Friday 22 October 2021 04:55 PM IST

പട്ടിണി കിടന്നില്ല, ചോറ് പോലും ഒഴിവാക്കിയില്ല: ഇഷ്ടമുള്ളതെല്ലാം കഴിച്ച് മൂന്നു മാസം കൊണ്ട് 92 ൽ നിന്ന് 78 ലേക്ക്

Asha Thomas

Senior Sub Editor, Manorama Arogyam

weightloss-sathessh

കോവിഡ് കാലത്തെ വീട്ടിലിരിപ്പ് പലർക്കും അമിതമായി ശരീരഭാരം കൂടാനിടയാക്കുകയുണ്ടായി. പക്ഷേ, കോവിഡ് ലോക്‌ഡൗണിനെ വ്യായാമത്തിനും ഫിറ്റ്നസ് മെച്ചപ്പെടുത്താനുമുള്ള അവസരമായി കണ്ടവരുമുണ്ട്. കടവന്ത്രയിൽ താമസിക്കുന്ന കൊല്ലം അഞ്ചൽ സ്വദേശിയായ സതീഷിന് ലോക്‌ഡൗൺ കാലം പണ്ടെങ്ങോ കൈമോശം വന്ന ഫിറ്റ്നസ് തിരിച്ചുപിടിക്കാനുള്ള സമയമായിരുന്നു. പട്ടിണി കിടക്കാതെയും ഇഷ്ടപ്പെട്ട ഭക്ഷണമൊന്നും വേണ്ടെന്നു വയ്ക്കാതെയും മൂന്നുമാസം കൊണ്ട് 14 കിലോ കുറച്ച് സതീഷ് തന്റെ ഫിറ്റ്നസ് യാത്ര ആരംഭിച്ചുകഴിഞ്ഞു. അതേക്കുറിച്ച് സതീഷ് തന്നെ പറയട്ടെ.

കോവിഡ് കാലത്ത് കൂടുതലും വർക് ഫ്രം ഹോം ആയിരുന്നു. അങ്ങനെ വീട്ടിൽ ഇരുന്ന സമയത്ത് ആസ്വദിച്ച് ഭക്ഷണം കഴിച്ചുതുടങ്ങി. വ്യായാമം കുറവും ഭക്ഷണം കൂടുതലുമായപ്പോൾ ഭാരസൂചി കുതിച്ചുയർന്നു. പണ്ടൊക്കെ എത്ര കൂടിയാലും പരമാവധി 88 കിലോ വരെയേ എത്താറുള്ളായിരുന്നു. ഇത്തവണ പക്ഷേ 92 കിലോ വരെ ശരീരഭാരം എത്തി. കവിളൊക്കെ ചാടി, വയർ തള്ളി ശരീരം ആകെ ഷേപ്പ്ലെസ് ആയി കണ്ടപ്പോൾ എനിക്കു തന്നെ ഇതൊരു ബോറാണല്ലോ എന്നു തോന്നിത്തുടങ്ങി.

പണ്ട് വല്ലപ്പോഴുമൊക്കെ ജിമ്മിൽ പോയി വ്യായാമം ചെയ്യുമായിരുന്നു. പതിവൊന്നുമില്ല, സമയം കിട്ടുമ്പോൾ –ആഴ്ചയിൽ ഒന്നോ രണ്ടോ തവണ പോകും. ഇടയ്ക്ക് നേരമുള്ളപ്പോൾ ടെറസ്സിലൂടെ നടക്കും. പക്ഷേ, ഭാരം കുറയ്ക്കണമെങ്കിൽ പതിവായി എന്തെങ്കിലും ചെയ്യണമല്ലൊ. അങ്ങനെ കടവന്ത്രയിലുള്ള ഗ്ലാഡിയേറ്റർ ജിമ്മിൽ പോയിത്തുടങ്ങി. ഇത്തവണ ചിട്ടയായ വർക് ഔട്ട് ആയിരുന്നു. ആഴ്ചയിൽ അഞ്ചു ദിവസവും ജിമ്മിൽ ഹാജർ വച്ചു. ഒന്നര–രണ്ടു മണഇക്കൂർ കഠിനമായി വർക് ഔട്ട് ചെയ്തു. കാർഡിയോ വ്യായാമങ്ങളും ഗ്രൗണ്ട് എക്സർസൈസും ഒക്കെയാണ് തുടക്കത്തിൽ ചെയ്തത്. ശരീരഭാരം 85 കിലോയൊക്കെ ആയപ്പോൾ കുറച്ചുകൂടി കഠിനവ്യായാമങ്ങളിലേക്ക് മാറി. ഭാരമെടുത്തുള്ള വ്യായാമങ്ങളും ചെയ്തു.

