Friday 26 May 2023 03:15 PM IST

‘പെൺകുട്ടി ജനിച്ചാൽ നെൽമണി വായിലേക്കിടും, കുട്ടി മരിക്കും’: കേരളത്തിൽ പെൺകുട്ടികൾ കുറയുന്നോ?: കണക്കുകൾ സൂചിപ്പിക്കുന്നത്

Sruthy Sreekumar

Sub Editor, Manorama Arogyam

girl-child

പെൺകുട്ടി ഇല്ലെങ്കിൽ അമ്മ ഇല്ല.. അമ്മ ഇല്ലെങ്കിലോ ജീവനും ഇല്ല... അതേ ജീവനെ പോലെ കാണേണ്ടവരാണ് പെൺകുട്ടികൾ. പെൺകുട്ടികൾ ഇല്ലാത്ത സമൂഹത്തെക്കുറിച്ച് ചിന്തിക്കാനാകുമോ?

അടുത്തിടെ വന്നൊരു വാർത്തയിലേക്കു പോകാം. നാഷനൽ ഫാമിലി െഹൽത് സർവേയുെട 2019–20 ഫേസ് അഞ്ചിലെ കണക്ക് പ്രകാരം കേരളത്തിലെ ചൈൽഡ് സെക്സ് റേഷ്യോ [കുട്ടികളിലെ ലിംഗാനുപാതം (0–6 വയസ്സ്). 1000 ആൺകുട്ടികൾക്ക് എത്ര പെൺകുട്ടികൾ എന്ന കണക്ക്] 951 : 1000 അണ്. അതായത് 1000 ആൺകുട്ടികൾക്ക് 951 പെൺകുട്ടികൾ. ഇവരുെട തന്നെ 2015–16 ലെ കണക്ക് നോക്കുകയാണെങ്കിൽ അനുപാതം 1047 : 1000 ആയിരുന്നു. 1991ലെ സെൻസസ് പ്രകാരം കുട്ടികളിലെ ലിംഗാനുപാതം 958 : 1000 എന്നാണ്. 2001 സെൻസസ് പ്രകാരം 960 : 1000 എന്ന നിലയിലും. 2011 സെൻസസ് ആയപ്പോൾ അതു 964 : 1000 ആയി. 2001 സെൻസസ് പ്രകാരം കേരളത്തിൽ 0–6 വയസ്സിനിടയിലുള്ളവരുെട ജനസംഖ്യയിൽ ആൺകുട്ടികളുെട എണ്ണം 19, 35,027, പെൺകുട്ടികൾ 18,58,119 എന്നാണ്. 2011 സെൻസസിൽ ആൺകുട്ടികളുെട എണ്ണം 17,68,244–ഉം പെൺകുട്ടികളുടേത് 17, 04,711 ആയി. രണ്ട് സെൻസസ് നോക്കിയാലും ഈ പ്രായത്തിലുള്ള കുട്ടികളുെട എണ്ണം കുറയുകയാണ്.

രാജ്യത്തിന്റെ മൊത്തം കണക്കെടുത്താൻ കുട്ടികളിലെ ലിംഗാനുപാതവും ഒാരോ സെൻസസ് പ്രകാരവും കുറഞ്ഞുവരുകയാണ്. കേരളത്തിലെ കണക്കുകൾ മാറിയും മറിഞ്ഞുമിരിക്കുകയാണ്. ഇന്ത്യയിലെ ആകെ സ്ത്രീപുരുഷ അനുപാതം എടുത്താൽ ഒന്നാം സ്ഥാനത്താണ് കേരളം. (1084:1000). പക്ഷേ ആറ് വയസ്സിനു താഴെയുള്ളവരുെട ലിംഗാനുപാതത്തിൽ ആറാം സ്ഥാനത്തും. ഇതു ആശങ്കപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ്. യഥാർത്ഥത്തിൽ നമ്മുെട നാട്ടിൽ പെൺകു‍ഞ്ഞുങ്ങളുെട എണ്ണം കുറയുന്നുണ്ടോ? മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി എന്താണ്? ഇതു സംബന്ധിച്ച് വിദഗ്ധരുെട അഭിപ്രായം എന്താണ്? ഒരന്വേഷണം.

