വയറിനെ അറിഞ്ഞു കഴിക്കുക എന്നു കേട്ടിട്ടൊക്കെയുണ്ടെങ്കിലുംപലരും ആ പഴമൊഴിയെ സൗകര്യപൂര്‍വമങ്ങ് മറന്ന മട്ടാണ്. എരിപൊരി ഐറ്റംസും മധുരപലഹാരങ്ങളും താണ്ടി ആരും മൈന്‍ഡ് ചെയ്യാതെ കിടന്ന ചക്കയിലും മാങ്ങയിലുമൊക്കെ പാചകപരീക്ഷണങ്ങള്‍ തകര്‍ത്തോടുന്നു. വെറുതെയിരുന്നിങ്ങനെ ഓരോന്നു കൊറിക്കാന്‍ എന്താ സുഖം! അല്ലേ? ഈ ഭാരമെല്ലാം ചുമന്ന് തളര്‍ന്നു പോകുന്ന വയറിനും പഴമൊഴിയുടെ ഗതി തന്നെ. ദഹനക്കേടായും നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലുമായും വായുകോപമായും മലബന്ധമായും വയറിളക്കമായും ചിലപ്പോള്‍ ഛര്‍ദ്ദിയായുമൊക്കെയായി ആ തളര്‍ച്ച പുറത്തുവരുമ്പോള്‍ പിന്നെ വെപ്രാളപ്പെട്ടിട്ട് വല്ല കാര്യവുമുണ്ടോ...? ദഹനപ്രശ്‌നങ്ങളില്ലാതെ ലോക്ഡൗണ്‍ തീരും വരെ ആരോഗ്യത്തോടെയിരിക്കാന്‍ വീട്ടിലിരുന്ന് ചെയ്യാവുന്ന പ്രതിവിധികള്‍ ഇതാ...
പ്രകൃതിയനുസരിച്ച്...
ശരീരപ്രകൃതിയനുസരിച്ച് ശരിയായ അളവില്‍, ശരിയായ വിധത്തില്‍ ഭക്ഷണം കഴിക്കണം. ത്തുമണിയാവും ഉറക്കമെണീക്കാന്‍. അവിടുന്നങ്ങോട്ട് താളം തെറ്റിയ ഭക്ഷണക്രമം. പോരാത്തതിന് മിക്‌സ്ചര്‍, പക്കവട, ബജി പോലെ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായതും, കേക്ക്, പായസം, രസ്മലായ് പോലെ മധുരമുള്ളതുമായ, ദഹിക്കാന്‍ പ്രയാസമുള്ള ആഹാരം പതിവിലും കൂടുതല്‍ അളവില്‍ കഴിച്ചും തുടങ്ങി. ഇതെല്ലാം എല്ലാവരുടെ വയറിനും ഒരുപോലെ ചേരുന്ന ഭക്ഷണമാകില്ല. അപ്പോള്‍ ജഠരാഗ്നിക്ക് ക്ഷീണവും മാന്ദ്യവുമുണ്ടാകും. ഏതു പ്രകൃതക്കാരായാലും മിതമായി ഭക്ഷണം കഴിക്കുന്നതു ശീലമാക്കുകയാണ് ആദ്യം വേണ്ടത്.
ദഹനക്കേട്:
*ചക്കയ്ക്ക് ചുക്ക് എന്നൊരു പ്രയോഗം തന്നെയുണ്ട്. ചക്ക വിഭവങ്ങള്‍ കൂടുതല്‍ കഴിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ചുക്കുവെള്ളം കുടിക്കുകയോ ചുക്ക് അരച്ചോ പൊടിച്ചോ തേനില്‍ ചാലിച്ച് കഴിക്കുകയോ ചെയ്യാം. എല്ലാ ശരീരദോഷങ്ങള്‍ക്കുമുള്ള പരിഹാരമാണ് ചുക്ക്.
*അര ടീസ്പൂണ്‍ ഇഞ്ചിനീരും ഒരുനുള്ള് ഇന്ദുപ്പും കലര്‍ത്തി ഭക്ഷണത്തിനു മുമ്പ് കഴിക്കുക.
* 25 ഗ്രാം വീതം ചുക്കും കൂവളത്തിന്റെ വേരും 800മി. ലീ. വെള്ളത്തിലിട്ടു തിളപ്പിച്ചു കുറുക്കി 100 മി. ലീ. ആക്കി 50 മി ലീ വച്ച് രണ്ടു നേരം കഷായമായി കുടിക്കാം. അല്ലെങ്കില്‍ ചുക്കും കൊത്തമല്ലിയും രണ്ട് ഗ്രാം വച്ച് ഒരു ലീറ്റര്‍ വെള്ളത്തിലിട്ടു തിളപ്പിച്ച് പലതവണയായി കുടിച്ചാലും മതി.
