Monday 07 August 2023 11:50 AM IST : By സ്വന്തം ലേഖകൻ

നിശബ്ദമായിട്ടായിരിക്കും അതു സംഭവിക്കുക... ഉറക്കത്തിലോ കുഴഞ്ഞുവീണോ ഉള്ള മരണം: ശ്രദ്ധിക്കണം ഈ മാറ്റങ്ങൾ

heart4345

കോവിഡിനു ശേഷം ചെറുപ്പക്കാരിലടക്കം നിശ്ശബ്ദ ഹൃദയാഘാതം (Silent myocardial infarction) ഉൾപ്പെടെയുള്ള ഹൃദയപ്രശ്നങ്ങൾ പുതിയ ഭീഷണിയാകുന്നുണ്ട്. നിശ്ശബ്ദ ഹൃദയാഘാതം വർധിക്കുന്നു എന്നു പറയാൻ കൃത്യമായ കണക്കുകൾ ഇല്ല എന്ന് ഡോക്ടർമാർ വാദിക്കുന്നുണ്ടെങ്കിലും ഹൃദയസംബന്ധിയായ കാരണങ്ങളാലുള്ള അപ്രതീക്ഷിത മരണങ്ങൾ (Sudden Death) കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നതു യാഥാർഥ്യമാണ്. മാത്രമല്ല, ഉറക്കത്തിൽ മരിച്ചു, പെട്ടെന്നു കുഴഞ്ഞു വീണു മരിച്ചു എന്നിങ്ങനെയുള്ള ലക്ഷണങ്ങളില്ലാത്ത, അപ്രതീക്ഷിത മരണങ്ങളുടെ കാര്യത്തിൽ സൈലന്റ് ഹാർട്ട് അറ്റാക്ക് ഒരു കാരണമാകാമെന്ന് ഡോക്ടർമാർ സമ്മതിക്കുന്നുണ്ട്. ആകെ സംഭവിക്കുന്ന ഹൃദയാഘാതങ്ങളിൽ 50-80% നിശ്ശബ്ദ ഹൃദയാഘാതങ്ങളാണ് എന്നാണ് കണക്കുകൾ.

എന്താണ് നിശ്ശബ്ദ ഹൃദയാഘാതം?

ലക്ഷണങ്ങളൊന്നുമില്ലാതെയോ തീവ്രത കുറഞ്ഞ ലക്ഷണങ്ങളോടു കൂടിയോ സാധാരണ ഹൃദയാഘാതത്തിന്റേതല്ലാത്ത ലക്ഷണങ്ങളുമായോ (Atypical symptoms) സംഭവിക്കുന്ന ഹൃദയാഘാതത്തെയാണു നിശ്ശബ്ദ ഹൃദയാഘാതം എന്നു വിശേഷിപ്പിക്കുന്നത്.പ്രധാനമായും രണ്ടു തരമുണ്ടിത്.

∙ പൂർണമായും നിശ്ശബ്ദം - അതായത് ഹൃദയാഘാതം ഉണ്ടായതിന്റെ ഒരു ലക്ഷണവും രോഗിക്ക് അനുഭവപ്പെടുകയില്ല. ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞു മറ്റെന്തെങ്കിലും ആവശ്യത്തിനു പരിശോധന നടത്തുമ്പോഴാകും തനിക്ക് അറ്റാക്ക് വന്നിരുന്ന കാര്യം രോഗി അറിയുക.

∙ രണ്ടാമത്തേത് റിലേറ്റീവ്‌ലി സൈലന്റ്- അതായതു വിയർപ്പോ ക്ഷീണമോ വയറുവേദനയോ പോലെ സാധാരണഗതിയിൽ ഹൃദയാഘാതവുമായി ചേർത്തു വായിക്കാത്ത ലക്ഷണങ്ങൾ വന്നുപോയിട്ടുണ്ടാകാം. പ ക്ഷേ, രോഗി അതു തിരിച്ചറിയാത്തതുമൂലം ചികിത്സയെടുത്തിട്ടുണ്ടാകില്ല.

45 നും 84 നും ഇടയിൽ പ്രായമുള്ള നിലവിൽ ഹൃദയധമനീ പ്രശ്നങ്ങളൊന്നും ഇല്ലാത്ത 2000 ആളുകളിൽ 10 വർഷമായി നടത്തിയ പഠനത്തിൽ ഇവരിൽ എട്ടു ശതമാനത്തിനും മയോകാർഡിയൽ വടുക്കൾ ഉള്ളതായി കണ്ടു. ഹൃദയാഘാതം സംഭവിച്ചതിന്റെ തെളിവാണ് ഈ വടുക്കൾ. ഇതിൽ 80 ശതമാനം പേരാകട്ടെ തങ്ങൾക്കു ഹൃദയാഘാതം സംഭവിച്ചു എന്നതിനെക്കുറിച്ച് ഒന്നുമേയറിഞ്ഞിട്ടുമില്ലായിരുന്നു.

ലക്ഷണമില്ല എന്നോ തീവ്രമായ ലക്ഷണങ്ങളായിരുന്നില്ല എന്നതു കൊണ്ടോ ഹൃദയത്തിനു തകരാർ സംഭവിച്ചിട്ടില്ല എന്നു കരുതരുത്. ഏതു തരം ഹൃദയാഘാതമായാലും ഹൃദയത്തിനു പ്രശ്നങ്ങൾ വരാം. സാധാരണ ഹൃദയാഘാതം സംഭവിക്കുമ്പോൾ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചു വിദഗ്ധ സഹായം തേടേണ്ടതുണ്ട്. ഇതു ഹൃദയ പേശികൾക്ക് സംഭവിക്കുന്ന നാശനഷ്ടം നിയന്ത്രണവിധേയമാക്കാൻ സഹായിക്കുന്നു.

പക്ഷേ, നിശ്ശബ്ദ ഹൃദയാഘാതത്തിൽ പലപ്പോഴും രോഗി അറ്റാക്ക് ഉണ്ടായ വിവരം അറിയാത്തതുകൊണ്ട് വൈദ്യസഹായം ലഭിക്കുന്നില്ല. തന്മൂലം ഇവരിൽ ഭാവിയിൽ ഹൃദയപരാജയം വരാനുള്ള സാധ്യത വർധിക്കാം. മാത്രമല്ല, കൂടുതൽ തീവ്രവായ ഒരു രണ്ടാം ഹൃദയാഘാതത്തിനും സാധ്യതയുണ്ട്.

പെട്ടെന്നുള്ള മരണങ്ങൾ

നിശ്ശബ്ദ ഹൃദയാഘാതം സംശയിക്കാവുന്ന ചില ഘട്ടങ്ങളാണ് ഉറക്കത്തിലുള്ള മരണവും കുഴഞ്ഞു വീണുള്ള മരണവുമൊക്കെ. ഉറക്കത്തിലുണ്ടാകുന്ന മരണത്തിലേക്കു നയിക്കുന്നത് രണ്ടു പ്രധാന കാരണങ്ങളാണ്.

∙ ഹൃദയതാളത്തിലുള്ള ക്രമക്കേടുകൾ. ഹൃദയമിടിപ്പ് വല്ലാതെ കൂടുന്ന ടാക്കികാർഡിയ, ഹൃദയമിടിപ്പ് വളരെയധികം താഴ്ന്നു പോകുന്ന ബ്രാഡികാർഡിയ എന്നിവയൊക്കെ മരണകാരണമാകാം.

∙ രണ്ടാമതായി, പെട്ടെന്ന് ബിപി താഴ്ന്നുപോയി ഹൃദയപേശികളിലേക്കും തലച്ചോറിലേക്കുമുള്ള രക്തമൊഴുക്കു കുറഞ്ഞ് ഷോക്ക് ഉണ്ടായി മരിക്കാം.

ചെറുപ്പക്കാരിലുൾപ്പെടെ പെട്ടെന്നുള്ള മരണം സംഭവിക്കാൻ ഒരു പ്രധാനകാരണം ജനിതകമായ ഹൃദ്രോഗങ്ങളാണ്. ഉദാഹരണത്തിന്, ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി അഥവാ ഹൃദയപേശികൾക്കു കട്ടികൂടുന്ന ജനിതകരോഗാവസ്ഥ കായികമത്സരങ്ങൾക്കിടയിലും മറ്റും സംഭവിക്കുന്ന പെട്ടെന്നുള്ള മരണത്തിനു കാരണമാകാം.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

സാധാരണ ഹൃദയാഘാതം വരുമ്പോൾ നെഞ്ചു വരിഞ്ഞുമുറുക്കുന്നതു പോലെയോ പൊട്ടിപ്പോകുന്നതുപോലെയോ നെഞ്ചിൽ ഭാരം കയറ്റിവച്ചതുപോലെയോ ഉള്ള വേദനയാണ് അനുഭവപ്പെടാറ്. ഈ വേദന താടിയിലേക്കും കൈകളിലേക്കും വ്യാപിക്കുകയും ചെയ്യും. എന്നാൽ നിശ്ശബ്ദ ഹൃദയാഘാതത്തിൽ ഇത്രയും തീവ്രമായ വേദന അനുഭവപ്പെടാറില്ല. നെഞ്ചുവേദനയേ അനുഭവപ്പെടണമെന്നില്ല. ചിലർക്ക് കൈ വേദനയോ പുറത്തുവേദനയോ മാത്രം അനുഭവപ്പെടാം. ചിലരിൽ ചെറിയൊരു തലചുറ്റലും വിയർപ്പും വയറിന് എരിച്ചിലും മാത്രമേ ഉണ്ടാകൂ. നെഞ്ചിടിപ്പ് കൂടിവരിക, ചെറിയൊരു വിമ്മിഷ്ടം, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതുള്ള ക്ഷീണം എന്നിവയും ചിലപ്പോൾ കാണാറുണ്ട്. ചിലരിൽ ഇത്തരം യാതൊരു ലക്ഷണവുമില്ലാതെയും ഹൃദയാഘാതം സംഭവിക്കാം.

എന്തായാലും നിശ്ശബ്ദമായി വരുന്ന ഹൃദയാഘാതത്തെ ഒാർത്തു വേവലാതിയുടെ ആവശ്യമില്ല. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ ഒരൽപം ജാഗ്രത കൂടുതൽ കാണിച്ചാൽ മതി.

കടപ്പാട്–മനോരമ ആരോഗ്യം ആർകൈവ്