കണക്കുകൾ പറയുന്നത്

സെൻസസ് കണക്കുകൾ വിശകലനം െചയ്യുകയാണെങ്കിൽ ഇന്ത്യയുടെ ചൈൽഡ് സെക്സ് റേഷ്യോ കുറഞ്ഞുവരുകയാണ്. 1981–ൽ 962 :1000 ആയിരുന്നെങ്കിൽ 1991 സെൻസസ് ആയപ്പോൾ അതു 945 : 1000 ആയി. 2001 ആയപ്പോഴെക്കും വീണ്ടും കുറഞ്ഞു, 927:1000 എന്നായി. 2011 –ൽ ആകട്ടെ അതു 914 : 1000 ആയി വീണ്ടും താഴ്ന്നു.

കേരളത്തിലെ ആറ് വയസ്സിനു താഴെയുള്ള വിഭാഗത്തിലെ മൊത്തം കുട്ടികളുെട ജനസംഖ്യയിൽ കുറവു വരുന്നതായാണ് കാണിക്കുന്നത്. 2001 സെൻസസ് പ്രകാരം കേരളത്തിലെ 0–6 വയസ്സിനിടയിലുള്ളവരുെട എണ്ണം 37, 93, 146 ആയിരുന്നു. 2011ൽ 34, 72, 955 ആയി കുറഞ്ഞു. പണ്ട് ഒരു കുടുംബത്തിൽ മൂന്നും നാലും കുട്ടികൾ ജനിച്ചിരുന്നിടത്ത് ഒന്നോ രണ്ടോ ആയി ചുരുങ്ങി. ഈ കുറവ് മൊത്തം ജനസംഖ്യാ നിരക്കിനെയും ബാധിച്ചിട്ടുണ്ട്.

girl-child-2

ഗുരുതര സാഹചര്യമല്ല

ഇന്നു കേരളത്തിൽ പെൺകുഞ്ഞുങ്ങളുെട കാര്യത്തിൽ മാറ്റം വരത്തക്കവിധത്തിലുള്ള സാമൂഹിക സാഹചര്യങ്ങൾ ഉണ്ടായിട്ടില്ല എന്ന് അഭിപ്രായപ്പെടുകയാണ് തിരുവനന്തപുരം ചൈൽഡ് ഡവലപ്മെന്റ് സെന്റർ മുൻ ഡയറക്ടറും പീഡിയാട്രീഷനുമായ ഡോ. എം.കെ.സി. നായർ.‌

‘‘ സെക്സ് റേഷ്യോ 800നു താഴേയ്ക്കു വരികയാണെങ്കിൽ പ്രശ്നമാണ്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ അത്തരം സാഹചര്യം വന്നിട്ടുണ്ട്. കേരളത്തിൽ അത്തരമൊരു ഗുരുതരമായ സാഹചര്യം വരാനുള്ള സാധ്യത വിരളമാണ് ’’ ഡോ. എം.കെ.സി. നായർ പറയുന്നു.