*മാവിന്റെ തളിരിലയും ഇഞ്ചിയും മാതളനാരങ്ങയുടെ അല്ലിയും മലരും 10ഗ്രാം വീതമെടുത്ത് 800 മിലീ വെള്ളത്തില്‍ തിളപ്പിച്ചു കുറുക്കി 100 മിലീ ആക്കി രണ്ടുനേരം കുടിക്കാം. രുചിയില്ലായ്മയ്ക്കും ഇതൊരു പരിഹാരമാണ്.
*ചുക്കും കുരുമുളകും തിപ്പലി കിട്ടുമെങ്കില്‍ അതും ഒന്നിച്ചു പൊടിച്ച് ഒരു നുള്ള് വീതം കാല്‍ ടീസ്പൂണ്‍ തേനില്‍ ചാലിച്ച് കഴിക്കുന്നത് ദഹനം വര്‍ധിപ്പിക്കാനും കഫം കുറയ്ക്കാനും നല്ലതാണ്.
നെഞ്ചെരിച്ചില്‍/പുളിച്ചു തികട്ടല്‍:
എരിവും മസാലയും കൂടുതലുള്ള ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലും ഉണ്ടാകും. മിക്‌സ്ചറും പക്കാവടയുമൊക്കെ അസിഡിറ്റി ഉണ്ടാക്കുന്നവയാണ്. എരിവ് ശരീരത്തിലെ പിത്തം കൂട്ടുന്നതാണ് ഇതിനു കാരണം. ചില മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും മാനസികസമ്മര്‍ദ്ദം, അണുബാധ ഉള്ളവര്‍ക്കും അല്ലാതെയും അസിഡിറ്റി കാണാറുണ്ട്.
* ഉപ്പില്ലാത്ത, തൊലികളയാത്ത പച്ചക്കപ്പലണ്ടി 5 എണ്ണം ചവച്ചരച്ച് കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ മാറും. കപ്പലണ്ടിയില്ലെങ്കില്‍ ചെറുപയര്‍ 5 എണ്ണം ഒരു മണിക്കൂര്‍ വെള്ളത്തിലിട്ടു വച്ച് ചവച്ചരച്ച് കഴിച്ചാലും മതി.
*ഗോതമ്പ് ആഹാരത്തില്‍ നെയ്യ് ചേര്‍ത്ത് കഴിക്കാം.
* മലര് പൊടിച്ചതില്‍ ഒരു നുള്ള് പഞ്ചസാരയും 1 ടീസ്പൂണ്‍ തേനും ചേര്‍ത്തു കഴിക്കാം. അല്ലെങ്കില്‍ ഒരു ടീസ്പൂണ്‍ വീതം നാരങ്ങാനീരും തേനും ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിക്കാം.
* ചുവന്നുള്ളി അരിഞ്ഞത് 5 ഗ്രാമും 1ടീസ്പൂണ്‍ പഞ്ചസാരയും അരച്ച് 1/2 ഗ്ലാസ് തൈരില്‍ ചേര്‍ത്ത കഴിക്കുന്നതും നല്ലതാണ്.
(ചുവന്നമുളകും ചിപ്‌സ് പോലുള്ളവയും കഴിച്ചാല്‍ പുളിച്ചുതികട്ടല്‍ മാറാന്‍ പ്രയാസമാകും.)
ഗ്യാസ്ട്രബിള്‍ :
* 1 ടീസ്പൂണ്‍ അയമോദകം മൂപ്പിച്ച് 2 ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിക്കാം.
* ഇഞ്ചിനീരും ഇന്ദുപ്പും കലര്‍ത്തി കഴിക്കാം.
* 2 ഗ്രാം ചുക്കുപൊടിയും ഒരുനുള്ള് ഇന്ദുപ്പും 1 ടീസ്പൂണ്‍ നെയ്യില്‍ ചാലിച്ച് കുറച്ചു ചോറില്‍ ചേര്‍ത്ത് കഴിക്കാം.
*2 ഗ്രാം വീതം കറിവേപ്പിലയും ചുക്കും ഒരുനുള്ള് ഉപ്പും ചേര്‍ത്ത് അരച്ചെടുത്ത് ഒരു ടീസ്പൂണ്‍ നെയ്യില്‍ ചേര്‍ത്ത് കഴിക്കാം.
* 2 അല്ലി വെളുത്തുള്ളി കനലില്‍ ചുട്ടെടുത്ത് ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് കഴിക്കാം.
* കാട്ടുതുളസിയുടെയോ തുമ്പയുടെയോ ഇല നീരെടുത്ത് 1 ടീസ്പൂണ്‍ രണ്ടുനേരം വീതം കഴിക്കാം.
