ഈയിടെയായി എപ്പോഴും ക്ഷീണമാണ്....കിടന്നാൽ എഴുന്നേൽക്കാൻ തോന്നില്ല. കുറച്ചെന്തെങ്കിലും ചെയ്യുമ്പോഴേ തളർന്നുപോകുന്നു...എത്രയോ പേരുടെ സ്ഥിരം പരാതിയാണിതെന്നോ? എന്തുകൊണ്ടാണ് ക്ഷീണം അനുഭവപ്പെടുന്നത് എന്നു ചോദിച്ചാൽ ഒറ്റ ഉത്തരം പറയുക സാധ്യമല്ല. രക്തക്കുറവ്, കോവിഡ്19 മുതൽ ക്രോണിക് ഫറ്റീഗ് സിൻഡ്രം വരെ പല കാരണങ്ങളാൽ ക്ഷീണമനുഭവപ്പെടാം. ശാരീരികമായ ക്ഷീണം പതിയെ മാനസികമായ തളർച്ചയ്ക്കും ക്ഷീണത്തിനും ഇടയാക്കാം.
∙ മുതിർന്ന ഒരാൾക്ക് 6–7 മണിക്കൂറെങ്കിലും നല്ല ഉറക്കം ലഭിക്കണം. ഉറക്കം കുറഞ്ഞാൽ അതിയായ ക്ഷീണം അനുഭവപ്പെടാം.
∙ സ്ലീപ് അപ്നിയ പോലെ ആഴത്തിലുള്ള ഉറക്കം ലഭിക്കാൻ തടസ്സമുണ്ടാക്കുന്ന ഉറക്കതകരാറുകൾ. ഇവയുള്ളപ്പോൾ ഉറങ്ങിയാലും നല്ല ഉറക്കത്തിന്റേതായ പ്രയോജനം ലഭിക്കുകയില്ല.
∙ അമിതമായ കായികാധ്വാനം. പതിവായ, മിതവ്യായാമം ശരീരത്തിനു ഗുണകരമാണ്. പക്ഷേ, അധ്വാനം കൂടിയാൽ അതിയായ തളർച്ചയുണ്ടാകാം.
∙ ആന്റിഹിസ്റ്റമിൻ പോലുള്ള മരുന്നുകളും കഫ് സിറപ്പുകളും അത്യധികമായ ക്ഷീണം അനുഭവപ്പെടാൻ ഇടയാക്കാം.
∙ അനീമിയ–ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നതിന്റെ ഒരു പ്രധാനകാരണമാണ് അനീമിയ അഥവാ വിളർച്ച. രക്തത്തിലെ ഹീമോഗ്ലോബിൻ എന്ന ഘടകത്തിന്റെ അളവു കുറയുന്നതാണ് വിളർച്ചയ്ക്കു കാരണം. ഹീം എന്ന അയണും ഗ്ലോബുലിൻ എന്ന അയണും ചേർന്നാണ് ഹീമോഗ്ലോബിൻ ഉണ്ടാകുന്നത്. ഇരുമ്പിന്റെ അളവു കുറഞ്ഞാൽ ഹീമോഗ്ലോബിൻ അളവു കുറയും. ഈ ഹീമോഗ്ലോബിനാണ് പ്രാണവായുവിനെ ശരീരകോശങ്ങളിലെത്തിക്കുന്നത്. അതുകൊണ്ടാണ് ഹീമോഗ്ലോബിൻ അളവു കുറയുമ്പോൾ തളർച്ചയനുഭവപ്പെടുക. ചുവന്ന മാംസം, ഇലക്കറികൾ, കക്ക, കരൾ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതുവഴിയും അയൺ സപ്ലിമെന്റുകൾ എടുത്തും വിളർച്ച കുറയ്ക്കാം.
∙ പ്രമേഹരോഗികളിൽ സാധാരണ ക്ഷീണം അനുഭവപ്പെടാറുണ്ട്. പ്രമേഹരോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസ് നിരക്ക് ഉയർന്നു നിൽക്കും, പക്ഷേ, അതു ശരീരകോശങ്ങൾക്കു ലഭ്യമാവുകയില്ല. തന്മൂലമുള്ള ഊർജക്ഷാമം കാരണം എപ്പോഴും ക്ഷീണവും തളർച്ചയും അനുഭവപ്പെടാം.
∙ വിഷാദരോഗാവസ്ഥയുടെ ഭാഗമായും ക്ഷീണവും തളർച്ചയും ഉത്സാഹക്കുറവും അനുഭവപ്പെടാറുണ്ട്. വിഷാദം ചികിത്സിച്ചു ഭേദമാക്കുന്നതോടെ ക്ഷീണവും മാറും. ശാരീരികമായ ക്ഷീണമാണെങ്കിൽ ദൈനംദിന പ്രവൃത്തികൾ ചെയ്യാനുള്ള ഊർജം പോലുമുണ്ടാകില്ല. മാനസികമായ കാരണങ്ങളാലുള്ള ക്ഷീണമാണെങ്കിൽ ഒരു കാര്യത്തിലും പൂർണശ്രദ്ധ പതിപ്പിക്കാൻ കഴിയാതെ വരും.
∙ തൈറോയ്ഡ് ഹോർമോൺ അളവു കുറയുന്നതു മൂലമുള്ള ഹൈപ്പോതൈറോയ്ഡിസം എന്ന രോഗാവസ്ഥയുള്ളവർക്ക് എപ്പോഴും ക്ഷീണവും തളർച്ചയും അനുഭവപ്പെടാം. തൈറോയ്ഡ് ഗ്രന്ഥിയാണ് നമ്മുടെ മെറ്റബോളിസം നിയന്ത്രിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മന്ദഗതിയിലാകുന്നത് മെറ്റബോളിസത്തെയും മന്ദഗതിയിലാക്കും. ഇതോടെ ശരീരപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം ലഭിക്കാതെ വരാം.
ക്രോണിക് ഫറ്റീഗ് സിൻഡ്രം
ഇതൊന്നുമല്ലാതെ ക്രോണിക് ഫറ്റീഗ് സിൻഡ്രം എന്ന രോഗാവസ്ഥ മൂലവും നീണ്ടുനിൽക്കുന്ന, കടുത്ത ക്ഷീണം അനുഭവപ്പെടാം. സ്ത്രീകളെയാണ് ഇതു കൂടുതലായി ബാധിക്കുക. ഫ്ളൂവിനു സമാനമായ ലക്ഷണങ്ങളാണ് ക്രോണിക് ഫറ്റീഗ് സിൻഡ്രത്തിനും അനുഭവപ്പെടുക.
എപ്പോഴും ക്ഷീണവും തളർച്ചയും അനുഭവപ്പെടും. കൂടെ തലവേദന, പേശികൾക്കും സന്ധികൾക്കും വേദന, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ഉറക്കക്കുറവ്, മറവി, മൂഡ് മാറ്റങ്ങൾ, നേരിയ പനി, വിഷാദം, വെളിച്ചത്തോട് അമിതസംവേദനത്വം എന്നിവയും കാണാറുണ്ട്. രണ്ട് പ്രധാനകാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് രോഗനിർണയം. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടും ക്ഷീണം 6 മാസത്തിലേറെ നീണ്ടുനിൽക്കുക, മുകളിലെ ലക്ഷണങ്ങളിൽ നാലോ അതിൽക്കൂടുതലോ എണ്ണം കാണുക.
ഈ രോഗാവസ്ഥ പരിപൂർണമായി സുഖപ്പെടുത്താനാവില്ല. പലതരം ചികിത്സകള വഴി ലക്ഷണങ്ങളെ കൈകാര്യം ചെയ്യുകയേ നിവർത്തിയുള്ളു.
വിവരങ്ങൾക്ക് കടപ്പാട്
മനോരമ ആരോഗ്യം ആർകൈവ്