കേരള സർവകലാശാല ഡമോഗ്രഫി വിഭാഗം മേധാവിയായ ഡോ. കെ. അനിൽ ചന്ദ്രന്റെ അഭിപ്രായത്തിൽ ജനസംഖ്യാവർധനവിന്റെ കാര്യമെടുക്കുകയാണെങ്കിൽ ലോകമൊട്ടാകെ ജനസംഖ്യ വളരെ കൂടി നിന്ന കാലമുണ്ടായിരുന്നു. ‘‘ എന്നാൽ ലോകത്താകമാനം 1970–ഒാടെ ജനസംഖ്യാ വളർച്ച നെഗറ്റീവ് ആയി. ജനനനിരക്കിൽ ഉണ്ടായ കുറവാണ് ഇതിനു കാരണം. 1991നു ശേഷം ഇന്ത്യയിലും ജനസംഖ്യാ വളർച്ചാ നിരക്ക് കുറയുകയാണ്. 1991–2000 കാലത്താണ് ഈ കുറവ് രേഖപ്പെടുത്തി തുടങ്ങിയത്. കേരളത്തിൽ 1981 മുതൽ തന്നെ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞു തുടങ്ങിയിരുന്നു. സാധാരണയായി 100 പെൺകുട്ടികൾ ജനിക്കുമ്പോൾ 105 ആൺകുട്ടികൾ ജനിക്കുന്നുവെന്നാണു കണക്ക്. പക്ഷേ ആൺകുട്ടികളിൽ മരണനിരക്ക് കൂടുതലാണ്. കഴിഞ്ഞ സെൻസസിൽ കേരളത്തിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നെഗറ്റീവ് ജനസംഖ്യാ വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. കുട്ടികളിലെ ലിംഗാനുപാതം 950ൽ താഴെ വരുകയാണെങ്കിലാണ് പ്രശ്നം. ഹരിയാന ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ലിംഗാനുപാതം 900–ൽ താഴെയാണ്. ഇവിടങ്ങളിൽ കുടുംബങ്ങൾ പൊതുവെ ആൺകുട്ടികൾക്കു മുൻഗണന നൽകുന്നുണ്ട്. ഇത് ലിംഗാനുപാതത്തെ ബാധിക്കുന്നുണ്ട്, ഡോ. അനിൽ പറയുന്നു.

‘‘ ഫാമിലി െഹൽത് സർവേ പ്രകാരം ആറു വയസ്സിനു താഴെയുള്ളവരുടെ ലിംഗാനുപാതം കുറയുന്നു എന്നത് ഗുരുതരമായ സാഹചര്യമാണ് എന്നു പറയുകയാണ് മാഹി ജനറൽ ഹോസ്പിറ്റലിലെ പീഡിയാട്രിഷനും ഐഎംഎ സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ ഡോ. എം .മുരളീധരൻ. ‘‘ആധുനിക കാലത്ത് ഇതിനു പല കാരണങ്ങൾ ഉണ്ട്. പെൺകുട്ടികൾ തന്നെയാണ് കുടുംബത്തിന്റെ ആണിക്കല്ല്. എന്നാലും ആൺകുട്ടികൾ ജനിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ധാരാളമുണ്ട്. പണ്ട് തമിഴ്നാട്ടിലെ ഉസലംപെട്ടിയിൽ പെൺകുട്ടി ജനിച്ചാൽ നെൽമണി വായിലേക്കിടും. ഇതു തൊണ്ടയിൽ കുടുങ്ങി കുട്ടി മരിക്കും. 1970 ന് മുൻപ് പെൺകുട്ടി ജനിച്ചാൽ ഇത്തരം പ്രാകൃത മാർഗങ്ങൾ ഉപയോഗിച്ചായിരുന്നു കൊലപ്പെടുത്തിയിരുന്നത്.

1970 നു ശേഷം അമ്നിയോസിന്തസിസ് എന്ന രീതി ശാസ്ത്രജ്ഞൻമാർ കണ്ടെത്തി (ഗർഭിണിയുടെ അമ്നിയോട്ടിക് ദ്രാവകം കുത്തിയെടുത്തു പരിശോധിക്കുന്ന രീതി). ജനിതക തകരാറുകളും വൈകല്യങ്ങളും കണ്ടെത്താനുള്ള ഈ രീതിയിലൂെട ലിംഗനിർണയവും സാധ്യമായിരുന്നു എന്നതിനാൽ പലരും ഈ പരിശോധന തെറ്റായി ഉപയോഗിക്കാൻ തുടങ്ങി. അൾട്രാസൗണ്ട് സ്കാൻ സജീവമായതോടെ പെൺഭ്രൂണഹത്യ രാജ്യത്ത് വ്യാപകമായി. 1994 ൽ നിയമം കൊണ്ടു വന്നതു കൊണ്ട് ഇതിനു മാറ്റം വന്നു. എന്നാൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്നും പെൺകുട്ടികളുടെ എണ്ണം കുറയുന്നു. ഇതിനു പിന്നിൽ പ്രകടമായ കാരണങ്ങൾ ഇല്ലെങ്കിൽ രഹസ്യമായുള്ള പെൺ ഭ്രൂണഹത്യ ഇപ്പോഴും സംശയിക്കേണ്ടിയിരിക്കുന്നു, ഡോ. മുരളീധരൻ ആശങ്ക

പങ്കുവയ്ക്കുന്നു.

gc-3

‘‘ അടിസ്ഥാനപരമായി നോക്കുകയാണെങ്കിൽ കേരളത്തിൽ കുട്ടികളിലെ ലിംഗാനുപാതത്തിൽ കാര്യമായ കുറവ് വന്നതായി കാണുന്നില്ല. 1000 ആൺകുട്ടികൾക്ക് 950 പെൺകുട്ടികൾ എന്ന നിലയിൽ നിന്നു താഴേക്കു വരാത്തതിനാൽ അപകടമില്ല. നാഷനൽ ഫാമിലി ഹെൽത് സർവേകൾ മറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത് എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപകൽപന െചയ്തിരിക്കുന്നത്. അതിനാൽ തന്നെ ചൈൽഡ് സെക്സ് റേഷ്യോ എന്ന വിഭിന്ന വിഷയത്തെ ഈ സർവേയെ അടിസ്ഥാനപ്പെടുത്തി പറയുമ്പോൾ ചില പിശകുകൾ ഉണ്ടാകാം. നിലവിൽ കേരളത്തിലെ കണക്കുകളിൽ ആശങ്കപ്പെടേണ്ടതില്ല. ’’, കോയമ്പത്തൂർ പിഎസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് & റിസർച്ചിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ബയോ സ്റ്റാറ്റിസ്റ്റിക്സ് പ്രഫസറായ ഡോ. അനിൽ സി. മാത്യു അഭിപ്രായപ്പെടുന്നു.

‘‘ നിയമാനുസൃതമല്ലാത്ത സ്കാനിങ് പരിശോധനകൾ, ഗർഭഛിദ്രം എന്നിവ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. ജനനശേഷം ആൺകുട്ടിക്കും പെൺകുട്ടിക്കും ഒരേപോലെ സർവൈവ് െചയ്യാനുള്ള അനുകൂല സാഹചര്യമാണ് കേരളത്തിൽ ഉള്ളത്. ഗർഭകാലത്ത് വേർതിരിവ് നടക്കുന്നുണ്ടോ എന്ന സംശയം പ്രകടിപ്പിക്കുകയാണ് ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ബി. പത്മകുമാർ.

ഗർഭഛിദ്രം കാരണമോ ?

കേരളത്തിൽ പെൺഭ്രൂണഹത്യയുെട സാധ്യത വളരെ വിരളമാണ് എന്ന് ചൂണ്ടികാണിക്കുകയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റിലെ കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റായ ഡോ. സൂര്യ ജയറാം. ‘‘ പൊതുവെ 18ാം ആഴ്ച അനോമലി സ്കാൻ െചയ്യുമ്പോഴാണ് ഗർഭസ്ഥശിശുവിന്റെ ലിംഗം നിർണയിക്കാൻ കഴിയുക. അതിനു മുൻപ് ഉറപ്പിച്ചു പറയാൻ കഴിയില്ല. 15 ആഴ്ച കഴിയുമ്പോഴാണ് അമ്നിയോസിന്തസിസ് പരിശോധന െചയ്യുന്നത്. അതിനു മുൻപ് 10–11 ആഴ്ച പ്രായമാകുമ്പോൾ ചെയ്യുന്ന കോറിയോണിക് വില്ലസ് സാമ്പിളിങ് എന്ന പരിശോധന ഉണ്ട്. മറുപിള്ളയിലെ കോറിയോണിക് വില്ലസ്സിന്റെ ബയോപ്സി എടുക്കുന്ന പരിശോധനയാണിത്. രണ്ടു പരിശോധനകളിലും ക്രോമസോം വഴി ലിംഗനിർണയം സാധ്യമാണ്. പക്ഷേ സ്കാനിങ് െചയ്യുന്ന ഡോക്ടർ ഇതു ഒരിക്കലും റിപ്പോർട്ടിൽ രേഖപ്പെടുത്താറില്ല.

