായിക്കുന്നു. ഹൃദയമിടിപ്പ്, വൃക്കകളുടെ പ്രവർത്തനം, പേശികളുടെ സങ്കോചം എന്നിവയെ സഹായിക്കുന്ന ധാതുവായ പൊട്ടാസ്യം റംബൂട്ടാനിൽ നിറഞ്ഞിരിക്കുന്നു. റംബൂട്ടാനിൽ ഡയറ്ററി ഫൈബർ ധാരാളമായിട്ടുണ്ട്. ഇതു മലബന്ധം കുറയ്ക്കാൻ സഹായിക്കുന്നു.
വൈറ്റമിൻ ബി 5 പോലുള്ള പോഷകങ്ങളാൽ സമ്പുഷ്ടമാണ് റംബൂട്ടാൻ. ഇതിൽ നല്ല അളവിൽ ജലം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എൽ ഡി എൽ ( LDL ) കൊളസ്ട്രോളിന്റെ അളവു കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോളായ എച്ച് ഡി എൽ ( HDL ) കൊളസ്ട്രോളിന്റെ അളവ് ഉയർത്തുന്നതിനും റംബൂട്ടാനു കഴിയും. കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും വിളർച്ചയെ തടയുകയും ചെയ്യുന്നു.
പോഷകമൂല്യം (100 ഗ്രാം)
ഊർജം – 73.1 കിലോ കാലറി
പ്രോട്ടീൻ – 0.6 ഗ്രാം
കൊഴുപ്പ് – 0.1 ഗ്രാം
അന്നജം – 16.8 ഗ്രാം
കാൽസ്യം – 8.6 മില്ലിഗ്രാം
വൈറ്റമിൻ സി – 65 മില്ലിഗ്രാം
ഫോളിക് ആസിഡ് – 7.3 മൈക്രോഗ്രാം
ഇരുമ്പ് – 0.3 മില്ലിഗ്രാം
തയാറാക്കിയത്
പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ്
എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം