ADVERTISEMENT

ശരീരത്തിന്റെ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് സോഡിയം. രക്തസമ്മർദം സാധാരണ അളവിൽ നിലനിർത്താൻ സോഡിയം സഹായിക്കുന്നുണ്ട്. കൂടാതെ ഞരമ്പുകളുടേയും പേശികളുടെയും പ്രവർത്തനത്തെ പിന്താങ്ങാനും ശരീരത്തിലെ ദ്രാവക ബാലൻസ് നിലനിർത്താനും ഇതു സഹായിക്കുന്നു.

സാധാരണ രക്തത്തിൽ സോഡി യത്തിന്റെ അളവ് ലീറ്ററിന് 135Ð145 (mEq/litre) ആണ്. സോഡിയം കുറഞ്ഞു പോകുന്ന അവസ്ഥയ്ക്കു ഹൈപ്പോനട്രീമിയ (hyponatremia) എന്നാണു പറയുന്നത്. ചില സാഹചര്യങ്ങളും ജീവിതശൈലീഘടകങ്ങളും ഹൈപ്പോനട്രീമിയയിലേക്കു നയിച്ചേക്കാം. ഓക്കാനം, ഛർദി,

ADVERTISEMENT

തലവേദന, ആശയക്കുഴപ്പം, ഊർജനഷ്ടം, മയക്കം, ക്ഷീണം, അസ്വസ്ഥതയും ക്ഷോഭവും, പേശീബലഹീനത, മലബന്ധം, കോമ എന്നിവയാണ് ഹൈപ്പോനട്രീമിയയുെട ലക്ഷണങ്ങൾ.

ക്രോണിക് ഹൈപ്പോനട്രീമിയയിൽ 48 മണിക്കൂറിനുള്ളിൽ സോഡിയം സാധാരണ അളവിൽ വരും. അക്യൂട്ട് ഹൈപ്പോനട്രീമിയയിൽ സോഡിയം ലെവൽ അസാധാരണമായി താഴ്ന്നു പോകുന്നതു കൊണ്ടു തലച്ചോറിനെ ബാധിക്കുന്നു. തന്മൂലം കോമയും മരണവും സംഭവിക്കാം.

ADVERTISEMENT

പ്രധാന ഉറവിടം ഉപ്പ്

സോഡിയത്തിന്റെ പ്രധാന ഉറവിടം ടേബിൾ സാൾട്ട് ആണ്. പ്രതിദിനം രണ്ടു മി.ഗ്രാമിൽ താഴെ ടേബിൾ സാൾട്ട് കഴിക്കുക. എന്നാൽ കൂടുതൽ സോഡിയം കഴിക്കുന്നതു രക്തസമ്മർദം വർധിപ്പിക്കുന്നു. ലോകാരോഗ്യസംഘടനയുടെ നിർദേശമനുസരിച്ച് അഞ്ചു ഗ്രാം വരെ കഴിക്കാം.

ADVERTISEMENT

ഛർദിയും വയറിളക്കവുമുള്ള സാഹചര്യത്തിൽ ജലാംശത്തോടൊപ്പം ലവണാംശവും നിലനിർത്തണം. ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരു നുള്ള് ഉപ്പും 1 ടീസ്പൂൺ പഞ്ചസാരയും ചേർത്തു തയാറാക്കുന്ന മിശ്രിതം ഓരോ തവണയും ഛർദിയും വയറിളക്കവും ഉണ്ടാകുമ്പോൾ കുടിക്കാൻ നൽകണം. കഞ്ഞിവെള്ളത്തിൽ ഉപ്പിട്ടു നൽകുന്നതും സോഡിയത്തിന്റെ നഷ്ടം ഒഴിവാക്കാൻ സഹായിക്കും.

ചില പ്രത്യേക സാഹചര്യത്തിൽ രോഗിയെ ആശുപത്രിയിൽ കിടത്തി ഡ്രിപ്പായി സോഡിയം അടങ്ങിയ സലൈൻ നൽകേണ്ടി വരും. ഉപ്പിട്ട മോരുംവെള്ളം, നാരങ്ങാവെള്ളം ഉപ്പിട്ടത്, ഒആർഎസ് ലായനി എന്നിവയും സോഡിയം കുറഞ്ഞു പോകുന്ന അവസരത്തിലുള്ള ചികിത്സയാണ്.

ഇതിനോടൊപ്പം തന്നെ ലഘുഭക്ഷണവും നൽകാം. ആപ്പിൾ, പേരയ്ക്ക, അവക്കാഡോ, പപ്പായ, മാങ്ങ, പൈനാപ്പിൾ, വാഴപ്പഴം, മെലൺ, പിയർ എന്നീ പഴവർഗങ്ങൾ കൂടുതൽ സോഡിയം ഉള്ളതാണ്. സെലറി, സ്പിനച്ച്, കാരറ്റ്, ബീറ്റ്റൂട്ട് ഇവയിലെല്ലാം സോഡിയം കൂടുതലുണ്ട്. രാവിലെ തന്നെ മുട്ട ഡയറ്റിൽ ഉൾപ്പെടുത്തുന്നതു നല്ലതാണ്.

ബ്ര‍ഡും ചീസും ബ്രഡും ഉപ്പുള്ള ബട്ടറും, പ്രഭാതഭക്ഷണത്തിന് ഉത്തമമാണ്. ഇടയ്ക്ക് ഉപ്പിട്ട മോരുംവെള്ളം, നാരങ്ങാവെള്ളം. ഉപ്പു ചേർന്ന അണ്ടിപരിപ്പ്, ഫലവർഗങ്ങൾ (സോഡിയം കൂടുതലുള്ളത്) ഉൾപ്പെടുത്താം.

ഉച്ചയ്ക്കു ചോറിനൊപ്പം അൽപം ഉപ്പു ചേർക്കാം. ഉണങ്ങിയ മത്സ്യം, മാംസം, തൈര് (യോഗർട്ട്) ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.

കൂടുതൽ സോഡിയം ഉള്ള സ്പിനച്ച്, കാരറ്റ്, ബീറ്റ്റൂട്ട് ഇവ കറികൾക്കായി ഉപയോഗിക്കാം. അച്ചാറുകൾ, പപ്പടം എന്നിവയും ചോറിനു കറിയായി ഉപയോഗിക്കാം. പാലുൽപന്നങ്ങളിലും സോഡിയം ഉണ്ട്.

പിസ്സ, പാസ്ത സോസുകൾ, സാലഡ് ഡ്രസ്സിങ്– ഇവയൊക്കെ സോഡിയം കൂടുതലുള്ള ആഹാരമാണ്. പച്ചക്കറി ജൂസ് സോഡിയം കൂട്ടാൻ നല്ലതാണ്.

ബിപി കുറവുള്ളവർ‌ കുടിക്കുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കണം. ദിവസവും ഒന്നര ലീറ്റർ മതിയാകും. വെള്ളത്തിന്റെ അളവു കൂടുന്നത് ശരീരത്തിലെ സോഡിയം നേർത്തുപോകുന്നതിനു കാരണമാകും. ഇതു ബിപി വീണ്ടും താഴ്ന്നു പോകാൻ ഇടയാകും. ഇലക്ട്രോലൈറ്റ് ചേർന്ന ലായനികളും കുടിക്കാം.

സുജേത ഏബ്രഹാം

റിട്ട. സീനിയർ ഡയറ്റീഷൻ

ഗവ. മെഡിക്കൽ കോളജ്

കോട്ടയം

ADVERTISEMENT