മലബന്ധം:
സമയം തെറ്റിയ ആഹാരരീതികളും ഭക്ഷണത്തില്‍ ജലാംശവും നാരുകളും കുറയുന്നതും ശരീരത്തില്‍ വായുശല്യമുണ്ടാക്കും. മലബന്ധത്തിനും കാരണമാകും.
*1 ടീസ്പൂണ്‍ ത്രിഫല ചൂടുവെള്ളത്തിലോ തേനിലോ ചേര്‍ത്ത് രാത്രി ആഹാരത്തിനു ശേഷം കഴിക്കാം. ശുദ്ധീകരിച്ച ആവണക്കെണ്ണ ഒന്നോ രണ്ടോ ടീസ്പൂണ്‍ രാത്രിഭക്ഷണത്തിനു ശേഷം കഴിച്ചാലും മലബന്ധമുണ്ടാകില്ല.
*2 ഗ്രാം കടുക്കപ്പൊടി അരഗ്ലാസ് മോരില്‍ ചേര്‍ത്ത് രാത്രിമുഴുവന്‍ വച്ച് രാവിലെ കുടിക്കാം.
* പതയന്‍ ശര്‍ക്കര/ പാനകം ഒരു ടീസ്പൂണ്‍ അരഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തില്‍ ചേര്‍ത്ത് ഓരോ നുള്ള് ചുക്കും ഏലത്തരിയുമിട്ട് കുടിക്കാം.(ശര്‍ക്കര ചേരുന്നതിനാല്‍ പ്രമേഹരോഗികള്‍ ഈ പാനീയം ഒഴിവാക്കിക്കോളൂ.)
വയറിളക്കം/ ഛര്‍ദ്ദി
വയറിളക്കവും ഛര്‍ദ്ദിയും കാരണം ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടാം. അതുകൊണ്ട് ഇടയ്ക്കിടെ വെള്ളമോ ഒആര്‍എസ് ലായിനിയോ കുടിച്ച് നിര്‍ജലീകരണം വരാതെ നോക്കണം.
*വെറും വയറ്റില്‍ 2 ടീസ്പൂണ്‍ തേന്‍ കഴിച്ചാല്‍ വയറിളക്കം മാറും.
*അര ടീസ്പൂണ്‍ ജീരകം പൊടിച്ച് കാല്‍ ഗ്ലാസ് തൈരില്‍ ചേര്‍ത്ത് കഴിക്കാം.
*5ഗ്രാം വീതം കറിവേപ്പിലയും ചുക്കും 800മിലീ വെള്ളത്തില്‍ തിളപ്പിച്ച് 100 മിലീ ആക്കി കുറുക്കി 50 മിലീ വീതം രണ്ടുനേരം കുടിക്കാം.
*2 ഗ്രാം ഗ്രാമ്പൂ ഇട്ട് 2 ഗ്ലാസ് വെള്ളം തിള്പ്പിച്ച് ഇടയ്ക്കിടെ കുടിക്കാം.
*മാതളത്തോട്, മഞ്ഞള്‍പ്പൊടി, കറിവേപ്പില എന്നിവ രണ്ട് ഗ്രാം വീതം എടുത്ത് ഒരു ലീറ്റര്‍ മോരില്‍ അരച്ചു ചേര്‍ത്ത് അല്‍പം ഉള്ളിയുമിട്ട് മോരുകറിയായി കഴിക്കാം.
*ഒരു പിടി മലര് രണ്ട് ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് 10മിനിറ്റ് ഇടവിട്ട് 2 സ്പൂണ്‍ വീതം കോരി കുറേശ്ശെ കുടിക്കാം. അതല്ലെങ്കില്‍ ഏലത്തരിയിട്ട് തിളപ്പിച്ച വെള്ളവും കുടിക്കാം.
*ഒരു കരിക്കിന്‍വെള്ളത്തില്‍ 2 ഏലക്കാത്തരിയിട്ട് കുടിച്ചാല്‍ വയറിളക്കം നില്‍ക്കുകയും നഷ്ടപ്പെട്ട ജലാംശം തിരിച്ചുകിട്ടുകയും ചെയ്യും.
*മലര് പൊടിച്ച് ഇഞ്ചിനീരും തളിച്ച് ഉണക്കിയെടുത്ത പൊടി ഓരോ നുള്ള് വായിലിട്ട് അലിയിച്ചിറക്കിയാല്‍ ഛര്‍ദ്ദി നില്‍ക്കും.
ജലനഷ്ടം തടയാന്‍ ധാരാളം വെള്ളം കുടിച്ചുകൊണ്ടു വേണം ഈ പ്രതിവിധികളെല്ലാം ചെയ്യാന്‍ എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ബി. ഹരികുമാര്‍
മെഡിക്കല്‍ സൂപ്രണ്ട്, KNM NSS ആയുര്‍വേദ ഹോസ്പിറ്റല്‍,
വള്ളംകുളം, തിരുവല്ല.