ഏതു വണ്ണം കുറയ്ക്കൽ പരിപാടിയിലും ഒഴിവാക്കാനാകാത്ത കാര്യമാണ് ഭക്ഷണനിയന്ത്രണം. പക്ഷേ, നിയന്ത്രണത്തിന്റെ പേരിൽ പട്ടിണി കിടക്കാനും ചോറ് ഒഴിവാക്കാനുമൊന്നും പോയില്ല. പകരം പച്ചക്കറികളും പഴങ്ങളും കൂടുതൽ കഴിച്ചു. ചോറ് ഉൾപ്പെടെ ഒാരോ നേരവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കുറച്ചു. രാവിലെ 5,6 ഇഡ്‌ലി കഴിച്ചിരുന്നത് മൂന്നാക്കി. ആവിയിൽ വേവിക്കുന്ന വിഭവങ്ങൾ ശീലമാക്കി.

weight-loss-1

പണ്ടൊക്കെ മൂന്നുനേരവും വേണമെങ്കിൽ ചോറ് കഴിക്കുമായിരുന്നു. ആ പരിപാടി നിർത്തി. ഉച്ചയ്ക്ക് വായ്ക്ക് രുചിക്ക് ഒരു ചെറിയ കപ്പ് ചോറ്. കൂടെ ഒന്നോ രണ്ടോ ചപ്പാത്തി. ധാരാളം പച്ചക്കറികൾ കറിയായോ സാലഡായോ കഴിക്കും. കുത്തരിച്ചോറിനു പകരം പൊന്നിയരിയുടെ ചോറാക്കി.

നോൺവെജ് പൂർണമായും നിർത്തിയില്ല. വർക്‌ഔട്ട് ചെയ്യുമ്പോൾ പ്രോട്ടീൻ പാടേ ഒഴിവാക്കാനാകില്ല. അതുകൊണ്ട് ദിവസവും 3,4 മുട്ടവെള്ള കഴിച്ചിരുന്നു. മിക്കവാറും ദിവസവും മീൻ കറി ഉണ്ടാകും. ആഴ്ചയിൽ ഒരിക്കൽ മീൻ വറുത്തു കഴിക്കും. അതുപോലെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ചിക്കൻ കറിയും കഴിക്കും.

weight-loss-3

മധുരവും മധുരപലഹാരങ്ങളും ഒഴിവാക്കിത്തുടങ്ങി. ആദ്യം ചെയ്തത് ദിവസം 5,6 ചായ കുടിച്ചിരുന്നത് രണ്ട് എന്നാക്കി ചുരുക്കുകയായിരുന്നു. ഇപ്പോൾ കട്ടൻചായയാണ് കുടിക്കുന്നത്. അതും ഒഴിവാക്കണമെന്നുണ്ട്.

എണ്ണയുടെ അളവും കുറച്ചു. എണ്ണയിൽ വറുത്തതും എണ്ണപ്പലഹാരങ്ങളും വളരെ കുറച്ചു.

വർക് ഔട്ട് ചെയ്യുന്ന സമയത്ത് തന്നെ ഒന്നര–രണ്ടു ലീറ്റർ വെള്ളം കുടിക്കുമായിരുന്നു. ബാക്കി സമയത്തൊക്കെയായി ആകെ മൂന്നു മൂന്നര ലീറ്റർ വെള്ളം കുടിച്ചിരുന്നു.

വ്യായാമവും ഭക്ഷണക്രമവും ആയപ്പോൾ നല്ല റിസൽട്ട് കണ്ടുതുടങ്ങി. ജിമ്മിവൽ വച്ചാണ് ഞാൻ ഭാരം നോക്കിയിരുന്നത്. ആദ്യത്തെ ആഴ്ച കുറയാൻ മടിച്ച ശരീരഭാരം കുറേശ്ശേയായി കുറഞ്ഞുതുടങ്ങി. കുറയുന്നത് ശരീരത്തിൽ പ്രകടവുമായിരുന്നു. നല്ല മാറ്റമുണ്ടെന്ന് മറ്റുള്ളവർ പറഞ്ഞുകേൾക്കുന്നത് ഉത്സാഹം കൂട്ടി. സ്വന്തം ശരീരത്തോട് ഒരു സ്നേഹമൊക്കെ തോന്നി, വണ്ണം കുറയ്ക്കൽ ഊർജിതമായി കൊണ്ടുപോകാൻ അതു സഹായം ചെയ്തു.

ഇപ്പോൾ 78 കിലോയാണ് ശരീരഭാരം. ഇനിയും വർക് ഔട്ടും ഡയറ്റുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഒരിക്കൽ ഫിറ്റ്നസിന്റെ പാതയിൽ വന്നാൽ പിന്നെ തിരിച്ചുപോകാൻ തോന്നുകയേയില്ല എന്നു പറയുന്നത് എത്ര ശരിയാണ്– സതീഷ് പറയുന്നു.