20 ആഴ്ച വരെ ഒരു റജിസ്റ്ററ്റേഡ് മെഡിക്കൽ പ്രാക്ടീഷനറുെട അനുമതിയോടെ അബോർഷൻ െചയ്യാം. 20 – 24 ആഴ്ചവരെയാണെങ്കിൽ പ്രത്യേക സാഹചര്യങ്ങൾ ( പ്രായപൂർത്തിയാകാത്ത പെൺകുട്ടി, ബലാത്സംഗത്തിന്റെ ഇര, വൈകല്യമുള്ള ഗർഭസ്ഥശിശു തുടങ്ങിയവ) ആണെങ്കിൽ മാത്രം രണ്ട് ഡോക്ടർമാരുെട അനുമതിയോടെ അബോർഷൻ നടത്താം. 24 ആഴ്ച കഴിഞ്ഞാൽ മെഡിക്കൽ ബോർഡിന്റെ അനുമതി ആവശ്യമാണ്. 18ാം ആഴ്ച ലിംഗനിർണയം നടത്തിയാലും പെൺകുഞ്ഞാണെങ്കിൽ 20 ആഴ്ചയ്ക്കുള്ളിൽ അബോർഷൻ നടത്താനുള്ള സാധ്യത കേരളത്തിൽ വളരെ വളരെ കുറവാണ്. ലിംഗനിർണയം നടത്തി എന്നു തെളിഞ്ഞാൽ ഡോക്ടർക്കു ജയിൽ ശിക്ഷ വരെ കിട്ടാം , ഡോ. സൂര്യ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ പെൺകുഞ്ഞുങ്ങളുെട എണ്ണം അപകടമാംവിധം താഴുന്നില്ല എന്നുതന്നെയാണ് വിദഗ്ധരുെട അഭിപ്രായം. എന്നാലും പെൺകുഞ്ഞുങ്ങൾ കുറയുന്നതിന്റെ കാരണം കണ്ടെത്താനുള്ള ശാസ്ത്രീയ പഠനങ്ങൾ ആരംഭിക്കണം. അനധികൃതമായ ലിംഗനിർണയവും ഗർഭഛിദ്രവും നടക്കുന്നുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്.. സാമൂഹികഭദ്രത തന്നെ ചോദ്യചിഹ്നമായി മാറാൻ ഇടവരരുത്..

girl-child-1

പെൺഭ്രൂണഹത്യ ഉണ്ടോ?

ഇന്ത്യയിൽ വർഷങ്ങൾക്കു മുൻപ് ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തുകയും പെൺകുട്ടിയാണെങ്കിൽ ഗർഭഛിദ്രം നടത്തുകയും െചയ്തിരുന്നു. ഇത് പല സംസ്ഥാനങ്ങളിലും പെൺകുട്ടികളുെട എണ്ണം അപകടകരമാം വിധം കുറയാൻ ഇടയാക്കി. ഈ സന്ദർഭത്തിലാണ് സർക്കാർ പ്രീകൺസെപ്ഷൻ ആന്റ് പ്രീ നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്റ്റ് (Preconception and Pre-natal diagnostic techniques act – PC & PNDT) കൊണ്ടുവരുന്നത്. ഈ നിയമം നിലവിൽ വന്നതോെട ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം കുറ്റകരമായി മാറി. അതോടെ പെൺഭ്രൂണഹത്യയിൽ കുറവു വന്നു. ആക്റ്റ് നിലവിൽ വന്നതിനുശേഷം 2017 ഡിസംബർ വരെ 3986 കേസുകളാണ് കോടതിയിൽ ഫയൽ െചയ്തിട്ടുള്ളത്. എന്നാൽ അനധികൃതമായി ഇതു ഇന്നും നടക്കുന്നുണ്ടാവാം എന്നാണ് വിദഗ്ധർ ആശങ്കപ്പെടുന്നത്.